‌ശുചിത്വം

നേരം പുലർന്നത് അപ്പു വളരെ കഴിഞ്ഞാണ് അറിഞ്ഞത് നിദ്ര അവസാനിപ്പിച്ച് അപ്പു ജനലരികിൽ ഇരുന്ന് തന്റെ മുറ്റത്ത് പൂത്തുലഞ്ഞ് നിൽക്കുന്ന മാവിന്റെ ശിഖരത്തിലുള്ള പഴങ്ങളിലേക്ക് ശ്രദ്ധിക്കുകയായിരുന്നു. പെട്ടെന്നാണ് എവിടെ നിന്നോ ഒരു കനത്ത ദുർഗന്ധം അവന്റെ മൂക്കിൽ തറച്ചു കയറിയത്. " ഈ നശിച്ച ദുർഗന്ധം എവിടെ നിന്നാണ് വരുന്നത്?" അവൻ ചിന്തിച്ചു. പുറത്തിറങ്ങി ചുറ്റുപാടും നോക്കി പിന്നാം പുറത്തുള്ള ഓവു ചാലിൽ നിന്നാണ് ആ ദുർഗന്ധം . അവൻ അമ്മയോട് ദേഷ്യത്തോടെ ചോദിച്ചു." അമ്മേ എന്താണ് ഇവിടെ നിന്നും ഇത്രയും രൂക്ഷ ഗന്ധം വരുന്നത്?" അമ്മയുടെ മറുപടി ഇതായിരുന്നു." മോനേ ഈ ഓവു ചാലിൽ നിറച്ചും പഴകിയ സാധനവും പ്ലാസ്റ്റിക്ക് കവറുകളുമാണ്." അമ്മേ എന്നിട്ടെന്താണ് നിങ്ങൾ ഇത് വൃത്തിയാക്കാത്തത്?" അപ്പു ചോദിച്ചു. അപ്പോൾ അമ്മ മറുപടി പറഞ്ഞു. "മോനേ ഇപ്പോൾ നമ്മൾ രണ്ടുപേർ മാത്രമല്ലേ ഉള്ളൂ. അച്ഛൻ രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ എത്തും. അപ്പോൾ അച്ഛൻ വൃത്തിയാക്കി കൊള്ളും. അല്ലാതെ നമുക്ക് ഒറ്റക്ക് അത് സാധിക്കുകയില്ല." അമ്മ പറയുന്നതെല്ലാം കേട്ട് അപ്പു തലകുലുക്കി. മാവിൻ ചുവട്ടിൽ വീണു കിടക്കുന മാമ്പഴം എടുക്കാൻ പോയി.

കൂട്ടുകാർ അപ്പുവിന്റെ വീട്ടിലെത്തി. അവർ ഓരോ കളികളിൽ ഏർപ്പെട്ടു. കളിക്കുന്നതിനിടയിൽ ആ ദുർഗന്ധം അവരെ അസ്വസ്ഥമാക്കി. "എവിടെ നിന്നാണ് ഈ ദുർഗന്ധം അനുഭവപ്പെടുന്നത് ?" അനു ചോദിച്ചു. "അത് ഞങ്ങളുടെ പിന്നാമ്പുറത്തു നിന്നാണ് അമ്മ പറഞ്ഞു അച്ഛൻ വന്നിട്ട് വൃത്തിയാക്കാമെന്ന് " . കൂട്ടുകാരും അപ്പുവും പിന്നാമ്പുറത്തേക്ക് പോയി. അവർ അവിടെ കണ്ട കാഴ്ച ഏവരേയും അസ്വസ്ഥമാക്കി. നിറച്ചും പ്ലാസ്റ്റിക്കുകൾ, ചിരട്ടകളിൽ കെട്ടി കിടക്കുന്ന മലിന ജലം, പൊട്ടിയ പാത്രങ്ങൾ , ഓവു ചാലിലൂടെ പുഴയിൽ എത്തുന്ന ദുർഗന്ധം വമിക്കുന്ന ജലം . "അപ്പൂ... എന്താണ് ഇവിടം ഇത്രയും വൃത്തിയില്ലാതെ കിടക്കുന്നത്? നമ്മുടെ ക്ലാസുകളിൽ നമ്മൾ പഠിച്ചിട്ടില്ലേ നമ്മുടെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന് ?"ഇത് കേട്ടപ്പോൾ ഓരോരുത്തരും പറഞ്ഞു " അതെ നമ്മൾ പഠിച്ചിട്ടുണ്ട്" കൂട്ടത്തിൽ അപ്പുവും ചെറു പുഞ്ചിരിയോടെ പറഞ്ഞു. "അതെ നമ്മൾ പഠിച്ചിട്ടുണ്ട്.

കിച്ചു പറഞ്ഞു " എന്നാൽ നമുക്കിവിടെ വൃത്തിയാക്കിയാലോ ". കൂട്ടുകാർ ഉയർന്ന സ്വരത്തിൽ പറഞ്ഞു " വൃത്തിയാക്കാം ... വൃത്തിയാക്കാം .... അപ്പൂ നീ പോയി തൂമ്പ കൊണ്ടു വാ " . കൂട്ടുകാർ ഒരുമയോടെ അവിടം വൃത്തിയാക്കാൻ തുടങ്ങി. നേരം സന്ധ്യയോടുത്തപ്പോഴേക്കും അവർ അവിടം മുഴുവൻ വൃത്തിയാക്കി.

പിന്നാംപുറത്തെത്തിയ അമ്മ അത്ഭുതപ്പെട്ടു നിന്നു. "ഇവിടം ആകെ മാറിയിരിക്കുന്നല്ലോ ! ആരാണ് ഇവിടെ വൃത്തിയാക്കിയത് " . അപ്പോൾ അപ്പു പറഞ്ഞു. " ഞങ്ങളാണ്." "നിങ്ങളെ കൊണ്ട് ഇതെങ്ങനെ സാധിച്ചു " അമ്മ ആശ്ചര്യത്തോടെ ചോദിച്ചു. "നമ്മുടെ വീടും പരിസരവും ശുചിത്വമാക്കേണ്ടത് നാം ഏവരുടെയും ചുമതലയാണ്. എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു ജീവിതം നമുക്ക് നയിക്കാൻ സാധിക്കുകയുള്ളൂ. മറ്റുള്ളവരുടെ ഉത്തരവാദിത്വമാണ് എന്ന് പറഞ്ഞ് നാം തള്ളി കളയരുത്. അപ്പോൾ നാം സ്വന്തം പ്രകൃതിയെയും പുതു തലമുറയേയും കൂടിയാണ് മറക്കുന്നത് " കൂട്ടത്തിൽ മൂത്തവനായ ജോൺസൺ പറഞ്ഞു. അമ്മ ഏറെ അഭിമാനത്തോടെ അവരെ ആലിംഗനം ചെയ്തു. " ഞാൻ ഒരിക്കലും നിങ്ങളിൽ നിന്നുള്ള ഈ നല്ല പാഠം മറക്കില്ല. നിത്യജീവിതത്തിൽ ശുചിത്വം അത്യാവശ്യ ഘടകമാണ്. " അമ്മ ഒരു ചെറു പുഞ്ചിരിയോടെ ആ വർത്തിച്ചു.

അർച്ചന ഇ.ആർ
7 B എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ