കാടും പുഴകളും പൂമലർ മേടുകളും
പ്രകൃതി ഒരുക്കിയ നായകന്മാർ.
മാരുതൻ ആഗമിച്ചൂതിയണഞ്ഞു
പൂമഴ പെയ്യുന്നു പൂവാൽ നിറയുന്നു.
പൊൻ നിറത്താൽ തിളങ്ങുന്നു ഗഗനവും
പൊൻ നിറം പാകി തിളങ്ങുന്നു സോമനും.
ഹരിത വർണത്താൽ പരന്നു കിടക്കുന്ന
പ്രകൃതിമാതാവിന്റെ കൗതുകങ്ങൾ
വാക്കിലൊതുക്കുവാൻ കഴിവതില്ല.
ശിരസ്സുയർത്തും മലകൾ തന്നുടെ
തലകൾ ഛേദിച്ചെറിയുന്നു.
മണ്ണിനെ തിന്നുന്ന മണ്ണിന്റെ ശത്രുവാം
പ്ലാസ്റ്റിക്കിനെ മണ്ണിലെറിയുന്നു.
അന്നം ലഭിക്കുന്ന വയലുകൾ മണ്ണിട്ടു
ഫ്ലാറ്റുകൾ കെട്ടി വസിച്ചിടുന്നു.
കാവു നികത്തി കുളവും നികത്തി
പ്രകൃതിതൻ സുന്ദര കാഴ്ചകൾ നികത്തി.
ഫ്ലാറ്റുകളും മാളുകളും കെട്ടിയുയർത്താൻ
പുഴകളെ കൊല്ലാകൊല ചെയ്തു അവർ.
പ്രകൃതിയുടെ കൗതുക കാഴ്ചകൾ തന്നുടെ
ഒരുപുറം ആളുകൾ വെട്ടിമാറ്റി.
എല്ലാം സഹിച്ചു സൗമ്യ ഭാവത്താൽ
പ്രകൃതി അവരുടെ കൂടെ നിന്നു.
മനുജന്റെ ചെയ്തികൾ അതിരുകടന്നെന്ന്
പ്രകൃതി മാതാവിന് ബോധ്യമായി.
സർവം സഹയായി നിന്നവളോ
വൻ ശക്തിയായ് അവർക്കുനേർ തിരിച്ചടിച്ചു.
പിന്നിട്ട വർഷം പ്രളയവും വന്നു
ഭീതിയോടോടി മാനുഷരെല്ലാം.
ഹിന്ദുവും മുസൽമാനും ക്രിസ്ത്യനുമില്ല
ഒക്കെയും ഒന്നായി കൈ കോർത്തു നിന്നു.
മാനവർ ഇതിലൂടെ പാഠം പഠിച്ചു
ഒരുമയുടെ മേലെ ഒരാളുമില്ല.
പ്രകൃതിദേവിയുടെ സംഹാരതാണ്ഡവം
നമുക്കായ് നൽകി സൂക്ഷ്മാണു "കൊറോണയെ ". മനുജൻ
മനുജനെ ഭയക്കുന്ന കാലം
നമുക്കായ് നല്കിയതോ നമ്മുടെ ചെയ്തികൾ.
പ്രകൃതി നമുക്കായ് കരുതിയ ശിക്ഷ
ജീവ വായുവാം വ്യാധിയായാലോ?
പ്രകൃതിതൻ രണ്ടാം മുഖം നാം കാണല്ലേ
കണ്ടാൽ വിറക്കും മനുജന്റെ കാലുകൾ.
ഈ തലമുറയെങ്കിലും ഏറ്റെടുക്കൂ
പ്രകൃതിയാം പരിസ്ഥിതിയെ സുന്ദരമാക്കു.
നട്ടു പിടിപ്പിക്കു വൃക്ഷ ലതാദികൾ
പ്ലാസ്റ്റിക്കിനെ തുരത്തി അകറ്റൂ.
പരിസ്ഥിതി സംരക്ഷണം ഏറ്റെടുക്കം
പ്രകൃതി ദേവിയെ ശാന്തമാക്കാം.