വിജനമാമീ വഴിയിന്നും ഉറങ്ങുന്നു
കാൽ പെരുമാറ്റത്തിൻ താരാട്ടു കേൾക്കാതെ
അരികിലെ പൂമരം പണ്ടേ മരിച്ചു
ഇതുകണ്ട കൊന്നയുറക്കെ ചിരിച്ചു
പണ്ടേക്കുപണ്ടേ വ്രണപ്പെട്ടൊരെൻ വേരിലായ്
തടയുന്നു പിടയുന്നു ഒരു ഞരക്കം
പാതിയും മുറിഞ്ഞൊരെൻ ചില്ലകൾ വീശി
മഞ്ഞിച്ച പത്രങ്ങൾ തുടരെയൊന്നാട്ടി
ഞാനതാ കേൾക്കുന്നൊരച്ഛന്റെ നാദം
കഥകൾക്കായി മുനിയുന്ന കുരുന്നിനാമോദം
കുഞ്ഞേ ഞാൻ നിനക്കായി ഒരു കഥ മെനയാം
നൽ നാല് സോദരരുടെ കഥ പറയാം
നാലിൽ മുതിർന്നവനാണ് യോഗി
നന്മയാം വിത്തുകളൊന്നുപാകി
ശ്രേഷ്ഠത കൊണ്ടായി അവനൊരു സന്യാസി
കാടിന്റെ മർമ്മമറിഞ്ഞവൻ വനവാസി
രണ്ടാമനാണത്രെ തമ്മിലേ പോരാളി
ജേഷ്ഠൻ വിതച്ചത് കൊയ്തൊരു കൊലയാളി
നാളേക്കുവേണ്ടി തളിർത്തൊരു മുളകൾ നശിച്ചു
എല്ലാം അരിഞ്ഞവൻ മുൻപേ ഗമിച്ചു
മൂന്നാമനോ നമ്മെ പോലൊരു മർത്ത്യൻ ദ്രവ്യം ഉണ്ടാക്കും വെറുമൊരു ഭൃത്യൻ
അവൻ ഒന്നും വിതച്ചില്ല, കൊയ്തില്ല ; പിന്നെ
നിജമായ് മുളച്ചിടും ഇത്തിൽകണ്ണി കണക്കെ അവനവനു വേണ്ടത് അവൻ പറിച്ചെടുത്തു.
മതിയാക്കാം കുഞ്ഞേ ഞാൻ മെനഞ്ഞൊരികഥ
അമ്മതൻ ഉള്ളിൽ കിളിർത്തിടും വ്യഥ
എങ്കിലുമച്ഛാ നൽ നാലാളിൽ നാലാമനെവിടെ?
എന്നാ പിഞ്ചുണ്ണി ആരാഞ്ഞു.
മകനെ നൽ നാലാമനാണോരു മല്ലൻ
ഇന്നുമീ നാടിനെ വിഴുങ്ങീടും വില്ലൻ
പ്രാണനിശ്വാസം കവർന്നെടുത്ത്
സ്വർഗ്ഗപൂവാതിൽ തുറന്ന കള്ളൻ
സൂര്യനുറക്കറ ഒരുക്കി കുഞ്ഞേ
കാക്കിയണിഞ്ഞൊരു ചെന്നായിൻ പറ്റം
പിടിമുറുക്കും മുൻപെത്തിടാം വീട്ടിൽ
ഇനിയും ചില കാലം കഴിയണമാ കൂട്ടിൽ
ചുറ്റിലുമുള്ളതൊന്നുമ റിയാത്ത മട്ടിൽ
അച്ഛനുമാപൈതലും നടന്നുനീങ്ങി
ഒറ്റയ്ക്കായതിൽ ഞാനും വിങ്ങി
ശരിയാണ് കൂട്ടരേ ഈ കഥയും
കുറയാത്തോരെൻ മനസ്സിൻ വ്യഥയും
യോഗിയാൽ ഞാനന്ന് വേരുപിടിച്ചു
പോരാളിയാൽ ഞാൻ തലകുനിച്ചു
നൽ മർത്യനാൽ പാതിയും ഞാൻ മരിച്ചു
നാലാമനോ ഒന്ന് പുഞ്ചിരിച്ചു
പിന്നീട് ജീവന്റെ നാളം അപഹരിച്ചു
കൂട്ടരേ നിന്റെ ഈ മുഖാ വരണം
നിശ്ചയമാമെനിക്കും കൈ വരണം
വിജനമാമീ വഴിക്കൊന്നുറങ്ങാൻ
കാൽ താരാട്ടു തേടിയുറങ്ങുന്നു ഞാൻ..