എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /എന്റെ കുഞ്ഞുവായന വലിയവായന

എന്റെ കുഞ്ഞുവായന വലിയവായന

2018 -19 അധ്യനവർഷത്തിലാണ് ഒന്നാം ക്ലാസിൽ ലൈബ്രറി വായനാരീതിയെ കൂടുതൽ ആവേശത്തോടെ ഫലപ്രാപ്തിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ കുഞ്ഞു വായന വലിയ വായന എന്ന പേരിൽ ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. വായനാകാർഡുകളിൽ നിന്ന് തുടങ്ങി ചെറിയ പുസ്തകങ്ങൾ വായിക്കുന്നതിനുള്ള  പദ്ധതിയായിരുന്നു ഇത്. ഒന്നാം തരം ഒന്നാന്തരം പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രതിമാസ ക്ലാസ് പിടിഎ യോഗത്തിലെ ആദ്യ യോഗത്തിൽ തന്നെ രക്ഷിതാക്കൾക്ക് വായനയിൽ ആവശ്യമായ പരിശീലനം നൽകുന്നു. മക്കൾക്ക് എങ്ങനെയാണ് വായനാകാർഡുകളും കഥകളും വായിച്ച് കൊടുക്കേണ്ടത് ചിത്ര വായന എങ്ങനെ നടത്തണം ഇതിൻറെ ഗുണങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുന്നത്. അതിന് ശേഷം ജൂൺ ജൂലൈ മാസങ്ങളിൽ തന്നെ ക്ലാസിലെ ഓരോ ഗ്രൂപ്പിലും വായനാകാർഡുകൾ നൽകുന്നു. ഒഴിവ്സമയങ്ങളിൽ വായനാകാർഡുകളിലെ അവർക്ക് അറിയുന്ന വാക്കുകളും അക്ഷരങ്ങളും അവർ തമ്മിൽ തമ്മിൽ വായിച്ച് കേൾപ്പിക്കുന്നു. അക്ഷരങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്ന സമയത്ത് തന്നെ വായനയിലേയ്ക്ക് മക്കളെ ആകർഷിക്കാൻ ഈ രീതിയിലൂടെ സാധിക്കുന്നു.

തുടർന്ന് ആഗസ്റ്റ് മാസത്തോടെ മക്കളുടെ നിലവാരത്തിനനുസരിച്ച് ചെറിയ പുസ്തകങ്ങളും വായനാകാർഡുകളും അവരവരുടെ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നു. അത് വായിച്ച് തിരിച്ച് കൊണ്ടുവരുന്ന ദിവസം ആ കാർഡിനെ/പുസ്തകത്തെക്കുറിച്ച് ക്ലാസിൽ ഒരു വിവരണം നൽകുന്നു. ഈ വിവരണം എഴുതാൻ കഴിയുന്നവർ അവരുടെ നോട്ബുക്കിൽ എഴുതി അവതരിപ്പിക്കുന്നു.

ഇങ്ങനെ ഡിസംബർ മാസമാവുമ്പോഴേക്ക് എല്ലാ കുട്ടികളെയും ലൈബ്രറി പുസ്തകവായനയിലേയ്ക്ക് എത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. ഇതിനിടയിൽ തന്നെ ഒന്നാം ക്ലാസിലേയ്ക്ക് ദിനപത്രം ലഭ്യമാക്കി അധ്യാപകനും കുട്ടികളും ചേർന്ന് സന്തോഷമുള്ള പ്രധാനവാർത്തകളെ കുറിച്ച് ക്ലാസിൽ ചർച്ച ചെയ്യുന്നു. ജനുവരിയോടെ പത്രവായന സ്ഥിരമാക്കുകയും ഫെബ്രുവരിയിലെ അവസാന ക്ലാസ് പിടിഎയിലോ മികവുത്സവത്തിലോ എല്ലാംകുട്ടികളും അന്നത്തെ ദിനപ്പത്രം രക്ഷിതാക്കൾക്ക് മുന്നാകെ വായിച്ച് കേൾപ്പിക്കുന്ന തലത്തിലേയ്ക്ക് ഒന്നാം ക്ലാസിലെ മക്കൾ ഉയരുന്നു. കൂടാതെ ജനുവരി മുതൽ തന്നെ സ്റ്റാംപ് ഇറ്റ് സീൽ ഉഫയോഗിച്ച് ചിത്രം പതിച്ച നിരവധി പേപ്പറുകൾ ക്ലാസിൽ ലഭ്യമാക്കുകയും ഓരോ കുട്ടിയും ആ പേപ്പ്റിൽ ആ വസ്തുവിനെ അല്ലെങ്കിൽ ജീവിയെ കുറിച്ച് എഴുതുന്നു. സംശയം വരുമ്പോൾ അവർ വായിച്ചപുസ്കങ്ങൾ പരിശോധിച്ച് എഴുത്ത് പൂർത്തിയാക്കുന്നു. അങ്ങനെ ഒരു വർഷം കൊണ്ട് ഒന്നാംതരം ഒന്നാന്തരമാകുന്നു.