എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

കാലമേ നീയിത് എങ്ങോട്ട്??? 'കാലമേ നീയിത് എങ്ങോട്ടാ' ?? എന്ന് ചോദിക്കാതെ വയ്യ. എന്തെന്നാൽ, മേലനങ്ങാതെ കാശൊപ്പിക്കുന്ന ആൻഡ്രോയിഡ് പരിപാടികളാണല്ലോ ഇന്നിവിടെ നടക്കുന്നത്. ആയ കാലത്ത് പത്ത് വാഴത്തൈ വെച്ച് ഇല്ലാത്ത കാലത്ത് പഴോംവിഴുങ്ങി കിടക്കാമെന്നല്ലല്ലോ ഇന്നത്തെ കാലം. രാജയോഗമല്ലേ!!! ഇത് ഞാനിവിടെ പറയേണ്ട ആവശ്യമില്ല, അല്ലേ... എന്നാലത് പറയാതിരിക്കാനും കഴിയില്ല. എന്നാലീതലമുറയ്ക്ക് പാടേ രോഗപ്രതിരോധശേഷി തീരെ കുറയുകയാണല്ലോ?? നമ്മുടെ പിൻമുറക്കാർ 100 വയസ്സ് കഴിയും വരെയും ജീവിച്ചിരുന്നിട്ടുണ്ട്. നാമെത്ര കാലം ജീവിക്കുമെന്ന് ഒരുറപ്പുമില്ല.ഈതലമുറയുടെ ജീവിതായുസ്സ് തീരെ കുറഞ്ഞ് കുറഞ്ഞ് വരുന്നു. എന്തിനാണോ എന്തോ?പല ചെറുപ്പക്കാരും ജിമ്മിനും മറ്റുമെന്ന് പറഞ്ഞ് പോകുന്നുണ്ട്. പ്രോട്ടീൻപൗഡർ പോലുള്ള പദാർത്ഥങ്ങൾ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതിനാൽ അസ്ഥികൾ പൊടിഞ്ഞും, ശരീരം തളർന്നും ഇന്നും കിടക്കയിലുണ്ട്. തടിവെക്കാൻ പോണവർ നന്നായി തടികേടാക്കുന്നുണ്ട്. മുൻതലമുറക്കാരെപ്പറ്റി പറഞ്ഞല്ലോ. എന്തുകൊണ്ടവർ ഏറെക്കാലം പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ചിരുന്നു? പ്രധാനമായും അവരുടെ ഭക്ഷണ രീതി മിതവും , പരിശുദ്ധവും ആയിരുന്നു. നിരന്തരം കഠിന ജോലികളിലേർപ്പെടുകയും അതുപോലെ കൃഷിയും മറ്റും ചെയ്തിരുന്നത് ശരീര ശാസ്ത്ര പ്രകേനയുള്ള, വ്യായാമവുമായിരുന്നു. അത് പറയുമ്പോൾ ഓർമ്മ വരുന്നത് അച്ഛൻ എന്നോട് പറഞ്ഞ ഒരു കാര്യമാണ്. പണ്ട് മീൻചന്തയിൽ പോകുമ്പോൾ മീനിൽ പറ്റിയിരിക്കുന്ന ഈച്ചകളെക്കുറിച്ചാണ്. ഇന്ന് ചന്തയിലിരിക്കുന്ന മത്സ്യത്തിൽ ഒറ്റ ഈച്ച പോലും കാണാനില്ലത്രെ. വിഷമുള്ളതെന്തെന്ന് "ഈച്ചകൾക്കറിയാം" നമുക്കോ ??? പണ്ട് കാലത്തെ പ്രതിരോധശേഷിക്ക് കാരണം അന്നത്തെ വീടുകളിലെ ദാരിദ്ര്യപൂർണ്ണമായ ജീവിത രീതിയായിരുന്നു. കപ്പയും, ചേമ്പും, ചേനയുംനട്ട്, പുഴുക്കും കഞ്ഞിയും മിതമായി കഴിച്ച് അവർ സന്തോഷപൂർണ്ണമായ ജീവിതം നയിച്ചിരുന്നു. അവർക്ക് വിശപ്പിനെ പ്രതിരോധിക്കാനുള്ള അപാരശേഷിയും, അതുകൊണ്ടുതന്നെ ആ തലമുറയ്ക്ക് രോഗ പ്രതിരോധശേഷിയും വളരെ കൂടുതൽ ആയിരുന്നു. തുടർ തലമുറകളിൽ അത് മാറി മാറി വന്നു. ഡിപ്രഷനും ഒരു വിഭ്രാന്തി രോഗമാണല്ലോ? ഇതിന് കാരണമാകുന്നത് ഓൺലൈൻ ബിസിനസും, മറ്റു കമ്പനി, കമ്പ്യൂട്ടർ പ്രവർത്തനങ്ങളുമാണ്. ഓൺലൈൻ ബിസിനസ് വേണ്ട എന്ന് ഞാൻ പറയുന്നില്ല. നിരന്തരമായുള്ള കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ നമ്മെ വിഭ്രാന്തിയിലേക്കും, ഡിപ്രഷനിലേയ്ക്കും തുടർന്ന് ആത്മഹത്യയിലേയ്ക്കും നയിക്കുന്നു. അധിക ലാഭത്തിനു വേണ്ടിയുള്ള അത്യാഗ്രഹം മൂലമാണ് ഇത് സംഭവിക്കുന്നത്. വേണമെങ്കിൽ ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ ഇത് ഒഴിവാക്കാവുന്നതേയുള്ളൂ. മെഡിറ്റേഷൻ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഡിപ്രഷനുള്ള രോഗ പ്രതിരോധശേഷി നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. നടുവളയാതെ സോക്സിടാൻ പഠിച്ച ഈ തലമുറയോട് ഞാനിനി എന്തു പറയാൻ!!! "ലോകാ സമസ്താ സുഖിനോ ഭവന്തു"

അപർണ്ണാ രാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം