കൊറോണ എന്ന മഹാമാരി
   ചൈനയിലെ വൂഹാനിലാണ് കൊറോണ എന്ന രോഗം ആദൃമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.  സാമൂഹ്യവ്യാപനത്തിലൂടെ ഈ വ്യാധി പകരാതിരിക്കുവാൻ വേണ്ടി സർക്കാരിൻറെ തീരുമാനം അനുസരിച്ച് സ്ക്കൂൾ അടച്ചു.  നാലാം തരത്തിൽ പഠിക്കുന്ന ഞാൻ എൻറെ വിദ്യാലയത്തിൽ നി്ന്നും എൻറെ പ്രിയപ്പെട്ട അദ്ധ്യാപകരേയും എല്ലാ കൂട്ടുകാരേയും പിരിഞ്ഞ് പോരേണ്ടി വന്നപ്പോൾ എനിക്കുണ്ടായ വിഷമം പറയുന്നതിലധികമാണ്.  ഞാൻ നാലു വർഷക്കാലം പഠിച്ച സ്ക്കൂളിൽ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് നടത്തുന്ന പിരിച്ചുവിടൽ ചടങ്ങുകൾ ഞാൻ പലപ്പോഴും സ്വപ്നം കാണാറുണ്ടായിരുന്നു.  അതൊന്നും ഞങ്ങൾക്കിപ്പോൾ ഈ അവസരത്തിൽ ലഭിക്കുകയില്ല.  ഒരു വർഷം ഞാൻ പഠിച്ചത് അറിയുവാൻ വേണ്ടി നടത്തുന്ന വാർഷിക പരീക്ഷയും അതിൻറെ ഫലം അറിയുന്നതിനുളള ആവലാതിയും, സ്ക്കൂളിൻറെ വാർഷികാഘോഷത്തിന് വേണ്ടി ഞങ്ങൾ പ്രാക്ടീസ് ചെയ്ത കലാപരിപാടികളും എല്ലാം ഞങ്ങളുടെ  സ്വപ്നം മാത്രമായി മാറി.  ഈ അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് കളിക്കേണ്ട ഞാൻ  വീട്ടിൽ തന്നെ ഇരിക്കുകയാണ്.  കൈക്കൂപ്പി മറ്റുളളവരെ സ്വീകരിക്കണം എന്ന ഭാരതീയ സംസ്ക്കാരവും എപ്പോഴും ശുചിത്വത്തോടെ നടക്കണമെന്നും  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറയ്ക്കണമെന്നും  സാമൂഹ്യ അകലം പാലിച്ച് നിൽക്കണമെന്നും കൈകൾ എങ്ങനെയാണ് സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതെന്നും ഈ കൊറോണ കാലം എന്നെ പഠിപ്പിച്ചു.  ഇനി എന്തായി തീരുമെന്ന് നമുക്കറിയില്ല.  സ്ക്കൂളുകൾ ഇനി എന്ന് തുറക്കുമെന്നൊന്നുമറിയില്ല.എത്രയെത്ര ജീവനുകളാണ് ഈ മഹാമാരി നിമിത്തം ഈ ലോകത്ത് നിന്ന് മാഞ്ഞുപോയിട്ടുള്ളത്.  ഈ കൊറോണയെന്ന വൈറസിനെ നമുക്ക് ഈ ലോകത്ത് നിന്നേ തുടച്ചുനീക്കേണം.പുതിയ ഒരു പ്രഭാതം, പുതിയ ഒരു ഭൂമി നമുക്ക് പടുത്തുയർത്തണം.  അതിനായി നമുക്കെല്ലാം ഒന്നിച്ചു നിന്നേ മതിയാവൂ. എല്ലാ നിയമങ്ങളും പാലിക്കുക.  ഈ സമയവും കടന്നു പോകും.
ഇവാ സൂസൻ നൈനൻ
4 എൽ പി സ്കൂൾ, വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം