പരിസ്ഥിതി


ഭൂമി നമ്മുടെ പെറ്റമ്മയും പ്രകൃതി നമ്മുടെ പോറ്റമ്മയുമാണ്. അവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട ചുമതല നമുക്ക് ഓരോരുത്തർക്കും ഉണ്ട്. പക്ഷേ നമുക്കെല്ലാവർക്കും സംശുദ്ധമായ ആത്മപരിശോധനയുടെ സമയം അതിക്രമിച്ചിരിക്കുന്നു. നാം നമ്മുടെ കടമകൾ കൃത്യതയോടെ ചെയ്യുന്നുണ്ടോ. ഇല്ല എന്ന മറുപടിയുടെ പ്രതിഫലനമാണ് നാം ഇന്ന് നേരിടുന്ന ഗുരുതരമായ മഹാമാരികൾ. ഈ വൈകിയ വേളയിലെങ്കിലും പുനർചിന്തനം നടത്തിക്കൂടെ. ഇനിയെങ്കിലും നമ്മുടെ അമ്മമാരെ നമുക്ക് സംരക്ഷിച്ചു കൂടെ. നാം ഓരോരുത്തരും അവരവരോട് തന്നെ ചോദിച്ചു നോക്കൂ. നമുക്ക് എല്ലാം സാധിക്കും.

പരിസ്ഥിതി എന്നു പറഞ്ഞാൽ പ്രധാനമായും ഭൂമി,വായു,ജലം എന്നിവ അടങ്ങുന്നതാണ്. ജലമലിനീകരണം പലവിധത്തിൽ നടക്കുന്നു. കപ്പൽ യാത്രക്കാരും ബോട്ട് സഞ്ചാരികളും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കടൽ ജീവികളുടെ നാശത്തിന് കാരണമാകുന്നു. പല കടൽ ജീവികൾക്കും അഭയം ആകുന്ന പവിഴപ്പുറ്റുകൾ നശിക്കുന്നു. പുഴവെള്ളം മലിനമാകുന്നതിന് ടൂറിസം ഒരു പരിധി വരെ കാരണമാകുന്നുണ്ട്. വീട്ടിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ, പുഴയിലെ അലക്ക്, കുളി എന്നിവയുംപുഴവെള്ളത്തെ മലിനമാക്കുന്നു. ഇവ ഉപയോഗിക്കുന്നതിലൂടെ രോഗാണുക്കൾ നമ്മിലേക്ക് കയറുകയും അങ്ങനെ വ്യാപിക്കുകയും ചെയ്യുന്നു.

അടുത്തതായി വായുവിന്റെ കാര്യമെടുക്കുകയാണെങ്കിൽ വാഹനപുകയും ഫാക്ടറി പുകയും അന്തരീക്ഷത്തിലേക്ക് കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് എന്നിവ പുറംതള്ളുന്നു. ഇത് ആഗോളതാപനത്തിന് കാരണമാകുന്നു. ഇനി ഭൂമിയുടെ കാര്യമെടുക്കുകയാണെങ്കിൽ ഭൂമി മലിനമാക്കുന്നത് നമ്മൾ മനുഷ്യർ തന്നെയല്ലേ. ഓർക്കുക ഭൂമിയിൽ നിന്നും ഉണ്ടാകുന്ന വസ്തുക്കൾ ആണ് നാം കഴിക്കുന്നത്. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും തങ്ങളുടെ ഭക്ഷണം വിഷമയം ആക്കുന്നില്ല. കള നശിപ്പിക്കാൻ വേണ്ടി കളനാശിനികൾ ഉപയോഗിക്കുമ്പോൾ വാസ്തവത്തിൽ നാം ഭൂമിക്ക് വിഷമടിക്കുകയാണ് ചെയ്യുന്നത്. അതുപോലെ വനങ്ങൾ ദൈവത്തിന്റെ വരദാനമാണ്. നമുക്കുവേണ്ട മഴ തരുന്നത് വനങ്ങളാണ്. വനനശീകരണം വരൾച്ച, കുടിവെള്ളക്ഷാമം, കൃഷിനാശം എന്നിവ വരുത്തുന്നു. അതുപോലെ ആരും ശ്രദ്ധിക്കാത്ത ഒന്നാണ് പ്രകാശമലിനീകരണം. അത് രാത്രി ഇരതേടുന്ന പക്ഷികളെ അപകടത്തിലാക്കുന്നു. രാത്രി കണ്ണു കാണാൻ വയ്യാതെ അവ കൂറ്റൻ ടവറുകളിൽ ചെന്ന് ഇടിക്കുന്നു. അവ ചത്ത് നിലം പതിക്കുന്നു.

മഹാകവി കാളിദാസൻ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കാണിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ, സുഗതകുമാരി, ശ്രീ ഒ. എൻ. വി. കുറുപ്പ് എന്നിവർ തൂലിക എന്ന പടവാൾ പരിസ്ഥിതിക്കുവേണ്ടി ചലിപ്പിച്ചവരാണ്. നാമോരോരുത്തരും നടത്തം കുറെയൊക്കെ ശീലമാക്കൂ. പൊതുഗതാഗതം ഉപയോഗിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, ഭൂമിയിൽ ജൈവ വളങ്ങൾ ഉപയോഗിക്കുക, വനം ധനം എന്ന് തിരിച്ചറിയുക കുറഞ്ഞത് ഇത്രയും കാര്യങ്ങൾ എങ്കിലും നാം ഓരോരുത്തരും ചെയ്താൽ നമ്മുടെ അമ്മയെ നമുക്ക് ശുചിത്വത്തോടെ സംരക്ഷിക്കാം.

സഞ്ജന പി രാജീവൻ
3 A എൽ എഫ് സി എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം