എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്ത്‌

ഒരു കൊറോണക്കാലത്ത്‌

ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശി താമസിച്ചിരുന്നു. ആ മുത്തശ്ശിക്ക് നാല് മക്കളുണ്ടായിരുന്നു. മക്കൾക്ക്‌ വിദേശ രാജ്യങ്ങളിൽ ജോലി കിട്ടിയപ്പോൾ അവരുടെ മക്കളെയും ഭാര്യയേയും വിദേശത്തേക്ക് കൊണ്ടുപോയി. പക്ഷെ അവർ ആ മുത്തശ്ശിയെമാത്രം കൊണ്ടുപോയില്ല. മുത്തശ്ശി അവരുടെ ചെറിയ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു. അവരുടെ മക്കൾ ജോലി കിട്ടിപോയതിനു ശേഷം മുത്തശ്ശിയെ കാണാൻ നാട്ടിലേക്കു വന്നിട്ടില്ല. ആ വീടിന്റെ അടുത്ത വീട്ടിൽ മീനു എന്ന് പേരുള്ള ഒരു എട്ടു വയസ്സുകാരി പെൺകുട്ടി ഉണ്ടായിരുന്നു. ആ മുത്തശ്ശിയും മീനുവും വലിയ കൂട്ടുകാരായിരുന്നു. അവൾ എപ്പോഴും മുത്തശ്ശിയുടെ വീട്ടിൽ ചെല്ലുമായിരുന്നു. അപ്പോൾ മുത്തശ്ശി അവൾക്കു പലഹാരങ്ങൾ ഉണ്ടാക്കികൊടുക്കുകയും കഥ പറഞ്ഞ് കൊടുക്കുകയും ചെയ്യും. അവർക്ക് അവളെ വലിയ ഇഷ്ടമായിരുന്നു. അവൾക്ക് തിരിച്ചും. അവരുടെ മക്കൾ അടുത്തില്ലാത്തതിന്റെ വിഷമം മീനുവിനെ കാണുമ്പോൾ മുത്തശ്ശി മറക്കും.

അങ്ങനെയിരിക്കെ കൊറോണ എന്ന വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചു. വൈറസ് ബാധ നിയന്ത്രിക്കാനായി ആരും വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങരുത്‌ എന്ന് സർക്കാർ ഉത്തരവിട്ടതോടെ മുത്തശ്ശി വീണ്ടും തനിച്ചായി.

മക്കൾക്ക്‌ നാട്ടിലേക്കു വരാൻ പറ്റാതെയായി. മീനുവിനും വരാൻ സാധിച്ചില്ല. കാരണം അവിടെ പോലീസ് നിയന്ത്രണം കർശനമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ വീട്ടിൽ നിന്ന് പുറത്തേക്കു പോകാവൂ. കൂടാതെ അറുപത് വയസ്സിനു മുകളിലുള്ളവരും പത്ത്‌ വയസിൽ താഴെ പ്രായമുള്ളവരും പുറത്തിറങ്ങുന്നത് വിലക്കിയിരുന്നു. കാരണം ഈ പ്രായത്തിലുള്ളവർക്ക് രോഗം പെട്ടെന്ന് ബാധിക്കുകയും അത് ഗുരുതരം ആവുകയും ചെയ്യും. മക്കളെയും കൊച്ചുമക്കളെയും കാണാതെ ആ മുത്തശ്ശിയുടെ മനസ്സ് പിടഞ്ഞു. ആശ്വാസമായി കണ്ടിരുന്ന മീനുകുട്ടിയെയും കാണാൻ പറ്റാതായി. വാർദ്ധക്യ ത്തിൽ തനിച്ചായതിന്റെ ദുഃഖം അവരെ അലട്ടി. ഒരു ദിവസം രാത്രി ആ മുത്തശ്ശിക്ക് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു. ശ്വാസം കിട്ടാതായി. അവർ വേദന കൊണ്ട് പിടഞ്ഞു. തന്റെ മക്കളേയും കൊച്ചുമക്കളേയും മറ്റും അവസാനമായി ഒന്നു കാണുവാൻ അവർ അതിയായി ആഗ്രഹിച്ചു. പക്ഷെ...... വേദനയാൽ പിടഞ്ഞു ആ രാത്രി അവർ ഈ ലോകം വിട്ടു.. എന്നന്നേക്കുമായി...... മരണാനന്തരചടങ്ങുകൾക്ക് 15 പേരിൽ കൂടുതൽ ഉണ്ടാവരുത് എന്ന സർക്കാർ നിർദേശം ഉണ്ടായിരുന്നതിനാൽ ബന്ധുക്കൾ ചുരുക്കം പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. തന്റെ കൂട്ടുകാരിയായ മുത്തശ്ശിയുടെ വിയോഗത്തിൽ മീനുകുട്ടി അലമുറയിട്ടു കരഞ്ഞു. എല്ലാവരും ഉണ്ടായിട്ടും ആരോരുമില്ലാത്തവളായി മരിക്കേണ്ടിവന്ന ആ മുത്തശ്ശിക്ക് വേണ്ടി കണ്ണീർ പൊഴിക്കുവാൻ അവൾ മാത്രം.....

നിവേദ്യ എസ് നിതിൻ
5 സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ