എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/മാനസാന്തരം
മാനസാന്തരം
സന്ധ്യാ ദീപം തെളിയിച്ച് ഈശ്വരനോട് അനുക്കുട്ടി ആത്മാർഥമായി പ്രാർഥിച്ചു "ഈശ്വരാ ഈ കൊറോണക്കാലം ഉടനെയൊന്നും തീരരുതേ' പ്രാർഥന അല്പം ഉറക്കെയായിപ്പോയത് അവൾ ശ്രദ്ധിച്ചില്ല. അനൂ നീയെന്താണ് പ്രാർഥിച്ചത്? ഈ ദുരന്തം മാറിപ്പോകാനല്ലേ പ്രാർഥിക്കേണ്ടത്? ലോകം മുഴുവനും അതല്ലേ പ്രാർഥിക്കുന്നത്? നീ മാത്രം എന്താണിങ്ങനെ? കേട്ടു നിന്ന അമ്മയ്ക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല. അത് പിന്നെ അമ്മേ ഈ കോവിഡ് മൂലം വീട്ടിൽ ഇരിക്കേണ്ടി വന്നതുകൊണ്ടല്ലേ അച്ഛൻ ഇപ്പോൾ ഇങ്ങനെയായത്? അല്ലെങ്കിൽ എന്നും പണി കഴിഞ്ഞ് കുടിച്ച് ബോധമില്ലാതെയല്ലേ രാത്രിയിൽ അച്ഛൻ വന്നു കയറുന്നത്? എന്നിട്ട് അമ്മേം എന്നേം വാവേം ഒക്കെ തല്ലുകയും ചീത്ത പറയുകയും ചെയ്യാറില്ലേ? ഇപ്പോ അച്ഛൻ ഞങ്ങളെ തല്ലാറില്ലല്ലോ. ചീത്ത പറയാറും ഇല്ല. ഞങ്ങളോടൊപ്പം ഇരുന്ന് കളിക്കാറുണ്ട്. പാട്ടു പാടിത്തരുന്നുണ്ട്. അച്ഛന് ഞങ്ങളെ ഇപ്പോ വല്യ ഇഷ്ടമാ. അമ്മയേം അച്ഛൻ അടുക്കളയിൽ സഹായിക്കുന്നില്ലേ? കറിയ്ക്ക് ഉപ്പോ എരിവോ കൂടിയെന്നും പറഞ്ഞ് പാത്രം വലിച്ചെറിയുന്നില്ല. കുടിച്ചിട്ട് വരുന്ന അച്ഛനെ എനിക്കും വാവയ്ക്കും വല്യ പേടിയാ. പക്ഷേ ഇപ്പോ ഞങ്ങൾക്ക് പേടിയില്ല അച്ഛൻ എന്നും ഇങ്ങനെ ആയിരുന്നാൽ മതി. കൊറോണ ഇല്ലാതായാൽ അച്ഛൻ വീണ്ടും പഴയതുപോലെ ആവില്ലേ? അതു കൊണ്ടാ ഞാനങ്ങനെ പ്രാർഥിച്ചത്. അവളുടെ അടുത്തേയക്ക് വന്ന അച്ഛൻ അവളെ ചേർത്തു നിർത്തി നെറ്റിയിൽ ഉമ്മവച്ചു. "ഞാനെല്ലാം കേട്ടു. ഇല്ല മോളേ... അച്ഛൻ ഇനി പഴയതുപോലെ ആവില്ല ഞാനിനി പുതിയൊരാളാണ്. എൻ്റെ മോശം ശീലങ്ങൾ ഞാനുപേക്ഷിച്ചു ഈ കൊറോണക്കാലം എന്നെ ബന്ധങ്ങടെയും സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും ഐക്യത്തിൻ്റെയും ഒക്കെ പാഠങ്ങൾ പഠിപ്പിച്ചു തന്നു. എൻ്റെ മക്കൾ ഇനി എന്ന ഭയത്തോടെ കാണരുത്. ഇത് പറയുമ്പോൾ അച്ഛൻ്റെ തൊണ്ടയിടറുന്നത് അവൾ ശ്രദ്ധിച്ചു. അടുത്തു നിന്ന അമ്മ കണ്ണുകൾ തുട യ്ക്കുന്നതും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |