എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കൊറോണ ബാധിച്ച വേനൽക്കാലം

കൊറോണ ബാധിച്ച വേനൽക്കാലം

വാർഷിക പരീക്ഷയും വേനലവധിയും ഏറെ പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ പരീക്ഷയ്ക്ക് പകുതിയ്ക്ക് വച്ച് കൊറോണ ബാധിച്ചു. പിന്നെ അത് വേനലവധിയിലേക്കും പകർന്നു. ഏറെ കാത്തിരുന്ന ഈ കാലം ഞാൻ വീട്ടിലിരിക്കുന്നത് സന്തോഷത്തിന്റെ നാളുകൾ മുന്നിലുണ്ട് എന്ന പ്രതീക്ഷയിലാണ്. ഞാൻ കാരണം മറ്റൊരാളിലേക്ക് രോഗം പകരരുതെന്ന ആഗ്രഹം കൊണ്ടാണ്.

കേന്ദ്രത്തിനു മുൻപേ കേരളം കൊറോണയെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. തുടക്കം മുതലേ കൊറോണയെ ഗൗരവമായി കണ്ടു. പല രാജ്യങ്ങളും വളരെ നിസ്സാരമായാണ് ഈ വൈറസിനെ കണ്ടിരുന്നത്. അതുകൊണ്ട് അവർക്കിപ്പോൾ വലിയ വില കൊടുക്കേണ്ടി വരുന്നു.

ആരോഗ്യ പ്രവർത്തകരും പോലീസും സർക്കാരും എല്ലാവരും ഒരുമിച്ച് നിന്ന് നമുക്കായി രക്ഷാകവചം ഒരുക്കുന്നു. അവരുടെ സേവനങ്ങളെ അംഗീകരിക്കാനും അഭിനന്ദിക്കാനും നാം പഠിക്കണം. അതിന് നമുക്ക് മുന്നിലുള്ള ഉത്തമ മാർഗം അവരെ ബഹുമാനിക്കുകയും അവരോട് പൂർണമായും സ്കരിക്കുകയുമെന്നുള്ളതാണ്. ഒരു മനുഷ്യജീവി എന്ന നിലയ്ക്ക് നാം ഇത്രയെങ്കിലും ചെയ്തിരിക്കണം. പോലീസിനെ പേടിച്ചാണ് ഈ ലോക്ക്ഡൗൺ കാലത്ത് പലരും വീടിനുള്ളിൽ ഒതുങ്ങിയിരിക്കുന്നത് . പോലീസിനെ പേടിക്കേണ്ടന്നല്ലാട്ടോ ഞാൻ പറയുന്നത്, പക്ഷെ ഇതെല്ലാം നമ്മടെ നന്മയ്ക്കു വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ് നാം സ്വയം വീട്ടിലിക്കണം.

ലോക്ക്ഡൗൺ കാരണം മരുന്നിനും ചികിത്സയ്ക്കും വേണ്ടി എത്രയോ പേർ ബുദ്ധിമുട്ടുന്നു. ഇതൊക്കെ വലിയ ബുദ്ധിമുട്ടല്ലേ? ജോലിയ്ക്ക് പോകാതെ എത്ര നാൾ കഴിയാൻ പറ്റും. ഗവൺമെന്റിന് എപ്പോഴും ആവശ്യവസ്തുക്കൾ കൊടുക്കാൻ പറ്റുമോ? അതുകൊണ്ട് കുറച്ച് ഇളവനുവദിച്ചത് നന്നായി എന്ന് തോന്നുന്നു , അല്ലേ? പക്ഷെ കൂടുതൽ ഇളവുകൾ അനുവദിച്ചാലും ലോക്ക്ഡൗൺ പിൻവലിച്ചാലും ജനങ്ങൾ ഈ സാഹചര്യങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. നമ്മുടെ സുരക്ഷ നമ്മുടെ കൈകളിലാണ്. ലോക്ക്ഡൗൺ മര്യാദകൾ മാനിച്ചും ശുചിത്വം ഉറപ്പാക്കിയും മാന്യമായി വീടിനുള്ളിൽ കഴിയുന്നതാണ് നമുക്കും സമൂഹത്തിനും എല്ലാവർക്കും നല്ലത്.

വെറുതെ വീട്ടിലിരുന്ന് ടിവി കണ്ടും മൊബൈൽ നോക്കിയും ബോറഡിച്ചും സമയം കളയണ്ട. ക്രാഫ്റ്റ് വർക്കുകൾ ചെയ്തും പുസ്തകം വായിച്ചും വരച്ചും കുറിച്ചും ഇക്കാലം ചിലവഴിക്കാമല്ലോ. സമയമില്ല എന്ന് പറഞ്ഞ് നെട്ടോട്ടമോടിയിരുന്നവർക്ക് വീട്ടുകാരുമായി ഇടപഴുകാൻ പറ്റിയ സമയം. വിദേശത്തു കഴിയുന്നവരുടെ സ്ഥിതി മോശമാണെന്ന് പത്രത്തിൽ വായിച്ചിരുന്നു. അവർക്ക് ഗുണകരമായ നീക്കങ്ങൾ കേന്ദ്ര-കേരള സർക്കാരുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. പത്രത്തിലും ന്യൂസിലും ആശ്വാസം പകരുന്ന വാർത്തകൾ ഉണ്ടോ എന്നറിയാനാണ് എനിക്ക് ഇപ്പോൾ താൽപര്യം. പേപ്പറിലും ടി വി ലും കൊറോണയെ കുറിച്ചുള്ള വാർത്തകൾ നിറയെ ഉള്ളതുകൊണ്ട എനിക്ക് ചിലപ്പോൾ തോന്നും ഇവയ്ക്കും കൊറോണ ബാധിച്ചെന്ന് നമ്മിലേക്ക് ശരിയായ വസ്തുതകൾ എത്തിക്കാൻ മാധ്യമങ്ങളും ഓടി നടക്കുന്നുണ്ട് , അല്ലേ? അത്യാവശ്യമുള്ളവർക്ക് പോലീസ് മരുന്നെത്തിച്ചു കൊടുക്കുന്നതൊക്കെ ഏറെ ഹൃദ്യമായ കാര്യമാണ്.

ലോകം മുഴുവൻ ഇങ്ങനെ മുന്നേറിക്കൊണ്ടിരിക്കുമ്പോഴും കുറേ പേർ അതിനെതിരായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ തന്നെ നോക്കൂ, ചിലർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. മറ്റു ചിലരാകട്ടെ കൂട്ടം കൂടി കോഴി പൊരിക്കുന്നു. അവരെ പിന്നീട് പോലീസ് പൊരിച്ചിട്ടുണ്ടാവും, അല്ലേ? ഇങ്ങനെയുള്ളവരാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങൾ.

നമ്മുടെ കഥാവില്ലൻ കൊറോണയ്ക്ക് ജാതിയും മതവും രാഷ്ട്രീയവുമൊന്നും അറിയില്ല എന്ന് തോന്നുന്നു. കാരണം മുപ്പര് മനുഷ്യനെ കണ്ടാൽ അപ്പൊ പിടിക്കും. അമേരിക്കക്കാരേയും വിടില്ല, ഇന്ത്യക്കാരേയും വിടില്ല. ഹിന്ദുവിനേം വിടില്ല, മുസൽമാനേം വിടില്ല. കറുത്തവനേം വിടില്ല, വെളുത്തവനേം വിടില്ല. ഇനി പിടി വിടണമെങ്കിൽ ശരീരം മൊത്തം പുതച്ച കുറേ മനുഷ്യര് വന്ന് പേടിപ്പിക്കണം. അപ്പൊ മുപ്പര് 'എന്നെ കൊല്ലാൻ വരണേന്ന് ' പറഞ്ഞ് കണ്ടം വഴി ഓടണ കാണാം. നമ്മുടെ ജീവൻ കാത്തു സൂക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്.

വൈറസും ദുരന്തങ്ങളും മനുഷ്യനെന്ന ജീവി വിഭാഗത്തിനെയാണ് ഉന്നം വയ്ക്കുക. ഇത് എന്നാണ് നാം തിരിച്ചറിയുക? തിരിച്ചറിഞ്ഞാലും പലരും പിന്നീട് ചേരിതിരിയും. എന്തൊക്കെയായാലും ഒരു പ്രതികൂല സാഹചര്യത്തിൽ എല്ലാം മറന്ന് ഒറ്റക്കെട്ടായി നാം അതിനെ നേരിടും, അതിജീവിക്കും; ഒരു ഫീനിക്സ് പക്ഷിയെ പോലെ.

പാർവ്വതി കെ ജെ
8F നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം