എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/നാടോടി വിജ്ഞാനകോശം
വാമൊഴിവഴക്കത്തിലോ അനുഷ്ഠാനങ്ങൾ, ചടങ്ങുകൾ തുടങ്ങിയവയുടെ രൂപത്തിലോ പരമ്പരാഗതമായി തലമുറകളിലൂടെ കൈമാറിവരുന്നതാണ് നാടോടിവിജ്ഞാനീയം. ഈ വിദ്യാലയം നിലനിൽക്കുന്ന പ്രദേശത്ത് നിന്ന് വ്യത്യസ്ത മേഖലകളിൽപെട്ട ഒട്ടേറെ നാടോടിവിജ്ഞാനങ്ങൾ കണ്ടെത്താനാകും.
നാടൻപാട്ടുകൾ, കഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, ഐതിഹ്യങ്ങൾ, പുരാവൃത്തങ്ങൾ, നാടൻകഥകൾ തുടങ്ങിയവ കണ്ടെത്താം. കൂടാതെ നാടൻ വിശ്വാസങ്ങൾ, ആചാരങ്ങൾ, ആരാധനാരീതികൾ, ഉത്സവങ്ങൾ, നാടൻകളികൾ, വിനോദങ്ങൾ, അനുഷ്ഠാനകലകൾ, അനുഷ്ഠാനേതര കലകൾ എന്നീ രംഗത്തും പ്രാദേശിക വിജ്ഞാനനങ്ങൾ ധാരാളമുണ്ട്. വിവിധ കൃഷിരീതികൾ, നാട്ടുചികിത്സാരീതികൾ, ചക്രം തേവൽ, തടയണ കെട്ടൽ, നാടൻ മത്സ്യബന്ധനം, കയർ നിർമ്മാണം തുടങ്ങിയവ ഉൾക്കൊള്ളുന്ന പലതിലും ഈ വിജ്ഞാനശാഖ പരന്ന് കിടക്കുന്നു.നാനാവിധത്തിലുള്ള നാടൻപാട്ടുകളാൽ സമ്പന്നമാണ് നമ്മുടെ നാട്.
നമ്മുടെ നാടിന്റെ നാട്ടറിവുകൾ അന്വേഷിച്ച് കണ്ടെത്തണം.
അവയെ മറ്റുള്ളവർക്കായി ഇവിടെ പങ്കുവെക്കാം......
ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേർന്ന തനിമയുള്ള വിവരങ്ങളുണ്ട്. നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഇതിന്റ ലക്ഷ്യം.
കളികൾ
'അക്കുത്തിക്കുത്താന' കളി :
കുട്ടികൾ കൂട്ടം കൂടിയിരുന്ന് കൈ കമിഴ്ത്തിവച്ച് അക്കുത്തി..... എന്നു പറയുന്നു. ചൊല്ലി നിർത്തുന്നിടത്തെ കുട്ടി കൈ മലർത്തുന്നു .... അങ്ങനെ കൈയുടെ സ്ഥാനം മാറ്റാൻ കഴിയുന്ന കുട്ടി വിജയിയാകുന്നു. ഇത് കൂടുതൽ കളിക്കുന്നത് കൊച്ചുകുട്ടികളാണ്.
ഒളിച്ചു കളി:
ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച് നിശ്ചിത സംഖ്യവരെ എണ്ണുന്നു. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ ആരെയും കണ്ടെത്താനായില്ലങ്കിൽ എണ്ണിയ ആൾ വീണ്ടും എണ്ണണം.
കൊത്തങ്കല്ല്:
പെൺകുട്ടികളുടെ ഒരു നാടൻ കളിയാണ് കൊത്തങ്കല്ല് അഥവാ കല്ലുകൊത്തിക്കളി. അഞ്ചോ ഏഴോ മണിക്കല്ല് നിലത്ത് ചിതറി ഇടും.അതിൽ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതു പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണു കളിയുടെ ഒന്നാം നില. കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തിൽ പറഞ്ഞുകൊണ്ടാണു കല്ലു കൊത്തി എടുക്കുക. വിരൽകൊണ്ട് അതിവേഗത്തിലും തന്ത്രപരമായും കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു.
ഈർക്കിൽ കളി:
തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. നൂറാംകോൽ, റാണിയും മക്കളും എന്നീ പേരുകളിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.
സുന്ദരിക്ക് പൊട്ടു കുത്ത്:
ഭിത്തിയിലോ ബോർഡിലോ ഒരു സുന്ദരിയുടെ ചിത്രം തൂക്കിയ സ്ഥലത്തു നിന്ന് ഒരു നിശ്ചിത അകലത്തിൽ കളിക്കാരനെ മാറ്റി നിർത്തി കണ്ണ് കറുത്ത തുണികൊണ്ട് കെട്ടുക. സ്റ്റിക്കർ പൊട്ട് ഒരു കൈയിൽ കൊടുക്കുക. മറ്റേ കൈ പിന്നിലേയ്ക്ക് സ്വയം മടക്കി വയ്ക്കുാൻ പറയാം വേണമെങ്കിൽ ഒന്നു വട്ടം കറക്കി ദിശ മാറ്റാനും ശ്രമിക്കാം. ബാക്കിയുള്ള കളിക്കാർ കൈകൊട്ടി പ്രോത്സാഹനം നൽകട്ടെ. വൺ ടച്ച് മാത്രമേ പാടുള്ളൂ എന്ന നിർദ്ദേശം വയ്കാം. ഒരു പ്രാവശ്യം ഒട്ടിച്ചാൽ പിന്നീട് ഇളക്കാൻ അനുവദിക്കാതിരിക്കാം. യഥാർത്ഥ പൊട്ടിന്റെ സ്ഥാനത്തോ ഏകദേശം അടുത്തോ പൊട്ട് ഒട്ടിക്കുന്ന കളിക്കാരുടെ നമ്പർ വട്ടം വരച്ച് അടയാളപ്പെടുത്താം. അതിൽ ഏറ്റവും കൃത്യമായി പൊട്ട് ഒട്ടിച്ചയാൾ വിജയിയാകും.
കുട്ടിയും കോലും:
നിലത്ത് ഒരു ചെറിയ കുഴിയിൽ പുള്ള്/കുട്ടി വെച്ച് കൊട്ടി/കോല് കൊണ്ട് അതിനെ തോണ്ടി തെറുപ്പിച്ചാണ് കളി തുടങ്ങുന്നത്. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും
വടംവലി:
രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായികവിനോദമാണ് വടംവലി എന്നറിയപ്പെടുന്നത്. വടംവലിമത്സരത്തിൽ രണ്ടു സംഘങ്ങൾക്കു പുറമേ വടം എന്നു വിളിക്കുന്ന കട്ടിയുള്ള കയറാണ് ഈ കളിയിലുള്ള മൂന്നാമത്തെ ഘടകം. കേരളത്തിൽ പല സ്ഥലങ്ങളിലും ഒരു വിനോദമായി വടം വലി നടത്താറുണ്ട്. ഓണത്തോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ ഒരു പ്രധാന ഇനമാണ് ഇത്.
പാട്ടുകൾ
ഓണാഘോഷത്തോടനുബന്ധിച്ച് പാട്ടുകളും കളികളും കലാപ്രകടനങ്ങളും നിരവധിയുണ്ട്. ഓണപ്പാട്ടുകളിൽ 'മാവേലി നാടുവാണീടും കാലം' എന്ന നാടോടിപ്പാട്ട് പ്രചുരപ്രചാരമുള്ളതാണ്. ഓണത്തിന് പൂവിടുകയും പൂക്കളം നിർമിക്കുകയും ചെയ്യുമ്പോൾ പൂപ്പാട്ടുകൾ (പൂവിളിപ്പാട്ടുകൾ) പാടിവരുന്നു. അത്യുത്തര കേരളത്തിൽ 'ഓണത്താർ' എന്ന തെയ്യം ഭവനംതോറും വന്നു പാട്ടു പാടി ആടാറുണ്ട്. തുമ്പിതുള്ളൽപ്പാട്ടുകളും തലയാട്ടപ്പാട്ടുകളും ഊഞ്ഞാൽപ്പാട്ടുകളും കുമ്മിപ്പാട്ടുകളും മറ്റും ഇന്നും പ്രചാരത്തിലിരിക്കുന്നു.
മധ്യകേരളത്തിലും ദക്ഷിണകേരളത്തിലും നിലവിലുള്ള ആയോധനപരമായ കലാപ്രകടനമാണ് പരിചമുട്ടിക്കളി. വാളും പരിചയുമെടുത്ത് വട്ടമിട്ടു കളിക്കുന്ന ഈ വിനോദത്തിൽ വിവിധ സമുദായക്കാർ ഏർപ്പെടാറുണ്ട്. കേരളത്തിലെ ക്രൈസ്തവർക്കിടയിൽ കല്യാണം, പെരുന്നാൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ പരിചമുട്ടിക്കളി വേണമെന്നുണ്ട്. പരിചമുട്ടിക്കളിപ്പാട്ടുകൾ താളത്തിനും ചുവടിനുമൊത്ത് പാടാൻ കഴിയുന്നവയാണ്.
മുസ്ലിം സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ' വിനോദകലയാണ് ദഫ്കളി. . അറബിഗാനങ്ങളാണ് ആദ്യകാലത്ത് ദപ്പുകളിക്കു പാടിവന്നിരുന്നത്. എന്നാൽ ഇന്ന് ഭാഷാഗാനങ്ങൾ തന്നെ പാടിവരുന്നു.
പല സമുദായക്കാർക്കിടയിലും കല്യാണത്തിന് പാട്ടും കളിയും പതിവുണ്ട്. താലികെട്ടുകല്യാണത്തിനും തിരണ്ടുകല്യാണത്തിനും കാതുകുത്തുമങ്ങലത്തിനുമൊക്കെ പ്രത്യേകം പാട്ടുകളുണ്ട്. കല്യാണപ്പാട്ടുകൾ ക്രിസ്ത്യാനികളുടെയും മലബാർ മുസ്ലിങ്ങളുടെയും ഇടയിലും പ്രചാരത്തിലുണ്ട്. മുസ്ലിങ്ങളുടെ 'ഒപ്പനപ്പാട്ടുകൾ' കല്യാണത്തിന് പാടുന്നവയാണ്.
കുട്ടികളെ താലോലിക്കുവാൻ പാടുന്ന 'താലോലംപാട്ടു' കളും തപ്പാണിപ്പാട്ടുകളും ശിശുക്കളെ ഉറക്കുവാൻ പാടുന്ന താരാട്ടുപാട്ടുകളും വിനോദഗാനങ്ങളിൽപ്പെടുന്നു. കുട്ടികളുടെ വിനോദങ്ങളായ താരംകളി, അരിപ്പോ തിരിപ്പോകളി, പൂഴികളി തുടങ്ങിയവയ്ക്കെല്ലാം ലഘുഗാനങ്ങൾ പാടാറുണ്ട്.
അധ്വാനഭാരം ലഘൂകരിക്കാൻവേണ്ടി പാടുന്നവയാണ് പണിപ്പാട്ടുകൾ. നിരർഥകശബ്ദങ്ങൾ ഇവയിൽ കാണാം. താളബോധമാണ് ഇവയുടെ സവിശേഷത. വണ്ടിവലിക്കുമ്പോൾ പാടുന്ന വണ്ടിപ്പാട്ടുകളും കുട്ട (വട്ടി) ഉണ്ടാക്കുമ്പോൾ പാടുന്ന വട്ടിപ്പാട്ടുകളും വെള്ളം തേകുമ്പോൾ പാടുന്ന തേക്കുപ്പാട്ടുകളും വിത്തുവിതയ്ക്കുമ്പോൾ പാടുന്ന വിത്തുകിളപ്പാട്ടുകളും ഞാറു നടുമ്പോൾ പാടുന്ന ഞാറ്റുപാട്ടുകളും കളപറിക്കുമ്പോൾ പാടുന്ന കളപ്പാട്ടുകളും പണിപ്പാട്ടുകളിൽപ്പെടുന്നവയാണ്. കുട്ടനാടൻ പുഞ്ചകളിൽ കൃഷിയിറക്കുന്നതിനുവേണ്ടി പാടത്തുനിന്നു വെള്ളം വറ്റിക്കാൻ ചക്രം ചവിട്ടുമ്പോൾ പാടുന്ന പാട്ടുകളും ഈ കൂട്ടത്തിൽപ്പെടുന്നു. ഞാറ്റുപാട്ടുകൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുണ്ടെങ്കിലും ഗാനങ്ങൾക്കു പ്രാദേശിക വ്യത്യാസം കാണുന്നു.