ഒഴുക്ക്

         ചിലപുഴയുടെ ഒഴുക്ക്
         ഏറെകൗതുകംനിറഞ്ഞതാണ്....
ചിലപ്പോൾ....
മെലിഞ്ഞ് വിളറി.....
വരണ്ട ചുണ്ടുകൾ പൊട്ടിപ്പിളർന്ന്
ഉന്തിയ എല്ലും ഉണങ്ങിയ ശരീരവുമായി .....
കിതച്ച് കിതച്ച് .......
ഏങ്ങി വലിച്ച് ........
മറ്റ് ചിലപ്പോൾ........
വല്ലാത്ത മാദകമാണ്....
കവിളിണ ചുവന്ന് തുടുത്ത് കടക്കണ്ണിൽ കവിത വിരിയിച്ച്...
തീരത്തിന് മൃദുവായ ഒരുമ്മകൊടുത്ത് .....
നീല പട്ടുചേല ഞൊറിഞ്ഞുടുത്ത്
നെഞ്ചോടുചേർത്ത സൂര്യനുമായി
അങ്ങനെ...കുണുങ്ങി...കുണുങ്ങി...
ചില നേരത്തോ ആർത്ത് വിളിച്ച്,
പുറത്തേക്കുന്തിയ ദംഷ്ട്രകളിൽ ചോര ഒലിപ്പിച്ച്.....
തീരമാകെ വെട്ടി വിഴുങ്ങി
വികൃതമായ കരകളിലെ
അഴുകിയ മാംസം നൊട്ടിനുണഞ്ഞ്.....
കണ്ണുുതുറിച്ച്...
ചകിരിമുടി വാരിയഴിഞ്ഞ്
കരഞ്ഞ് .... ചിരിച്ച് ....
ഇനിയൊരൊഴുക്കുണ്ട് ....
കരിമ്പനയുടെ നിറമായിരിക്കും പാലപ്പൂവിന്റെ മണവും....
ചുഴികളും ഗർത്തങ്ങളും ഒളിപ്പിച്ചുവെച്ച
രണ്ടു വലിയ കണ്ണുകൾ ഉണ്ടാവും.....
വെള്ളാരം കല്ലുകൾ തിളങ്ങുന്ന കണ്ണുകളിൽ
നിറയെ നിസംഗതയും മരണവും ആയിരിക്കും

സ്വപ്ന എം കെ
5 എസ്.വി.എ.യു.പി.എസ് ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത