എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി/അക്ഷരവൃക്ഷം/കനലെരിഞ്ഞ വഴിയേ

കനലെരിഞ്ഞ വഴിയേ...

                       മടക്കയാത്രയിലായിരുന്നു പവി..തകർത്തു പെയ്യുന്ന മഴയെ അവഗണിച്ച് മുന്നോട്ടു പോകുന്ന കാർ..കാറിൻ്റെ ബാക്ക് സീറ്റിൽ കണ്ണുമടച്ച് കിടക്കുകയായിരുന്നു അവൻ.
     ഹോ... എന്തൊരു കാറ്റും മഴയും,റോഡൊക്കെ ബ്ലോക്കാണെന്നു തോന്നുന്നു.ഡ്രൈവർ വേണുചേട്ടൻ പറഞ്ഞു.പവി പുറത്തേക്ക് നോക്കി. ഒരാർത്തനാദത്തോടെ മാരുതൻ ആഞ്ഞുവീശുകയാണെന്ന് അവനു തോന്നി.
       സങ്കടം താങ്ങാനാവാതെ അത് വൃക്ഷശിഖരങ്ങളെ ആഞ്ഞുലച്ചു.കാറ്റിൻെ സങ്കടത്തിൽ മനമലിഞ്ഞ മരച്ചില്ലകൾ പൊട്ടികരഞ്ഞുക്കൊണ്ട് താഴേക്ക് പതിച്ചു.
        ഒരു പക്ഷേ പ്രകൃതിപോലും തൻെറ സങ്കടത്തിൽ പരിതപിക്കുകയാവാം എന്നവനു തോന്നി.പുറത്ത് മഴ തകർക്കുമ്പോഴും തൻെറ ഉള്ള് ചുട്ടുപൊള്ളുകയാണ്. ഒരു നിമിഷം കൊണ്ടല്ലേ വിധി തൻെറ ജീവിതത്തെ പമ്പരം കറക്കുന്നതുപോലെ കറക്കിയത്.
         ഈ ഭൂമിയിലെ ഏറ്റവും  ഭാഗ്യവാൻ താന്നെന്നായിരുന്നു ഇത്രയും നാൾ ചിന്തിച്ചിരുന്നത്. സുന്ദരിയും നിഷ്കളങ്കയും കുടുംബസ്നേഹിയുമായ തൻെറ മായ.
         തങ്ങളുടെ ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ രണ്ടോമനകൾ.വാവയും കുഞ്ഞാറ്റയും.എത്ര സൗഭാഗ്യകരമായ നാളുകൾ.പ്രമോഷൻ കിട്ടിയപ്പോൾ തനിക്ക് ഡൽഹിക്ക് പോകേണ്ടി വന്നു.
      നാട്ടിലെ പ്രശസ്തമായ ഹോസ്പിറ്റലിൽ ഡോക്ടറായിരുന്നു തൻെറ മായ.."ഏട്ടാ എനിക്ക് ചെറിയൊരു പനി" എന്നവൾ രണ്ടാഴ്ച മുമ്പ് വിളിച്ചു പറഞ്ഞപ്പോൾ 'കുറുന്തോട്ടിക്കും വാതമോയെന്നാണ് താൻ കളിയാക്കിയത്.
          ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഏട്ടൻെറ ഫോൺ വന്നത്‌."എടാ മായയ്ക്ക് ഒരു പനി.നിന്നെയൊന്നു കാണണമെന്ന്.നീ അടുത്ത പ്ലെയിനു തന്നെ ഇങ്ങോട്ട് വരണം"എന്ന് പറഞ്ഞപ്പോഴും തനിക്ക് ചിരിയാണ് വന്നത്.
        കാര്യം മിടുക്കിയായ ഡോക്ടറാണെങ്കിലും ചെറിയൊരു തലവേദന  വന്നാൽ താൻ അടുത്തുവേണം.ഈ പെണ്ണിൻെറ ഒരു കാര്യം. ചെന്നിട്ട് ആ ചെവിക്ക് പിടിച്ച് രണ്ട് കിഴുക്ക് കൊടുക്കണം.
        കൂട്ടുകാരൻ എയർപോട്ടിൽ വർക്ക് ചെയ്യുന്നതു കൊണ്ട് പത്തു മണിക്കത്തെ ഫ്ലൈറ്റിന് പോകാൻ പറ്റി.എയർപോട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോകാൻ എത്തിയത് അളിയനും ഡ്രൈവറും ആയിരുന്നു.
       എന്നാൽ വീട്ടിലേക്ക് അല്ല.മായ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്കാണ് കാറ് പോയത്..ചെന്നപ്പോൾ തൻെറ പെണ്ണ് ഐ.സി.യു.വിൽ ആണെന്ന്.അവളെയൊന്നു കാണാൻ ചില്ലുവാതിൽ മാത്രം.
      അപ്പോഴാണ് അറിഞ്ഞത് കൊറോണ വൈറസ് എന്ന പേരിൽ  മാരകമായി പടരുന്ന പുതിയ പനി ....................അവരെ ശുശ്രൂഷിച്ച തൻെറ മായയും അതിന് ഇരയായിരിക്ക‌ുന്നു!
         തന്നെ ഒന്ന് കണ്ണുതുറന്ന് നോക്കാൻ പോലും നില്ക്കാതെ അവൾ പോയി.സുരക്ഷയെ കരുതി മൃതശരീരം പോലും തനിക്ക് വിട്ടു തന്നില്ല.എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു.
        തൻെറ ഒരു അന്ത്യ ചുംബനം പോലും ഏറ്റുവാങ്ങാതെ ഒരു പിടി ചാരമായി അവൾ മാറി.. എന്നാൽ വിധി തന്നെ വെറുതെ വിടാൻ ഒരുക്കമല്ലായിരുന്നു.
         തൻെറ രണ്ടു കുഞ്ഞുങ്ങളെയും കൊറോണ വൈറസ് എന്ന രാക്ഷസൻ തൻെ കരവലയത്തിൽ അമർത്തി കഴിഞ്ഞിരുന്നു.ആ വരവിൽ തൻെറ ശരീരത്തിൻെറ ഒരു ഭാഗം തന്നെയാണ് നഷ്ടമായത്.മായയും തൻെറ പൊന്നോമന മക്കളും.
        നെഞ്ചുപൊട്ടുന്ന സങ്കടത്തോടെ പവി തൻെറ നെഞ്ചിൽ അമർത്തിപ്പിടിച്ചു.താൻ ഓടുകയാണ് കനൽ തീർത്ത വഴിയിലൂടെ.. തൻെറ പ്രിയപ്പെട്ടവരുടെ ഓർമ്മകളും പേറി ഇനിയിവിടെ നിൽക്കാനാവില്ല.
          അപ്പോൾ വണ്ടി എയർപോട്ടിലേക്ക് അടുക്കുകയായിരുന്നു. ഇനി യാത്രയാണ്..ഏകനായി..കനൽ എരിഞ്ഞ വഴിയിലൂടെ..ദു:ഖങ്ങളുടെ മാറാപ്പും പേറിക്കൊണ്ട്.....

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.