എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/അരുതേ ഇനിയും അരുതേ
അരുതേ ഇനിയും അരുതേ
"ആരോഗ്യമില്ലാതെയുള്ള അറിവ് ഉപയോഗശൂന്യവും അറിവില്ലാതെയുള്ള ആരോഗ്യം അപകടകാരിയുമാണ്.”എന്നൊരു ചൊല്ലുണ്ട്. ആരോഗ്യം ഒരു ധനമാണ് . വിദ്യയും ധനവും വേണ്ടുവോളം ഉണ്ടെങ്കിലും ആരോഗ്യം ഇല്ലെങ്കിൽ എന്ത് പ്രയോജനം. ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തമായ ഒരു ചോദ്യം തന്നെയാണിത് . അങ്ങനെ വെറുതെ ചിരിച്ചു തള്ളാൻ ഉള്ളതാണോ ഇതും? കോവിഡ് 19 എന്ന മഹാമാരി ലോകജനതയെ കാർന്നുതിന്നുമ്പോൾ നാം ഒന്ന് ചിന്തിക്കണം പ്രകൃതി നമ്മുടെ നമ്മുടെ അമ്മയാണ് . നമുക്ക് വേണ്ടത് എന്തും പകർന്നുതരുന്ന സ്നേഹ സമ്പന്നയായ അമ്മ. കളകളം ഒഴുകുന്ന നദികളും, പച്ചപ്പുനിറഞ്ഞ പുൽമേടുകളും, വയലേലകളും എല്ലാം സസ്യശ്യാമളമായ പ്രകൃതിയുടെ വരദാനങ്ങളാണ്. എന്നാൽ മനുഷ്യൻ ഇത് മനസ്സിലാക്കിയോ? ഇൻറർനെറ്റും കയ്യിൽ ഒരു സ്മാർട്ടുഫോണുമുണ്ടെങ്കിൽ ലോകം തന്റെ കൈപ്പിടിയിൽ എന്ന് കരുതിയ മനുഷ്യൻ ഇന്ന് ബലഹീനനായിതീർന്നുവോ? പ്രകൃതിയെ തനിക്ക് ഇഷ്ടമുള്ള രീതിയിൽ എന്തും ചെയ്യാമെന്ന് കരുതിയ മനുഷ്യന് ദൈവം നൽകിയ ഒരു തിരിച്ചടിയാണ് കൊറോണ എന്ന മഹാമാരി. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന അതിക്രമങ്ങൾ അനവധിയാണ് . കുന്നിടിക്കലും, മണ്ണ് നികത്തലും, പാറപൊട്ടിക്കലും,മണൽവാരലും വനനശീകരണവും എല്ലാമായി പ്രകൃതി ഏറെ മുറിവേറ്റിരിക്കുന്നു. മനുഷ്യന്റെ അതിരുവിട്ട പ്രവർത്തികൾ മൂലം ചോര കക്കിയ ജഡം പോലെ പ്രകൃതി നിലകൊള്ളുന്നു. വിശാലമായ ഈ പ്രപഞ്ചത്തിലെ ചെറിയ ഒരു ജീവിയാണ് മനുഷ്യൻ എന്ന വസ്തുത അവൻ മറന്നുകഴിഞ്ഞു. ജീവികളുടെ പരസ്പരാശ്രയത്വം ആണ് ആവാസവ്യവസ്ഥയുടെ അടിസ്ഥാനം. മറ്റ് ജീവികളെ സ്വന്തം ഭക്ഷണമാക്കുന്ന മാനവൻ ഒരുനാൾ തൻറെ അവസാനം ഉണ്ടാകുമെന്നത് എന്തേ വിസ്മരിക്കുന്നു. മനുഷ്യന് മാത്രമായി ഒരു നിലനിൽപ്പ് സാധ്യമല്ല. നമ്മുടെ ആവാസവ്യവസ്ഥയിലെ ഒരു കണ്ണി അറ്റു പോയാൽ അതോടെ സർവ്വതും തകരും. ഒരു കണ്ണി ഒരുപക്ഷേ തീർത്താൽ തീരാത്ത വിടവ് ഉണ്ടാക്കി തീർത്തേക്കാം വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം കല്പിച്ച ലോകജനത എന്തേ പരിസര ശുചീകരണത്തിന്റെ കാര്യത്തിൽ കണ്ണടച്ചു. സ്വന്തം ഭവനത്തിലെ ചപ്പുചവറുകൾ പോലും ഒരു മടിയും കൂടാതെ അവൻ റോഡിലും പുഴയിലും എല്ലാം വലിച്ചെറിയും. അവൻ അത് സ്വന്തം വീട്ടുപറമ്പ് ഒഴിച്ച് മറ്റെവിടെയും നിക്ഷേപിക്കും. വഴിയരുകിൽ തുപ്പുന്നതും മലയാളികളുടെ ഒരു ശീലം ആണല്ലോ. കൊറോണയെ പ്രതിരോധിക്കാനുള്ള ഒരു മാർഗ്ഗമാണെന്ന് മനസ്സിലാക്കിയെങ്കിലും ഉപേക്ഷിച്ചു കൂടെ ഈ ദുശ്ശീലങ്ങൾ. സ്വന്തം ആരോഗ്യം സംരക്ഷിച്ചില്ലെൻകിലും വേണ്ട മറ്റുള്ളവരെകൂടി ഉപദ്രവിക്കാമോ? കൊറോണാ വൈറസ് പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാർ തങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുമ്പോൾ നമുക്ക് കുറച്ച് ഒന്ന്ശ്രദ്ധിച്ചു കൂടെ. നമ്മുടെ ഒരു അശ്രദ്ധ ഒരുപക്ഷേ ആയിരങ്ങളെ ആയിരിക്കാം മരണത്തിലേക്ക് തള്ളി വിടുന്നത്. മറ്റൊന്നും വേണ്ട ചെറിയ ചില കാര്യങ്ങൾ ആദ്യമായി തന്നെ വഴിവക്കിൽ ഉള്ള സൗഹൃദ സംഭാഷണങ്ങളും കൂട്ടായ്മകളും കുറച്ചുകാലത്തേക്ക് നമുക്ക് ഉപേക്ഷിച്ചുകൂടേ.
ഒത്തു പിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ. രണ്ടു പ്രളയങ്ങൾ അതിജീവിച്ച ധീരന്മാർ ആണ് നമ്മൾ. ലോകരാഷ്ട്രങ്ങളെ പോലും ഞെട്ടിച്ച നമ്മുടെ കൊച്ചു കേരളം. കൊറോണയെയും നമുക്ക് കീഴടക്കാം ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മതി.
നല്ലൊരു കൊറോണാ വിമുക്ത പുലരിക്കായി നമുക്ക് കാത്തിരിക്കാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |