എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

നാം അധിവസിക്കുന്ന ഈ ഭൂമി നമ്മുടെ അമ്മയാണ്. ഈ അമ്മയ്ക്ക് ചരമഗീതമെഴുതുവാനുള്ള വഴികളൊരുക്കുന്നതാവരുത് നമ്മുടെ ചെയ്തികൾ. ഇവിടെ ജന്മം കൊള്ളുന്ന ഓരോ മനുഷ്യനും ആവശ്യമായതൊക്കെ ഈ അമ്മ ഇവിടെയൊരുക്കിവച്ചിരിക്കുന്നു. അങ്ങനെ നമ്മെ കാത്തിരിക്കുന്ന ഈ അമ്മയെ ഹൃദയം തുറന്നു സ്നേഹിക്കുകയെന്നതാവണം നമ്മുടെ ധർമ്മം. ഭൂമീദേവി നമ്മളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും നമ്മൾ നമ്മുടെ സ്നേഹാദരവുകൾ സ്നേഹമയിയായ ഈ അമ്മയ്ക്കു നൽകണം. അത് നമ്മുടെ നിലനിൽപിനുതന്നെ ആനശ്യമാണ്.

ഈ ഭൂമുഖത്തുള്ള കോടാനുകോടി ജീവജാലങ്ങളിൽ ഭൂമിയെ ദ്രോഹിക്കുന്നത് മനുഷ്യൻ മാത്രമാണ്. മനുഷ്യൻ അവൻറെ വർദ്ധിതമായ ആവശ്യ നിർവഹണങ്ങൾക്കായി ഭൂമീദേവിയെ അമിതമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ചൂഷണത്തിന്റെ അനന്തരഫലമാണ് പരിസ്ഥിതി നാശം. ഈ മണ്ണിൽനിന്ന് അന്യമായ ഒരു ജീവിതം നമുക്ക് അസാദ്ധ്യമാണ്. ഈ മണ്ണും ഈ ജലസമ്പത്തും ഈശ്വരന്റെ വരദാനങ്ങളാണ്. എല്ലവാരുടേയും ആവശ്യങ്ങൾക്കുള്ളതെല്ലാം ഈ പ്രകൃതിയിലുണ്ടെന്നും എന്നാൽ അത്യാർത്തിക്കുള്ളതില്ലെന്നും ഗാന്ധിജി സൂചിപ്പിച്ചത് പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്ന തിന്മയ്ക്കെതിരെയുള്ള ചിന്തയായിട്ടാണ്.

ഈ ഭൂമിയെ സ്നേഹിക്കുന്നവരും ഇവിടെ ജനിച്ചുവീഴുന്ന എല്ലാവരും തുല്യരാണെന്ന സാഹോദര്യചിന്തയുള്ളവരും ഗാന്ധിജിയുടെ ഈ ആശയത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടാൽ പ്രകൃതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കപ്പെടും. സ്വയംകൃതാനർത്ഥങ്ങളെ തിരിച്ചറിയാൻ കൂട്ടാക്കാത്ത അഹന്തയാണ് യഥാർത്ഥത്തിൽ പരിസ്ഥിതി നശീകരണത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്. ശ്രേഷ്ഠഭാവങ്ങളുടെ എല്ലാ വിളക്കുകളും ഊതിക്കെടുത്തിയ ഒരു ജനതയ്ക്കു മാത്രമേ ഇതൊക്കെ ചെയ്യാൻ പറ്റൂ.

ഭൂമി നമുക്കു കനിഞ്ഞുനൽകുന്ന വരദാനങ്ങൾ സ്വീകരിക്കുവാൻ നമ്മൾ സ്വയം അയോഗ്യരായിത്തീർന്നുകൊണ്ടിരിക്കുന്നു. മനുഷ്യൻ ശക്തനാണെന്നും ധീരനാണെന്നുമെല്ലാം അവകാശപ്പെടുമ്പോഴും അവന് അവൻ ചവിട്ടി നിൽക്കുന്ന ഈ മണ്ണിനെ സംരക്ഷിക്കാനാവുന്നില്ല. ഈ വൈരുദ്ധ്യത്തിന്റെ അനന്തരഫലമാണ് പരിസ്ഥിതി നശീകരണം.

ഈ വിപത്ത് ഈ തലമുറയേയും വരാനിരിക്കുന്ന തലമുറകളേയുമെല്ലാം സംഹരിക്കും. അത് നമ്മുടെ ചരമക്കുറിപ്പ് നമ്മൾ തന്നെ തയ്യാറാക്കലാവും. അതൊരിക്കലും ഉണ്ടാവരുതേ എന്നാവട്ടെ നമ്മുടെ പ്രാർത്ഥന. മവ സമൃദ്ധമായി പെയ്യുകയും നദികൾ യഥേഷ്ടം ഒഴുകുകയും ചെയ്യുമ്പോൾ ആ പ്രവാഹത്തെ തടഞ്ഞു നിർത്തുവാൻ മാത്രം നമുക്കറിയാം. ഈ പ്രപഞ്ചാത്ഭുതങ്ങളുടെ മുമ്പിൽ മനുഷ്യൻ ചെറിയവനാണെന്നും ഈ മഹാശക്തിയോട് അഹന്തയല്ല പ്രകടിപ്പിക്കേണ്ടതെന്നും തിരിച്ചറിഞ്ഞ് പ്രപഞ്ചത്തോട് വിനയപൂർവ്വമായ സമീപനത്തിന് നമ്മൾ എത്രയും പെട്ടന്ന് തയ്യാറാവണം. കാരണം നമ്മുടെ തന്നെ നിലനിൽപ്പിന്റെ ആനന്ദഗാനമാണ്. പരിസ്ഥിതിയുടെ താളം തെറ്റിച്ചാൽ അതു നമ്മുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റലാവും. അതുണ്ടാവാതിരിക്കട്ടെ.

അയോണ മരിയ ജോസഫ്
8 C സെൻറ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ചെമ്മണ്ണാർ
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം