എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/അവസാനമായി അവളുടെ വാക്കുകൾ ഒന്നിടറി .......

അവസാനമായി അവളുടെ വാക്കുകൾ ഒന്നിടറി .......

അവളറിയാതെ തന്നെ അവളുടെ മിഴികളിൽ നിന്ന് അശ്രുക്കൾ പൊഴിഞ്ഞു. അവൻ അവളെ മാറോടു ചേർത്ത് കാതിൽ ഒരു സ്വകാര്യം പറയുന്നവണ്ണം 'കരയല്ലേ ' എന്നോതി . ചിലപ്പോൾ അത് അവസാനത്തെ സ്പർശനമായിരിക്കാം.


ഒരു മഴയുള്ള സായാഹ്ന വേളയിലായിരുന്നു അപ്പുവിന്റേയും മീനുവിന്റെയും ആദ്യത്തെ സംഗമം. അവർ തമ്മിൽ കാണുന്നതും അന്നായിരുന്നു. പിന്നീടങ്ങോട്ടുള്ള ദിനങ്ങളിൽ ഇരുവരുടേയും ചങ്ങാത്തം കൂടുതൽ ദൃഢമായി. എന്ത് കാര്യത്തിനും ഒപ്പം നിന്നും പള്ളിക്കൂടത്തിലേക്ക് ഒരു മിച്ച് പോയതും അവൾ ചെയ്ത തെറ്റുകൾക്ക് അവനും, അവൻ ചെയ്ത തെറ്റുകൾക്ക് അവളും ചൂരലിന്റെ ചൂടുള്ള അടി വാങ്ങിയതും, ഉച്ചക്കഞ്ഞി കഴിക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറി കഴിച്ചതുമായ ഒരു പാട് മധുരമേറിയ ഓർമ്മകൾ അന്നേരം അവരുടെ ഹൃദയത്തിലൂടെ കടന്നു പോയി. അങ്ങനെ സ്നേഹം അങ്ങോട്ടുമിങ്ങോട്ടും പങ്കിടുന്ന കാലങ്ങൾ പെട്ടെന്ന് മാഞ്ഞു പോയി . ഇരുവരും വളർന്നു വലുതായി. ആ പഴയ കുട്ടിത്തങ്ങളെല്ലാം അവസാനിച്ചു. പകരം ഇരുവരും തമ്മിൽ പരസ്പരം പ്രണയത്തിന്റെ വക്കിലേക്ക് കൊണ്ടെത്തിച്ചു. കുഞ്ഞുനാൾ മുതലേ തുടങ്ങിയ ഈ സൗഹൃദം അവർ വളർന്നിട്ടും അങ്ങനെത്തന്നെ തീവ്രമായി നിലനിന്നു. ആ സ്നേഹത്തിനു മുമ്പിൽ പല കമിതാക്കളും തോറ്റു പോയി. എന്നാൽ ഇവരുടെ സാഹചര്യങ്ങൾ അതിനനുവദിച്ചില്ല.

മീനുവിന്റെ കുടുംബത്തിന് ഈ വക കാര്യങ്ങളോട് എതിർപ്പായിരുന്നു. എന്നിട്ടുപോലും അവർ ഈ എതിർപ്പിനെതിരെ പ്രവർത്തിച്ചു. സ്നേഹം പ്രണയം അവർക്കിടയിൽ കൂടുതൽ ഊർജിതമായി .

പെട്ടെന്നൊരു ദിനം ഒരു അന്തരീക്ഷം മീനുവിന്റെ വീട്ടിലുണ്ടായി. വീട്ടുകാരുടെ തീരുമാനത്തിനെതിരു നിൽക്കാൻ മീനുവിന് കഴിയുമായിരുന്നില്ല. തീരുമാനം ഇതായിരുന്നു. ഇരുവരുടേയും പ്രണയം ഇതോടെ തീരണം. അതിനായി മീനു വിദേശത്ത് പോയി പഠിക്കണം. അവിടെ നിന്ന് പഠിച്ച് ഉയർന്ന ഉദ്യോഗവും ശമ്പളവും നേടിയതിനു ശേഷം നാട്ടിലേക്കു വന്നാൽ ഉടൻ തന്നെ അവളെ നല്ല രീതിയിൽ കെട്ടിച്ചയയ്ക്കണം. പെട്ടെന്ന് ഒരു തീരുമാനം വിളംബരം ചെയ്താൽ തകരുന്ന ബന്ധമായിരുന്നില്ല അവരുടേത്. പക്ഷെ മീനുവിന് അത് അംഗീകരിക്കേണ്ടി വന്നു. അവൾ ഒരിക്കലും തന്റെ അച്ഛനെ ധിക്കരിച്ച് ഒന്നും ചെയ്തിട്ടില്ല. ഈ കാര്യവും അതുപോലെ തന്നെയാണ്. ഏതായാലും ഇനി അവളുടെ മുമ്പിൽ ഒരു വഴിയേ ഉള്ളൂ. കാര്യം അപ്പുവേട്ട നോട് പറയണം, തന്നെ മറക്കണം എന്നും. അവന് ഇതൊന്നും സഹിക്കാനാവില്ല എന്ന് മീനുവിനറിയാം. പക്ഷെ അവൾക്ക് ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാനും കഴിഞ്ഞില്ല. അച്ഛന്റെ വാക്കു മാനിച്ച് ഒരു സായാഹ്ന വേളയിൽ അവൾ, അവർ ഇരുവരും എപ്പോഴും ഒരുമിച്ചിരിക്കുന്ന പുഴക്കടവിലെത്തി. അവിടെ എന്നത്തേതുപോലെ അവളെ നോക്കി അവൻ ഇരിപ്പുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ അവളുടെ ചിലങ്കകളുടെ മണിനാദം നേർത്തു നേർത്തു വന്നു. പുഴയിലേക്ക് കല്ലെറിഞ്ഞിരിക്കുന്ന അവന്റെ തോളിൽ പതിയെ അവൾ കൈവച്ചു. അവളെ കണ്ടയുടനെ തന്നെ അവൻ ചാടിയെണീറ്റു. അവൻ അവളോട് പ്രണയം പങ്കുവയ്ക്കാനുള്ള ദിനം കൂടിയായിരുന്നു അന്ന്. അവൻ എന്തോ പറയാനൊരുങ്ങുന്ന വേളയിൽ തന്നെ അവൾ അവന്റെ ചുണ്ടിൽ അവൾ കൈയ്യടച്ചു വച്ചു. എന്നിട്ടു പറഞ്ഞു ," ഞാൻ പോകുന്നു അപ്പുവേട്ടാ, എന്നെ മറക്കണം. നമ്മൾ തമ്മിൽ ഇനി കണ്ടെന്നു വരില്ല. എന്നിരുന്നാലും എന്റെ മനസ്സിന്റെ കോണിൽ എന്റെ അപ്പുവേട്ടനുണ്ട്". അവസാനത്തെ വാക്കു പറയുമ്പോഴേക്കും അവളുടെ വാക്കുകൾ ഇടറി. ഗദ്ഗദം പൂണ്ടു. പരസ്പരം ഇരുവരും ഏറെ നേരം മൂകരായി നോക്കി നിന്നു..........

കാർത്തിക കെ
10 A എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ