എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ/അക്ഷരവൃക്ഷം/ എൻ്റെ പ്രകൃതി

എൻ്റെ പ്രകൃതി

ഭൂമിയിലെ ഓരോ ജീവന്റെയും നിലനില്പിന്റെ ആധാരം പ്രകൃതി ആണ്. ഒരു ജീവൻ നിലനിൽക്കാൻ ആവിശ്യമായ വായു, ജലം, ഭക്ഷണം എന്നിവയെല്ലാം പ്രകൃതി നൽകുന്നു. അതുകൊണ്ട് തന്നെ പ്രകൃതി ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും മാതാവാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതാണ്. എന്നാൽ മനുഷ്യൻ ജീവിക്കാനായി പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. വേണ്ടതെല്ലാം നൽകിയിട്ടും പ്രകൃതി മറ്റു ജീവജാലങ്ങൾക്കുകൂടി അവകാശപെട്ടതാണെന്നുപോലും ചിന്തിക്കാതെ തനിക്കുമാത്രം ഉള്ളതാണ് എന്ന് സ്വയം അവകാശപ്പെട്ടു എല്ലാം നശിപ്പിക്കുന്നു. വയലുകളും പാടങ്ങളും നികത്തി വലിയ ഫാക്ടറികൾ കെട്ടിപ്പൊക്കുന്നു അവിടെനിന്നും വരുന്ന മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നു. വരും തലമുറക്കും ഇവിടെ ജീവിക്കേണ്ടതാണ് എന്നുപോലും ചിന്തിക്കാതെ പ്രകൃതിയെ ചൂഷണം ചെയ്ത് ഭൂമിയുടെ നിലനിൽപ്പുതന്നെ ഇന്ന് അപകടത്തിലാക്കിയിരിക്കുകയാണ്.

ഒരു പ്രളയം വന്നപ്പോൾ നാം ഒറ്റക്കെട്ടായി അതിനെ നേരിട്ടു. എന്നാൽ പ്രളയം എങ്ങനെ വന്നുവെന്ന് നാം ചിന്തിച്ചില്ല. നാം ചെയ്ത പ്രവൃത്തികളുടെ ഫലമായാണ് രണ്ടുതവണ നാം പ്രളയം നേരിടേണ്ടി വന്നത്. ഇന്ന് ഈ ലോകം മുഴുവൻ കൊറോണ എന്ന മഹാ വിപത്തിനെ നേരിടുകയാണ്. വന്യജീവികളുടെ ശരീരത്തിനുള്ളിൽ ജീവിക്കുന്ന ഇവ എങ്ങനെ മനുഷ്യരിലേക്കെത്തി, ഇതും നാം ചിന്തിക്കണം.യുദ്ധങ്ങൾ കൊടുമ്പിരികൊണ്ടിരുന്ന കാലത്തു ചൈനയിൽ ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമം നേരിട്ടപ്പോൾ അവിടെത്തെ സർക്കാർ കാട്ടിൽനിന്നും വന്യജീവികളെ വേട്ടയാടാൻ അനുമതി നൽകുകയുണ്ടായി .എന്നാൽ അത് അവർ മുതലെടുക്കാൻ തുടങ്ങി . വേട്ടയാടൽ അധികമായി.അവ വിൽക്കുന്നതിനായി ഒരു മാർക്കറ്റ് തന്നെ ആരംഭിച്ചു.ചെറിയ പ്രാണികൾ മുതൽ വലിയ മൃഗങ്ങൾ വരെ വിലക്കപ്പെടാൻ തുടങ്ങി.കൊറോണ എന്ന വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിൽ ആയതുകൊണ്ട് തന്നെ ഇതും ഒരു കാരണമാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു . അങ്ങനെയാണെങ്കിൽ ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്ന ഈ മഹാമാരിക്ക് കാരണം നാം പ്രകൃതിയോട് ചെയ്യുന്ന ചൂഷണമാണ് .

ഒരു പക്ഷെ കൊറോണ കഴിയുമ്പോൾ നാം നേരിടേണ്ടിവരിക ഒരു പ്രളയമാകാം . ഇതിനു ഒരു അവസാനമുണ്ടാകണമെങ്കിൽ പ്രകൃതിയെ സംരക്ഷിക്കാൻ നാം ഒറ്റക്കെട്ടായി നിന്ന് പോരാടുക തന്നെ വേണം .ഭൂമിയിൽ മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിനു മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന വികൃതികൾക്ക് അറുതി വരുത്തേണ്ടതായിട്ടുണ്ട്. ഈ ലോക്ക് ഡൌൺ കാലത്ത് അതിനെ കുറിച്ചു ചിന്തിക്കാനും നല്ല തീരുമാനങ്ങൾ എടുക്കാനും നമുക്കു ഏവർകും സാധിക്കണം.

ശ്രീലക്ഷ്മി
9 D എസ് കെ എം ജെ എച് എസ് എസ് കൽപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം