എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/രോഗവിമുക്തി കേരളം
രോഗവിമുക്തി കേരളം
ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും രോഗം വരാറുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും രോഗം വരാതിരിക്കുക അസാധ്യമാണ്. പക്ഷേ മനുഷ്യവർഗ്ഗത്തെ ഒന്നാകെ കൊന്നൊടുക്കുന്ന വിധത്തിൽ രോഗം വ്യാപിക്കുക എന്നത് അപൂർവ്വമായി മാത്രമേ ഉണ്ടാകാറുള്ളൂ. അത്തരത്തിലുള്ള ഒരു മഹാമാരിയാണ് കോവിഡ്- 19. ഇതിന് മുൻപ് ആയിരകണക്കിനാളുകളെ മരണത്തിലേയ്ക്ക് തള്ളിയിട്ട മഹാമാരികളാണ് കോളറ, പ്ലേഗ്, വസൂരി തുടങ്ങിയവ. പക്ഷേ ഓരോ പകർച്ചവ്യാധികളേയും തോൽപ്പിച്ച് കൊണ്ട് മുന്നേറാൻ എന്നും മനുഷ്യന് സാധിച്ചിട്ടുണ്ട്. ക്ഷയരോഗം, കുഷ്ഠരോഗം, പോളിയോ, വസൂരി എന്നു വേണ്ട ഒരു കാലത്ത് നമ്മെ ഭയപ്പെടുത്തിയിരുന്ന എല്ലാ മഹാമാരികളേയും മനുഷ്യൻ തോൽപ്പിച്ചു കഴിഞ്ഞു. അത് പോലെ കോ വിഡ്- 19 നെയും തോൽപ്പിക്കാൻ തീർച്ചയായും മനുഷ്യന് സാധിക്കും. വൈറസ് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു സൂക്ഷ്മജീവി ആയത് കൊണ്ട് മരുന്ന് കണ്ടു പിടിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. പക്ഷേ രോഗം പടരാതെ സൂക്ഷിക്കൻ കഴിയും. മുൻപ് ഇതേ കൊറോണ കുടുംബത്തിലെ വൈറസായ സാർസ് - ൽ നിന്നും രക്ഷപ്പെട്ടതുമങ്ങനെയാണ് . രോഗം പടരാതെ സൂക്ഷിക്കാനാണ് കേരളത്തിലും സാമൂഹിക അകലം കർശനമായി പാലിക്കുന്നത്. വരും ദിവസങ്ങളിൽ കോവിഡിൽ നിന്നും നാം രക്ഷപ്പെടുകയും ചെയ്യും. രോഗമുക്ത കേരളം ചില പുതിയ ശീലങ്ങളുടെയും, കരുതലിൻ്റെയും കേരളമായിരിക്കും. രോഗത്തെ ഭയന്ന് ചുമയ്ക്കുമ്പോൾ തൂവാല കൊണ്ട് മുഖം മൂടിയതും ഇടയ്ക്കിടെ കൈകൾ കഴുകിയതും പൊതു ഇടങ്ങളിൽ അകലം പാലിച്ചതുമെല്ലാം മലയാളിയ്ക്ക് ചില പുതിയ ശീലങ്ങൾ നൽകിയിട്ടുണ്ട്. ഇനി ഒരു പകർച്ചവ്യാധി ഉണ്ടാകാതിരിക്കാൻ സർക്കാരും കരുതലെടുക്കും. അത്തരത്തിലുള്ള അനുഭവ പാഠങ്ങൾ എല്ലാവർക്കും കോവിഡ് നൽകി കഴിഞ്ഞു. അങ്ങനെ അനുഭവങ്ങൾ ഉൾക്കൊണ്ട് മുൻപത്തേക്കാൾ കരുത്തോടെ കേരളം മുന്നേറുക തന്നെ ചെയ്യും എന്ന് പ്രത്യാശിക്കുന്നു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |