കൂത്താട്ടുകുളം

കൂത്താട്ടുകുളം ഗ്രാമത്തെ സംബന്ധിച്ച ഈ രേഖ തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത് ഹൈസ്ക്കൂൾ വിഭാഗം സാമൂഹ്യശാസ്ത്രാദ്ധ്യാപികമാരായ ശ്രീമതി ബിന്നി ജോസഫ്, ശ്രീമതി ദീപ എച്ച്. എന്നിവരാണ്. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിലെ രേഖകൾ, കൂത്താട്ടുകുളത്തുനിന്നും വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രത്യേക പതിപ്പുകൾ, ആരാധനാലയങ്ങളിലെയും വിദ്യാലയങ്ങളിലെയും രേഖകൾ ഇവയാണ് അവലംബമായി സ്വീകരിച്ചിട്ടുള്ളത്.

സ്ഥാനം

 
കൂത്താട്ടുകുളം പട്ടണം ഒരു പഴയ ചിത്രം

കൂത്താട്ടുകുളം എന്ന ചെറു പട്ടണം കേരളത്തിന്റെ മധ്യഭാഗത്തായി എറണാകുളം ജില്ലയുടെ തെക്കുകിഴക്കുള്ള മൂവാറ്റുപുഴ താലൂക്കിൽ സ്ഥിതിചെയ്യുന്നു. കൂത്താട്ടുകുളം നഗരസഭ കോട്ടയം, ഇടുക്കി ജില്ലകളോട് അതിർത്തി പങ്കിടുന്നു എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ഇരുപത് വാർഡുകളിലായി ഏകദേശം 18970 ജനങ്ങൾ വസിക്കുന്ന ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം 2318.71 ഹെക്ടറാണ്. കൂത്താട്ടുകുളം നഗരസഭയുടെ കേന്ദ്രമായ കൂത്താട്ടുകുളം പട്ടണം എം. സി. റോഡിലാണ് സ്ഥിതിചെയ്യുന്നത്. താലൂക്ക് ആസ്ഥാനമായ മൂവാറ്റുപുഴയിൽ നിന്നും 17 കിലോമീറ്റർ എം. സി. റോഡിലൂടെ തെക്കോട്ടു സഞ്ചരിച്ചാൽ ഞങ്ങളുടെ പട്ടണത്തിൽ എത്തിച്ചേരാം. ഇവിടെ നിന്നും എം. സി. റോഡിലൂടെ 38 കിലോമീറ്റർ തെക്കോട്ടു സഞ്ചരിച്ചാൽ അക്ഷരനഗരിയായ കോട്ടയം പട്ടണത്തിൽ എത്തിച്ചേരും.

പഴയകാലത്ത് കൂത്താട്ടുകുളം കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. കോട്ടയം ജില്ലയിലെ ഇലഞ്ഞി, വെളിയന്നൂർ ഗ്രാമപഞ്ചായത്തുകളും എറണാകുളം ജില്ലയിലെ പാലക്കുഴ, തിരുമാറാടി ഗ്രാമപഞ്ചായത്തുകളും ഇടുക്കി ജില്ലയിലെ വഴിത്തല ഗ്രാമപഞ്ചായത്തുമാണ് കൂത്താട്ടുകുളത്തിന്റെ അതിർത്തി ഗ്രാമങ്ങൾ.

ഭൂപ്രകൃതി

സെൻട്രൽ മി‍ഡ്‌ലാന്റ് സോൺ വിഭാഗത്തിൽ പെടുന്ന ഭൂപ്രക‍തിയാണ് കൂത്താട്ടുകുളത്തിനുള്ളത്. സമൂദ്രനിരപ്പിൽ നിന്നും 100 മീറ്ററിലധികം ഉയരമുള്ള കുന്നുകളും അവയ്ക്കിടയിലെ താഴ്‌വരകളും ചേർന്നാണ് ഈ പ്രദേശം രൂപപ്പെട്ടിരിക്കുന്നത്. കൂത്താട്ടുകുളത്തെ ഏറ്റവും വലിയ കുന്നായ അർജുനൻ മലയ്ക്ക് സമുദ്രനിരപ്പിൽ നിന്നും 130 മീറ്റർ ഉയരമുണ്ട്. അർജുനൻ മല കൂത്താട്ടുകുളത്തെ രണ്ടു പ്രധാന താഴ്‌വരകളായി വേർതിരിക്കുന്നു. തെക്കേ താഴ്‌വരയിൽ വച്ച് ഉഴവൂർ തോട് ചോരക്കുഴിത്തോടുമായി ചേരുന്നു. കൂത്താട്ടുകുളത്തെ പ്രധാന തോട് (ചന്തത്തോട്) വെളിന്നൂർ പഞ്ചായത്തിലെ താമരക്കാടുനിന്ന് ഉദ്ഭവിച്ച് പട്ടണത്തിലെത്തി ഉഴവൂർ തോടുമായി ചേരുന്നു. ഈ രണ്ടു തോടും ചേർന്ന് വലിയതോട് എന്ന പേരിൽ കൂത്താട്ടുകുളം നഗരസഭയുടെ കിഴകൊമ്പ്, ഇടയാർ പ്രദേശങ്ങളിലൂടെ ഒഴുകി തിരുമാറാടി, ഓണക്കൂർ ഗ്രാമപഞ്ചായത്തുകളെ പിന്നിട്ട് പിറവത്തുവച്ച് മൂവാറ്റുപുഴ ആറ്റിൽ ചേരുന്നു.

വടക്കുഭാഗത്ത് കീരികുന്ന്, തളിക്കണ്ടം, കുങ്കുമശ്ശേരി, വാളായിക്കുന്ന് മലകളും, കിഴക്കുഭാഗത്ത് കോഴിപ്പിള്ളി, പൂവക്കുളം മലകളും, തെക്കുഭാഗത്ത് ചമ്പമലയും ആട്ടകുന്ന്-നരിപ്പാറ വേളുമലയും മദ്ധ്യഭാഗത്തായി അർജ്ജുനൻ മല, വള്ളിയാങ്കമല, എരുമക്കുളം, നെടുമ്പാറ, മുട്ടുമുഖം മലകളും അമ്പാട്ടുകുന്ന്, തുറപ്പാറ മുതലായ കുന്നിൻ പ്രദേശങ്ങളും ചോരക്കുഴി, കിഴകൊമ്പ്, ഇടയാർ, വടകര, പൈറ്റക്കുളം എന്നീ താഴ്വരകളും ചേർന്നതാണ് കൂത്താട്ടുകുളം പ്രദേശം.


പ്രധാന കൃഷികൾ

കൂത്താട്ടുകുളത്തെ കുന്നിൻ ചെരുവുകളിലും താഴ്‌വരകളിലും പ്രധാന കൃഷി റബ്ബറാണ്. ആനി, പ്ലാവ്, തേക്ക്, മാവ് തുടങ്ങിയ നാട്ടുമരങ്ങളും ഇടതൂർന്നുവളരുന്നു. തെങ്ങുകൃഷി മുമ്പ് സർവ്വസാധാരണമായിരുന്നെങ്കിലും ഇപ്പോൾ വളരെക്കുറവാണ്. വാനിലയ്ക് വിലയേറി നിന്നകാലത്ത് ധാരാളം കർഷകർ വാനിലക്കൃഷി ആരംഭിച്ചിരുന്നെങ്കിലും ഇപ്പോൾ നാമമാത്രമായി മാത്രമേ അവശേഷിക്കുന്നുള്ളു. വാഴ, ഇഞ്ചി, മഞ്ഞൾ, കച്ചോലം, പൈനാപ്പിൾ തുടങ്ങിയ വിളകളും ചുരുങ്ങിയ അളവിൽ കൃഷിചെയ്യുന്നുണ്ട്. നെൽപ്പാടങ്ങൾ മിക്കതും മണ്ണിട്ട് നികത്തി മറ്റുകൃഷികൾ ആരംഭിച്ചിരിക്കുന്നു.

കൂത്താട്ടുകുളം കേരളചരിത്രത്തിൽ

ഒരു കാലത്ത് ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കൂത്താട്ടുകുളം. എ.ഡി.1100 നു ശേഷം ചോളൻമാരുടെ ആക്രമണത്തെ തുടർന്ന് ചേര സാമ്രാജ്യം തകരുകയും ശക്തമായ കേന്ദ്രഭരണം ഇല്ലാതാകുകയും ചെയ്തു. ഇതിന്റെ ഫലമായി രാജ്യം പതിനേഴ് നാടുകളായി വേർപിരിഞ്ഞു. അക്കാലത്ത് കീഴ്മലനാടിന്റെ ഭാഗമായിതീർന്നു കൂത്താട്ടുകുളവും സമീപ പ്രദേശങ്ങളും. ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകൾ ഉൾക്കൊള്ളുന്ന കീഴിമല നാടിന്റെ ആദ്യതലസ്ഥാനം തൃക്കാരിയൂരും, പിന്നീട് തൊടുപുഴക്കടുത്തുള്ള കാരിക്കോടുമായിരുന്നു. ഈ രണ്ട് സ്ഥലങ്ങളും ബുദ്ധമത കേന്ദ്രങ്ങളായിരുന്നു. വിസൃതമായിരുന്ന വെമ്പൊലിനാടിന്റെ ഒരു ശാഖയായിരുന്നു കീഴ്മലനാട്. പിൽക്കാലത്ത് വെമ്പൊലിനാട് വടക്കുംകൂർ,തെക്കുംകൂർ എന്നിങ്ങനെ രണ്ട് രാജ്യങ്ങളായി.വെമ്പൊലിനാടിന്റെ വടക്കുഭാഗങ്ങൾ വടക്കുംകൂറായും , തെക്കുഭാഗങ്ങളും , മുഞ്ഞനാടും, നാന്റുഴൈനാടിന്റെ ഭാഗങ്ങളും ചേർന്ന് തെക്കുംകൂറായും രൂപാന്തരപ്പെടുകയാണുണ്ടായത്. കവണാറിന്റെ തെക്കും വടക്കും ഭാഗങ്ങളിലായി സ്ഥിതിചെയ്്തിരുന്നതുകൊണ്ടാണ് ഈ പേരുണ്ടാകാൻ കാരണം. 1599 -ൽ കീഴ്മലനാട് വടക്കും കൂറിൽ ലയിച്ചു. ഇതൊടെ കൂത്താട്ടുകുളവും സമീപ പ്രദേശങ്ങളും വടക്കുംകൂറിന്റെ ഭാഗമായി. ഉത്തര തിരുവിതാം കൂറിലെ ഉജ്ജയിനി എന്നാണ് വടക്കുംകൂറിനെ മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുള്ളത്. ശുകസന്ദേശകർത്താവായ ലക്ഷ്മി ദാസൻ, മേൽപ്പത്തൂർ നാരായണ ഭട്ടതിരി,തമിഴ് കവി അരുണഗിരിനാഥൻ, രാമപുരത്തു വാര്യർ തുടങ്ങിയ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും വടക്കുംകൂർ തമ്പുരാക്കന്മാർ പ്രോൽസാഹിപ്പിച്ചിരുന്നു.വടക്കുംകൂറിന് നിരവധിതാവഴികൾ ഉണ്ടായിരുന്നതിനാൽ ഓരൊകാലത്ത് ഓരൊ താവഴിയുടെയും ആസ്ഥാനം രാജ്യത്തിന്റെ തലസ്ഥാനമായി കണക്കാക്കിയിരുന്നു. കടുത്തുരുത്തി,വൈയ്ക്കം,തൊടുപുഴ,ളാലം മുതലായ സ്ഥലങ്ങൾ ഇങ്ങനെ തലസ്ഥാനങ്ങളായിരുന്നിട്ടുണ്ട്. കൂത്താട്ടുകൂളത്തിനടുത്ത് കാക്കൂരിലും വടക്കുംകൂറിന്റെ കൊട്ടാരമുണ്ടായിരുന്നു. ഇവിടെ കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലം കൊട്ടാരപ്പറമ്പെന്നാണ് ഇന്നും അറിയപ്പെടുന്നത്.

1750 - ൽ മാർത്താണ്ഡവർമ്മ വടക്കുംകൂർ പിടിച്ചടക്കി.വേണാടിന് വടക്കോട്ട് കവണാർ വരെയുളള പ്രദേശങ്ങൾ തിരുവിതാംകൂറിൽ ലയിപ്പിച്ചശേഷമാണ് വടക്കുംകൂർ ആക്രമിക്കുന്നത്. കടുത്തുരുത്തിക്കു നേരെയായിരുന്നു ആദ്യ ആക്രമണം. അവിടെയുണ്ടായിരുന്ന കോട്ടയും കൊട്ടാരവും ഡിലനായുടെ നേത്യത്വത്തിലുള്ള സൈന്യം നിഷ്പ്രയാസം തകർത്തു. അവിടുന്ന് മീനച്ചിലിന്റെ മർമ്മ പ്രധാന കേന്ദ്രങ്ങൾ കടന്ന് വടക്കുംകൂറിന് നേരെ ആക്രമണങ്ങൾ ആരംഭിച്ചു. തിരുവിതാംകൂർസൈന്യം വളരെയേറെ കൊള്ളകൾ നടത്തിയെന്നും , ദേവാലയങ്ങൾക്ക് നേരെ പോലും ആക്രമണങ്ങൾ ഉണ്ടായതായും വരാപ്പുഴയിൽ താമസിച്ചിരുന്ന വിദേശ പാതിരിയായ പൌളിനോസ് ബർത്തലോമിയാ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നേറ്റങ്ങൾക്ക് ഡിലനോയിയോടൊപ്പം രാമയ്യൻ ദളവയുടെയും ശക്തമായ നേതൃത്വം ഉണ്ടായിരുന്നു.

ആധുനിക തിരുവിതാംകൂറിന്റെ ശിൽപ്പിയായ മാർത്താണ്ഡവർമ്മ താൻ വെട്ടിപ്പിടിച്ച് വിസൃതമാക്കിയ രാജ്യം തന്റെ കുലദൈവമായ ശ്രീ പത്മനാഭന് അടിയറവച്ചു. (1750 ജനുവരി 3 ) ശ്രീ പത്മനാഭദാസനായി ഭരണം നടത്തിപോന്ന ആദ്ദേഹം രാജ്യത്ത് പല ഭരണപരിഷ്ക്കാരങ്ങളും നടപ്പാക്കി. ഭൂമി മുഴുവൻ കണ്ടെഴുതിയും കേട്ടെഴുതിയും കുടിയാ•ാർക്ക് പതിച്ച് നൽകി. ഭൂമിക്ക് കരം ഏർപ്പെടുത്തി. ബ്രഹ്മസ്വം,ദേവസ്വം, പണ്ടാരവക എന്നിങ്ങനെയായി ഭൂമി വേർതിരിച്ചു.പണ്ടാരവക ഭൂമി പതിച്ചുനൽകിയ അദ്ദേഹം കുരുമുളക്,അടയ്ക്ക,പുകയില എന്നിവയുടെ വ്യാപാരവും ,ഉപ്പു നിർമ്മാണവും കുത്തകയാക്കി. ഭരണസൌകര്യത്തിനായി രാജ്യത്തെപല താലൂക്കുകളായും വില്ലേജുകളായും വിഭജിച്ചു. അങ്ങനെ മൂവാറ്റുപുഴ താലൂക്കിൽ (മണ്ഡപത്തും വാതിൽ )പെട്ട കൂത്താട്ടുകുളം ഒരു വില്ലേജിന്റെ ആസ്ഥാനമായി.1906 ലെ ട്രാവൻകൂർസ്റേറ്റ്മാനുവലിൽ കൊടുത്തിരിക്കുന്ന വിവരമനുസരിച്ച് മൂവാറ്റുപുഴ താലൂക്കിലെ നാല് പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് കൂത്താട്ടുകുളം. മറ്റ് സ്ഥലങ്ങൾ കോതമംഗലം, തൃക്കാരിയൂർ, മൂവാറ്റുപുഴ എന്നിവയാണ്.

20 -ആം നൂറ്റാണ്ടിന്റെ ആരംഭം വരെ ഇടപ്രഭുക്കന്മാരായിരുന്നു ഓരൊ നാടിന്റെയും ഭരണാധികാരികൾ. അവർക്ക് സ്വന്തമായി കളരികളും യോദ്ധാക്കളുമുണ്ടായിരുന്നു. കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന ആമ്പക്കാട്ട് കർത്താക്കളായിരുന്നു കൂത്താട്ടുകുളം പ്രദേശത്തിന്റെ അധികാരികൾ. ഇവിടുത്തെ ഭൂമി മുഴുവൻ ആമ്പാക്കാട്ട് കർത്താക്കളുടെയും ,കട്ടിമുട്ടം, പുതുമന , നെല്യക്കാട്ട്,ചേന്നാസ് തുടങ്ങി ഏതാനും നമ്പൂതിരി ഇല്ലങ്ങളുടെയും, വേങ്ങച്ചേരിമൂസതിന്റേയും വകയായിരുന്നു.

കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന് തെക്ക് ഭാഗത്ത്, വിശാലമായ നെൽവയലിന്റെ കരയിലായിരുന്നു ആമ്പക്കാട്ട് കർത്താക്കൾ താമസിച്ചിരുന്നത്. അവിടന്ന് അരകിലൊമീറ്റർ പടിഞ്ഞാറ് മാറി ഇന്ന് ശിർദ്ദിസായി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ആമ്പക്കാട്ട് കർത്താക്കളുടെ കളരി. ആ സ്ഥലത്തുനിന്ന് ധാരാളം ആയുധങ്ങളും വിഗ്രഹങ്ങളും മറ്റും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഭരദേവതയായിരുന്നു ഓണംകുന്ന് ഭഗവതി. തന്റെ അധികാര അതിർത്തിയിൽ കുറ്റം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷകൾ നല്കിയിരുന്ന കർത്താക്കൾ വധശിക്ഷ നടപ്പാക്കിയിരുന്നത് കഴുവേറ്റിയായിരുന്നു. കൂത്താട്ടുകുളത്തുനിന്ന് കോഴിപ്പിള്ളിക്കുള്ള വഴിയിൽ ചാരഞ്ചിറ ഭാഗത്തുകൂടി അന്നുണ്ടായിരുന്ന നടപ്പ് വഴിയുടെ സമീപത്തായിരുന്നു കുറ്റവാളികളെ കഴുവേറ്റിയിരുന്നത്. അന്ന് കഴുമരമായി ഉപയോഗിച്ചിരുന്ന രണ്ട് ഇലവു മരങ്ങൾ ഏതാനും കൊല്ലം മുൻപ് വരെ അവിടെ നിലനിന്നിരുന്നു.

മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് സർക്കാരിന്റെ കുത്തകയായിരുന്ന പുകയില, ഉപ്പ്, കുരുമുളക് തുടങ്ങിയ സാധനങ്ങൾ സംഭരിച്ച് സൂക്ഷിക്കുന്നതിനും അതിന്റെ ക്രയവിക്രയത്തിനും വേണ്ടി കൂത്താട്ടുകുളത്ത് കോട്ടയും കുത്തകയാഫീസും സ്ഥാപിച്ചിരുന്നു. കൂത്താട്ടുകുളം ഹൈസ്കൂൾ റോഡിൽനിന്ന് മാരുതി ജംഗ്ഷന് സമീപത്തേക്ക് പോകുന്ന റോഡിനോട് ചേർന്ന് ആ കോട്ടയുടെ അവശിഷ്ടം ഏതാനും കൊല്ലം മുൻപുവരെ കാണാമായിരുന്നു. ഒന്നര എക്കറോളം വിസ്തൃതിയിൽ സമചതുരത്തിൽ മണ്ണും ചെങ്കല്ലും കൊണ്ട് നിർമ്മിച്ച ആ കോട്ടയുടെ ചുറ്റുമുണ്ടായിരുന്ന കിടങ്ങ് നികന്ന് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലം വരെ ഇവിടെ വെട്ടിക്കിളക്കുമ്പോൾ ധാരാളം വെടിയുണ്ടകൾ ലഭിച്ചിരുന്നതായി സ്ഥലവാസിയായ മേച്ചേരിൽ രാഘവൻപിള്ള പറയുകയുണ്ടായി. ഈ കോട്ടയ്ക്കടുത്തുതന്നെയായിരുന്നു കൂത്താട്ടുകുളത്തെ പ്രവൃത്തിക്കച്ചേരിയും കുത്തകയാഫീസും പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ സഹകരണ ആശുപത്രി സ്ഥിതിചെയ്യുന്ന ഭാഗത്ത് റോഡരുകിൽ ഉണ്ടായിരുന്ന ഒരു ചെറിയ മാളികക്കെട്ടിടത്തിലേക്ക് കുത്തകയാഫീസ് മാറ്റി.

കുത്തക സംഭരണ കേന്ദ്രങ്ങളുടെ മോൽനോട്ടം വഹിച്ചിരുന്നത് വിചാരിപ്പുകാർ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരായിരുന്നു. ഇവിടത്തെ കുത്തകവിചാരിപ്പുമായി ബന്ധപ്പെട്ട് തെക്കൻ തിരുവിതാംകൂറിൽ നിന്നെത്തിയ അറുമുഖംപിള്ളയുടെ പിൻമുറക്കാരായ പത്തിരുപത് കുടുംബങ്ങൾ ഇന്ന് കൂത്താട്ടുകുളത്തുണ്ട്. നാഞ്ചിനാട്ട് വെള്ളാളരായ ഇവർ ഒരു പ്രത്യേകസമുദായമായിട്ടാണ് ഇവിടെ ജീവിക്കുന്നത്.

പ്രാദേശിക ചരിത്രം

ഒരിക്കൽ അത്തിമണ്ണില്ലം, കൊറ്റനാട്, കട്ടിമുട്ടം, പരിയാരം എന്നീ ബ്രാഹ്മണ കുടുംബങ്ങളുടെ അധീനതയിലായിരുന്നു കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രദേശം. കൂത്താട്ടുകുളം, വടകര-പെറ്റക്കുളം, കിഴക്കൊമ്പ്, ഇടയാർ എന്നീ നാലു പ്രധാന കരകൾ ചേർന്നതാണ് ഈ പഞ്ചായത്ത്. ഈ കരകളുടെ പേരുകളുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങൾ നിലനില്ക്കുന്നു. മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജ്യം വിസ്തൃതമാക്കുന്നതിനു മുമ്പ് വടക്കുംകൂർ രാജാക്കൻമാരുടെ അധികാരപരിധിയിലായിരുന്നു കൂത്താട്ടുകുളം പ്രദേശം. ഓണക്കൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അവരുടെ ആയോധനക്കളരി നിലനിന്നിരുന്ന പ്രദേശം ക്രമേണ പയറ്റ്കളം പയറ്റക്കളം എന്നീ പേരുകളിലറിയപ്പെടുകയും അവസാനം പൈറ്റക്കുളമായി മാറുകയും ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. ആനപിടുത്തം തൊഴിലാക്കിയിരുന്ന കീഴക്കൊമ്പിൽ കുടുംബത്തിൽ പെട്ട ചിലർ ഇലഞ്ഞിയിൽ നിന്നും കുടിമാറ്റം നടത്തിയ സ്ഥലമാണ് പിന്നീട് കിഴകൊമ്പായി മാറിയെന്നതാണ് അവിടുത്തെ സ്ഥലപുരാണം. ആധുനിക രാഷ്ട്രീയ ചരിത്രങ്ങൾക്കപ്പുറം ബുദ്ധ, ജൈന കാലഘട്ടത്തിന്റെ സാംസ്ക്കാരിക പാരമ്പര്യങ്ങളും അവകാശപ്പെടാനുള്ള ഒരു പ്രദേശമാണ് കൂത്താട്ടുകുളമെന്ന് പ്രശസ്ത ഗവേഷകനായ പി.വി.കെ.വാലത്ത് കേരളത്തിലെ സ്ഥലചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. നൂറു വർഷം മുമ്പ് മുതൽക്കുതന്നെ പകുതിച്ചേരി, ആശുപത്രി, സബ് രജിസ്ട്രാർ ഓഫീസ്, പോലീസ് സ്റ്റേഷൻ, അഞ്ചലാഫീസ്, സത്രം, റ്റി.ബി, ദേവസ്വം ഓഫീസ്, എക്സൈസ് ഇൻസ്പെക്ടർ ഓഫീസ് തുടങ്ങി ഒരു താലൂക്ക് ആസ്ഥാനത്തിനു താഴെയുള്ള ഭരണസംവിധാനങ്ങളെല്ലാം ഉൾക്കൊള്ളുന്ന ഒരു പ്രദേശമായിരുന്നു കൂത്താട്ടുകുളം. പുരാതനമായ ക്ഷേത്രങ്ങളും പള്ളികളും ഈ പ്രദേശത്തിന്റെ പാരമ്പര്യത്തെ വിളിച്ചറിയിക്കുന്നു. ജീർണ്ണപ്രായമായിക്കൊണ്ടിരിക്കുന്ന കൂത്താട്ടുകുളം മഹാദേവക്ഷേത്രം മാർത്താണ്ഡവർമ്മയുടെ കാലത്ത് രാമയ്യൻ ദളവ പുതുക്കിപ്പണിതു. കൂത്താട്ടുകുളത്തെയും പരിസരപ്രദേശത്തെയും ഭൂസ്വത്തുക്കളത്രയും ഈ ക്ഷേത്രം വകയായിരുന്നു എന്നാണ് പഴയ രേഖകൾ. ചിരപുരാതനവും പ്രശസ്തവുമായ വടകര പള്ളി ചരിത്രപ്രസിദ്ധമാണ്. കൂത്താട്ടുകുളത്തിന് അഭിമാനിക്കത്തക്ക ഒരു സാംസ്കാരിക പാരമ്പര്യമുണ്ട്. കേരളസംസ്ഥാനത്തിന്റെ തെക്കും വടക്കും പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എം.സി.റോഡിന്റെ 187.8 കിമീ. മുതൽ 192.5 കി.മീ. വരെയുള്ള ഭാഗം ഈ പഞ്ചായത്തതിർത്തിയിൽ വരുന്നു. പടിഞ്ഞാറ് വൈക്കം, പിറവം, എറണാകുളം, കിഴക്ക് രാമപുരം, പാല, തൊടുപുഴ ഭാഗങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള റോഡുകളും ഈ പ്രദേശത്തു കൂടി കടന്ന് പോകുന്നു. ഇങ്ങനെ രൂപപ്പെട്ട കവലകളും മാർക്കറ്റും കൂടിച്ചേർന്ന് എം.സി.റോഡിന്റെ ഇരുഭാഗങ്ങളും ടൌൺ പ്രദേശമായി തീർന്നിരിക്കുന്നു. പ്രധാനപ്പെട്ട ഈ റോഡുകളുടെ സംരക്ഷണം പി.ഡബ്ള്യൂ.ഡി റോഡ് വിഭാഗത്തിനാണ്. തിരുവിതാംകൂർ സർക്കാർ നാട്ടുഭാഷാ വിദ്യാഭ്യാസം പോഷിപ്പിക്കുവാൻ തീരുമാനിച്ച കാലത്താണ് കൂത്താട്ടുകുളത്ത് ആദ്യമായി ഒരു സ്കൂൾ ആരംഭിച്ചത്. 1912-ൽ പള്ളിക്കെട്ടിടത്തിലും സംഘം കെട്ടിടത്തിലുമായി (മൃഗാശുപത്രി പ്രവർത്തിക്കുന്ന കെട്ടിടം) പ്രവർത്തിച്ചിരുന്ന വെർണാക്കുലർ മലയാളം സ്കൂൾ, വി.എം.സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നു. ഈ സ്കൂൾ പിന്നീട് 1914-ൽ ആരംഭം കുറിച്ച കൂത്താട്ടുകുളം ഗവ. യുപി.സ്കൂളിനോട് ചേർക്കപ്പെട്ടു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ തുടക്കംകുറിച്ച എലിമെന്ററി ഹിന്ദു മിഷൻ സ്കൂളാണ് ഇന്നത്തെ കൂത്താട്ടുകുളം ഹൈസ്കൂളായി മാറിയത്. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വ്യത്യസ്ത സ്വഭാവം പുലർത്തുന്ന മൂന്ന് ഹൈസ്കൂളുകൾ ഉൾപ്പെടെ ഒൻപത് സ്കൂളുകളും ഒരു സമാന്തര വിദ്യാലയവുമാണുള്ളത്.

 
കൂത്താട്ടുകുളത്തെ സാംസ്കാരിക വേദിയായിരുന്ന കൈമയുടെ സൈക്കിൾ സ്ലോറെയ്സ് മത്സരം (പഴയ സെന്ട്രൽ ജംഗ്ഷൻ)

പ്രാദേശിക സമര ചരിത്രം

കൊല്ലവർഷം 1074-ൽ റ്റി.കെ.മാധവന്റെ നേതൃത്വത്തിലുള്ള മദ്യവർജ്ജനപ്രസ്ഥാനത്തിന്റെ കടന്നുവരവോടെ ഈ പ്രദേശത്ത് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. നാണ്യവിളകൾക്കൊപ്പം വിപ്ളവപുരോഗമനാശയങ്ങളും തഴച്ചു വളർന്ന ഈ മണ്ണ് നിരവധി രാഷ്ട്രീയസമരങ്ങളുടെ തീച്ചൂളയായിരുന്നു. കേരളത്തിലെ ഇരുപതിനായിരത്തോളം സ്വാതന്ത്ര്യസമരസേനാനികളിൽ ഇരുനൂറിലേറെ പേർ ഇന്നാട്ടുകാരായിരുന്നുവെന്നുള്ളത് ഈ നാടിന്റെ സമരപാരമ്പര്യത്തിന്റെ തെളിവാണ്. ഉത്തരവാദഭരണ പ്രക്ഷോഭകാലത്ത് അന്നത്തെ ദിവാൻ സർ.സി.പി.രാമസ്വാമിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടം നിരോധനം ലംഘിച്ച്, ചൊള്ളുമ്പേൽ പിള്ളയും (സി.ജെ.ജോസഫ്), റ്റി.കെ.നീലകണ്ഠനും, 1939 ജനുവരി 16-ന് കൂത്താട്ടുകുളം വി.എം.സ്കൂൾ മൈതാനത്ത് പരസ്യമായി വായിച്ചു. ഇരുവരെയും അറസ്റ്റു ചെയ്ത് ഇരുമ്പഴിക്കുള്ളിലാക്കി. പോലീസ് മർദ്ദനമേറ്റ് മരിച്ച ചൊള്ളുമ്പേൽ പിള്ള സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിലെ ആദ്യത്തെ അറിയപ്പെടുന്ന രക്തസാക്ഷികളിൽ ഒരാളാണ്. രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച പട്ടിണിയും ക്ഷാമവും നേരിടാൻ സർ.സി.പി.യുടെ സർക്കാർ ഏർപ്പെടുത്തിയ നെല്ലെടുപ്പ് നിയമത്തിനെതിരെ ഈ പ്രദേശത്തെ ചെറുകിടകർഷകർ ചേർന്നുണ്ടാക്കിയ കർഷകപ്രസ്ഥാനം ഈ നാടിന്റെ ഗതി മാറ്റി. അക്കാലത്തുതന്നെ എക്സൈസുകാരിൽനിന്നും ഷാപ്പുടമകളിൽനിന്നും നിരന്തരം ശല്യം സഹിച്ചുവന്നിരുന്ന ചെത്തുതൊഴിലാളികൾ 1945-ൽ കൂത്താട്ടുകുളത്ത് യോഗം ചേർന്ന് സംഘടിതകർഷകരോടും കർഷകതൊഴിലാളികളോടും അണിചേർന്നു. വൈകാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വേരുപിടിച്ചു. പി.കൃഷ്ണപിള്ള, ഏ.കെ.ജി, ഇ.എം,എസ്, അച്യുതമേനോൻ, എം.എൻ.ഗോവിന്ദൻനായർ തുടങ്ങിയ നേതാക്കളെല്ലാം രാഷ്ട്രീയപ്രവർത്തനം നടത്തിയിട്ടുണ്ട്. സി.പി.യുടെ അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ വടകര സെന്റ് ജോൺസ് ഹൈസ്കൂൾ 1947 ഓഗസ്റ്റ് 1-ന് പ്രതിഷേധപ്രകടനം നടത്തി.

സാംസ്കാരിക ചരിത്രം

കൂത്താട്ടുകുളത്തിന്റെ മുഖമുദ്രകളായ സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവ ഐതിഹ്യങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് മലബാറിലെ വടകരയിൽ നിന്നുള്ള കൃസ്ത്യൻ തീർത്ഥാടകർ വിശ്രമിച്ച സ്ഥലം വടകരയും അവിടെ അവർ പ്രതിഷ്ഠിച്ച മുത്തപ്പന്റെ രൂപം വടകര മുത്തപ്പനും വടകരപ്പള്ളിയുമായി. 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രചിച്ച വടകരപ്പള്ളിയിലെ ചുമർചിത്രങ്ങൾ കാല്പനിക സൗന്ദര്യാവിഷ്‌ക്കാരത്തിന്റെ ഉത്തമ മാതൃകകളാണ്.

വില്ലാളിവീരനായ അർജുനൻ പാശുപതാസ്ത്രത്തിന് വേണ്ടി തപസ്സനുഷ്ഠിച്ച അർജുനൻമല, ജൈനപാരമ്പര്യം വിളിച്ചോതുന്ന ഓണംകുന്ന് ഭഗവതി ക്ഷേത്രവും നെല്യക്കാട്ട് ഭഗവതി ക്ഷേത്രവും (ഇപ്പോൾ ശ്രീധരീയം), കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിലെ രാമായണകഥയുമായി ബന്ധപ്പെട്ട ദാരുശിൽപങ്ങൾ, തീർത്ഥാടകരുടെ ആകർഷണകേന്ദ്രമായ ആയിരംതിരികൾ തെളിയുന്ന ലോകത്തിലെ ഏറ്റവും വലിയ നിലവിളക്കുള്ള ജൂദാശ്ലീഹയുടെ പള്ളി എന്നറിയപ്പെടുന്ന കൂത്താട്ടുകുളം തിരുഹൃദയ ദേവാലയം, ഒന്നരനൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ദേശത്തെ കാർഷിക സംസ്‌കാരത്തിന്റെ അടയാളമായ കാക്കൂർ കാളവയൽ, 1865 നോട് അടുത്ത് ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച കൂത്താട്ടുകുളത്തെ ആഴ്ചച്ചന്ത, മുൻരാഷ്ട്രപതി കെ.ആർ. നാരായണൻ, കമ്മ്യൂണിസ്റ്റ് നേതാവും കേരള റവന്യൂമന്ത്രിയുമായിരുന്ന കെ.ടി ജേക്കബ്, നാടകകൃത്തും സാഹിത്യപ്രതിഭയുമായിരുന്ന സി.ജെ.തോമസ് എന്നീ ഉന്നത വ്യക്തികൾ പഠിച്ച വടകര സെന്റ് ജോൺസ് ഹൈസ്‌കുൾ, അൻപതുകളിലെ കൂത്താട്ടുകുളത്തിന്റെ സമരതീഷ്ണമായ രാഷ്ട്രീയാന്തരീക്ഷത്തിൽ രൂപം കൊണ്ട നവജീവൻ ആർട്‌സ് ക്ലബ്ബ് എന്ന നാടകസമിതി, ദേശപ്പഴമയുടെ പ്രകൃതിസ്‌നേഹികളുടെ മനംകുളിർപ്പിക്കുന്ന 200 ലേറെ വൻമരങ്ങളുള്ള സ്വാഭാവിക ഹരിതവനമായ കിഴകൊമ്പ് കാവും കാവിലെ ശ്രീ കോവിലിൽ വനദുർഗ്ഗയുടെ പ്രതീകമായി പൂജിക്കുന്ന ബോൺസായി മാതൃകയിലുള്ള രണ്ടായിരം വർഷത്തെ പഴക്കം കണക്കാക്കുന്ന ഇരുപ്പവൃക്ഷവും കാവിനെ തഴുകി ഒഴുകുന്ന തോടും എല്ലാം കൂത്താട്ടുകുളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് നിറപ്പകിട്ടേകുന്നു.

കായിക പാരമ്പര്യം

കൂത്താട്ടുകുളത്തിന്റെ കായികചരിത്രത്തിൽ മാർഷൽ, കൈമ, സ്പാർട്ടൻസ് എന്നീ പ്രാദേശിക ഫുട്‌ബോൾ ടീമുകളെ തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1960 കളിൽ കൂത്താട്ടുകളത്ത് അഖിലേന്ത്യ ടൂർണമെന്റുകൾ നടന്നിരുന്നു എന്ന് പറയാതിരുന്നാൽ കൂത്താട്ടുകളുത്തിന്റെ കായിക ചരിത്രം പൂർണ്ണമാകുന്നില്ല. ചാക്കപ്പൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ വോളിബോൾ ടൂർണമെന്റായിരുന്നു അത്. പഞ്ചാബ് പോലീസ്, ആന്ധ്ര പോലീസ്, എഫ്.എ.സി.റ്റി., ഇ.എം.ഇ.സെൻട്രൽ സെക്കന്തരാബാദ് എന്നിവയായിരുന്നു അന്ന് പങ്കെടുത്ത പ്രമുഖ ടീമുകൾ.

കലാസാഹിത്യ പാരമ്പര്യം

മലയാള നാടക സങ്കൽപ്പത്തിനും മലയാള നാടക സാഹിത്യത്തിനും ഒരു പുത്തൻ ദിശാബോധം നൽകിയ സി. ജെ. തോമസ്, അദ്ദേഹത്തിന്റെ സഹോദരി കവയിത്രി മേരിജോൺ കൂത്താട്ടുകുളം , കൂത്താട്ടുകുളത്തിന്റെ കല - സാംസ്‌കാരിക - സാമൂഹ്യ - രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്ന ജേക്കബ് ഫിലിപ്പ്, കമ്മ്യൂണിസ്റ്റ് കാരനും കേരള റവന്യൂ മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, കൂത്താട്ടകുളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നേരവകാശികളിൽ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന കെ. സി. സക്കറിയ, കാലത്തിന്റെ നിയോഗം പോലെ മലയാളിയുടെ മനസ്സിൽ അദ്ധ്യാൽമികവിശുദ്ധിയുടെ പൊൻകിരണങ്ങൾ തൂകിയ കവയിത്രി സിസ്റ്റർ ബനീഞ്ഞ എന്ന മേരിജോൺ തോട്ടം, പത്രപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ. വി. എസ് . ഇളയത്, കവിയും സംസ്ക്രത പണ്ഡിതനും ആയുർവേദ വൈദ്യനും ചിത്രകാരനുമായിരുന്ന കെ. എൻ. വാസുദേവൻ നമ്പൂതിരി, നാടക - സിനിമ അഭിനയ കലയിലെ ചടുല പ്രതിഭയായിരുന്ന എൻ. എസ് . ഇട്ടൻ , പോലീസിന്റെ ക്രൂര മർദ്ദനമേറ്റ സമര നേതാക്കളും കമ്മ്യൂണിസ്റ്റ് കരുമായിരുന്ന കൂത്താട്ടുകുളം മേരി, കെ. വി. ജോൺ, എം. ജെ. ജോൺ , കേരളം സംസ്ഥാന മന്ത്രിയായിരുന്ന ടി. എം. ജേക്കബ്, കൂത്താട്ടുകുളത്തിന്റെ ജനകീയ നേതാവായിരുന്ന എം. ഫിലിപ്പ് ജോർജ് എന്നിവർ കൂത്താട്ടകുളത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്. അവരുടെ മായാത്ത കാൽപ്പാടുകൾ ഇളം തലമുറയുടെ വഴികാട്ടിയും മങ്ങാത്ത സ്മരണകൾ അവരുടെ പ്രോചോദനവുമാണ്. പാരമ്പര്യത്തിന്റെ തുടർച്ചയായി എം.എൽ.എ.യും മുൻകേരളമന്ത്രിയുമായ അനൂപ് ജേക്കബ്, കെപിസിസി സെക്രട്ടറി ആയിരുന്ന ജെയ്സൺ ജോസഫ്, സിനിമ സംവിധായകൻ ജിത്തു ജോസഫ്, സിനിമ - സീരിയൽ നടീനടന്മാരായ ടി. എസ് . രാജു, ധന്യ മേരി വർഗീസ്, ബിന്ദു രാമകൃഷ്ണൻ എന്നീ ഇളംതലമുറക്കാർ കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് ഇന്നും നിറഞ്ഞു നിൽക്കുന്നു.

ആരാധനാലയങ്ങൾ

  • കൂത്താട്ടുകുളം മഹാദേവക്ഷേത്രം
  • ഓണംകുന്ന് ഭഗവതി ക്ഷേത്രം കൂത്താട്ടുകുളം
  • അർജുനനൻമല ക്ഷേത്രം, കൂത്താട്ടുകുളം
  • വടകരപ്പള്ളി
  • ഹോളി ഫാമിലി ചർച്ച് കൂത്താട്ടുകുളം
  • സി. എസ്. ഐ. ചർച്ച് കൂത്താട്ടുകുളം
  • ഗുരുദേവക്ഷേത്രം, മംഗലത്തുതാഴം
  • സെന്റ് സ്റ്റീഫൻസ് ചർച്ച്, ചോരക്കുഴി
  • നെല്ല്യക്കാട്ട് ഭഗവതി ക്ഷേത്രം, കിഴകൊമ്പ്
  • കിഴകൊമ്പ്കാവ് ഭഗവതി ക്ഷേത്രം, കിഴകൊമ്പ്

ആതുരാലയങ്ങൾ

  • ഗവ. ആശുപത്രി, കൂത്താട്ടുകുളം
  • ദേവമാതാ ആശുപത്രി, കൂത്താട്ടുകുളം
  • രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കൂത്താട്ടുകുളം
  • ഗവ. ഹോമിയോ ആശുപത്രി, കൂത്താട്ടുകുളം
  • ഗവ. ആയുർവ്വേദ ആശുപത്രി, കൂത്താട്ടുകുളം
  • ശ്രീധരിയം ആയുർവ്വേദ നേത്രചികിത്സാ കേന്ദ്രം, കിഴകൊമ്പ്


വിദ്യാലയങ്ങൾ

  • ഗവ. യു. പി. സ്ക്കൂൾ, കൂത്താട്ടുകുളം
  • ഗവ. എൽ. പി. സ്ക്കൂൾ, മംഗലത്തുതാഴം, കൂത്താട്ടുകുളം
  • ഗവ. എൽ. പി. സ്ക്കൂൾ, വടകര, കൂത്താട്ടുകുളം
  • ഗവ. എൽ. പി. സ്ക്കൂൾ, ഇടയാർ, കൂത്താട്ടുകുളം
  • ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
  • ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ, കൂത്താട്ടുകുളം
  • ബാപ്പുജി ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
  • മേരിഗിരി പബ്ലിക്ക് സ്ക്കൂൾ, കൂത്താട്ടുകുളം