എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കാത്തിരിപ്പ്

കാത്തിരിപ്പ്
കാത്തിരിക്കുന്നു ഞാൻ ആ നല്ല നാളിന്റെ
ആഗമനത്തിനായ് മൂകനായി.
ആശ്ചര്യമില്ലാതെ  അങ്കലാപ്പില്ലാതെ
കാത്തിരിക്കുന്നു ഞാൻ ഏകനായി.
ഓർക്കുന്നു ഞാൻ ഈ മരുഭൂമിയിൽ നിന്നും
ദൈവനാടിന്റ ആ ഗ്രാമഭംഗി.
ഓർക്കാതിരിക്കാൻ  കഴിയില്ലെനിക്കിന്നു
വിരഹദുഃഖത്തിന്റെ വേദനയിൽ.
മകരമാസത്തിന്റെ  മഞ്ഞിൽ വിരിയുന്ന
പൂക്കളെ കാണുവാനെന്തു ഭംഗി.
കലപില ശബ്ദമായി  നിദ്രയുണർത്തുന്ന
കിളികളെ കാണുവാനെന്തു ഭംഗി.
കുന്ന്, പുഴകള്, വയലേലകളും തിങ്ങും
ഒരു കൊച്ചുസ്വർഗ്ഗമാണെന്റെ  ഗ്രാമം.
ടാറിട്ടറോഡില്ല, വൈദ്യുതിയുമില്ല
ഓലമേഞ്ഞുള്ള സുഗേഹം മാത്രം.
നിദ്രയുണർന്നു ഞാൻ നേരെ നടന്നല്ലോ
ആ കൊച്ചു പാടവരമ്പിലൂടെ.
മകരമാസത്തിൻ മഞ്ഞിൻകണങ്ങളെ
മുത്തുപോൽ വിതറിയ പുല്ലിലൂടെ.
ഞാറുപറിക്കുവാൻ  പെണ്ണുങ്ങളുണ്ടന്നു
ഉഴുതുമറിക്കുവാനാണുങ്ങളും.
വേലതൻപാട്ടിന്റ ആനന്ദവീചികൾ
എന്റെ മനസ്സിനെ തൊട്ടുണർത്തി.
വിദ്യാലയങ്ങൾക്കവധിയുണ്ടാകുമ്പോൾ
കുട്ടികൾ തെരുവിൽ നിറഞ്ഞിടുന്നു.
ബാലികാബാലന്മാരൊന്നായി  നിരന്നു
ഗ്രാമത്തിന് ഐശ്വര്യദീപം പോലെ.
മീനുപിടിച്ചതും, തുമ്പിപിടിച്ചതും
ചേറിൽ കളിച്ചതും ഓർമ്മതന്നെ.
പുളിയും മാങ്ങയും പങ്കിട്ടുതിന്നതും
ബാല്യകാലത്തിന്റ ഓർമ്മതന്നെ.
കുന്നിലെ മരമില്ല പാടങ്ങളുമില്ലിന്ന്
ഉഴുതുമറിയില്ല പാട്ടുമില്ല.
ഗ്രാമത്തിലോടി കളിച്ചുനടന്നൊരു
കുട്ടികളെയിന്നു കാണ്മതില്ല.
കാലികൾ നിൽക്കും തൊഴുത്തുമില്ല
ഗ്രാമത്തിൻ ഭംഗി അശേഷമില്ല.
കർഷകപാട്ടില്ല കർഷകരുമില്ല
എന്തൊരു ദുർവിധി ഈ നാടിന്.
വൈദ്യുതിയുണ്ടിന്ന് കേബിളുമുണ്ടിന്ന്
തൊട്ടുഫോണിന്റെ ടവറുകളും.
സൗഭാഗ്യമെല്ലാം ചേർന്നുനിന്നിട്ടുമേ 
എന്തെ ഇന്നാർക്കും സമയമില്ല..



ആഗ്നസ് ജോസ്
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത