തളരാതെ പൊരുതുക, പൊരുതി മുന്നേറുക
ഇടറില്ല പതറില്ല നമ്മൾ
ഓർത്തു വെക്കേണ്ടതായുണ്ട് നാം തീർത്തൊരീ
അതിജീവനത്തിൻെറ മന്ത്രം
ഒരോരോ യാമങ്ങൾ തീരുന്ന നേരവും
ആരോ പഠിപ്പിച്ച കാര്യം
ദൂരത്ത് നിന്നു കൊണ്ടോരത്തു നിൽക്കാമെ-
ന്നാദ്യം പഠിച്ചോരു പാഠം
നിൽക്കാതിരിക്കാതെയുച്ചയ്ക്കു ചൂടത്ത്
നാടിനെ കാത്തോരെ ത്യാഗം
കണ്ണിമ വെട്ടാതെ കാവലായ് തീർന്നൊരു
മാലാഖമാരെ നമിക്കാം
കൈയകലെ നിന്നു കൈത്തലം ചേർത്തിട്ട്
കാലത്തെ വന്ദിച്ചു നമ്മൾ
കൂടെ നിൽക്കുന്നോരെ, കൂട്ടിരിക്കുന്നോരെ
ജാതി ചോദിച്ചില്ല നമ്മൾ
റേഷനരികൊണ്ടു കഞ്ഞിവെച്ചുണ്ടുകൊ-
ണ്ടെത്ര ദിനങ്ങൾ കഴിച്ചു നമ്മൾ
ഞാനില്ല നീയില്ല നമ്മളെയുള്ളുവെ-
ന്നുള്ളോരു ലോകൈക തത്വം
നെഞ്ചാടു ചേർക്കുകിപ്പാഠങ്ങളൊക്കെയും
ലോകാവസാനം വരേയ്കും
ദൂരങ്ങൾ താണ്ടി നാം തീരമണയുമ്പോഴും
കരുതലിൻ കവചങ്ങൽ കരുതാം