സൂര്യാസ്തമയത്തിൽ വെളിച്ചം പകരുവാൻ
സന്ധ്യാ വിളക്കിൻ ശോഭയുണ്ട്
ജീവിതാസ്തമയത്തിൽ വെളിച്ചം പകരുവാൻ
പെറ്റമ്മ തൻ മുഖം മാത്രമുണ്ട്.
കാലം അലകളായ് ഒഴുകിയകലുമ്പോൾ
അണയുന്നു, കൽവിളക്കകലുന്നു ദൂരേ
എരിതീയിൽ ജ്വലിക്കുന്ന വിളക്കു തിരികൾക്കിനി
ആയുസ്സില്ലാത്ത സ്‌മൃതികൾ മാത്രം.
ജന്മമേകി കാലമിത്രയായിട്ടും
സത്കർമ്മമേകി കൂടു കൂട്ടുന്നിടം വരെ
ഒടുവിലെത്തി അമ്പല തിണ്ണയിൽ
ഒരിറ്റു വെള്ളത്തിനായി കയ്കൾ നീട്ടാൻ.
സ്വർണ വിളക്കിൻ ചായം മറയുമ്പോൾ
വെട്ടം പതിയെ കനലുകളാകുമ്പോൾ
ഒരു മാത്ര തനിയെ വെറുത്തുപോകുന്നു
ഒരു മൂല തനിക്കായി പകുത്തു നൽകുന്നു.
തൻ തീനാളത്തിൻ ചൂടേൽപിക്കാതെ
പേമാരിയിൽ വർണ്ണ കുടയായി മാറിയ
അമ്മയുണ്ടായിരുന്നില്ലേ ....
നന്മവിളക്കിൻ നാളമുണ്ടായിരുന്നില്ലേ ?
ഓർക്കുക മനസ്സിലെ മായാത്ത ബാല്യം
പൊഴിക്കുക ഒരു മിഴി പൂവിതളെങ്കിലും
ഒരിക്കൽ മനസിലെ മായാത്ത ചിത്രമായി
ഉണ്ടായിരുന്നു 'അമ്മ .....'അമ്മ ....