സെൻറ് ജോസഫ്സ് പുളിങ്കുന്ന്

by me
by me
താളുകൾ കാണുക
പൂമുഖം |സ്കൂളിനെക്കുറിച്ച് | ആദർശരൂപം | നിർവഹണം | നേതിർ നിര | അച്ചടക്കപാലനത്തിന് | പ്രവർത്തനങ്ങൾ | ഭൗതിക സൗകര്യങ്ങൾ
എസ്സ് ജെ അദ്ധ്യാപകർ | നേട്ടങ്ങൾ | അഭിമാനപാത്രങ്ങൾ | വഴിത്താര | പൂർവ വിദ്യാർത്ഥികൾ | സമകാലീന വിശേഷം | എസ്സ് ജെ വിലാസം

വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ

പുളിങ്കുന്നിലെ സി.എം.ഐ. ആശ്രമം അഥവാ കൊവേന്ത സമാരംഭിച്ചിട്ട് 150 വർഷം തികയുന്ന ഈ യവസരത്തിൽ ഇതിന്റെ സ്ഥാപനത്തിനുകാരണമായ സാഹചര്യങ്ങളും ഇവിടെ സേവനം ചെയ്യുന്ന സി.എം.ഐ. സഭയും നമ്മുടെ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.സി.എം.ഐ. സഭയെപ്പറ്റി അടിസ്ഥാന പരമായ ചില കാര്യങ്ങൾ അറിഞ്ഞെങ്കിലേ വിഷയം തന്നെ മനസ്സിലാവുകയുള്ളു. പുളിങ്കുന്ന് എന്ന നാമധേയം പുളിങ്കുന്ന് എന്ന നാമധേയം പുളിമരങ്ങൾ നിറഞ്ഞ ഒരു കുന്നിന്റെ ഭാവനയായിരിക്കും ഈ സ്ഥലം പരിചയമില്ലാത്തവരുടെ മനസ്സിൽ ഉളവാക്കുക. എന്നാൽ ഇത് ഒരു കുന്ന് അല്ലെന്നും സമുദ്രനിരപ്പിൽ നിന്നും അല്പം താണുകിടക്കുന്ന വെള്ളക്കെട്ടായ കുട്ടനാടിന്റെ വിരിമാറിലെ മനോഹരപ്രദേശങ്ങളിൽ ഒന്നാണെന്നും ഇവിടം സന്ദർശിക്കുന്നവർക്കു മനസ്സിലാകും. പിന്നെ എങ്ങനെ പുളിങ്കുന്ന് എന്ന നാമധേയം ആവിർഭവിച്ചു എന്ന വിഷയം പഴമക്കാർക്കു ചർച്ച ചെയ്യാൻ വിടുന്നു. കുട്ടനാടും പുളിങ്കുന്നും പ്രസിദ്ധമായ പമ്പാനദി പല കൈവഴികളായി പിരിഞ്ഞ് വേമ്പനാട്ടു കായലിൽ പതിക്കുന്നതിനു മുമ്പ് കുട്ടനാടിനെ ജലസമൃദ്ധവും അവിടെയുള്ള വിശാലമായ നെല്പാടങ്ങളെയും, തുരുത്തുകളിൽ സ്ഥിതിചെയ്യുന്ന തെങ്ങിൻ തോപ്പുകളെയും ഫലസമൃദ്ധവും ആക്കുന്നു. അതുകൊണ്ടുതന്നെ മാർത്തോമ്മാ നസ്രാണികൾ കുട്ടനാട്ടിൽ പുരാതനകാലത്തു തന്നെ താമസമാക്കി. എടത്വാ, ചമ്പക്കുളം മുട്ടാർ, കാവാലം, പുളിങ്കുന്ന്, ചേന്നങ്കരി തുടങ്ങിയ സ്ഥലങ്ങൾ കുട്ടനാട്ടിലെ പ്രമുഖ നസ്രാണി കേന്ദ്രങ്ങളായി അറിയപ്പെട്ടു. അവിടങ്ങളിലെ ദേവാലയങ്ങൾ നസ്രാണി മതവിശ്വാസത്തിന്റെയും, സംസ്കാരത്തിന്റെയും പ്രതീകങ്ങളായിത്തീർന്നു. ഈ ദേവാലയങ്ങളുടെ പുത്രികാ ദേവാലയങ്ങൾ കുട്ടനാട്ടിലെ മറ്റു നസ്രാണി കേന്ദ്രങ്ങളിലും സ്ഥാപിക്കപ്പെട്ടു. മിക്കസ്ഥലങ്ങളിലും ദേവാലയങ്ങളോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും, മറ്റു പ്രവർത്തനമേഖലകളും സമാരംഭിച്ച് ഇതര മതസ്ഥർക്കും വിദ്യാവെളിച്ചവും സാമൂഹ്യ നന്മകളും കൈവരുത്തുവാൻ നസ്രാണികൾ ശ്രദ്ധിച്ചു. ഇങ്ങനെ പുകൾപെറ്റ നസ്രാണി കേന്ദ്രങ്ങളിൽ ഒന്നാണു പുളിങ്കുന്ന്. മാർ ളൂയീസ് പഴേപറമ്പിൽ, ഷെവലിയർ ഐ.സി. ചാക്കോ തുടങ്ങിയ മഹാരഥന്മാർക്ക് ജന്മം നല്കിയ നാടാണു പുളിങ്കുന്ന് എന്നതുതന്നെ ഈ നാടിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നു. ആദ്യകാലത്ത് കർമ്മലീത്താ നിഷ്പാദുക മൂന്നാംസഭ (ക.നി.മൂ.സ.) എന്നും ഇപ്പോൾ സി.എം.ഐ. (ഇമൃാലഹശലേ ീള ങമ്യൃ കാാമരൌഹമലേ) എന്നും പേരുവിളിക്കപ്പെട്ടിരിക്കുന്ന കത്തോലിക്കാ സന്ന്യാസികളുടെ കൊവേന്ത അഥവാ ആശ്രമം പുളിങ്കുന്നിൽ എന്ന്, എങ്ങനെ, സമാരംഭിച്ചു എന്നതിനെപ്പറ്റി മറ്റൊരു ലേഖനത്തിൽ പ്രതിപാദിക്കപ്പടുന്നതിനാൽ അതിലേക്കു കടക്കുന്നില്ല. സി.എം.ഐ. സഭയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ വാഴ്ത്തപ്പെട്ട ചാവറ കുറിയാക്കോസ് ഏലിയാസച്ചന് സഭാ സ്ഥാപനത്തിനു വളരെ മുമ്പുതന്നെ പുളിങ്കുന്നുമായി ഉണ്ടായ പരിചയം അനുസ്മരിച്ചുകൊണ്ട് ഏതാനും ചരിത്ര വസ്തുകളിലേക്കു കടക്കാം. ചാവറയച്ചന് പുളിങ്കുന്നുമായുള്ള ആദ്യ ബന്ധം കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്ന ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന് വൈദികൻ എന്ന നിലയിൽ പുളിങ്കുന്നുമായി ആദ്യം ഉണ്ടായ ബന്ധം ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. സി.എം.ഐ. സഭയുടെ സ്ഥാപക പിതാക്കന്മാരായ മൂന്നു വൈദികരിൽ ഏറ്റവും ഇളയവൻ ആയിരുന്നു ചാവറയച്ചൻ. ഏറ്റം മുതിർന്നയാൾ പള്ളിപ്പുറത്ത് പാലയ്ക്കൽ തോമ്മാച്ചനും, അടുത്തയാൾ ചമ്പക്കുളത്തു പോരൂക്കര തോമ്മാച്ചനും, മൂന്നാമൻ കൈനകരി (ചേന്നങ്കരി ഇടവക) ചാവറ കുറിയാക്കോസച്ചനും ആയിരുന്നു. പുളിങ്കുന്നിൽ ആശ്രമം സ്ഥാപിക്കുന്നതിന് ഏതാണ്ടു 32 വർഷം മുമ്പ് ചാവറയച്ചൻ വൈദികപട്ടം സ്വീകരിച്ച് ആദ്യമായി പുളിങ്കുന്നു സന്ദർശിച്ചതിന്റെ പശ്ചാത്തലമാണ് ഇവിടെ ഒന്നാമതായി പറയുന്നത്. മേല്പറഞ്ഞ വൈദികർ മൂന്നുപേരും വൈദിക വിദ്യാർത്ഥികളെ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടതു കൊണ്ട് മല്പാൻ എന്ന സ്ഥാനപ്പേരുകൂടി വഹിച്ചിരുന്നു. ഇവരിൽ ആദ്യം മല്പാൻ സ്ഥാനത്ത് അവരോധിക്കപ്പെട്ടത് പാലയ്ക്കലച്ചനാണ്. പിന്നീട് 1832-ൽ വരാപ്പുഴയിൽ ഭരണമേറ്റ ഫ്രാൻസിസ് സേവ്യർ മെത്രാപ്പോലീത്തയാണ് പോരൂക്കരയച്ചനും, ചാവറയച്ചനും മല്പാൻസ്ഥാനം നല്കിയത്. (“മല്പാനാ” എന്ന സുറിയാനി പദത്തിൽ നിന്നാണ് “മല്പാൻ” എന്ന പദം മലയാളത്തിൽ ആവിർഭവിച്ചത്. അദ്ധ്യാപകൻ എന്നാണ് സുറിയാനിയിലും, മലയാളത്തിലും ഈവാക്കിന്റെ അർത്ഥം.) മാന്നാനത്ത് സി.എം.ഐ. ആശ്രമം സ്ഥാപിക്കുന്നതിനു മുമ്പ് മാർത്തോമ്മാ നസ്രാണികളുടെ വൈദിക വിദ്യാർത്ഥികൾ പുണ്യചരിതരും , പണ്ഡിതരും, എന്ന നിലയിൽ കീർത്തിപ്പെട്ട ഏതെങ്കിലും മല്പാനച്ചനോടൊപ്പം താമസിച്ച് പല വർഷങ്ങൾ കൊണ്ട് വൈദിക വിദ്യാഭ്യാസം സ്വീകരിച്ചിരുന്നു. ഭാരതീയ പാരമ്പര്യത്തിലുള്ള ഗുരുകുല വിദ്യാഭ്യാസത്തിന്റെ മറ്റൊരു പകർപ്പായിരുന്നു അതെന്നു വ്യക്തമാണല്ലോ. പള്ളിപ്പുറം പള്ളിയിൽ താമസിച്ച് ഇങ്ങനെ ഗുരുകുല വിദ്യാഭ്യാസ സമാനമായ സെമിനാരി നടത്തിയിരുന്ന തപോധനനായ മല്പാനായിരുന്നു പാലയ്ക്കൽ തോമ്മാ മല്പാനച്ചൻ (സെമിനാരി എന്ന പദം ലത്തീൻ ഭാഷയലെ സെമിനാരിയും (ടലാശിമൃശൌാ) എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചിട്ടുള്ളതാണ്. “വിത്തുപാകികിളിർപ്പിച്ചു വളർത്തുന്ന സ്ഥലം” എന്നാണ് ലത്തീൻ ഭാഷയിൽ അർത്ഥം. വൈദികാർത്ഥികളെ പഠിപ്പിച്ചു പരിശീലിപ്പിക്കുന്ന സ്ഥലത്തിനും ഈ പേരു നല്കപ്പെട്ടത് അർത്ഥവത്താണല്ലോ.) പാലയ്ക്കൽ തോമ്മാ മല്പാനച്ചന്റെ കീഴിൽ പള്ളിപ്പുറത്ത് വൈദിക വിദ്യാഭ്യാസവും പുണ്യമാതൃകകളും സമ്പാദിച്ച വ്യക്തിയായിരുന്നു ചാവറ കുറിയാക്കോസച്ചൻ എന്ന കാര്യം ഇവിടെ ഓർമ്മിക്കണം. വൈദികപട്ടം സ്വീകരിച്ചശേഷം അദ്ദേഹം കുറച്ചുകാലം വൈദിക പരിശീലന കാര്യങ്ങളിൽ മല്പാനച്ചനെ സഹായിച്ചുകൊണ്ട് പള്ളിപ്പുറത്തു പാർക്കുകയുണ്ടായി. വൈദികനായ ശേഷവും അദ്ദേഹം പാലയ്ക്കലച്ചനെ അനുസരിച്ചു ജീവിച്ചിരുന്നുവെന്നതിന് ചാവറയച്ചന്റെ തന്നെ താഴെപ്പറയുന്ന വാക്കുകൾ സാക്ഷ്യങ്ങളാണ്. പുത്തൻ കുർബ്ബാനയ്ക്കു ശേഷം നടന്ന കാര്യങ്ങൾ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു. “വീണ്ടും പള്ളിപ്രത്ത് വന്ന് മല്പാനച്ചനെകണ്ട് തിരികെ ഇടവകയിൽ ഏകദേശം ഒരു മാസം താമസിച്ചു. അവിടെ നിന്നും പുളിങ്കുന്നിൽ ഒന്നു ചുറ്റി. അതിനാൽ അവിടെ ഒരു പറ്റുതൽ തോന്നി. കുറെ താമസിച്ച് വല്യനോമ്പിന്റെ തുടക്കം അവരുടെ തെക്കെ അങ്ങാടി അറ്റത്തുള്ള കുരിശുപള്ളിയിൽ ഒരു ധ്യാനവും കഴിപ്പിച്ചു. ഇതിനാലും ഒരു പിടിത്തം അവിടെയുണ്ടായി. എന്നാൽ ഈ താമസവും ചുറ്റി നടപ്പും മല്പാനച്ചന് ഒട്ടും തെളിഞ്ഞില്ല. ആയതിനാൽ ഭയപ്പെട്ടു വീണ്ടും പള്ളിപ്രത്തിന്നു വന്നു.” (ഫാ. വലേരിയൻ സി. ഡി. 1939- ൽ മാന്നാനത്തു നിന്നു പ്രസിദ്ധീകരിച്ച “മലങ്കര സഭാമാതാവിന്റെ ഒരു വീരസന്താനം അഥവാ വന്ദ്യദിവ്യശ്രീ ചാവറ കുര്യാക്കോസ് ഏലിയാച്ചൻ” എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ 42-ാം പേജിൽ നിന്നാണ് മേൽകാണിച്ചിരിക്കുന്ന ഉദ്ധരണി. കൂടാതെ ചരിത്രപരമായ മറ്റു പല പരാമർശങ്ങൾക്കും ഈ പുസ്തകം അവലംബമാണ്. എന്നാൽ ഈ ലേഖനത്തിലെ മറ്റുപല വിവരങ്ങളും ലേഖകന്റെ ദീർഘനാളത്തെ പഠനത്തിൽ നിന്നും, നേരിട്ടറിവുകളിൽ നിന്നും, ആധികാരികമായ കേട്ടറിവുകളിൽ നിന്നും സമാഹരിച്ചിട്ടുള്ളവയാണ്. ഈ വിവരങ്ങളുടെ ആധികാരികത സ്ഥാപിക്കാൻ അവലംബ ലിഖിതങ്ങൾ സൂചിപ്പിക്കുന്നതിന്റെ ആവശ്യകത ഇതുപോലുള്ള ഒരു ലഘുലേഖനത്തിൽ ഇല്ലെന്നു കരുതുന്നു.) മേൽ കൊടുത്തിരിക്കുന്ന ഉദ്ധരണിയിൽ സൂചിപ്പിച്ചിരിക്കുന്ന കുരിശുപള്ളിയും അതിനോടനുബന്ധിച്ചുള്ള സ്ഥലവും ആണ് 32 വർഷങ്ങൾക്കു ശേഷം മാന്നാനത്തെ സന്യാസസമൂഹത്തിന്റെ ശാഖാഭവനം സ്ഥാപിക്കാൻ പുളിങ്കുന്നു പള്ളിക്കാർ തീറെഴുതി കൊടുത്തത്. ആ സമയത്ത് ചാവറയച്ചനായിരുന്നു സി.എം.ഐ സന്ന്യാസ സമൂഹത്തിന്റെ പൊതു ശ്രേഷ്ഠൻ. മുതിർന്ന മറ്റു രണ്ടു സ്ഥാപകപിതാക്കന്മാരും, ഇതിനു 15 വർഷം മുമ്പു തന്നെ മരിച്ചുപോയിരുന്നു. പോരൂക്കര തോമ്മാച്ചനും സന്ന്യാസത്തെക്കുറിച്ചുള്ള ചിന്തയും മാർത്തോമ്മാ നസ്രാണികളുടെ ഇടയിൽ ക്രിസത്വബ്ദം പത്തൊൻപതാം നൂറ്റാണ്ടിൽ സന്ന്യാസ ജീവിതം മാന്നാനത്തു സമാരംഭിക്കുന്നതിന് ഒന്നാം കാരണക്കാരൻ പോരൂക്കര തോമ്മാച്ചനാണെന്നു പറയാം. ചമ്പക്കുളം ഇടവകക്കാരനായിരുന്ന അദ്ദേഹം വരാപ്പുഴയിൽ മിഷനറിമാർ നടത്തിയിരുന്ന പാശ്ചാത്യ മാതൃകയിലുള്ള സെമിനാരിയിലാണ് വൈദിക വിദ്യാഭ്യാസം സ്വീകരിച്ചത്. ആഴമായ ആദ്ധ്യാത്മിക ചിന്ത ഉണ്ടായിരുന്ന അദ്ദേഹം ഒരു വനപ്രദേശത്ത് പ്രാർത്ഥനയിലും പ്രായശ്ചിത്തത്തിലും ജീവിതം ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നു. തന്റെ സമപ്രായക്കാരനും നാട്ടുകാരനും ചെറുപ്പത്തിലെ കൂട്ടുകാരനുമായിരുന്ന കണിയാന്തറ യാക്കോബിനോട് അദ്ദേഹം സെമിനാരിയിൽ നിന്ന് അവധിക്കു വീട്ടിലെത്തുമ്പോൾ ഏതാണ്ടിങ്ങനെ പറയുമായിരുന്നു: “ലോകത്തിൽ പെരുമാറിയാൽ രക്ഷപെടാൻ പ്രയാസം. ഞാൻ പട്ടമേറ്റു വരുമ്പോൾ നമുക്കു രണ്ടുപേർക്കും കൂടി വല്ലവനവാസത്തിനും പൊയ്ക്കളയാം.” ഇക്കാര്യത്തിൽ സഹകരിക്കാമെന്ന് കണിയാന്തറ യാക്കോബ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ വൈദികപട്ടം സ്വീകരിച്ച പൊരുക്കരയച്ചൻ മെത്രാനച്ചന്റെ സെക്രട്ടറിയായി വരാപ്പുഴ അരമനയിൽ കുറെക്കാലം താമസിക്കേണ്ടിവന്നു. ഈ കാലയളവിൽ പാലയ്ക്കലച്ചൻ തന്റെ സെമിനാരി ആവശ്യങ്ങൾക്കായി പലപ്പോഴും അവിടെ ചെല്ലാറുണ്ടായിരുന്നു. പാലയ്ക്കൽ മല്പാനച്ചനുമായി വലിയ പരിചയത്തിലും സ്നേഹത്തിലും ആയിരുന്ന പോരുക്കരയച്ചൻ തന്റെ ആശയം മല്പാനച്ചനുമായി പങ്കുവച്ചപ്പോൾ താപസനായിരുന്ന അദ്ദേഹം അതിനെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയും അദ്ദേഹത്തോടൊപ്പം ചേരാമെന്നു വക്കു കൊടുക്കുകയും ചെയ്തു. ഈയവസരത്തിൽ ചാവറ കുറിയാക്കോസ് ശമ്മാശൻ പാലയ്ക്കൽ മല്പാനച്ചന്റെ സെമിനാരിയിൽ പഠനം പൂർത്തിയാക്കി വൈദിക പട്ടം സ്വീകരിക്കുവാൻ ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹവും പോരൂക്കരയച്ചന്റെയും പാലക്കലച്ചന്റെയും ആശയത്തോട് പരിപൂർണ്ണമായി യോജിച്ചു എന്നു മാത്രമല്ല, 1829-ൽ വൈദികപട്ടംസ്വീകരിച്ചപ്പോൾ തന്റെ ആദ്യത്തെ ദിവ്യബലിയിൽതന്നെ ഇക്കാര്യം പ്രത്യേക നിയോഗമായി വച്ചു പ്രാർത്ഥിക്കുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ മൂവർസംഘത്തിൽ പാലയ്ക്കലച്ചൻ പ്രായത്തിൽ മൂത്തയാളും പരിണത പ്രജ്ഞനും ആയിരുന്നതിനാൽ മറ്റു രണ്ടുപേരും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും നിയന്ത്രണവുമാണു സ്വീകരിച്ചിരുന്നത്. കേരളസഭാ ചരിത്ര പശ്ചാത്തലം അക്കാലത്ത് കേരളത്തിലെ മാർത്തോമ്മാ നസ്രാണികൾ ലത്തീൻ മെത്രാന്മാരുടെ ഭരണത്തിൻ കീഴിൽ ആയിരുന്നു എന്ന വസ്തുത ഇവിടെ പറയുന്ന ചരിത്രത്തിന് പശ്ചാത്തലമായി ഓർമ്മിക്കേണ്ടതുണ്ട്. ചരിത്രരേഖകളനുസരിച്ച് ക്രിസ്താബ്ദം മൂന്നാം നൂറ്റാണ്ടുമുതലെങ്കിലും കേരള നസ്രാണികൾക്ക് ഇടയ ശുശ്രൂഷ ചെയ്തിരുന്ന മേല്പട്ടക്കാർ പേർഷ്യയിൽ നിന്നോ, മെസപ്പൊട്ടേമിയായിൽ നിന്നോ നാടും വീടും ഉപേക്ഷിച്ച് ഇവിടെ അർപ്പിത സേവനത്തിനു വന്നവരും സന്ന്യാസാശ്രമങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരുമായിരുന്നു. ഇവിടെ സന്ന്യാസാശ്രമങ്ങൾ ഇല്ലാതിരുന്നതിനാലും ഇവിടത്തെ വൈദികർ കുടുംബജീവിതം നയിച്ചിരുന്നവർ ആയിരുന്നതിനാലും മേല്പറഞ്ഞ സംവിധാനം ആവശ്യമായിരുന്നു. ഈ മേല്പട്ടക്കാർ പുണ്യചരിതരും പണ്ഡിതന്മാരും ആയിരുന്നു. ആവേശത്തോടും ആദരവോടും കൂടിയാണ് നസ്രാണികൾ ഈ മെത്രാന്മാരെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നത്. ഇവർ ആദ്ധ്യാത്മിക ശുശ്രൂഷകൾ മാത്രമേ ചെയ്തിരുന്നുള്ളൂ. സഭാഭരണവും സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടവും വഹിച്ചിരുന്നത്. അർക്കദിയാക്കോൻ എന്ന നസ്രാണി വൈദികപ്രമുഖനാണ്. "അർക്കദിയോൻ എന്ന വാക്കിന്റെ അർത്ഥം "പ്രധാനശുശ്രൂഷി എന്നാണ്. അർക്കദിയാക്കോന് പ്രഭുപദവിയും അംഗരക്ഷകസേനയും ഉണ്ടായിരുന്നു. എന്നാൽ കച്ചവടത്തിനായി 1498-ൽ കോഴിക്കോട്ടു കപ്പലിറങ്ങിയ ലത്തീൻ റീത്തുകാരായ പോർട്ടുഗീസ് കത്തോലിക്കർ സാവധാനത്തിൽ പൌരസ്ത്യസുറിയാനി റീത്തുകാരായ മാർത്തോമ്മാ നസ്രാണികളുടെ മേലുള്ള സഭാസംബന്ധമായ ആധിപത്യം കൈയടക്കുകയും 1599-ൽ ഉദയമ്പേരൂർ സൂനഹദോസിലൂടെ അതു പൂർണ്ണമാവുകയും ചെയ്തു. അന്നാരംഭിച്ച ലത്തീൻ ഭരണം പലരിലൂടെ കടന്ന് 1896വരെ നിലനിന്നു. പോർട്ടുഗീസ് ഭരണം കൊണ്ടുപൊറുതി മുട്ടിയ നസ്രാണി നേതാക്കന്മാർ അർക്കദിയാക്കോന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരിയിലെ കൂനൻകുരിശ് എന്നറിയപ്പെട്ടിരുന്നതും തുറസ്സായ സ്ഥലത്തു സ്ഥിതിചെയ്തിരുന്നതുമായ സ്ളീവായിൽ വടംകെട്ടി അതിൽ പിടിച്ചുകൊണ്ട് പോർട്ടുഗീസ് മിഷനറിമാരുടെ കീഴിൽ ഇനിമേൽ കഴിയുകയില്ല എന്ന് 1653 ജനുവരി 3-ാം തീയതി ശപഥം ചെയ്തു. ഇതാണ് ചരിത്രത്തിൽ “കൂനൻകുരിശുസത്യം” എന്നറിയപ്പെടുന്നത്. തൽഫലമായി അന്നുവരെ ഒന്നായിരുന്ന നസ്രാണി സമുദായം രണ്ടായി പിളർന്നു. ഒരു വിഭാഗക്കാർ അന്നത്തെ അർക്കദിയാക്കോനെ സാധുവായ കൈവയ്പില്ലാതെ മെത്രാനായി അവരോധിച്ച് പുത്തൻകൂർ എന്ന വിഭാഗമായി മാറി. മറ്റുള്ളവർ പഴയകൂർ എന്ന വിഭാഗമായി നിലകൊണ്ടു. പുത്തൻകുറ്റുകാർ പുത്തൻകുറ്റുകാരനായ മെത്രാന് പിൽക്കാലത്ത് അന്ത്യോക്യൻ റീത്തിൽപെട്ട യാക്കോബായക്കാരനായ ഒരു വിദേശി മെത്രാനിൽനിന്ന് സാധുവായ കൈവയ്പു ലഭിച്ചു. സാവധാനത്തിൽ ആ വിഭാഗം അന്ത്യോക്യൻ റീത്ത് അഥവാ പാശ്ചാത്യസുറിയാനി റീത്തു സ്വീകരിക്കുകയും ആ രീതിയിൽ ഇന്നും നിലനില്ക്കുകയും ചെയ്യുന്നു. പുത്തൻകുറ്റുകാർ ഇന്ന് പാത്രിയർക്കീസ് കക്ഷി (യാക്കോബായ), കാതോലിക്കോസ് കക്ഷി (ഓർത്തഡോക്സ്) എന്ന രണ്ടു പ്രധാന വിഭാഗങ്ങളായി നില്ക്കുന്നു. ഇവരിൽ നിന്നു പിരിഞ്ഞുപോയ “മാർത്തോമ്മാ”, “അഞ്ഞൂർ” അഥവാ “തോഴിയൂർ” തുടങ്ങിയ വിഭാഗങ്ങൾ വേറെയും ഉണ്ട്. പുത്തൻകുറ്റുകാരിൽ നിന്ന് മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ഒരു വിഭാഗം 1930 -ൽ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു. നസ്രാണികളായ അവർ സ്വീകരിച്ചിരുന്ന അന്ത്യോക്യൻ റീത്ത് നിലനിർത്തിക്കൊണ്ട് കത്തോലിക്കാ സഭ അവരെ “സീറോ മലങ്കരസഭ” എന്നു വിളിക്കുന്നു. പഴയകൂറ്റുകാർ പഴയകൂറ്റുകാരുടെ പോർട്ടുഗീസ് വിരോധം മനസ്സിലാക്കിയ റോമാ സിംഹാസനം സെബസ്ത്യാനി എന്ന ഇറ്റാലിയൻ കർമ്മെലീത്താ (ഛ.ഇ.ഉ) വൈദികനെ ആദ്യം വിസിറ്ററായും (1657) പിന്നീട് പഴയകുറ്റുകാരെ ഭരിക്കാൻ മെത്രാനായും (1661) നിയോഗിച്ചു. റോമായിൽ സ്ഥാപിതമായിരുന്ന വേദപ്രചാരതിരുസ്സംഘത്തിന്റെ (പ്രൊപ്പഗാന്താ) പ്രതിനിധികളായിട്ടാണ് സെബസ്ത്യാനി ഉൾപ്പെടെ ഏതാനും കർമ്മെലീത്താ മിഷനറിമാർ കേരളത്തിലെത്തിയത്. പറമ്പിൽ ചാണ്ടി അഥവാ പള്ളിവീട്ടിൽ ചാണ്ടി എന്ന നസ്രാണി വൈദികനെ സെബസ്ത്യാനി മെത്രാൻ മാർത്തോമ്മാ നസ്രാണികളുടെ മെത്രാനായി വാഴിച്ചതോടുകൂടി പുത്തൻകൂറ്റുകാരിൽ വളരെപ്പേർ കത്തോലിക്കാ ഐക്യത്തിലേക്കു മടങ്ങി വന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹായമെത്രാനും പിൻഗാമിയുമായി കർമ്മെലീത്താ മിഷനറിമാർ ഇൻഡോ-പോർട്ടുഗീസ് ദമ്പതികൾക്ക് ഇൻഡ്യയിൽ ജനിച്ച ലത്തീൻ കാരനായ റഫായേൽ ഫിഗ്വെരേദോയെ തിരഞ്ഞെടുത്ത് അഭിഷേചിക്കുകയാണുണ്ടായത്. ഇതോടുകൂടി പുത്തൻകുറ്റുകാരുടെ പുനരൈക്യം തടസ്സപ്പെടുകയും അവർ തങ്ങളുടെ നില കുറെക്കൂടി ഉറപ്പിക്കുകയും ചെയ്തു. പഴയകുറ്റുകാർ പൌരസ്ത്യ സുറിയാനി മെത്രാനെ ലഭിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. മെസൊപ്പൊട്ടേമിയായിലെ കത്തോലിക്കാ വിഭാഗത്തിൽപെട്ട ബാബേൽ പാത്രിയർക്കീസിന് അവർ പലപ്പോഴും പ്രതിനിധികൾവശം നിവേദനങ്ങൾ അയച്ചുകൊണ്ടിരുന്നു. എന്നാൽ പാശ്ചാത്യമിഷനറിമാരുടെ എതിർപ്പുമൂലം അതൊന്നും ഫലവത്തായില്ല. അങ്ങനെയിരിക്കെ 1861-ൽ ബാബേൽ പാത്രിയർക്കീസ് മാർ തോമ്മാ റോക്കോസ് എന്ന മെത്രാനെ കേരളത്തിലേക്കയച്ചു. ഇവിടത്തെ സ്ഥിതിഗതികൾ പഠിച്ച് റിപ്പോർട്ടുചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൌത്യം. എന്നാൽ ലത്തീൻഭരണത്തിൻ കീഴിലുണ്ടായിരുന്ന നസ്രാണികൾ ഈയവസരത്തിൽ ആവേശഭരിതരായിത്തീർന്നു. വളരെയധികം പള്ളികളിൽ അദ്ദേഹത്തിന് ഉജ്ജ്വലമായ വരവേല്പു നല്കുകയും അദ്ദേഹത്തെ വിശ്വാസികളിൽ ഒരു നല്ല ഭാഗം തങ്ങളുടെ മെത്രാനായി സ്വീകരിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം മാർപ്പാപ്പയുടെ അനുവാദം ഇല്ലാതെയാണു കേരളത്തിലെത്തി അധികാരം നടത്താൻ തുടങ്ങിയതെന്നു മനസ്സിലാക്കിയ ചാവറയച്ചനും കൂട്ടരും അദ്ദേഹത്തെ എതിർത്തു മടക്കിയയച്ചു. മാർപ്പാപ്പായുടെ അനുവാദമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ചാവറയച്ചൻ ഒരുക്കമായിരുന്നു എന്ന് ചരിത്രത്തിൽനിന്നു വ്യക്തമായി മനസ്സിലാക്കാം. കാരണം, ഒരു പൌരസ്ത്യസുറിയാനി അഥവാ കൽദായ സുറിയാനി മെത്രാനെ ലഭിക്കാൻ വിശ്വാസികൾ അത്രയധികം അന്ന് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ന്യായമായതാണെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാമായിരുന്നു. റോക്കോസ് മെത്രാന്റെ ആഗമനത്തെ റോക്കോസ് ശീശ്മ എന്നാണ് കേരളസഭാചരിത്രത്തിൽ വിളിക്കുന്നത്. ചാവറയച്ചന്റെ മരണശേഷം 1874-ൽ പാത്രിയർക്കീസ് റോക്കോസിനു കൊടുത്തിരുന്ന ദൌത്യവുമായി മാർ ഏലിയാ മേലൂസ് എന്ന മെത്രാനെ കേരളത്തിലേക്കയച്ചു. അദ്ദേഹവും മാർപ്പാപ്പയുടെ അനുവാദമില്ലാതെ ഇവിടെ എത്തിയതുകൊണ്ട് എതിർപ്പു നേരിടുകയും ബാബേലിലേക്കു തിരിച്ചുപോയി കത്തോലിക്കാ വിശ്വാസത്തിൽ തന്നെ മരിക്കുകയും ചെയ്തു. മേലൂസിന്റെ ആഗമനത്തെ മേലൂസ് ശീശ്മ എന്നാണ് കേരളസഭാ ചരിത്രത്തിൽ വിളിക്കുന്നത്. മേലൂസിനെ സ്വീകരിച്ചവർ ബഹുഭൂരിപക്ഷവും അദ്ദേഹത്തെ ഉപേക്ഷിച്ചുവെങ്കിലും തൃശൂർ പ്രദേശത്ത് അദ്ദേഹത്തെ സ്വീകരിച്ച ഒരു ഗണം കത്തോലിക്കാ കൂട്ടായ്മയിൽനിന്നു വിട്ടുപോയി. അവർ ബാബേലിലെ കത്തോലിക്കനല്ലാത്ത പാത്രിയർക്കീസിനു കീഴ്പ്പെട്ട് സുറായികൾ എന്ന പേരിൽ നിലനിന്നു. ഈ ചെറുസമൂഹം ഇന്ന് “കിഴക്കിന്റെ സഭ” എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ പഴയകുറ്റുകാരെ ഭരിച്ച രണ്ട് ലത്തീൻ അധികാരകേന്ദ്രങ്ങൾ പറമ്പിൽ ചാണ്ടി മെത്രാനുശേഷം പഴയകുറ്റുകാരായ നസ്രാണികളുടെ ഭരണം പോർട്ടുഗീസുകാരും പാശ്ചാത്യകർമ്മലീത്താ മിഷനറിമാരും വളരെക്കാലത്തേക്ക് പങ്കിട്ട ചരിത്രമാണുള്ളത്. കൊടുങ്ങല്ലൂരും കൊച്ചിയും ആസ്ഥാനങ്ങളാക്കി പോർട്ടുഗീസുകാരും വരാപ്പുഴ ആസ്ഥാനമാക്കി കർമ്മെലീത്താ മിഷനറിമാരും അധികാരം നടത്തി. പോർട്ടുഗീസ് മിഷനറിമാരുടെ ഭരണത്തിന് പോർട്ടുഗീസ് രാജസിംഹാസനത്തിന്റെ സംരക്ഷണം എന്ന അർത്ഥത്തിൽ “പദ്രൊവാദോ” (ജമറൃീമറീ = ജമൃീിമഴല) (മലയാളത്തിൽ പദ്രുവാദോ, പിതൃവാദോ എന്നും മറ്റും പറയാറുണ്ട്) എന്നും വരാപ്പുഴ മിഷനറിമാരുടെ ഭരണത്തിന് റോമായിലെ പ്രൊപ്പഗാന്താ തിരുസ്സംഘത്തിന്റെ സംരക്ഷണം എന്ന അർത്ഥത്തിൽ “പ്രൊപ്പഗാന്താ” എന്നും സഭാ ചരിത്രത്തിൽ പേരു പറയുന്നു. പഴയകൂറ്റുകാരുടെ പള്ളികളിൽ ഒരു നല്ലഭാഗം പ്രൊപ്പഗാന്താ കീഴിലും ബാക്കിയുള്ളവ പദ്രൊവാദോ കീഴിലുമാണ് ലത്തീൻ ഭരണകാലത്തു സ്ഥിതിചെയ്തിരുന്നത്. ലത്തീൻ കത്തോലിക്കർ പോർട്ടുഗീസുകാരുടെ സഹായത്തോടെ ഇവിടെ എത്തിയ വിശുദ്ധഫ്രാൻസീസ് സേവ്യറിന്റെയും മറ്റു ലത്തീൻ മിഷനറിമാരുടെയും പ്രേഷിതപ്രവർത്തനഫലമായി ആവിർഭവിച്ച കത്തോലിക്കാ സമുദായത്തിന്റെ തിരുക്കർമ്മഭാഷ ലത്തീൻ ആയിരുന്നതുകൊണ്ട് അവർ ലത്തീൻകാർ എന്നു വിളിക്കപ്പെട്ടു. ഈ ലത്തീൻകത്തോലിക്കാ വിശ്വാസികളുടെ ഭരണവും മേല്പറഞ്ഞ വരാപ്പുഴ, കൊടുങ്ങല്ലൂർ - കൊച്ചി അധികാരസ്ഥാനങ്ങളിൽ നിക്ഷിപ്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.എം.ഐ.സഭയുടെ സ്ഥാപകപിതാക്കന്മാരും അവരുടെ സഹായിയായി കണിയാന്തറ യാക്കോബും രംഗപ്രവേശം ചെയ്യുന്നത്. മെത്രാനച്ചന്റെ അനുവാദം മൌറീലിയൂസ് സ്തബിലീനി എന്ന ഇറ്റാലിയൻ കർമ്മെലീത്താ മെത്രാൻ വരാപ്പുഴയിൽ ഭരിക്കുന്ന കാലത്താണ് (1827-1831) പോരൂക്കരയച്ചനും പാലയ്ക്കലച്ചനും പലപ്പോഴും കണ്ടുമുട്ടിയിരുന്നതും ഏകാന്തവനവാസത്തിനുള്ള ആലോചനകൾ നടത്തിയതും. മെത്രാനച്ചൻ അർത്തുങ്കൽ പള്ളിയിൽ താമസിച്ചിരുന്ന കാലത്ത് 1829-ൽ പാലയ്ക്കലച്ചനും പോരൂക്കരയച്ചനും കൂടി തങ്ങളുടെ ആഗ്രഹം മെത്രാനച്ചനെ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഏതാണ്ട് ഇപ്രകാരമായിരുന്നു: “അല്പം വല്ലതും തിരിയുന്ന നിങ്ങൾ ഒന്നുരണ്ടു പേരുള്ളത് മിണ്ടടക്കമായി വല്ലയിടത്തും ഒതുങ്ങി പാർത്താൽ പിന്നെ ലോകരെ പഠിപ്പിക്കാൻ ആരുണ്ട് ? അങ്ങനെ നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ ഒരു കൊവേന്ത വയ്പിൻ. എന്നാൽ എല്ലാവർക്കും ഉപകാരമുണ്ടല്ലൊ.” മെത്രാനച്ചന്റെ ഈ വാക്കുകൾ അവർക്കു വഴികാട്ടിയായിത്തീർന്നു. പക്ഷെ സാമ്പത്തിക പ്രശ്നം അവരെ ഭയപ്പെടുത്തി. പാശ്ചാത്യക്രൈസ്തവരാജ്യങ്ങളിൽ ആശ്രമങ്ങൾ പണിയിക്കാൻ ക്രൈസ്തവരാജാക്കന്മാരും പ്രഭുക്കന്മാരും മറ്റുമാണ് പണം നല്കുകയോ ചെലവഴിക്കുകയോ ചെയ്തിരുന്നത്. ഇവിടെ അങ്ങനെയൊരുസാഹചര്യം ഇല്ലെന്ന് അവർ മെത്രാനച്ചനെ അറിയിച്ചു. പള്ളികളിൽനിന്നും പണം പിരിക്കണമെന്നു നിർദ്ദേശിച്ച അദ്ദേഹം അവർക്ക് ഒരു ശുപാർശക്കത്തു നല്കുകയും അദ്ദേഹത്തിന്റെ വകയായി അപ്പോൾ തന്നെ ഇരുനൂറുരൂപാ ദാനം ചെയ്യുകയും ചെയ്തു. ഈ ശുപാർശക്കത്തിന്റെ അഥവാ ധർമ്മക്കടലാസിന്റെ തീയതി 1829 നവംബർ 1 ആണ്. ചാവറ കുറിയാക്കോസ് ശമ്മാശൻ അപ്പോൾ വൈദികപട്ടം സ്വീകരിക്കാനുള്ള അടുത്ത ഒരുക്കത്തിലായിരുന്നു. നവംബർ അവസാനത്തോടുകൂടി അദ്ദേഹം വൈദികപട്ടം സ്വീകരിക്കുകയും പാലയ്ക്കലച്ചനോടും പോരൂക്കരയച്ചനോടുമൊപ്പം ആശ്രമസ്ഥാപനത്തിനായി സകല കഴിവുകളും ഉപയോഗിക്കുകയും ചെയ്തു. വനവാസികളായി ഒതുങ്ങിപ്പാർക്കാൻ ആഗ്രഹിച്ച ഈ വൈദികർക്ക് സ്തബിലീനി മെത്രാനച്ചൻ നല്കിയ മാർഗ്ഗനിർദ്ദേശം വളരെ വിലപ്പെട്ടതായിരുന്നു. അവരുടെ സേവനം വിശ്വാസികൾക്കും കൂടി ലഭിക്കണം എന്ന കാര്യമാണല്ലൊ അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഒരു ആശ്രമം അഥവാ കൊവേന്ത സ്ഥാപിച്ചാൽ അവർക്ക് പ്രാർത്ഥനയും പ്രായശ്ചിത്തവുമായി കഴിയുകയും, അതേ സമയം തന്നെ വിശ്വാസികൾക്ക് ആവശ്യമായ ശുശ്രൂഷകൾ അവിടെയും മറ്റു സ്ഥലങ്ങളിലും നടത്തുകയും ചെയ്യാം എന്ന ആശയം അവർ പൂർണ്ണമായി ഉൾക്കൊള്ളുകയും അങ്ങനെയൊരു ജീവിതരീതിക്കു കളമൊരുക്കാൻ പ്രയത്നിക്കുകയുമാണുണ്ടായത്. മൌറീലിയൂസ് മെത്രാനച്ചൻ നല്കിയതുപോലെ ഒരു ശുപാർശക്കത്ത് പദ്രൊവാദോ പള്ളികളെ ഭരിച്ചിരുന്ന ഗോവർണർദോർ (ഭരണാധികാരി) 1831 സെപ്റ്റംബർ 3-ാം തീയതി നല്കുകയുണ്ടായി. കൊവേന്ത പണിക്ക് ജനങ്ങളിൽ നിന്ന് ധർമ്മം പിരിക്കുന്നതിനായി 1831 സെപ്റ്റംബർ 12-ാം തീയതി വാരാപ്പുഴ വികാരി ജനറാൾ നിക്ളാവോസ് മിഷനറിയും ഇതുപോലെ ഒരു ശുപാർശക്കത്ത് നല്കി. നസ്രാണിപള്ളികളിൽ നിന്നും ഉദാരമായ സംഭാവനകൾ ഉൽപന്നങ്ങളായും പണമായും പിരിച്ചെടുക്കാൻ ഈ മൂവർ സംഘത്തിനു സാധിച്ചു. സന്ന്യാസവും കൊവേന്തയും മേല്പറഞ്ഞ സംഭവങ്ങൾ മാർത്തോമ്മാ നസ്രാണികളുടെ ഇടയിൽ വ്യവസ്ഥാപിതമായ സന്ന്യാസജീവിതത്തിനുള്ള കളമൊരുക്കാൻ വേണ്ടി ആയിരുന്നല്ലൊ. “സന്ന്യസിക്കുക” എന്നാൽ നന്നായി വയ്ക്കുക, നല്ലവഴിയിൽ പ്രതിഷ്ഠിക്കുക എന്നൊക്കെയാണർത്ഥം. ജീവിതാന്തസ്സുതിരഞ്ഞെടുക്കുന്നതിനു മുമ്പ് ജീവിതത്തിന്റെ നാല്ക്കവലയിൽ എത്തുന്ന ഒരു പുരുഷനോ സ്ത്രീയോ, വിവാഹജീവിതം വേണ്ടെന്നുവച്ച് സ്വന്തം വിശുദ്ധീകരണത്തിനും മറ്റുള്ളവരുടെ ആത്മരക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടി ജീവിതത്തെ ആദ്ധ്യാത്മികതയുടെ വഴിയിൽ പ്രതിഷ്ഠിക്കുന്നതിനെയാണ് “സന്ന്യാസം” എന്നു പറയുന്നത്. ജീവിതത്തെ നല്ലവഴിയിൽ പ്രതിഷ്ഠിക്കലാണല്ലൊ ഇത്. കൊവേന്ത എന്ന വാക്ക് ശരിയായി ഉച്ചരിക്കുന്നവർ ചുരുക്കമാണ്. കൊൺവേന്തൂസ് (ര്ീിലിൌ) എന്ന ലത്തീൻപദം ഇറ്റാലിയൻ ഭാഷയിലൂടെ കയറിയിറങ്ങിയാണ് മലയാളത്തിൽ കൊവേന്ത എന്ന പദം ആവിർഭവിച്ചത്. “ഒത്തുചേരൽ”, “ഒരുമിച്ചുവസിക്കൽ” എന്നെല്ലാമാണ് ലത്തീൻ പദത്തിന്റെ അർത്ഥം. ആശ്രമത്തിൽ സന്ന്യസ്തർ ഒരുമിച്ചാണല്ലൊ വസിക്കുന്നത്. ധ്യാനം, തപശ്ചര്യ മുതലായവയിലൂടെ ദൈവാനുഭവം എന്ന ദൈവദർശനം കാംക്ഷിച്ചിരുന്ന സ്ഥാപകപിതാക്കന്മാർ മാന്നാനത്ത് ആദ്യം സ്ഥാപിച്ച ആശ്രമത്തെ “ദർശനവീട്”എന്നും വിളിച്ചിരുന്നു. സന്യാസികളായ വൈദികരെ “ദർശനപ്പട്ടക്കാർ” എന്ന് നമ്മുടെ നാട്ടിൽ വിശേഷിപ്പിക്കുന്ന കാര്യവും ഇവിടെ ഓർമ്മിക്കുക. ആശ്രമസ്ഥാപനം ആശ്രമം, കൊവേന്ത അഥവാ ദർശനവീട് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം ഏകാന്തജീവിതത്തിനും, പ്രാർത്ഥനയ്ക്കും മറ്റു ഭക്താഭ്യാസങ്ങൾക്കും യോജിച്ചതും, അതേസമയം വിശ്വാസികൾക്കുവന്നു ചേരുവാനും തിരികെ പോകുവാനും സാധിക്കത്തക്ക സഞ്ചാരസൌകര്യമുള്ളതുമായ സ്ഥലമായിരിക്കണമെന്നും സ്ഥാപകപിതാക്കന്മാർക്ക് നിർബന്ധമുണ്ടായിരുന്നു. തന്മൂലം പലസ്ഥലങ്ങൾ കണ്ടശേഷമാണ് അവർ മാന്നാനം കുന്ന് തിരഞ്ഞെടുത്തത്. കുന്നിനു താഴെവരെ ജലവാഹനങ്ങൾക്കുവരുവാൻ സൌകര്യമുള്ളതിനാൽ കുട്ടനാട്ടുകാർക്കും ജലമാർഗ്ഗം അവിടെയെത്തുവാൻ കഴിയുന്ന മറ്റുള്ളവർക്കും, കരപ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിലോ നടന്നോ വന്നെത്തുവാൻ സൌകര്യമുള്ളതുകൊണ്ട് കരപ്രദേശത്തുള്ളവർക്കും മാന്നാനംകുന്ന് പ്രാപ്യമായിത്തീർന്നു. ആശ്രമത്തിന്റെ ശിലാസ്ഥാപനം 1831 മേയ്മാസം പതിനൊന്നാം തീയതി നടന്നു. മൌറിലിയൂസ് മെത്രാനച്ചൻ തദവസരത്തിൽ സന്നിഹിതൻ ആയിരുന്നെങ്കിലും ദേഹാസ്വാസ്ഥ്യം നിമിത്തം ശിലാസ്ഥാപനകർമ്മം പോരൂക്കരയച്ചനെ ഏല്പിക്കുകയാണുണ്ടായത്. മാർ യൌസേപ്പുപിതാവിന്റെ ഭക്തനായിരുന്ന പോരൂക്കരയച്ചന്റെ ആഗ്രഹപ്രകാരം മാർ യൌസേപ്പുപിതാവിന്റെ നാമത്തിൽ ശിലാസ്ഥാപനം നടത്തുവാൻ എല്ലാവരും സമ്മതിച്ചു. മാന്നാനം പുഷ്ടിപ്പെടുന്നു. മാന്നാനത്തെ സന്ന്യാസസമൂഹത്തിൽ ചേരുവാൻ മേലധികാരത്തിന്റെ അനുവാദത്തോടുകൂടി ധാരാളം നസ്രാണി കത്തോലിക്കാ വൈദികരും സന്ന്യാസാർത്ഥികളും വന്നുതുടങ്ങി. സന്ന്യാസസമൂഹത്തിൽ ചേരുവാൻ ഉദ്ദേശ്യമില്ലാതിരുന്ന മറ്റു വൈദികർപോലും നിർലോഭമായ സഹകരണവും പ്രോത്സാഹനവുമാണ് ഈ പ്രസ്ഥാനത്തിനു നല്കിയത്. സ്ഥാപകപിതാക്കന്മാരിൽ മുതിർന്നവനായ പാലയ്ക്കൽ തോമ്മാ മല്പാനച്ചൻ 1841-ലും പോരൂക്കര തോമ്മാച്ചൻ 1846-ലും നിര്യാതരായി. ഈ സന്ന്യാസസഭാതരുവിനെ വളർത്തുന്ന ചുമതല അങ്ങനെ ചാവറ കുറിയാക്കോസച്ചനിൽ നിക്ഷിപ്തമായി. അദ്ദേഹം നിര്യാതനായ 1871 ജനുവരി 3 വരെയുള്ള ഇരുപത്തഞ്ചു വർഷം ഈ സന്ന്യാസസഭയ്ക്കു രൂപഭാവങ്ങളും വിവിധ പ്രവർത്തനമേഖലകളും ഉരുത്തിരിഞ്ഞ കാലഘട്ടമായിരുന്നു. മാന്നാനം സന്ന്യാസികളുടെ വ്രതവാഗ്ദാനം മാന്നാനത്ത് 1831-ൽ സമാരംഭിച്ച സന്ന്യാസജീവിതം വളരെ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്നു. ജപധ്യാനങ്ങൾ കൊണ്ടും ഏകാന്തജീവിതം കൊണ്ടും ആത്മശുദ്ധി വരുത്തി ദൈവൈക്യത്തിൽ ജീവിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആത്മരക്ഷയ്ക്കുവേണ്ടി വേദാദ്ധ്യാപനവും ധ്യാനയോഗങ്ങളും നടത്തുക, അറിവും പുണ്യവുമുള്ള രൂപതാ വൈദികരെ രൂപീകരിക്കാൻ സെമിനാരിസ്ഥാപിച്ചു പരിശീലനം നല്കുക, കുമ്പസാരം, പള്ളി പ്രസംഗങ്ങൾ മുതലായവയിലൂടെ ദൈവജനത്തിന്റെ നടപടികളെ ഗുണീകരിക്കുക തുടങ്ങിയ പ്രേഷിതപ്രവർത്തനങ്ങളും മാന്നാനം സന്ന്യാസസമൂഹം നിർവ്വഹിച്ചിരുന്നു. ആശ്രമത്തിലെ ദിനചര്യയിൽ ധ്യാനത്തിനു പുറമെ വാചിക പ്രാർത്ഥനയ്ക്കും വലിയസ്ഥാനമുണ്ടായിരുന്നു. മൂന്നു പ്രാവശ്യമായി ജപമാലയുടെ പതിനഞ്ചു രഹസ്യങ്ങളും, മറ്റ് ഇടവേളകളിൽ ജ്ഞാനവായന, വിശുദ്ധരോടുള്ള ജപങ്ങൾ മുതലായവയും നടത്തിയിരുന്നു. എന്നാൽ വലിയ നോമ്പിന്റെ കാലത്തു ഭക്തകൃത്യങ്ങൾ പാതിരാവരെയും നീണ്ടുപോയിരുന്നു. വൈദിക വിദ്യാർത്ഥികൾക്ക് കൃത്യമായ അദ്ധ്യാപനസമയങ്ങളും പഠനസമയങ്ങളും നിശ്ചയിച്ചിരുന്നതിനാൽ ആ കാര്യങ്ങൾക്കും കുറവൊന്നും ഉണ്ടായില്ല. ഇങ്ങനെ തീക്ഷ്ണമായ പ്രാർത്ഥനയും, വൈദിക ശുശ്രൂഷകളും ഭംഗിയായി സമ്മേളിപ്പിച്ചുകൊണ്ടുള്ള ജീവിതരീതി ഇരുപത്തിനാലുവർഷങ്ങൾ പിന്നിട്ടു. പോരൂക്കരയച്ചന്റെ മരണശേഷം 1846 മുതൽ ഇതിനെല്ലാം ഉദാത്തമായ നേതൃത്വം കൊടുത്തിരുന്നത് ചാവറയച്ചനാണ്. മാന്നാനം സന്ന്യാസസമൂഹത്തെ തിരുസ്സഭാ നിയമപ്രകാരമുള്ള ഒരു സന്ന്യാസസഭയായി ഉയർത്തണമെന്ന് അദ്ദേഹം അധികാരസ്ഥാനങ്ങളിൽ അപേക്ഷ സമർപ്പിച്ചിരുന്നു. വരാപ്പുഴയിൽ 1853 മുതൽ ഭരണം നടത്തിയ ബർണർദീനോ ബച്ചിനേള്ളി എന്ന മെത്രാപ്പോലീത്താ മാന്നാനം സമൂഹത്തെ ഒരു സന്ന്യാസസഭയായി ഉയർത്താൻ തീരുമാനിച്ചു. കർമ്മലീത്തനായിരുന്ന അദ്ദേഹം യൂറോപ്പിലെ കർമ്മെലീത്താ നിഷ്പാദുക സഭയുടെ നിയമാവലി ചില വ്യത്യാസങ്ങളോടുകൂടി മാന്നാനം സമൂഹത്തിനു നല്കി. അതനുസരിച്ച് താൽപര്യമുള്ളവർ മാത്രം വ്രതം ചെയ്ത് നിയമാനുസൃത സന്ന്യാസികളായാൽ മതിയെന്ന് മെത്രാപ്പോലീത്താ കല്പിച്ചു. ചാവറയച്ചനും മറ്റു പത്തു വൈദികരും മുമ്പോട്ടുവന്നു. അമലോത്ഭവമാതാവിന്റെ തിരുനാളും അമലോത്ഭവ വിശ്വാസസത്യപ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികവുമായിരുന്ന 1855 ഡിസംബർ 8-ാം തീയതി ചാവറയച്ചനും മറ്റു പത്തു വൈദികരും ദാരിദ്യ്രം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു സന്യാസവ്രതങ്ങൾ പരസ്യമായി വാഗ്ദാനം ചെയ്ത് ഒരു സന്ന്യാസസഭയായിത്തീർന്നു. ചാവറയച്ചനെക്കൊണ്ട് ആദ്യം വ്രതം ചെയ്യിച്ച് അദ്ദേഹത്തെ പ്രിയോർ എന്ന സ്ഥാനപ്പേരോടുകൂടി ശ്രേഷ്ഠനായി നിയമിക്കുകയും അദ്ദേഹത്തിന്റെ പക്കൽ മറ്റു പത്തുപേർ വ്രതവാഗ്ദാന കർമ്മം നിർവ്വഹിക്കുകയുമാണുണ്ടായത്. “പ്രിയോർ” എന്ന ലത്തീൻ പദത്തിന്റെ അർത്ഥം “മുമ്പൻ” എന്നാണ്. ചില സന്യാസസഭകളിലെ ആശ്രമശ്രേഷ്ഠന്മാരും പൊതുശ്രേഷ്ഠന്മാരും ഈ സ്ഥാനപ്പേരിൽ അറിയപ്പെടുന്നു. മാന്നാനത്തെ സന്ന്യാസസഭയ്ക്ക് ശാഖാഭവനങ്ങൾ ഉണ്ടായപ്പോൾ പൊതുശ്രേഷ്ഠനായിത്തീർന്ന ചാവറയച്ചൻ “വലിയ പ്രിയോരച്ചൻ” എന്ന സ്ഥാനപ്പേരിൽ അറിയപ്പെടാൻ തുടങ്ങി. മേല്പറഞ്ഞതുപോലെ മാന്നാനത്ത് ആദ്യമായി വ്രതം ചെയ്തു സന്ന്യാസികളായവരുടെ സഭാവസ്ത്രം ഒരു വെള്ള ളോവയും, പൌരസ്ത്യ പാരമ്പര്യമനുസരിച്ച് ഇടക്കെട്ടായി ഒരു തുകൽവാറും ഉള്ളിൽ ധരിക്കുന്ന ഒരു ചെറിയ ഉത്തരീയവും ആയിരുന്നു. തങ്ങളുടെ മാമ്മോദീസാ പേരിനോടൊപ്പം അവർ ഒരു രണ്ടാംപേരും എടുത്തു. ചാവറയച്ചൻ ഏലിയാ എന്ന രണ്ടാംപേരാണ് എടുത്തത്. അതുകൊണ്ടാണ് അദ്ദേഹം ചാവറ കുറിയാക്കോസ് ഏലിയാസച്ചൻ എന്നറിയപ്പെടുന്നത്. മാന്നാനം സന്ന്യാസ സഭയുടെ നാമധേയം “കർമ്മലയിലെ അമലോത്ഭവ മറിയത്തിന്റെ ദാസസംഘം” എന്നാണ് ഈ സന്ന്യാസഭ ആദ്യപിതാക്കന്മാരുടെ വ്രതാനുഷ്ഠാനത്തോടുകൂടി അറിയപ്പെടാൻ തുടങ്ങിയത്. എന്നാൽ 1860-ൽ റോമിൽ സമ്മേളിച്ച കർമ്മെലീത്താ നിഷ്പാദുകസഭയുടെ (ഛ.ഇ.ഉ) പൊതുശ്രേഷ്ഠ ആലോചനാസംഘം മാന്നാനത്തെ പുതിയ സന്ന്യാസസഭയെ തങ്ങളുടെ മൂന്നാം സഭയായി പ്രഖ്യാപിച്ചു. ഇതിന് ബർണർദീനോ മെത്രാപ്പോലീത്തായുടെ പ്രേരണ ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇത് മാന്നാനത്തെ സന്ന്യാസികളെ പലരെയും അത്ഭുതപ്പെടുത്തുകയും അമർഷം കൊള്ളിക്കുകയും ചെയ്തെങ്കിലും ബർണർദീനോ മെത്രാപ്പോലീത്തായോടുള്ള ആദരവുനിമിത്തം അവർ പ്രതിഷേധസ്വരം പുറപ്പെടുവിച്ചില്ല. അക്കാലത്ത് സന്ന്യാസസഭകളുടെ ആദ്ധ്യാത്മിക ആനുകൂല്യങ്ങൾ അല്മായർക്കു പ്രദാനം ചെയ്യാൻ സ്ഥാപിതങ്ങളായ ഭക്തസംഘടനകളായിരുന്നു മൂന്നാം സഭകൾ. സന്ന്യാസവ്രതങ്ങൾ എടുക്കാതെ ജീവിക്കുന്ന അല്മായരുടെ സംഘടന അല്ലായിരുന്നല്ലൊ മാന്നാനത്തേത്. ഏതായാലും അന്നു മുതൽ മാന്നാനം സന്യാസികളുടെ സഭ ആദ്യം കർമ്മെലീത്താ ദിസ്കാൾസ് മൂന്നാം സഭ (ക.ദി.മൂ.സ) എന്നും പിന്നീട് കർമ്മെലീത്താ നിഷ്പാദുക മൂന്നാം സഭ (ക.നി.മൂ.സ ഠവശൃറ ഛൃറലൃ ീള ഇമൃാലഹശലേ ഉശരെമഹരലറ ഠ.ഛ.ഇ.ഉ) എന്നും അറയിപ്പെടാൻ തുടങ്ങി. ഇതിലെ മറ്റൊരു യുക്തിഭംഗവും അനുവാചകർ അറിഞ്ഞിരിക്കണം. ആവിലായിലെ വിശുദ്ധ ത്രേസ്യായും, കുരിശിന്റെ വിശുദ്ധ യോഹന്നാനും കൂടി കർമ്മലീത്താ സഭയ്ക്ക് കർക്കശമായ നിയമാവലി നല്കി ഒരു പുതിയ ശാഖ പുരുഷന്മാർക്കുവേണ്ടി സ്ഥാപിച്ചപ്പോൾ അതിന് "കർമ്മലീത്താ നിഷ്പാദുക സഭ (ഛൃറലൃ ീള ഇമൃാലഹശലേ ഉശരെമഹരലറ ഛ.ഇ.ഉ) എന്ന പേരു നല്കി. "നിഷ്പാദുക സഭ എന്നുപറഞ്ഞാൽ യൂറോപ്പിലെ കൊടും തണുപ്പിൽ തപസ്സിനുവേണ്ടി “പാദുകങ്ങളില്ലാതെ സഞ്ചരിക്കുന്ന” എന്നാണർത്ഥം. ഉഷ്ണമേഖലയിലെ നമ്മുടെ രാജ്യത്ത് ഈ നാമം വഹിക്കുന്ന ഒരു മൂന്നാം സഭയ്ക്ക് യാതൊരു പ്രസക്തിയും ഇല്ലല്ലൊ. “ദിസ്കാൾസ്” എന്ന പാശ്ചാത്യച്ചുവയുള്ള വാക്ക് “നിഷ്പാദുക” എന്ന സംസ്കൃതപദമായി മാറ്റിയെങ്കിലും തത്ത്വദീക്ഷയുള്ളവർ ഇതിനെ ഇഷ്ടപ്പെട്ടില്ല. മാന്നാനം സമൂഹത്തിന്റെ അറിവോ അപേക്ഷയോ കൂടാതെയാണ് ഇങ്ങനെയൊരു നാമധേയം സാവധാനത്തിൽ പ്രയോഗത്തിൽ വന്നത്.. സന്യാസവസ്ത്രത്തിനു സാവധാനത്തിൽ വന്ന മാറ്റവും ഇവിടെ ഓർത്തിരിക്കണം. വെള്ളളോവയ്ക്കു പുറമെ വെള്ളനിറത്തിലുള്ള നീണ്ട ഉത്തരീയം കൂടി സന്യാസികൾ ധരിക്കണമെന്ന് 1859 ൽ ബർണർദിനോ മെത്രാപ്പോലീത്താ കല്പിച്ചു. പിന്നീട് വെള്ളനിറത്തിലുള്ള ശിരോവസ്ത്രം (കപ്പൂസ്) കൂടി ധരിക്കണമെന്ന് 1868-ൽ മെത്രാപ്പോലീത്താ കല്പിച്ചു. ചാവറയച്ചൻ 1871-ൽ മരിക്കുമ്പോൾ ഇങ്ങനെ വെള്ളനിറത്തിൽ ഉള്ളതായിരുന്നു സഭാവസ്ത്രം. പാശ്ചാത്യകർമ്മെലീത്താ സഭക്കാരെപ്പോലെ കപിലനിറത്തിലുള്ള സഭാവസ്ത്രം ധരിക്കണമെന്നുള്ള നിർദ്ദേശം 1893-ലാണു വന്നത്. ശാഖാഭവനങ്ങൾ ചാവറയച്ചന്റെ കാലത്ത് മാന്നാനത്തിന് പുറമേ ഏഴുശാഖാഭവനങ്ങൾകൂടി ഉണ്ടായി. അവ കൂനമ്മാവ്, എൽത്തുരുത്ത്, പ്ളാശനാൽ, വാഴക്കുളം, അന്വഴക്കാട്, മുത്തോലി, പുളിങ്കുന്ന് എന്നിവിടങ്ങളിലാണ്. ഇവയിൽ കൂനമ്മാവ് ലത്തീൻകാർക്ക് ഒരു സന്ന്യാസസഭ സ്ഥാപിക്കാൻ മെത്രാപ്പോലീത്താ പണിയിച്ചതാണെങ്കിലും അക്കാര്യം നടക്കാഞ്ഞതിനാൽ മാന്നാനത്തെ സഭയ്ക്കു വിട്ടുകൊടുത്തതാണ്. പ്ളാശനാൽ ആശ്രമം കുടക്കച്ചിറ അന്തോനി എന്നൊരു വൈദികൻ കഠിനതപക്രിയകളോടുകൂടി ആരംഭിച്ചതായിരുന്നു. സുറിയാനി മെത്രാനെ ലഭിക്കുവാൻ ബാബേലിലേക്കു പോയ അദ്ദേഹം അവിടെ വച്ചു മരിച്ചു. തന്നിമിത്തം അനാഥമായ പ്ളാശനാൽ ആശ്രമം 1858-ൽ വരാപ്പുഴ മെത്രാപ്പോലീത്താ ചാവറയച്ചനു കൈമാറി. കഠിനമായ മലമ്പനിയും മറ്റു പ്രതികൂലസാഹചര്യങ്ങളും നിമിത്തം കാലക്രമത്തിൽ ഈ ആശ്രമം നിന്നുപോയി. പുളിങ്കുന്ന് ആശ്രമത്തിന്റെ ആരംഭം 1861-ൽ ആണ്, അതിന്റെ 150-ാം ജൂബിലിയാണല്ലൊ ഇപ്പോൾ ആഘോഷിക്കുന്നത്. സഭയുടെ നാമധേയത്തിനുണ്ടായ മാറ്റം മാന്നാനത്ത് ആരംഭിച്ച സന്യാസസഭയ്ക്ക് കർമ്മെലീത്താ മൂന്നാംസഭ എന്ന നാമധേയം ചരിത്രപരമായും, ആശയപരമായും, സാഹചര്യപരമായും യോജിച്ചതല്ലെന്ന് പണ്ഡിതലോകത്തിനു ബോധ്യപ്പെട്ടിരുന്നു. പൌരസ്ത്യ കാര്യങ്ങളിൽ അഗാധ പണ്ഡിതനും റോമായിൽ പൌരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ കാര്യദർശിയുമായിരുന്ന കർദ്ദിനാൾ തിസ്സരാങ് തിരുമേനിയുടെ നിർദ്ദേശപ്രകാരം ഈ സഭയുടെ നിയമങ്ങൾ പരിഷ്കരിക്കുകയും അതോടൊപ്പം 1959-ൽ സഭയുടെ പേര് അമലോത്ഭവമറിയത്തിന്റെ കർമ്മെലീത്താസഭ (ഇമൃാലഹശലേ ീള ങമ്യൃ കാാമരൌഹമലേ ഇ.ങ.ക.) എന്ന് ഔദ്യോഗികമായി മാറ്റുകയും ചെയ്തു. (സഭയുടെ ആരംഭകാലത്തെക്കുറിച്ചു പറയുമ്പോഴും സി.എം.ഐ. എന്നു നിർദ്ദേശിച്ചുകൊണ്ടാണ് ഇപ്പോൾ എഴുതാറുള്ളത്.) ചാവറയച്ചന്റെ ദീർഘവീക്ഷണവും വിശുദ്ധിയും കേരളത്തിലെ മാർത്തോമ്മാ നസ്രാണിസമുദായത്തിന് അഭിവൃദ്ധികൈവരുത്തുവാനുള്ള പല പദ്ധതികളും ചാവറയച്ചൻ ദീർഘവീക്ഷണത്തോടെ ആവിഷ്കരിച്ചു. നസ്രാണികളിൽ പുത്തൻകൂർ വിഭാഗത്തിൽ നിന്നിരുന്നവരുടെ പുനരൈക്യം ലക്ഷ്യം വച്ച് മാവേലിക്കരയിൽ ഒരു ആശ്രമം തുടങ്ങുവാൻ അദ്ദേഹം പദ്ധതി ഇട്ടിരുന്നെങ്കിലും അതു നടന്നില്ല. പഴയകൂറ്റുകാരുടെ അഭിവൃദ്ധിയുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പതിക്കേണ്ട അവസരമായിരുന്നു അന്ന്. ഔപചാരിക വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. നസ്രാണി യുവാക്കളിൽ സാമ്പത്തിക സൌകര്യമുള്ളവർ ആശാന്മാരുടെ കീഴിൽ എഴുത്തും വായനയും കണക്കും അഭ്യസിച്ചിരുന്നതല്ലാതെ പൊതുരംഗങ്ങളിൽ പ്രവർത്തിക്കത്തക്ക ഔപചാരിക വിദ്യാഭ്യാസയോഗ്യത നേടിയിരുന്നില്ല. ഇത് സമുദായത്തിന്റെ അഭിവൃദ്ധിക്കുതന്നെ തടസ്സമായിരുന്നു. പെൺകുട്ടികൾക്കു വിദ്യാഭ്യാസം നല്കുക വളരെ അപൂർവ്വമായിരുന്നു. വരാപ്പുഴ മിഷനറിമാർ ഇംഗ്ളീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാതിരുന്നതുകൊണ്ട് ചാവറയച്ചൻ ആഢ്യഭാഷയായ സംസ്കൃതം ക്രൈസ്തവരെയും പഠിപ്പിക്കുന്നതിനായി മാന്നാനത്ത് ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും പ്രേഷിതപ്രവർത്തനഫലമായി വിശ്വാസം സ്വീകരിച്ച ദളിത് ക്രൈസ്തവർക്കായി തുരുത്തുമാലിയുടെ കുന്നിൽ (വില്ലൂന്നി) ഒരു വിദ്യാലയവും കുരിശുപുരയും സ്ഥാപിച്ചതായി പാറപ്പുറത്തു വർക്കിയച്ചൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാന്നാനത്തു സ്കൂൾ ആരംഭിച്ചപ്പോൾ ഈ സ്കൂൾ നിർത്തലാക്കി. ചാവറയച്ചന്റെ കാലത്തു നിലവിൽ വന്ന ആശ്രമങ്ങളോടനുബന്ധിച്ച് ദലിതർക്കുവേണ്ടി വേദപാഠശാലകൾ സ്ഥാപിക്കുകയും അവരുടെ ആദ്ധ്യാത്മികകാര്യങ്ങൾ കൊവേന്തകളിൽ നിന്നു നടത്തുകയും ചെയ്തിരുന്നു. സമുദായോദ്ധാരണത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ചാവറയച്ചൻ മനസ്സിലാക്കിയിരുന്നു. വൈദികർക്കു നല്ല സെമിനാരി വിദ്യാഭ്യാസം നല്കുന്നതിനായി മാന്നാനത്തിനു പുറമെ, എൽത്തുരുത്ത്, വാഴക്കുളം, പുളിങ്കുന്ന് എന്നീ ആശ്രമങ്ങളോടുനുബന്ധിച്ചും രൂപതാ വൈദികർക്കായി സെമിനാരികൾ നടത്തിയിരുന്നതു കൂടാതെ, പല ആശ്രമങ്ങളോടനുബന്ധിച്ചും ജാതിമത വർഗ്ഗഭേദമെന്യെ സാധാരണ ജനങ്ങൾക്ക് ഔപചാരിക വിദ്യാഭ്യാസം നല്കാൻ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. “വിദ്യാഭ്യാസം രണ്ടാം വെളിച്ചമാകുന്നു” എന്ന മാർ അപ്രേമിന്റെ വാക്യം ചാവറയച്ചൻ ഒരു ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇന്ന് സി.എം.ഐ സഭയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് വിദ്യാഭ്യാസപ്രവർത്തനമാണ്. “മലയാളത്തിലെ പെൺപൈതങ്ങളുടെ” വിദ്യാഭ്യാസത്തിനും പുണ്യാഭിവൃദ്ധിക്കുമായി ലെയോപ്പോൾദ് മിഷനറിയോടൊപ്പം ചാവറയച്ചൻ 1866-ൽ സ്ഥാപിച്ച സി.എം.സി സഭ ഇന്ന് സ്ത്രീ വിദ്യാഭ്യാസരംഗത്തും, ആതുരസേവനം, പ്രേഷിത പ്രവർത്തനങ്ങൾ തുടങ്ങിയ തുറകളിലും കാര്യക്ഷമമായി തണൽവീശുന്ന ഒരു വടവൃക്ഷമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആദ്യം ഒരു പനമ്പുമഠവും പിന്നീട് 1867-ൽ എണ്ണായിരം രൂപയോളം പിരിച്ചെടുത്ത് കൂനമ്മാവിലെ ആദ്യ മഠവും പണികഴിപ്പിച്ചത് ചാവറയച്ചനാണ്. കൂടാതെ കൂനമ്മാവിൽ പാർത്തുകൊണ്ട് അവരുടെ ആദ്ധ്യാത്മികനിയന്ത്രണവും മലയാളത്തിൽ കാര്യമായി നടത്തിയിരുന്നത് അദ്ദേഹമാണ്. അഗതികളായ വൃദ്ധരെ പരിരക്ഷിക്കാൻ അദ്ദേഹം സ്വദേശമായ കൈനകരിയിൽ ഒരു ഉപവിശാല ആരംഭിച്ചത് ഇന്നും നിലനില്ക്കുന്നു. കേരള നസ്രാണികൾക്ക് ആവശ്യമായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ മലയാളത്തിൽ അച്ചടിക്കാൻ മാന്നാനത്ത് 1846-ൽ അദ്ദേഹം ഒരു മരപ്രസ്സ് സ്ഥാപിച്ചത് ഇന്ന് ആധുനിക സാങ്കേതിക വിദ്യകളോടുകൂടിയ ഒരു വലിയ പ്രസ്സായി വളർന്നിരിക്കുന്നു. പള്ളികളിൽ ഞായറാഴ്ച പ്രസംഗം, ധ്യാനപ്രസംഗങ്ങൾ തുടങ്ങിയവ നടത്തുവാൻ അദ്ദേഹം ഏർപ്പാടുചെയ്യുകയും അദ്ദേഹവും മറ്റു സന്ന്യാസി വൈദികരും അതിനു മുന്നിട്ടിറങ്ങുകയും ചെയ്തു. സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന അവസരങ്ങളിൽ അദ്ദേഹം പള്ളിയിൽ കയറി പ്രാർത്ഥിക്കുകയാണ് ആദ്യം ചെയ്തിരുന്നത്. അതിന്റെ ഫലമായി അപ്രതീക്ഷിതമായി അദ്ദേഹത്തിനു സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ട്. സമൂഹത്തിൽ ധ്യാനസമയത്ത് പ്രണിധാനമഗ്നനായി മുട്ടിന്മേൽ നിന്നിരുന്ന അദ്ദേഹത്തെ അടുത്തുള്ളവർ പതുക്കെ സ്പർശിച്ചാണ് സമയം കഴിഞ്ഞു എന്നറിയിച്ചിരുന്നത്. “പരിശുദ്ധാരൂപി നിറഞ്ഞ മനുഷ്യൻ” എന്നാണ്് അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്നവർ വിശേഷിപ്പിച്ചിരുന്നത്. നമ്മുടെ നാട്ടിൽ പ്രോട്ടസ്റ്റന്റ് ചിന്താഗതിയും ദൈവശാസ്ത്രവും സ്വീകരിച്ച ഒരു കൂട്ടം ആളുകൾ പുത്തൻകുറ്റുകാരിൽനിന്നു വേർപിരിഞ്ഞ് “മാർത്തോമ്മാക്കാർ” എന്ന സഭാ സമൂഹമായിത്തീർന്നു. ചാവറയച്ചന്റെ സമകാലികനായിരുന്ന അവരുടെ ഒരു മെത്രാൻ ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്: “നമ്മുടെ നാട്ടിൽ നിന്ന് ആരാണുമോക്ഷത്തിൽ പോവുക ? വല്ല ചാവറയോ മറ്റോ പോകുമായിരിക്കും. ഞാൻ അയാളുടെ തുകൽവാറിൽ പിടിച്ച് മോക്ഷത്തിലേക്കുപോകും.” സി.എം.ഐ. സഭയും സ്വജാതി മെത്രാൻ പ്രസ്ഥാനവും നസ്രാണികൾ ഒന്നടങ്കം വിദേശമിഷനറിമാരുടെ ഭരണത്തിൽ അതൃപ്തരായിരുന്ന കാലമായിരുന്നു അത്. മെസൊപ്പൊട്ടേമിയായിൽ നിന്ന് കത്തോലിക്കനായ ബാബേൽ പാത്രിയർക്കീസ് പണ്ടത്തേതുപോലെ തങ്ങളെ ഭരിക്കാൻ ഒരു കൽദായസുറിയാനി മെത്രാനെ അയച്ചുതരണമെന്ന് അവർ നിവേദനങ്ങൾ അയയ്ക്കുകയും ചിലർ അവിടെവരെ പോവുകയും ചെയ്തിരുന്നു. എന്നാൽ മിഷനറിമാരുടെ എതിർപ്പുമൂലം മാർപ്പാപ്പാ ബാബേൽ പാത്രിയർക്കീസിന് അനുവാദം നല്കിയിരുന്നില്ല. ഇക്കാര്യത്തിൻ സി.എം.ഐ. വൈദികർക്കും അങ്ങേയറ്റം താല്പര്യമായിരുന്നു. അങ്ങനെ വരുന്നയാൾ മാർപ്പാപ്പയുടെ അനുവാദത്തോടുകൂടിവരണം എന്ന നിഷ്കർഷമാത്രമേ ചാവറയച്ചൻ വച്ചിരുന്നുള്ളൂ. അങ്ങനെയിരിക്കെ 1861-ൽ കത്തോലിക്കനായ ബാബേൽ പാത്രിയർക്കീസ് മാർ തോമ്മാ റോക്കോസ് എന്ന മെത്രാനെ കേരളത്തിലെ സ്ഥിതിഗതികൾ പഠിച്ച് റിപ്പോർട്ടു ചെയ്യുക എന്ന ദൌത്യവുമായി അയച്ചു. അദ്ദേഹത്തിന് അത്യുജ്ജലമായ വരവേല്പാണ് നസ്രാണി സമുദായം തങ്ങളുടെ വൈദികരുടെ നേതൃത്വത്തിൽ നല്കിയത്. ഇക്കാര്യം മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. അദ്ദേഹത്തിന്റെ പക്കൽ മാർപ്പാപ്പായുടെ അധികാരപത്രം ഉണ്ടോ എന്നറിയുവാൻ ചാവറയച്ചൻ ഒൻപതാം പീയൂസ് മാർപ്പാപ്പയ്ക്ക് എഴുതി. അനുവാദമില്ലാതെയാണ് അദ്ദേഹം കേരളത്തിൽ എത്തിയിരിക്കുന്നത് എന്ന് മാർപ്പാപ്പയുടെ കത്തിൽനിന്നു മസ്സിലാക്കിയ അദ്ദേഹം റോക്കോസിനെ ചെറുത്തു. ഈയവസരത്തിൽ വരാപ്പുഴ മെത്രാപ്പോലീത്താ അദ്ദേഹത്തെ സുറിയാനിക്കാരുടെ വികാരിജനറാളായി നിയമിച്ചു. ഈ പദവി ഉപയോഗിച്ച് അദ്ദേഹം റോക്കോസ് പക്ഷക്കാരെ തിരികെ കൊണ്ടുവരികയും റോക്കോസിനെ മടക്കി അയയ്ക്കുകയും ചെയ്തു. എന്നാൽ റോക്കോസ് മടങ്ങിപ്പോയതോടുകൂടി അദ്ദേഹത്തിന്റെ വികാരിജനറാൾ സ്ഥാനവും ഇല്ലാതായി. ഇവിടത്തെ സ്ഥിതി മനസ്സിലാക്കിയ പരിശുദ്ധ സിംഹാസനം ചാവറയച്ചനെ പഴയകുറ്റുക്കാരുടെ മെത്രാനാക്കി പ്രശ്നം പരിഹരിക്കാൻ ആഗ്രഹിച്ചു. എന്നാൽ വരാപ്പുഴ മിഷനറിമാരുടെ എതിർപ്പുമൂലം അതു നടന്നില്ല. അദ്ദേഹത്തെ വികാരിജനറാളായി നിയമിച്ചപ്പോൾ അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള നിയമനപത്രമാണ് വരാപ്പുഴയിൽ നിന്നു നല്കിയത്. എന്നാൽ അദ്ദേഹത്തെ മെത്രാനാക്കാൻ ആലോചിച്ച് റോമായിൽനിന്ന് അഭിപ്രായം ചോദിച്ചപ്പോൾ മിഷനറിമാർ അദ്ദേഹത്തെ ചിത്രീകരിച്ചത് “പാവവും”, “കിഴവനും”, “അറിവില്ലാത്തവനും” എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ഉപയോഗിച്ചാണ്. ഈ കത്ത് റോമായിലെ ഈടുവയ്പിൽനിന്ന് ഗവേഷണ വിദ്യാർത്ഥികൾ കണ്ടെടുത്തിട്ടുണ്ട്. ചാവറയച്ചന്റെ ആത്മപിതാവും അദ്ദേഹത്തെ അത്യധികം ആദരിച്ചിരുന്നവനുമായ ലെയോപ്പോൾദു മിഷനറിയും ഈ കത്തിൽ ഒപ്പുവച്ചു എന്നത് അവിശ്വസനീയമെങ്കിലും യാഥാർത്ഥ്യമാണ്്. ചാവറയച്ചൻ പുണ്യ പരിമളത്തോടെ 1871 ജനുവരി 3-ാം തീയതി നിര്യാതനായി. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പാ 1986 ഫെബ്രുവരി 8-ാം തീയതി കോട്ടയത്തുവച്ച് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാപിച്ചു. നാട്ടുമെത്രാനുവേണ്ടിയുള്ള പരിശ്രമങ്ങളും കൊവേന്തകളും ചാവറപ്പിതാവിന്റെ മരണശേഷവും സി.എം.ഐ. ആശ്രമങ്ങൾ സഭാഭരണസംബന്ധമായ സ്വാതന്ത്യ്രത്തിനുവേണ്ടി റോമായിലേക്കു നിവേദനങ്ങൾ അയച്ചുകൊണ്ടിരുന്നു. ഇടവക വൈദികനായ നിധീരിക്കൽ മാണിക്കത്തനാർ തുടങ്ങിയ മഹാരഥന്മാർ മാന്നാനത്തെ നിത്യസന്ദർശകരായിരുന്നു. മാന്നാനം ആശ്രമത്തിൽവച്ച് അവർ പല നിവേദനങ്ങളും തയ്യാറാക്കി റോമായിലേക്ക് അയച്ചുകൊണ്ടിരുന്നു. പണ്ട് വരാപ്പുഴ മിഷനറിമാർ വഴിക്കുമാത്രമേ റോമായിലേക്ക് കത്തയ്ക്കാൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോൾ തപാൽ സൌകര്യങ്ങൾ വർദ്ധിച്ചതിനാൽ നേരിട്ടു റോമായുമായി സമ്പർക്കം പുലർത്താൻ സാധിച്ചുതുടങ്ങി. കൽദായ സുറിയാനി മെത്രാൻ എന്ന ചിന്താഗതി ഭേദപ്പെടുത്തി പഴയകുറ്റുകാരനായ നാട്ടുമെത്രാൻ എന്ന ആശയത്തിലേക്ക് അവർ വന്നു. അന്നു വരാപ്പുഴയിൽ ഭരണം നടത്തിയിരുന്ന ലെയൊനാർദോ മെല്ലാനോ എന്ന കർമ്മലീത്താ ഇറ്റാലിയൻ മെത്രാപ്പോലീത്തായ്ക്ക് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഈ ആവശ്യം പറഞ്ഞ് റോമായിലേക്കെഴുതിയാൽ അതു പാപമായിരിക്കുമെന്നും അങ്ങനെയുള്ള പാപം വിമോചിക്കാൻ മെത്രാനു മാത്രമേ അധികാരമുള്ളൂ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. മേലധികാരസ്ഥാനത്തു പരാതി പറയുകയോ ആവശ്യങ്ങൾ അറിയിക്കുകയോ ചെയ്യുന്നത് പാപമാണുപോലും! ഇതിലെ യുക്തിരാഹിത്യം ചരിത്രവിദ്യാർത്ഥികളെ ഇന്നും ചിരിപ്പിക്കുന്നു. ഏഴുവ്യാകുലങ്ങളും പുളിങ്കുന്നു കൊവേന്തയും അന്നു സി.എം.ഐ. സഭ മെത്രാന്റെ കീഴിലുള്ള ഒരുസഭയായിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെടാത്തവരെയെല്ലാം സഭയിൽ നിന്നു നീക്കം ചെയ്യാം. അങ്ങനെ ലെയോനാർദോ മെല്ലാനോ സി.എം.ഐ. സഭയിൽ നിന്ന് ഏഴുപേരെ ബഹിഷ്കരിച്ചു. അവരാണ് “ഏഴുവ്യാകുലങ്ങൾ” എന്ന് കേരള സഭാചരിത്രത്തിൽ അറിയപ്പെടുന്നത്. സി.എം.ഐ. ആശ്രമങ്ങൾ എല്ലാം തന്നെ നാട്ടുമെത്രാനെ ലഭിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ കേന്ദ്രങ്ങൾ ആയിരുന്നെങ്കിലും മാന്നാനവും പുളിങ്കുന്നുമാണ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്നത്. ബഹിഷ്കരണം 1876 ൽ നടന്നു. ഏഴുവ്യാകുലങ്ങൾ താഴെപ്പറയുന്നവരാണ്. 1. പുളുങ്കുന്ന് പഴേപറമ്പിൽ ളൂയിസച്ചൻ 2. ഭരണങ്ങാനം തറവട്ടത്തിൽ ഹില്ലാരിയോസച്ചൻ 3. കൈനകരി ചാവറ യൌസേപ്പച്ചൻ 4. ഞാറയ്ക്കൽ ശങ്കുരിക്കൽ പൌലോസച്ചൻ 5. ആരക്കുഴ മാതേക്കൽ മത്തായി അച്ചൻ 6. ഭരണങ്ങാനം മീനാട്ടൂർ മാണിയച്ചൻ 7. പൂവത്തുശേരി ഇരുമ്പൻ (കീരി) ഗീവർഗീസച്ചൻ മേല്പറഞ്ഞവരിൽ ആദ്യത്തെ മൂന്നുപേർ മാന്നാനം ആശ്രമവാസികളായിരുന്നു. ശങ്കുരിക്കലച്ചൻ പുളിങ്കുന്ന് ആശ്രമവാസിയായിരുന്നുവെന്നു ചരിത്രത്തിൽ കാണുന്നു. അവസാനത്തെ മൂന്നുപേരും പുളിങ്കുന്നുമായി ബന്ധപ്പെട്ടവരാണെന്നാണ് സാഹചര്യത്തിൽനിന്നു മനസ്സിലാകുന്നത്. അവരെ വാഴക്കുളത്തേക്കോ കൂനമ്മാവിലേക്കോ അയച്ചശേഷം അവിടങ്ങളിൽ വച്ച് പുറത്താക്കൽ കല്പനകൊടുത്തതായിട്ടാണ് കാണുന്നത്. ഇവരെ കൂടാതെ പ്ളാത്തോട്ടത്തിൽ ദേവസ്യാച്ചൻ, ചാക്യാത്തു സ്തനിസ്ളാവോസച്ചൻ, മംഗലത്തു യാക്കോബച്ചൻ എന്നിവരെയും നാട്ടുമെത്രാൻ പ്രസ്ഥാനത്തിന്റെ വക്താക്കളായി മനസ്സിലാക്കി പുളിങ്കുന്നിൽ നിന്ന് സ്ഥലം മാറ്റി. എന്നാൽ ഇവരെ മെത്രാപ്പോലീത്താ സഭയിൽ നിന്നും ബഹിഷ്കരിച്ചില്ല. ലെയൊനാർദൊ മെല്ലാനോ മെത്രാപ്പോലീത്താ വേറെ ചിലരെയും സഭയിൽനിന്നു ബഹിഷ്കരിക്കാൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നു. എന്നാൽ പരിശുദ്ധ സിംഹാസനം ഈ വിവരം അറിഞ്ഞയുടനെ ബഹിഷ്കരണ നടപടികൾ നിർത്തിവയ്ക്കാൻ കല്പിച്ചു. ബഹിഷ്കൃതരായവർക്ക് വീണ്ടും സഭയിൽ പ്രവേശിക്കാൻ പരിശുദ്ധ സിംഹാസനം അനുവാദം നല്കിയെങ്കിലും പുറത്തുനിന്നുകൊണ്ട് തങ്ങളുടെ സംരംഭം ശക്തിപ്പെടുത്താനാണ് അവർ തീരമാനിച്ചത്. പഴയകുറ്റുകാരെ സന്ദർശിച്ച് അവരുടെ യഥാർത്ഥ സ്ഥിതിയും പരാതികളും മനസ്സിലാക്കി റിപ്പോർട്ടുചെയ്യാനും, അക്കാലത്ത് മാർപ്പാപ്പായുടെ അനുവാദമില്ലാതെ ഇവിടെയെത്തിയ മാർ ഏലിയാ മേലൂസ് എന്ന കൽദായമെത്രാൻ നിമിത്തം ഇവിടെയുണ്ടായ മേലൂസ് ശീശ്മ അവസാനിപ്പിക്കാനും ലെയോ മോയ്റിൻ എന്ന മെത്രാനെ 9-ാം പീയൂസ് മാർപ്പാപ്പാ 1876 ൽ നിയോഗിച്ചു. അദ്ദേഹത്തെ കൊച്ചിയിൽനിന്നും ആഘോഷമായി മാന്നാനത്തേക്കു ജലമാർഗ്ഗം ആനയിച്ചു. ബോട്ടുകളും വള്ളങ്ങളും അടങ്ങുന്ന മുന്നൂറോളം ജലവാഹനങ്ങളും അവയിൽ വെള്ളിക്കുരിശുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവയുമാണ് അദ്ദേഹത്തിന് അകമ്പടി സേവിച്ചത്. മാന്നാനത്ത് നാലുദിവസത്തെ സമ്മേളനമാണു നടന്നത്. യഥാർത്ഥ സ്ഥിതി മനസ്സിലാക്കിയ മോയ്റിൻ പഴയകുറ്റുകാർക്ക് വളരെ അനുകൂലമായ റിപ്പോർട്ടാണ് റോമായിലേക്കയച്ചത്. സി.എം.ഐ. സഭയിലെ ഏറ്റം മികച്ചവരെയാണ് “ദുർവൃത്തർ” എന്നു മുദ്രകുത്തി സഭയിൽ നിന്നും ലെയൊനാർദോ മെത്രാപ്പോലീത്താ ബഹിഷ്കരിച്ചത് എന്ന് ആ റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ഈ കഷ്ടപ്പാടുകളെല്ലാം ഫലം കണ്ടത് 1896 ൽ പരിശുദ്ധ സിംഹാസനം പഴയകുറ്റുനസ്രാണികളെ ഭരിക്കാൻ മൂന്നു നാട്ടുമെത്രാന്മാരെ നിയമിച്ചപ്പോളാണ്. കോട്ടയം, എറണാകുളം, തൃശൂർ എന്നീ പട്ടണങ്ങൾ കേന്ദ്രമാക്കി മാർ മാത്യു മാക്കീൽ, മാർ ളൂയിസ് പഴേപറമ്പിൽ, മാർ ജോൺ മേനാച്ചേരി എന്നിവരെ യഥാക്രമം ഈ സ്ഥലങ്ങളിൽ സഭാഭരണാധികാരികളാക്കി മൂന്നൂറു കൊല്ലത്തോളം ദീർഘിച്ച വിദേശ ലത്തീൻ മിഷനറിമാരുടെ സഭാഭരണം അവസാനിപ്പിച്ചു. എറണാകുളത്തു നിയമിതനായ മാർ ളൂയീസ് പഴേപറമ്പിൽ ഏഴുവ്യാകുലങ്ങളിൽ ഒരാളും പുളിങ്കുന്നുകാരനും ആയിരുന്നു എന്ന കാര്യം ഇവിടെ ആഹ്ളാദപൂർവ്വം അനുസ്മരിക്കാം. മേല്പറഞ്ഞ മെത്രാന്മാർ “വികാരി അപ്പസ്തോലിക്കാ” എന്ന സ്ഥാനപ്പേരോടുകൂടെയാണ് നിയമിതരായത്. അവരുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങൾക്ക് വികാരിയാത്തുകൾ എന്നുമാണ് പേരുകൾ നല്കപ്പെട്ടിരുന്നത്. തിരുസ്സഭാ ചരിത്രത്തിൽ നമ്മൾ കേൾക്കുന്ന വാക്കാണ് വികാരിയാത്ത് എന്നത്. പകരക്കാരൻ എന്നർത്ഥമുള്ള വികാരിയൂസ് (ഢശരമൃശൌ) എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. പള്ളിവികാരി എന്നു മലയാളത്തിൽ പറഞ്ഞാൽ അതിന്റെ അർത്ഥം ഒരു ഇടവക സമൂഹത്തെ മെത്രാനു പകരം നേരിട്ടു ഭരിക്കുന്ന വൈദികൻ എന്നാണ്. വികാരിയാത്ത് എന്നുപറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് മാർപ്പാപ്പായുടെ നേരിട്ടുള്ള ഭരണത്തിൽ കീഴിലുള്ള ഒരു പ്രദേശത്തെ വിശ്വാസി സമൂഹം എന്നാണ്. മാർപ്പാപ്പ തനിക്കുപകരം ഇവിടെ ഭരണം നടത്താൻ ഒരു മെത്രാനെയോ, മെത്രാപ്പോലീത്തായെയോ നിയോഗിക്കുന്നു. ഈ പകരക്കാരൻ ശ്ളൈഹീക വികാരി അഥവാ വികാരി അപ്പസ്തോലിക്കാ (ഢശരമൃ അുീീഹശര) എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത്. (ഇങ്ങനെയുള്ള വികാരി അപ്പസ്തോലിക്കാമാർ പഴയകാലത്തു നിലവിലിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ ഏതെങ്കിലും രൂപതയുടെയോ അതിരൂപതയുടെയോ മെത്രാനോ, മെത്രാപ്പോലീത്തായോ ആയിട്ടായിരിക്കും വാഴിക്കപ്പെടുക. രൂപതാഭരണം ഇല്ലാത്ത മേല്പട്ടക്കാർക്കെല്ലാം ഇതുപോലുള്ള സ്ഥാനിക രൂപതകൾ (ഠശൌഹമൃ ടലല) നല്കുന്നു. പുരാതനകാലത്ത് മദ്ധ്യപൂർവ്വ ദേശത്തും വടക്കേ ആഫ്രിക്കയിലും ഉണ്ടായിരുന്ന രൂപതകളും അതിരൂപതകളുമാണിവ). ഒരു വികാരിയാത്ത് സുസജ്ജമായിക്കഴിയുമ്പോൾ മാർപ്പാപ്പാ അതിനെ രൂപതയായോ അതിരൂപതയായോ ഉയർത്തുകയും അവിടെ സ്ഥാനിക മെത്രാനെയോ മെത്രാപ്പോലീത്തായെയോ നിയമിക്കുകയും ചെയ്യുന്നു. പഴയകുറ്റുകാരായ നസ്രാണികൾക്ക് ലഭിച്ച വികാരിയാത്തുകൾ പിൽക്കാലത്ത് ഇങ്ങനെ ഉയർത്തപ്പെട്ടു. മേല്പറഞ്ഞ നസ്രാണി വികാരി അപ്പസ്തോലിക്കാമാർ ശ്രീലങ്കയിലെ കാൻഡിയിൽ വച്ച് മാർപ്പാപ്പായുടെ പ്രതിനിധി മോൺസിഞ്ഞോർ സലേസ്കിയിൽനിന്ന് മെത്രാഭിഷേകം സ്വീകരിച്ച് 1896-ൽ തന്നെ കേരളത്തിലെത്തി സഭാഭരണം ഏറ്റെടുത്തു. ഇതിനുശേഷം അത്ഭൂത പൂർവ്വമായ വളർച്ചയാണ് കത്തോലിക്കരായ മാർത്തോമ്മാ നസ്രാണികൾ കൈവരിച്ചത്. എന്നാൽ ഈ ആവേശത്തിമിർപ്പിനിടയിൽ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടില്ല: ഈ മെത്രാന്മാരുടെ ഭരണാധികാരം വടക്കു ഭാരതപ്പുഴയ്ക്കും, തെക്കു പമ്പാനദിക്കും, കിഴക്ക് സഹ്യപർവ്വതത്തിനും, പടിഞ്ഞാറ് അറേബ്യൻ കടലിനും ഇടയ്ക്കുള്ള വളരെ പരിമിതമായ പ്രദേശത്ത് ഒതുക്കപ്പെട്ടു. “ഇൻഡ്യ മുഴുവന്റെയും മെത്രാപ്പോലീത്തായും കവാടവും” എന്ന സ്ഥാനപ്പേരും അധികാരവും, സഭയുടെ പവിത്രാധികാരത്തിന് (ഒശലൃമൃരവ്യ) നഷ്ടപ്പെട്ടു. ഈ സീമകൾക്കു പുറത്തുള്ള നസ്രാണികളുടെ വിശ്വാസസംരക്ഷണത്തിന് അവരുടെ തന്നെ ഇടയന്മാർ പരിശ്രമിക്കാനുള്ള അവസരമാണു നഷ്ടപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിൽ നസ്രാണി സഭയുടെ പാരമ്പര്യത്തെപ്പറ്റി ധാരാളം പഠിക്കുകയും, എഴുതുകയും, അതിന്റെ അവകാശങ്ങൾ വീണ്ടെടുക്കുന്നതിന് ഏറ്റവുമധികം പരിശ്രമിക്കുകയും ചെയ്ത സി.എം.ഐ. സഭാംഗമായ റവ.ഡോ.പ്ളാസിഡ് ജെ. പൊടിപാറയുടെ പരിശ്രമഫലമായി ഈയവസ്ഥയ്ക്ക് കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇൻഡ്യ മുഴുവനിലും വിദേശങ്ങളിലും ചിതറിപ്പാർക്കുന്ന പഴയ കൂറ്റു നസ്രാണികൾക്ക് പരിരക്ഷണം നല്കാനും സ്വന്തം ഇടയന്മാരെ നല്കാനുമുള്ള പൂർണ്ണസ്വാതന്ത്യ്രം അവരുടെ പവിത്രാധികാരത്തിന് ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. നസ്രാണികളുടെ വിശ്വാസപാരമ്പര്യവും സ്ഥിരതയും പഠിച്ചറിഞ്ഞിരുന്ന പണ്ഡിതനായ കർദ്ദിനാൾ തിസ്സരാങ് തിരുമേനി റോമായിൽ പൌരസ്ത്യ സഭകൾക്കായുള്ള തിരുസ്സംഘത്തിന്റെ കാര്യദർശിയായിരിക്കെ മുൻപറഞ്ഞ പ്ളാസിഡച്ചനെ തന്റെയും തിരുസംഘത്തിന്റെയും ആലോചനക്കാരനായി 1954 ൽ റോമായിലേക്കു വിളിപ്പിച്ചു. പ്ളാസിഡച്ചന്റെ പരിശ്രമഫലമായി പഴയ അതിർത്തികളുടെ വെളിയിലേക്കും നസ്രാണിസഭാഭരണം വ്യാപിച്ചു. കർദ്ദിനാൾ തിസ്സരാങ്ങും പ്ളാസിഡച്ചനും കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും അവർ ആരംഭിച്ച നല്ലകാര്യം തുടർന്നുകൊണ്ടിരിക്കുന്നു. തൽഫലമായി മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസചൈതന്യം വർദ്ധിക്കുകയും ഏറ്റം കൂടുതൽ ദൈവവിളികളും അഭിവൃദ്ധിയുമുള്ള വ്യക്തിസഭയായി അത് സാർവത്രികസഭയെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു.


"https://schoolwiki.in/index.php?title=ആദർശരൂപം&oldid=396121" എന്ന താളിൽനിന്ന് ശേഖരിച്ചത്