ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ലോക്ക്ഡൗണും ഞാനും
ലോക്ക്ഡൗണും ഞാനും
കൊറോണ എന്ന മൂന്നക്ഷരം ഇന്ന് ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചു.തങ്ങളാണ് വലുത് എന്ന് അഹങ്കരിച്ച മനുഷ്യനേയും,വിവരസാങ്കേതിക വിദ്യകൊണ്ട് എല്ലാത്തിനേയും മുട്ടുകുത്തിക്കാമെന്ന് കരുതിയ രാഷ്ട്രങ്ങളും സ്വയം തലതാഴ്ത്തി കൊറോണക്ക് അടിയറവ് പറയുന്നു.കൊറോണയോടൊപ്പം ലോക്ക്ഡൌണും വന്നു.ഇന്ന് എല്ലാ മനുഷ്യരും വീട്ടിനുള്ളിലാണ്.പഴമയിലേക്കൊരു തിരിച്ചുപോക്ക് എന്ന് വേണമെങ്കിൽ പറയാം.ഒരു പക്ഷെ എന്നെപ്പോലുള്ള 3Gയുടെയും 4Gയുടെയും യുഗത്തിൽ പിറന്ന തലമുറ,നമുക്കെല്ലാം ഇത് ഒരു പുതിയ അനുഭവമാണ്.ഞാന് വിശ്വസിക്കുന്നത് ലോകത്ത് മനുഷ്യർ സമയബന്ധിതമായാണ് പ്രവർത്തിച്ചിരുന്നത്. അല്ല, അതാണ് സത്യവും.സ്വന്തം കുടുംബത്തിൽ ചിലവഴിക്കാന് വെറും 5 മിനുട്ട് പോലും പലരും കണ്ടെത്താറില്ല.എന്നെ സംബന്ധിച്ച് സ്കൂളിൽ പോകുന്ന ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ ഒരു ദിവസം തുടങ്ങുന്നത് തന്നെ ദൃതിയിലാണ്.രാവിലെ എഴുന്നേറ്റാലുടനെ ഒരു ഓട്ടമാണ് സ്കൂളിൽ പോകാൻ, അതോടൊപ്പം ട്യൂഷനും.വീട്ടിൽ വന്നാലോ പിന്നെയും പഠിത്തം.വെറും 5 മിനിട്ടോ മറ്റോ വീട്ടുകാരുമായി ചിലവഴിക്കാം. അവധി ദിവസമായ ഞായറാഴ്ച്ചയും ഇതുതന്നെ അവസ്ഥ.എന്നാൽ ഇതിനെല്ലാം ഒരു ആശ്വാസമാണ് ലോക്ക്ഡൌൺ. എനിക്ക് ലോക്ക്ഡൌൺ ഒരുപാട് അറിവാണ് തരുന്നത്.ഇന്നേവരെ ശ്രദ്ധിക്കാൻ തുടങ്ങി.പുതിയ കലകളെക്കുറിച്ചറിഞ്ഞു.പ്രകൃതിയെ കൂടുതൽ അടുത്തറിയാൻ സാധിച്ചു.ലോക്ക്ഡൌൺ സമയം കൃഷിയെ അടുത്തറിയാൻ കഴിഞ്ഞു.ഇന്ന് ഒരുപാട് നേരം കൃഷിയെ അടുത്തറിയാൻ സാധിക്കുന്നു.പ്രകൃതിയിലെ പ്രഭാതം എത്ര മനോഹരമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.മരങ്ങളും പക്ഷികളും പരസ്പരം സംസാരിക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.ഒരുപക്ഷേ പ്രകൃതിയോട് മനുഷ്യൻ ചെയ്ത പ്രവർത്തികൾക്കുള്ള ശിക്ഷയാകാം ഇന്നത്തെ ഈ ലോക്കഡൌൺ.ഇന്ന് മനുഷ്യൻ കൂടുകളിലും പക്ഷിമൃഗാധികൾ സ്വതന്ത്രതയിലുമാണ്.എന്നോ മറന്നുപോയ ശീലങ്ങളുടെ മടക്കത്തിന് ഒരു കാരണക്കാരനാണ് കോവിഡ്-19 എന്ന് ഒരു സംശയവും കൂടാതെ പറയാം.ഒരു സംസ്കാരത്തിൻറ പുനർജനിയുടെ കാരണക്കാരൻ. വീടുകളിൽ പൊതുവെ പത്രം വരുത്തുന്നുണ്ടെങ്കിലും പല വിദ്യാർത്ഥികളും അത് വായിക്കാറില്ല.എന്നാൽ ഇതിനൊരു പരിഹാരമാണ് ഈ ലോക്ക്ഡൌൺ കാലം.ഒരുപാട് പുസ്തകങ്ങളെ അടുത്തറിയാനും വായിക്കാനും സാധിക്കുന്ന അസുലഭനിമിഷമാണിത്.വായനക്കുപുറമെ നവമാധ്യമങ്ങള്ളിൽ നിന്നും അറിവുകൾ ലഭിക്കുന്നുണ്ട്.അമേരിക്കയും ചൈനയുമൊക്കെമാത്രം കേട്ടുപരിചയമുള്ള നമുക്കിന്ന് ഒരുപാട് രാജ്യങ്ങളെയും അതാനുള്ളിലെ ഒരു കുഞ്ഞുസ്ഥലത്തെപ്പോലും തിരിച്ചറിയാൻ സാധിക്കുന്നു.ഓൺലൈൻ പരീക്ഷകളെന്ന് കേട്ട് മാത്രം പരിചയമുള്ള ഞാൻ ഈ അവസ്ഥയിലും ഓൺലൈൻ പരീക്ഷയിൽ പങ്കെടുത്തു അതും ഈ നേരത്തെ ഒരു അസുലഭനിമിഷമായിരുന്നു.ചിത്രം വരയ്ക്കാൻപോലുമറിയാതിരുന്ന ഞാനിന്ന് സമയമൊരുപാടുള്ളതിനാൽ ഇന്ന് ചിത്രങ്ങൾ വരക്കുന്നു,ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നു.ഒരുപക്ഷെ കഴിവുകൾ തെളിയിക്കാനുള്ള സമയം കൂടിയാകാം ഇത്.അടുക്കളയിൽ വെറുതെ ഒന്ന് കേറി മാത്രം പരിചയമുള്ള ഞാൻ ഇന്ന് കുറച്ചൊക്കെ പാചകം ചെയ്യുന്നുണ്ട്.സമയമില്ല എന്ന് പറഞ്ഞവർ ഇന്ന് ഉള്ള സമയം എങ്ങനെ തീർക്കുമെന്ന് ആലോചിക്കുന്നു.ഒരുപക്ഷെ ഇത് ദൈവത്തിൻറെ ലീലാവിലാസമാകാം. ഈ കൊറോണക്കാലത്ത് എന്നെ അത്ഭുതപ്പെടുത്തിയത് മലയാളികളുടെ മരുന്നുപയോഗം എന്ന ശീലം കുറഞ്ഞതാണ്.ചെറിയൊരു കാര്യത്തിനുപോലും മെഡിക്കൽ ഷോപ്പിലേക്ക് ഓടുന്ന മലയാളികൾക്ക് ഇന്ന് മരുന്നുകളുടെ ആവശ്യമില്ല.എന്ത് അത്ഭുതമാണല്ലേ! ഫാസ്റ്റ്ഫുഡിനോട് കമ്പമുള്ള മലയാളികൾക്ക് ഇന്ന് അതും വേണ്ട.പാടവും പറമ്പും കൃഷിയ്ക്ക് മുന്നൊരുക്കങ്ങൾ നടത്തുന്നു.ഒരു പക്ഷെ ചക്കയുടെ മഹത്വമറിഞ്ഞ നാളുകളാണ് ഈ ലോക്ക്ഡൌൺ നാളുകൾ.പുതിയരൂപത്തിലും ഭാവത്തിലും ചക്കയിൽ വിഭവങ്ങൾ ഉണ്ടാക്കുന്നു.ചക്കയിലെ എല്ലാം നമുക്ക് വേണ്ടതാണ് എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.എല്ലാംകൊണ്ടും ലോക്ക്ഡൌൺ ബഹുകേമം.ആദ്യമൊരു മടുപ്പുതോന്നിയെങ്കിലും ഇന്ന് ഞാനും ലോക്ക്ഡൌണും നല്ല ചങ്ങാതിമാരാ.........
|