സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഒരു യാത്രാമൊഴി
ഒരു യാത്രാമൊഴി
ഞാൻ യാത്രയാകുന്നു ..... നിങ്ങളോട് യാത്ര പറയാൻ എനിക്കായില്ല. ലോക്ക്ഡൗണിൻ്റെ പേരിൽ നിങ്ങൾ ഒരുമിച്ചപ്പോൾ ഞാൻ ഇവിടെ ഒറ്റക്കായിരുന്നു. മിണ്ടാനും ,പറയാനും ആരുമില്ലാതെ, സങ്കടങ്ങൾ ഉള്ളിലൊതുക്കി, നിശബ്ദതയുടെ നിലയില്ലാക്കയത്തിലായിരുന്നു ഞാൻ. ഒരു മാസത്തിലേറെയായി ആരെയെങ്കിലും കണ്ടിട്ടും ,വിശേഷങ്ങൾ പറഞ്ഞിട്ടും. എൻ്റെ കൂട്ടുകാർ എനിക്ക് ചുറ്റും ഓടിക്കളിച്ചപ്പോൾ, എൻ്റെ ചില്ലയിൽ തൂങ്ങിയാടിയപ്പോൾ, ഇടക്കിടെ കാണാതെ കുഞ്ഞു മാങ്ങയിറുത്തെടുത്തപ്പോൾ ഞാൻ ഒട്ടും പരിഭവിച്ചിരുന്നില്ല. കാരണം അവരെൻ്റെ ഓമനകൾ ...... എൻ്റെ കൂട്ടുകാർ ....... അവരുടെ വരവും കാത്തിരിക്കുകയായിരുന്നു ഞാൻ. മാനത്ത് കാറ് കൊണ്ടപ്പോഴും കാറ്റടിച്ചപ്പോഴും ഞാൻ പരിഭ്രമിച്ചില്ല. ഞാൻ സുരക്ഷിതനാണെന്നു കരുതി. എന്നാൽ കഴിഞ്ഞ രാത്രിയിൽ നാലു ചുവരുകൾക്കുള്ളിൽ വീശിയടിച്ച കാറ്റിൽ എൻ്റെ വേരുകളിളകി ...... ചില്ലകൾ തകർന്നു. പിടിച്ചു നിൽക്കാൻ അവസാനം വരെ ശ്രമിച്ചു.നടന്നില്ല. എൻ്റെ കൂട്ടുകാരുടെ സ്നേഹലാളനങ്ങളിലേക്ക് ഇനി ഞാനില്ല. അവരുടെ കുസൃതികൾ കാണാനും സംഭാഷണങ്ങൾ കേൾക്കാനും ഞാനിനി വരില്ല. എന്നെ നട്ടുവളർത്തി ,പരിപാലിച്ച സ്നേഹിതരോടും, കിന്നാരം പറഞ്ഞ കൂട്ടുകാരോടും വേദനയോടെ വിട ചോദിക്കുന്നു. ഇക്കാലമത്രയും ഈ അക്ഷരമുറ്റത്തു നിന്ന് ഞാനാർജ്ജിച്ച അറിവും, സ്നേഹവും, കരുതലും ഇവിടെ തന്നെ തിരികെയേല്പിക്കുന്നു. എനിക്ക് പകരം മറ്റൊരാളെ നിങ്ങൾ കണ്ടെത്തണം. ഈ മുറിപ്പാട് ഉണക്കണം. ഇക്കാലവും കടന്നു പോകും........ നിങ്ങൾ സുരക്ഷിതരായിരിക്കുക.......... സ്നേഹത്തോടെ വിട ചോദിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം തേന്മാവ്.
|