കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/സുഗന്ധമില്ലാത്ത പാല പൂക്കൾ
സുഗന്ധമില്ലാത്ത പാല പൂക്കൾ മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾക്കായി വേർതിരിക്കപ്പെട്ട വാർഡിലെ മൂന്നാം നമ്പർ കിടക്കയിൽ അയാൾ എഴുന്നേറ്റിരുന്നു. വെള്ള നിറമടിച്ച ജന്നാലയിലെ പുതുമയുടെ മണമുള്ള ജാലകമറ കാറ്റിൽ ഇളകിയപ്പോൾ പുറത്തെ വെയിലിൽ പകൽകിനാവ് കണ്ടു നിൽക്കുന്ന പാലമരത്തിലെ വെളുത്ത പുക്കളിൽ ചിലത് താഴെ വീണു.
അയാൾ മൊബൈലിൽ ഭാര്യയെ വിളിച്ചു "ഇച്ചായ”.... "എങ്ങനെയുണ്ട് .”..അവളുടെ ശബ്ദം ഇടറി അയ്യാൾ ചിരിച്ചു "എനിക്കൊരു കുഴപ്പവുമില്ല..... അടുത്ത ടെസ്റ്റിൽ നെഗറ്റീവ് ആകും...തീർച്ച”. അവൾ നിശബ്ദയായിരുന്നു "ഇച്ചായാ”..... അവൾ മെല്ലെ പ്പറഞ്ഞു... "ഇവിടെ ഒരു സമാധാനവുമില്ല..... വീടിനു കാവലുണ്ട്..... ചിലരൊക്കെ കല്ലെറിഞ്ഞു ജന്നൽചില്ലുകൾ പൊട്ടിച്ചു. നമ്മളെ പേപ്പട്ടികളെ പ്പോലെ ..... “ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അയാൾക്കറിയില്ലായിരുന്നു അയ്യാൾ കുവൈറ്റിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് നാട്ടിൽ എത്തിയത് മുഖാവരണം കെട്ടണമെന്ന് , കൈകൾ സോപ്പിട്ടു കഴുകണമെന്ന് ഒക്കെ നിർദ്ദേശമുണ്ടായിരുന്നു. പക്ഷേ അതൊന്നും അയ്യാൾ ചെയ്തില്ല. രോഗം അയാൾക്ക് പിടിപെടില്ലന്നും വേറേതോ ലോകത്തിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അയ്യാൾ കരുതി. ചെറിയ തൊണ്ടവേദന വന്നപ്പോൾ ഗൗരവമായി എടുത്തില്ല. തണുത്തവെള്ളം കുടിച്ചതാകാനാണു വഴി..അയ്യാൾ കരുതി. ആരോഗ്യപ്രവർത്തക വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയാൻ പറഞ്ഞു. തൊണ്ടയിൽ നിന്ന് ശ്രവം എടുത്ത് പരിശോധനക്ക് അയച്ചിരുന്നു. ഫലം വന്നപ്പോൾ പോസിറ്റീവ് .കാര്യങ്ങൾ കൈവിട്ടിരുന്നു. "ഇച്ചായാ... അവിടെ ഒറ്റക്ക്...മുഷിച്ചിലുണ്ടോ?” ഭാര്യയുടെ അന്വേഷണം "ഇതുവരെ കുഴപ്പമില്ലായിരുന്നു. അടുത്ത കിടക്കയിലെ തോമസ്‍കുട്ടി മരിച്ചു എന്നാ കേട്ടത്.... ശ്വാസം മുട്ടായിരുന്നു ....ഇന്നലെ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക മാറ്റിയിരുന്നു. പാവം .....അയ്യാൾക്ക് ഒരുപാട് സ്വപ്നങ്ങൾ ബാക്കിയായിരുന്നു.” "ഇച്ചായാ ....മോൾക്ക് ട്യൂഷൻ ഫീസ് കൊടുത്തില്ല.” "സാരമില്ല.” അയാൾ ആശ്വസിപ്പിച്ചു. "ഞാൻ ഈ ആഴ്ച വരില്ലേ....ബാങ്കിൽ പോകണം....ചെക്ക് ഒപ്പിട്ടു കൊടുത്താൽ പണം പിൻവലിക്കാം" തൊണ്ടവേദന അല്പം കുറവുണ്ട്.... എങ്ങിനെയെങ്കിലു ഒന്നു പുറത്തിറങ്ങിയാൽ മതിയായീരുന്നു. വീടിന്റെ പാലുകാച്ചു നടത്തണം. വീടുവക്കാനുള്ള ആഗ്രഹം മനസ്സിലിട്ടാണ് ഗൾഫിലേക്ക് പോയത്. ഈ വരവിന് വീടുകേറിതാമസിക്കണം എന്നായിരുന്നു ആഗ്രഹം. ക്വാറന്റീനിൽ വരുമെന്ന് ആരുകണ്ടു. ഏതായാലും വീട്ടിലെത്തിയാലുടനെ പാലൂകാച്ചുനടത്തണം അടുത്ത ബഡിലെ മോഹനൻപിള്ള ക്കു ശ്വാസം മുട്ടുകൂടി. ഈ വാർഡിലെ അയാളെ കൂടാതെയുള്ള അവസാനത്തെ രോഗിയാണ് പിള്ള. സ്പേസ് സ്യൂട്ട് ധരിച്ചപോലുള്ള കുറെ ആരോഗ്യ പ്രവർത്തകർ ഓടി കൂടുന്നു. ചിലർ ഓക്സിജൻ മാസ്‍ക് അയാൾക്ക് ധരിപ്പിച്ചു. ICU വിലേക്ക് തന്റെ കിടക്കക്കരികിലൂടെ ട്രോളിയിൽ കൊണ്ടുപോയപ്പോൾ പിള്ള അയ്യാളെ നോക്കി ചിരിക്കാൻ ശ്രമിച്ചുവെന്ന് തോന്നി. മാസ്കു് അയാളുടെ മുഖഭാവത്തെ മറച്ചിരുന്നു. കണ്ണിലൂടെ ചിരിക്കാൻ പഠിക്കേണ്ടിയിരിക്കുനനു എന്നയാൾ ചിന്തിച്ചു. ഇപ്പോൾ അയാൾ ആ വാർഡിൽ തനിച്ചായി. അയാൾ ജന്നൽ തുറന്നു. തുറന്ന പാളിയിലൂടെ അയാളെ തഴുകിയ കാറ്റിൽ അയാൾ പാലപൂക്കളുടെ സുഗന്ധം തേടി. അയാൾക്ക് ഒരു മണവും ഉള്ളതായി തോന്നിയില്ല. ശ്വാസം കുടുതൽ അകത്തേക്ക് വലിക്കാൻ അയാൾ ശ്രമിച്ചു. അയാൾക്ക് ശ്വാസംമുട്ടി. അത് പതിയെ കൂടി കൂടി വന്നു. ഫോൺ അടിച്ചു. ഭാര്യയാണ് . "ഇച്ചായാ...മോൾക്ക് ഇച്ചായനെ കാണണമെന്ന്" അയാൾക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു അതിനു വേണ്ട ജീവവായുവിനായി അയാൾ ഏങ്ങി വലിച്ചു ഫോണിലൂടെയുള്ള മകളുടെ കൊഞ്ചലിന്റെ ശബ്ദം അയാളുടെ കാതുകളിൽ നേർത്തു നേർത്തു വന്നു.......
|