ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/രോഗം നൽകുന്ന പാഠങ്ങൾ

രോഗം നൽകുന്ന പാഠങ്ങൾ-->
രോഗം നൽകുന്ന പാഠങ്ങൾ

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്. ചുറ്റുപാടും വൃത്തിയുള്ളതാണെങ്കിൽ നമുക്ക് ശുചിത്വമുണ്ടെന്ന്പറയാം.

             ശുചിത്വമുണ്ടെങ്കിൽ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും അതുവഴി രോഗാണുക്കളുടെ വ്യാപനം തടയുകയും ചെയ്യാം. രോഗാണുക്കൾ വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഭേദം അവ വരാതെ നോക്കുന്നതാണ്.
             ഭൂമിയുടെ ജീവവായുവാണ് പരിസ്ഥിതിയെന്ന് നമുക്ക് പറയാം. അതിൽനിന്നു തന്നെ പരിസ്ഥിതി സംരക്ഷിക്കേണ്ടുന്നതിൻെറ    ആവശ്യകത നമുക്ക് മനസ്സിലാകുമല്ലോ?
                 ശുചിത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ വ്യക്തിശുചിത്വമാണ് അതിൽ പ്രധാനം. വ്യക്തിശുചിത്വത്തിൽ നിന്ന് കുടുംബശുചിത്വത്തിലേക്കും കുടുംബശുചിത്വത്തിൽ നിന്ന് രാജ്യശുചിത്വത്തിലേക്കും അത് ചെന്നെത്തും.
                  വ്യക്തിശുചിത്വം ആരംഭിക്കുന്നത് രാവിലെ നമ്മൾ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങാൻ പോകുന്നത് വരെയാണ്. ആരോഗ്യം സംരക്ഷിക്കണമെങ്കിൽ ദിവസവും പല്ലുതേക്കുകയും  കുളിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം.
                ഇപ്പോൾ ഈ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ്‍-19 എന്ന വൈറസിൻെറ വ്യാപനം തന്നെ  വൃത്തിയില്ലായ്മയിൽ നിന്നുണ്ടായതാണെന്ന്  പറയാം. ഈ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ട് മുൻപ് വരെ ലോകരാഷ്ട്രങ്ങളിലെ നേതാക്കന്മാർ  പരസ്പരം കണ്ടുമുട്ടുമ്പോൾ ഷേക്ക്ഹാൻഡാണ് കൊടുത്തുകൊണ്ടിരുന്നത്. എന്നാലിപ്പോൾ ആ സ്ഥിതി മാറി. നമ്മൾ ചെയ്യുന്നതുപോലെ  പരസ്പരം കൈകൂപ്പി അഭിവാദ്യം ചെയ്യുന്നു. അതുപോലെ തന്നെ പുറത്ത്പോയി വന്നാൽ കൈയും കാലും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകാനും, ധരിച്ച് കൊണ്ട് പോകുന്ന വസ്ത്രങ്ങൾ അപ്പോൾ തന്നെ കഴുകി വൃത്തിയാക്കാനും ഈ ലോകത്തുള്ള എല്ലാ മനുഷ്യരും പഠിച്ചുകഴിഞ്ഞു. കൂടാതെ പുറത്ത് പോകുമ്പോൾ മാസ്ക് എന്ന മുഖാവരണം ധരിക്കേണ്ടുന്നതിൻെറ ആവശ്യകതയും ബോധ്യപ്പെട്ടു.
      ചുമക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും പണ്ടുകാലങ്ങളിൽ ആരുംതന്നെ തൂവാല ഉപയോഗിക്കുമായിരുന്നില്ല. ഇപ്പോൾ തൂവാല ഉപയോഗം ഒരു ശീലമായിക്കഴിഞ്ഞു. മൈക്രോസ്കോപ്പിൽ കൂടി മാത്രം കാണാൻ കഴിയുന്ന ഒരു സൂക്ഷ്മ ജീവിയായ വൈറസ് ,നമ്മുടെ ശീലങ്ങളിലെല്ലാം  മാറ്റം വരുത്തി. അതിശക്തരെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യവർഗം അവരവരുടെ വീടുകളിലേക്ക് അഭയം തേടുകയും പക്ഷിമൃഗാദികൾ ഉൾപ്പെടുന്ന മറ്റ് ജീവിവർഗങ്ങൾ പരിസ്ഥിതിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. വാഹനങ്ങൾ ഒന്നും തന്നെ നിരത്തിലിറങ്ങാത്തതിനാൽ അന്തരീക്ഷവായുവും ശുദ്ധമായി.
         ഇതുവരെ നാം ഭക്ഷിച്ചിരുന്നതെല്ലാം വിഷമയമായിരുന്നു. ഇപ്പോൾ നാം പ്രകൃതിയിലേക്ക് മടങ്ങിയെത്തി. നമ്മുടെ വീടുകളിൽതന്നെയുള്ള ചക്ക, മാങ്ങ,കോവയ്ക്ക, ചീര, മുരിങ്ങയില എങ്ങനെ ഉപയോഗിക്കണമെന്ന് പഠിച്ചുകഴിഞ്ഞു. അടുക്കളതോട്ടം നിർമിക്കാൻ തുടങ്ങി. ഇതിന് മുൻപ്  രക്ഷിതാക്കൾക്ക് മക്കളോടൊപ്പമോ  പ്രായമായ അച്ഛനമ്മമാരോടൊപ്പമോ ചെലവഴിക്കാൻ സമയമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ സ്ഥിതിയാകെ മാറി. 
         
            കോവിഡ്‍-19 പോലുള്ള മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷപ്പെടണമെങ്കിൽ   വ്യക്തിശുചിത്വവും പരിസരശുചിത്വവും അത്യാവശ്യമാണെന്ന് ശാസ്ത്രവും ലോകാനുഭവങ്ങളും നമ്മെ പഠിപ്പിച്ച് കഴിഞ്ഞു.   ഇപ്പോഴുള്ള ശുചിത്വശീലങ്ങളെല്ലാം ഇതുപോലെ നമ്മൾ    പിൻതുടർന്നാൽ ഒരു വൈറസ്സിനും രോഗാണുവിനും നമ്മെ  ഒന്നും ചെയ്യാൻ കഴിയില്ല. ഇതെല്ലാപേർക്കും ഒരു പാഠമായിരിക്കട്ടെ.  
ലോകാസമസ്താസുഖിനോ ഭവന്തു...
ആതിര.എസ്
+1 സയൻസ്. ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം