എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസ്ഥിതി ഇന്ന് !
പരിസ്ഥിതി ഇന്ന് !
കേരളം ഒരുദിവസം പുറന്തള്ളുന്നത് ഉദ്ദേശം 10000 ടൺ മാലിന്യം. ഏതെങ്കിലും രീതിയിൽ സംസ്കരിക്കപ്പടുന്നതു പരമാവധി 5000 ടൺ മാത്രം. ബാക്കി 5000 ടൺ മാലിന്യം കേരളത്തിലങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു. ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളിലേക്കുള്ള തീക്കൊള്ളികളാണു നാം കവറിൽ കെട്ടി ഇങ്ങനെ വലിച്ചെറിയുന്നത്. കേരളം നേരിടുന്ന ഏറ്റവും ഗുരുതരപ്രതിസന്ധി മാലിന്യമാണെന്നു മാറിവരുന്ന സർക്കാരുകൾ ഏറ്റുപറഞ്ഞിട്ടും മാലിന്യസംസ്കരണത്തിനു ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വികേന്ദ്രീകൃതമാലിന്യസംസ്കരണം ആശാവഹമാണെങ്കിലും ഇതിന്റെ പ്രായോഗികത ഇപ്പോഴും ചോദ്യചിഹ്നം. കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ ചൂട് 100 വർഷത്തിനുള്ളിൽ 4.5 ഡിഗ്രി സെൽഷ്യസ് കൂടുമെന്നാണു ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. മഴ കുറയും, പ്രകൃതിദുരന്തങ്ങളുടെ എണ്ണം കൂടും.എട്ടു വർഷത്തിനിടെ കേരളത്തിൽ നെല്ല് ഉൽപാദനത്തിൽ ആറു ശതമാനവും സുഗന്ധവിളയിൽ 20 ശതമാനവും കുറവുണ്ടായി. നാളികേര ഉൽപാദനം 10% കുറഞ്ഞു.ജനിതകമാറ്റം വന്ന പുതിയതരം വൈറസുകളും രോഗങ്ങളും കാലാവസ്ഥാ മാറ്റത്തിന്റെ മറ്റൊരു ലക്ഷണം. കേരളത്തിലെ 80 ശതമാനം കിണറും മലിനമെന്നാണു സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ധവളപത്രത്തിലെ കണക്ക്. വിസർജ്യ വസ്തുക്കളിൽ കാണുന്ന ബാക്ടീരിയകളാണ് കിണറുകളിൽ നിറഞ്ഞിരിക്കുന്നത്. തീരപ്രദേശത്തെ ഭൂഗർഭ ജലത്തിൽ ഉപ്പുരസത്തിന്റെ അളവ് ക്രമാതീതമായി വർധിച്ചു. പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ഭൂഗർഭ ജലസ്രോതസ്സുകളിൽ അമിതതോതിൽ ഫ്ലൂറൈഡ് കണ്ടെത്തി. വ്യവസായങ്ങൾ മൂലമുള്ള ഭൂഗർഭ ജല മലിനീകരണം എറണാകുളം, കൊല്ലം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലുമുണ്ട്. വ്യവസായ മാലിന്യങ്ങളും കീടനാശിനികളും ജലാശയങ്ങളിലേക്ക് ഒഴുകിയിറങ്ങിയതോടെ കുട്ടനാട്ടിലെ തണ്ണീർത്തടങ്ങളിലും വേമ്പനാട്ടു കായലിലും ശുദ്ധജല തടാകങ്ങളിലും ഓക്സിജൻ സാന്നിധ്യം അപകടകരമായ നിലയിൽ കുറയുന്നു. പരിസ്ഥിതിക്കു ഹാനികരമല്ലാത്ത വസ്തുക്കളുപയോഗിക്കുക, പുനരുപയോഗം കൂട്ടുക, പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങളെ തരം തിരിച്ചു സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ കർശന ശീലങ്ങൾ ആക്കി മാറ്റി, പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാതെ നാംതന്നെ നമ്മുടെ ഭൂമിയെ സംരക്ഷിച്ചേ മതിയാകു......
|