എഫ്.എച്ച്.എസ് മ്ലാമല/അക്ഷരവൃക്ഷം/അറിവില്ലായ്മ
അറിവില്ലായ്മ
പതിവില്ലാതെയുള്ള ഒച്ചയും ബഹളവും കേട്ടാണ് ദാമു ഉണർന്നത്.ഉച്ചമയക്കമായിരുന്നു. ഉറക്കത്തിന്റെ പരമോന്നത പദവിയിലെത്തിയപ്പോഴായിരുന്നു അത്. ഒരു പോലീസുകാരനതാ കടയിലേയ്ക്ക് ഓടികയറിവരുന്നു.അദ്ദേഹം പറയുന്നു കടയടച്ച് വീട്ടിലേയ്ക്ക് പോകാൻ.ദാമു കാരണമെന്തെന്ന് തിരക്കി.അതിനുത്തരം ആരെയും ദഹിപ്പിക്കുന്നൊരു നോട്ടമായിരുന്നു.അതൊരു ആജ്ഞയായി ദാമുവിനു തോന്നി.അവനതനുസരിച്ചു.ദാമു വീട്ടിലേയ്ക്കുപോയി.അന്ന് രാത്രി അവൻ ഉറങ്ങാൻ കിടന്നപ്പോഴും പോലീസുകാരന്റെ നോട്ടം അവനെ വേട്ടയാടുന്നുണ്ടായിരുന്നു. രാവിലെ ദാമു ഉണർന്നപ്പോഴതാ വീട്ടിലും വല്ലാത്ത ബഹളം. കട്ടിലിൽ ഇരുന്ന് എത്തിവലിഞ്ഞ് ഹാളിലേയ്ക്ക് നോക്കിയപ്പോൾ അവിടെയതാ ടി.വി ഇടതടമില്ലാതെ ചിലച്ചുകൊണ്ടിരിക്കുന്നു. കോട്ടുവായിട്ടുകൊണ്ട് ദാമു എണീറ്റു വന്ന് ഭാര്യയോട് തിരക്കി എന്താ ശ്യാമളേ?എന്താ ടി.വി യിൽ വിശേഷം?അടുക്കളയിൽ നിന്നും ശ്യാമള വിളിച്ചുപറഞ്ഞു കൊറോണ.കൊറോണയോ? എന്താ ഈ കൊറോണ. ദാമു ആശയക്കുഴപ്പത്തിലായി.ശാന്തനായി കുറച്ചുനേരമിരുന്ന് വാർത്ത കണ്ടു.ടി.വി-യിലാകെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ.വിദേശത്തുനിന്നെത്തിയവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ,രോഗിയെ പരിചരിച്ച നഴ്സിനും ചികിത്സിച്ച ഡോക്ടർക്കും ഒക്കെ കൊറോണ എന്ന ഭീകരൻ. ഇടിവെട്ടേറ്റതുപോലെ ദാമു ഒന്നലറി.ഭാര്യ ശ്യാമള അടുക്കളയിൽ നിന്നോടി വന്നു. എന്താ ? എന്തു പറ്റി ? അവൾ തിരക്കി.ഒറ്റവാക്കിൽ ദാമുവിന്റെ ഉത്തരം നിന്നില്ല , ഓർമ്മകളും.പെട്ടെന്ന് ദാമു ചോദിച്ചു. ഇന്ന് എത്രാം തീയതിയാ ?ശ്യാമള പറഞ്ഞു പറഞ്ഞ് അവരുടെ ഓർമ്മയുടെ ചിറകുകൾ പെട്ടെന്ന് പിന്നിലേയ്ക്ക് പോയി.ഇക്കഴിഞ്ഞ ഏഴിന് ജോണിയും ഭാര്യയും ഇറ്റലിയിൽ നിന്ന് വന്നതും അന്ന് രാത്രി അവിടെവച്ച് നടന്ന പാർട്ടിയും, അടുത്തദിവസം മംഗലാപുരത്തുവച്ച് നടന്ന കൃഷ്ണൻകുട്ടിച്ചേട്ടന്റെ മകളുടെ വിവാഹവും ഒക്കെ എത്ര ഗംഭീരമായ ചടങ്ങുകളായിരുന്നു.എത്ര എത്ര ആളുകൾ ഏതൊക്കെ ദിക്കിൽ നിന്നാണ്അവിടേയ്ക്കെത്തിയത്.അവർക്കുള്ളിലെവിടെയെങ്കിലും ഈ കൊറോണ ഉണ്ടായിരുന്നെങ്കിലോ ? മയക്കത്തിൽ നിന്നെന്നപോലെ അവർ ഞെട്ടിയുണർന്നു. അവർ പരസ്പരം പറഞ്ഞു,മറ്റന്നാളല്ലെ അമേരിക്കയിൽ നിന്ന് മകളും കുടുംബവും പുറപ്പെടാമെന്ന് പറഞ്ഞത്. ഭർത്താവിന്റെ മൗനാനുവാദത്താലെന്നോണം ശ്യാമള ലാൻഡ്ഫോണിൽ അക്കങ്ങൾ അമർത്തി.എന്നാൽ ആ വിളികളൊന്നുംതന്നെ മകൾ കേട്ടതേയില്ല.അമേരിക്കൻ നഗരത്തിലെ ആശുപത്രികളിലൊന്നിലെ ഏതോ ഒരു ഒറ്റമുറിയിൽ അവളും നിദ്രയിലായിരുന്നു. ഒന്നനങ്ങാൻപോലുമാവാതെ.
|