ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/"ഫോൺ കോൾ "
"ഫോൺ കോൾ "
"ട്രീങ്.... ട്രീങ്...... "ശബ്ദം കേട്ടപാടെ അടുക്കളയിൽ നിന്നും പാത്രം കഴുകികൊണ്ടിരുന്ന സതീശൻ ഫോണെടുക്കാൻ പാഞ്ഞെത്തി. "ഹലോ സതീശൻ ഹിയർ, ഹു ഈസ് ദിസ്? " ആംഗലേയ ഭാഷകൊണ്ടുള്ള പത്രാസ് കാണിക്കൽ മടക്കി പോക്കറ്റിലിടാൻ ആവശ്യപ്പെട്ടുള്ള മറുപടി ----"ഹലോ സതീശേട്ടാ ഇതു ഞാനാ ചാക്കോ ". "ങാ..... ചാക്കോ... നീയോ?..... എന്തൊക്കെയാ വിശേഷം...?എന്താ പതിവില്ലാത്തൊരു വിളി?!...." " ഓ... ചുമ്മാ വിളിച്ചതാ, വിശേഷമൊക്കെ തിരക്കാമെന്നു വിചാരിച്ചു. അവിടെ എന്തൊക്കെയാ പരിപാടി?... " "വീട്ടിത്തന്നെ ഇരിക്കുമ്പോൾ എന്തു വിശേഷം, ! ഞാനിവിടെ ഇടയ്ക്ക് ടീവി കണ്ടും, പുസ്തകം വായിച്ചും പിന്നെ പാത്രം കഴുകിയും വീടു വൃത്തിയാക്കിയും സമയം ചെലവഴിക്കുന്നു." പൊടുന്നനെ അടുത്ത ചോദ്യം. ---"അപ്പോൾ ചേട്ടൻ പാത്രം കഴുകാറൊക്കെ ഉണ്ടോ? !അപ്പൊ അവിടെ സൗമിയേച്ചി ഇല്ലേ? "... ന്യായമായ ചോദ്യം.. സൗമ്യമായ മറുപടി... "അവൾക്കൊരു അവധി കൊടുത്തു. ---നമുക്ക് സമയം പോയാപ്പോരേ.. " "ങ്‌ഹും... എങ്ങനെ ഉണ്ടായിരുന്ന ലോകമാ.. ഒരു രോഗം വന്നപ്പോഴേക്കും എല്ലാം മാറിയില്ലേ? !... വലിയ കാശുകാരുടെ നാടായ അമേരിക്കയിൽ പോലും എത്ര ആൾക്കാരാ മരിച്ചു വീഴുന്നത് --" "കാശുള്ളവനും ഇല്ലാത്തവനുമൊക്കെ ലോകത്തിനു മുൻപിൽ ഒരുപോലാ !.... ങ്ഹാ ഒന്നോർത്താൽ അവിടെയുള്ളതിനേക്കാൾ രോഗപ്രധിരോധത്തിൽ എത്ര മുന്നിലാ നമ്മുടെ രാജ്യം " !.... കുശലം മാറി കാര്യം പറഞ്ഞപ്പോൾ ചാക്കോയും അതു ശരിവെച്ചു. "ശരിയാ സർക്കാരും ആരോഗ്യപ്രവർത്തകരും പോലീസുകാരുമൊക്കെ കട്ടയ്ക്ക് നിൽക്കുന്നത് കൊണ്ടു അല്പം സമാധാനമുണ്ട്...." നിശബ്ദദയുടെ ഒരു നിമിഷത്തിനു ശേഷം--പെട്ടെന്നൊരു ചോദ്യം.ഇത്തവണ അതു സതീശിന്റെതായിരുന്നു --"അല്ല ഗൾഫിലെ നിന്റെ അളിയന്റെ കാര്യമൊക്കെ എങ്ങനെയാ?... " ".... വലിയ കഷ്ടത്തിലാ ചേട്ടാ പ്രളയം കൊണ്ടുപോയതു തിരിച്ചു പിടിക്കാൻ ചാടി പുറപ്പെട്ടതാ.... ഇപ്പൊ ജോലിക്ക് പോകാനും പറ്റുന്നില്ല, തിരിച്ചു വരാനും പറ്റുന്നില്ല, അവിടെ കുടുങ്ങി കിടപ്പാ ".. "വിഷമിക്കേണ്ട കാര്യമൊന്നുമില്ലെടോ എല്ലാം ശരിയാകും " ".... ങ്ഹാ.. ആ ഒരു പ്രതീക്ഷ മാത്രമേ ഉള്ളൂ ..." സംഭാഷണംഅങ്ങനെ തുടരുമ്പോൾ സതീശൻ ചോദിച്ചു --"നിന്റെ അവിടുത്തെ പരിപാടികളെന്തൊക്കെയാ?.. "ആ ചോദ്യം ഫോണിന്റെ എതിർവശത്തുള്ള ആളിൽ ചെറുതായി ആവേശം നിറച്ചു. എന്നാലതു സംഭാഷണത്തിന്റെ ഗതി മാറ്റിമറിച്ചു... "ങ്ഹാ, നമുക്കിവിടെയെല്ലാം ഉഷാറാ. ഇടയ്ക്കു ടീവി കാണലും പിന്നെ ചീട്ടുകളിയും.♤♡◇♧ " "ങേ ചീട്ടു കളിയോ !?..., അതിനു നിന്റെ വീട്ടിൽ ചീട്ടുകളിക്കാൻ വേറെ ആളുകളുണ്ടോ അതോ സോളിറ്റയർ ആണോ? ".. "അതൊന്നുമല്ല, ഞങ്ങളുടെ നാട്ടിലെ പിള്ളേരൊക്കെ ചേർന്നു ആ ഡാമിന്റെ അടുത്തു നിന്നു കളിക്കുന്നതാ.. അതുപറഞ്ഞപ്പോഴാണ് ഓർത്തത് മിനിഞ്ഞാന്ന് ചീട്ടു കളിക്കുമ്പോൾ ഒരു തമാശ ഉണ്ടായി ". അത്രയും കേട്ടപ്പോഴേക്കും സതീശന്റെ ഭാവം മാറിയിരുന്നു. 'ങേ !എന്താ' എന്ന ചോദ്യം മാത്രം ചോദിച്ചു. "അതോ അതു നമ്മളന്നു ചീട്ടുകളിക്കുമ്പോ പറക്കുന്ന എന്തോ ഒരു സാധനം നമ്മുടെ നേരെ വന്നു. കണ്ടപാടെ കൂടെയുണ്ടായിരുന്നവരൊക്കെ എണീറ്റിട്ടോടി, എനിക്കു സംഭവമൊന്നും മനസ്സിലായില്ല. അപ്പോഴേക്കും മറ്റുള്ളവർ പള്ളി പറമ്പു ചാടിക്കടന്നിരുന്നു. ഞാൻ അല്പസമയം ആ സാധനത്തെ തന്നെ നോക്കി. പിന്നെ ഒരു കല്ലെടുത്തൊരേറു കൊടുത്തു. അതു താഴെ വീണു. " "എന്റെ ശിവനേ !" സതീശന്റെ മുഖം വിളറി. "നീ പോലീസിന്റെ ഡ്രോൺ തകർത്തോ?" "ങേ അപ്പൊ അതാണോ ഡ്രോൺ". ചാക്കോയുടെ ഭയം ഫോണിൽ കേൾക്കാമായിരുന്നു... "ഇനി എന്തു ചെയ്യും ".. "നീ ഒന്നും ചെയ്യേണ്ട, ചെയ്യേണ്ടത് പോലീസു ചെയ്തു കൊള്ളും ... അല്ലാ സാമൂഹിക അകലം എല്ലാവരും പാലിക്കണമെന്നു നിനക്കറിയില്ലായിരുന്നോ? " "നമ്മുടെ നാട്ടിൻപുറത്ത് അതു വേണോ?." ലളിതമായ ഒരു മറു ചോദ്യം. "വേണം എല്ലാ സ്ഥലത്തും വേണം. ഈ കോറോണേയെ തോൽപ്പിക്കാൻ സർക്കാരും പോലീസും, ആരോഗ്യ പ്രവർത്തകരും മാത്രം വിചാരിച്ചാൽ പോര. സാധാണക്കാരായ നമ്മളോരുത്തരും വിചാരിക്കണം ". ഈ ഫോൺ സംഭാഷണം അങ്ങനെ തുടരുമ്പോഴും മറ്റു പലയിടത്തും സംഭാഷണങ്ങൾ ആരംഭിക്കുന്നുണ്ടായിരുന്നു :വീട്ടിലെത്തുവാൻ കുറച്ചു ദിവസങ്ങൾ കൂടി എടുക്കുമെന്നറിയിക്കുന്ന, വിശ്രമമില്ലാതെ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെയും മറ്റും കോളുകൾ, ലോക്ക് ഡൗണിനിടെ പലയിടത്തായി കുടുങ്ങി പോയവർ സഹായമഭ്യർഥിച്ചു കൊണ്ടും പ്രിയപെട്ടവരെ വിവരം അറിയിച്ചുകൊണ്ടുമുള്ള കോളുകൾ, ആവുന്നവരെയൊക്കെ സഹായിക്കണമേ എന്നാവശ്യപ്പെട്ടുകൊണ്ടു സന്മനസ്സുള്ളവർ നടത്തുന്ന കോളുകൾ.. ഇവരുടെയൊക്കെ ഇടയിൽ ആരെയും വിളിക്കാനും അറിയിക്കാനുമാവാതെ നിസ്സഹായരായ ചിലയാളുകളുണ്ട് അവരെ സഹായിക്കാൻ നന്മയുള്ളവർ നടത്തുന്ന പ്രവർത്തനങ്ങൾ. ഈ നാടിനെ കോവിഡ് -19 എന്ന മഹാമാരി വിഴുങ്ങാതിരിക്കാൻ നമ്മൾ നടത്തുന്ന ശ്രമങ്ങൾ എല്ലാം, വിജയം കാണണേ എന്നു നമ്മൾ ആഗ്രഹിക്കുന്നു.... "ഈ കാലവും കടന്നുപോകും എന്ന പ്രതീക്ഷയോടെ".......
|