എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/ലോക്ഡൗൺ

15:28, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raji Raj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ഡൗൺ

മിന്നുത്തത്ത ഉണർന്നു.പുറത്തേയ്ക്ക് നോക്കി. ഹായ് എത്ര സുന്ദരമായ പ്രഭാതം. അപ്പുവിന്റെ വീട്ടുമുറ്റത്തേയ്ക്ക് പോകാം. അവിടെയാകുമ്പോൾ ഇഷ്ടം പോലെ പഴങ്ങൾ തിന്നാം. അവൾ പറന്നു.ഹായ്...... നല്ല തുടുത്ത ചാമ്പയ്ക്ക. ഇന്നെന്താ അപ്പുവിന്റെ അനക്കമൊന്നുമില്ലല്ലോ? അല്ലെങ്കിൽ ഈ സമയത്ത് സ്കൂളിൽ പോകുന്നത് കാണാലോ? തന്നെയുമല്ല വരുന്ന വഴി റോഡിലൊന്നും മനുഷ്യരെയാരേയും കണ്ടില്ല. അപ്പോഴാണ് ചക്കരമാവിൽ കറുമ്പിക്കാക്ക ഇരിക്കുന്നത് അവൾ കണ്ടത്. അവൾ അങ്ങോട്ട് പറന്നു. മിന്നൂ..... നീയറിഞ്ഞില്ലേ? എന്താ കറുമ്പീ....? ലോക് ഡൗൺ...... ലോക് ഡൗൺ. ലോക്ഡൗണോ എന്താ കറുമ്പീ നീയീ പറയുന്നത്? അതേ മിന്നു..... ഇന്ത്യ ലോക് ഡൗൺ.... കേരളം ലോക് ഡൗൺ.... എറണാകുളം ലോക് ഡൗൺ..... സർവ്വത്ര ലോക് ഡൗൺ. മനുഷ്യവർഗത്തിന് ഒരു പുതിയ ശത്രു അവതരിച്ചിരിക്കുന്നു. നോക്കിയാൽ കാണാൻ പറ്റാത്ത... ഇത്തിരിക്കുഞ്ഞൻ വൈറസ് കൊറോണ. പിന്നേയ്...... ഏതു ശത്രു അവതരിച്ചാലും ചുട്ടെരിക്കാൻ പോന്ന ആയുധങ്ങളും മനുഷ്യശേഷിയും ബുദ്ധിയും മനുഷ്യർക്കുണ്ട്. പിന്നെന്തിനാ ലോക്ഡൗൺ ? മിന്നൂ..... അവിടല്ലേ രസം. ഈ കുഞ്ഞൻ ശത്രുവിന്റെ മുന്നിൽ വമ്പൻ രാഷ്ട്രങ്ങളൊക്കെ മുട്ടുമടക്കിയിരിക്കുകയാ. എത്രയെത്ര മനുഷ്യ ജീവനാ പൊലിഞ്ഞത്. ഇത്തിരിയെങ്കിലും നട്ടെല്ല് ഉയർത്തി നിൽക്കുന്നത് നമ്മുടെ ഇന്ത്യ മാത്രമാ. ഓ..... അതാണല്ലേ പുറത്താരേയും കാണാത്തത്. അതെ മിന്നു... വീടിനു പുറത്ത് ഇറങ്ങരുത്...... സമ്പർക്കം പാടില്ല..... മാസ്ക്ക് ധരിക്കണം..... കൈകൾ എപ്പോഴും വൃത്തിയാക്കണം....... കൂട്ടം കൂടരുത്....... ആ... ഒരു കണക്കിന് നന്നായി. നമ്മളെ പോലെയുള്ള പക്ഷികളെ കൂട്ടിലടച്ച് രസിക്കുന്നവരല്ലേ? സ്വാതന്ത്ര്യത്തിന്റെ വില അവരും ഒന്ന് അറിയട്ടെ. അതു മാത്രമോ? നമ്മുടെ അമ്മയായ പ്രകൃതിയെ എന്തുമാത്രമാ ദ്രോഹിക്കുന്നത് ?അമ്മയുടെ നിലവിളി കേൾക്കുന്നില്ലേ? ശരിയാ. പക്ഷേ....... നമ്മുടെ അപ്പുവും കുടുംബവും... അവരുടെ വീടിന് ചുറ്റും നോക്കൂ. എത്ര മരങ്ങൾ....... എത്ര പഴങ്ങൾ...... എത്ര പൂക്കൾ...... എത്ര വളർത്തുമൃഗങ്ങൾ.....പക്ഷിമൃഗാദികളോടും പ്രകൃതിയോടും എത്ര കരുതലാണിവർക്ക്. നമ്മൾ ഇവിടെ വന്നല്ലേ എല്ലാ ദിവസവും പഴങ്ങൾ ഭക്ഷിക്കുന്നത് പാറിക്കളിക്കുന്നത്... അപ്പുവിന്റെ കുടുംബത്തെപ്പോലെ നന്മ വറ്റാത്ത കുറച്ച് മനുഷ്യരെങ്കിലും ഇപ്പോഴും ഉണ്ട്. അവരെപ്പോലുള്ള മനുഷ്യരുടെ പ്രാർത്ഥന കൊണ്ടാവാം ഇതൊക്കെ തരണം ചെയ്യാൻ പറ്റുന്നത്. എന്തായാലും ഈ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും തങ്ങളുടെ വിലപ്പെട്ട ജീവിതം സമാധാനമായി ജീവിക്കാൻ കഴിയട്ടേന്ന് നമുക്ക് പ്രാർത്ഥിക്കാം. അല്ലേ കറുമ്പീ? അതേ...... അതേ... മിന്നുത്തത്തയും കറുമ്പിക്കാക്കയും പറന്നുയർന്നു. അതിരുകളില്ലാത്ത..... ലോക്ഡൗണില്ലാത്ത...... വിശാലമായ ആകാശത്തേയ്ക്ക്.

നിവേദ് ആർ
3 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ