അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ജാലകപ്പാളിക്കിടയിലൂടെ
അക്ഷരവൃക്ഷം - കഥ
ജാലകപ്പാളിക്കിടയിലൂടെ
അവധി കിട്ടിയാൽ ഉറക്കം മതിയാവാറില്ല. നീണ്ട അവധിയിൽ ജനലുകളും വാതിലുകളും അടച്ചപ്പോൾ എനിക്ക് ഉറക്കം ഇല്ലാതെയായി.... അതിരാവിലെ കണ്ണുകളിലേക്ക് ഉറക്കത്തെ വിളിച്ചു വരുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. പുതപ്പിനിടയിലൂടെ കണ്ണിട്ട് ജനാലകളിലേക്ക് നോക്കിക്കൊണ്ടേയിരുന്നു. ഒടുവിൽ അവൾ വന്നു ചേർന്നു, നേർത്ത വെളിച്ചമായി ..... പുതപ്പ് വലിച്ചെറിഞ്ഞ് ഞാൻ അവളുടെ അടുത്തേയ്ക്ക് ഓടി. സൂര്യകിരണങ്ങളായി അവൾ എന്റെ അടുത്തേയ്ക്ക് എത്തിയപ്പോൾ എനിക്ക് വല്ലാത്ത അനുഭൂതി തോന്നി. അന്നു മുതൽ അവൾ എന്റെ തോഴിയായി. എത്ര കാലമായി അവൾ വന്നു പോകുന്നു. ഒരിക്കൽ പോലും ഞാൻ അവളെ കണ്ടിരുന്നില്ല. കൂട്ട് കൂടിയിരുന്നില്ല. ജനൽപ്പാളികൾക്കിടയിലൂടെ എന്റെ നേത്രങ്ങളുമായി അവൾ പുറത്തിറങ്ങി. മനോഹരമായ പ്രകൃതി ദൃശ്യങ്ങളിലേക്ക് ..... ഇന്നലെ പെയ്ത മഴയിൽ കുളി കഴിഞ്ഞ വാർമുടി പോലെ പ്രകൃതി ചിതറിക്കിടക്കുന്നു. ഈറൻ തുള്ളികൾ ഇറ്റുവീഴുന്നു. ഉതിർന്നുവീണ മുല്ലപ്പൂ കണക്കെ കതിരുകളും ഇലത്തുമ്പുകളും ചിതറിയിരിക്കുന്നു. വാസന സോപ്പിന്റേതു പോലെ മണ്ണിൽ നിന്നു മനം കുളിർപ്പിക്കുന്ന ഗന്ധം ഉയരുന്നു. എത്ര കാലങ്ങളായി മഴ പെയ്യുന്നു. എത്ര കാലം ഇതു വഴി വന്നിരിക്കുന്നു. ഒരിക്കൽ പോലും ഞാനിതൊന്നും കണ്ടിരുന്നില്ല. ആസ്വദിച്ചിരുന്നില്ല. മണ്ണിൽ കളിച്ചാൽ രോഗം പകരും മഴ നനഞ്ഞാൽ രോഗം പകരും. മഴ നനഞ്ഞാൽ പനി പിടിക്കും വെയിലത്തിറങ്ങിയാൽ കറുക്കും ഇങ്ങനെ വിലക്കുകളുടെ നീണ്ട ശബ്ദങ്ങൾ മാത്രമാണ് ഞാൻ കേട്ടിട്ടുള്ളത്. അവൾ അൽപ്പം കൂടി തിളക്കമുള്ളവളായി. എന്റെ കൂട്ടുകാരിയുടെ സൗന്ദര്യത്തിൽ എനിക്ക് കുറച്ച് അസൂയ തോന്നി. ഇളകി മറിഞ്ഞ് ഒരു കൊച്ചു കാറ്റ് വീശിക്കൊണ്ടിരുന്നു. ചിതറിക്കിടക്കുന്ന വാർമുടി ചീകി ഒതുക്കുന്നതു പോലെ പ്രകൃതിയെ പഴയ രൂപത്തിലേക്ക് ചീകി ഒതുക്കി. പ്രകൃതിയുടെ ശബ്ദ രാഗങ്ങളുടെ പാട്ടും മധുരക്കനികളുടെ രുചിയും ആസ്വദിച്ച് ഞാൻ അവളോടൊപ്പം നടന്നു. അങ്ങനെ കളിച്ചിട്ടു കൊതിതീരാതെ വിസ്മയക്കാഴ്ചകൾ കണ്ടു മതിവരാതെ സന്ധ്യമയങ്ങുമ്പോൾ ജനൽ പാളികൾ അടയുന്നതിന് മുമ്പേ കൂട്ടുകാരിയോട് മാത്രം പറഞ്ഞ് ഞാൻ അകത്തു കടന്നു. ഉറക്കമില്ലാതെ കിടക്കുമ്പോൾ ഞാൻ എന്നോട് പറഞ്ഞു. സ്വാതന്ത്ര്യം ലംഘിക്കപ്പെടുമ്പോൾ മാത്രമാണ് നാം യാഥാർത്ഥ്യങ്ങൾ അറിയുന്നത്.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |