ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

21:28, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മാലാഖമാർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിലെ മാലാഖമാർ
       ആതുര സേവനത്തിലൂടെ  മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകകൾ ലോകത്തിന് കാഴ്ചവെക്കുന്ന ഭൂമിയിലെ മാലാഖമാരാണ് നഴ്സുമാർ.  തൂവെള്ള വസ്ത്രമണിഞ്ഞ് നിപ്പാസമയത്തും ഇപ്പോൾ കൊറോണക്കാലത്തും രാവും പകലും വിശ്രമമില്ലാതെ സ്വന്തം ജീവനും ആരോഗ്യവും പണയം വെച്ച് രോഗികളെ പരിചരിക്കുന്ന ഇവർ ദൈവത്തിനു തുല്യം തന്നെയാണ്. ഏതു പ്രതിസന്ധിയിലും ചിരിക്കുന്ന, ആത്മവിശ്വാസവും ആശ്വാസവും പകരുന്നവരുമായിട്ടാവും ഇവരെ നിങ്ങൾ കാണുക. ലോകാരോഗ്യ സംഘടന 2020 നെ ആതുരസേവകരുടെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു.  ആധുനിക നഴ്സിങ് ശാസ്ത്രത്തിന്റെ അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 200--)0 ജന്മവാര്ഷികത്തിലാണ് ഈ പ്രത്യേക വര്ഷാചരണം. 
       ആധുനിക വൈദ്യ ശാസ്ത്രത്തിന് പിന്തുണയുമായി ആധുനിക നേഴ്സിങ് സംവിധാനം നടപ്പാക്കിയ ചരിത്രവനിതയാണ് ഫ്ലോറൻസ് നെറ്റിങ്ഗേൽ. 1883-1886 കാലഘട്ടത്തിൽ നടന്ന ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ നോക്കാൻ രാത്രികാലങ്ങളിൽ നെറ്റിങ്ഗേൽ ഒരു വിളക്കുമായി സ്ഥിരം വരുമായിരുന്നു. അങ്ങനെ അവർക്ക് വിളക്കേന്തിയ വനിത എന്ന വിളിപ്പേരുവന്നു. പിൽകാലത്ത്  നെറ്റിങ്ഗേളിന്റെ പാത പിന്തുടർന്ന ഒട്ടേറെപ്പേർ നഴ്സിംഗ് മേഖലയിലേക്ക് കടന്നുവന്നു. ലോകത്തെവിടെയായാലും ആതുര ശുശ്രുഷ രംഗത്തുള്ള മലയാളി നേഴ്സ്മാരുടെ സേവനം എടുത്തു പറയേണ്ടതാണ്. 2018-ൽ മഹാമാരിയായി പടരുമായിരുന്ന നിപ എന്ന വിപത്തിനെ പിടിച്ചുകെട്ടാൻ പടയാളികളായി നമ്മുടെ മാലാഖമാർ അണിനിരന്നു. നിപ കാലത്തെ ആർദ്രമായ ഓർമയാണ് ലിനിയെന്ന നേഴ്സ്. ഇന്ന് ആഗോള മഹാമാരിയായ കോവിഡ് 19 ന് എതിരായ യുദ്ധത്തിൽ നഴ്സുമാർ കാണിക്കുന്ന ധൈര്യവും ആത്മസമർപ്പണവും പ്രശംസനീയമാണ്. 
     എന്നാൽ നഴ്സിംഗ് രംഗത്ത് ചൂഷണവും അഴിമതിയും വർധിച്ചത് മൂലം ഭൂരിഭാഗം നഴ്സുമാർക്കും ദുരനുഭവങ്ങളാണ് നേരിടേണ്ടി വന്നത്.  അതിദയനീയമായ വേതനസേവനവ്യവസ്ഥകളിൽ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന നഴ്സുമാരുടെ ഗതികേട് സമീപകാലത്തു സമൂഹത്തെ ഞെട്ടിപ്പിച്ചിരുന്നു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ സുരക്ഷിതത്വം ആരുടെ കൈകളിലെന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി ബാക്കിയാവുന്നു.  ഇങ്ങനെ കയ്പ്പും മധുരവും നിറഞ്ഞതാണ് നഴ്സുമാരുടെ ജീവിതമെങ്കിലും ഓരോ രോഗിയുടെയും പ്രശ്നങ്ങൾ കേട്ടറിഞ്ഞ് ശുശ്രൂഷിക്കുമ്പോൾ തങ്ങളുടെ പ്രശ്നങ്ങൾ പലപ്പോഴും അതിലലിഞ്ഞ് ഇല്ലാതാകുന്നു. സിസ്റ്ററെ എന്നൊന്ന് വിളിക്കുമ്പോൾ ഓടി നമുക്ക് അരികിലേക്കെത്തുന്ന ഇവർ തന്നെയല്ലേ ശരിക്കും ഭൂമിയിലെ മാലാഖമാർ!
അഭയ് കൃഷ്ണ
6 B ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം