ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/ക്ഷണിക്കാത്ത അതിഥി

ക്ഷണിക്കാത്ത അതിഥി

വികസനത്തിന്റെ പാതയിൽ ക്ഷണിക്കാതെ കടന്നുവന്ന അതിഥി

ദൈവത്തിന്റെ മനോഹര സൃഷ്ടിയായ മനുഷ്യന്റെ ധാരാളം കണ്ടുപിടുത്തങ്ങളാൽ നിറഞ്ഞുനിൽക്കുകയാണ് ഇന്നത്തെ ലോകം. വികസനത്തിന്റെ പാതയിൽ സംഞ്ചരിക്കുന്ന ലോകത്തെ ഇന്ന് ഏറ്റവും അധികം ബാധിച്ചിരിക്കുnന്ന മഹാവിപത്താണ് പ്ലാസ്റ്റിക്.
മനുഷ്യനെന്ന ലാഭക്കൊതിയനായ മൃഗം മുൻപിൻ നോക്കാതെ കുടം തുറന്നുവിട്ട ഭൂതം തിരികെ കയറാൻ ഒട്ടും കൂട്ടാക്കാതെ ലോകമാകെ അലഞ്ഞുതിരിഞ്ഞ് നാശം വിതക്കുന്ന കാലം. തിരിഞ്ഞ് കൊത്തുന്നത് സാവധാനത്തിൽ ആയതിനാൽ തിരിച്ചറിയാൻ വൈകിപ്പോയ ആ വിഷവിത്താണ് പ്ലാസ്റ്റിക്.
നിമിഷാർത്ഥംകൊണ്ട് നാഗസാക്കിയേയും ഹിരോഷിമയേയും ചുട്ടെടുത്ത ഡൈനാമിറ്റിന്റെ പ്രഹരശേഷിയെ പിന്തള്ളുന്ന മാരകമായ നിശബ്ദ കൊലയാളി.
പലനിറങ്ങളിൽ പലരൂപത്തിൽ വിനാശത്തിന്റ പരസ്യം പോലെ അന്തകനായ പ്ലാസ്റ്റിക്.
രാസസ്വഭാവം കൊണ്ട് വ്യവസായസാലകളേയും മനോഹര സൗന്ദര്യം കൊണ്ട് മനുഷ്യമനസ്സിനെയും സ്വാധിനിച്ച ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ അത്ഭുതമാണ് പ്ലാസ്റ്റിക്. ലോഹത്തെക്കാൾ ഈടുനിൽക്കുന്നതും ഭാരത്തിന്റെ കുറവും ഇഷ്ട്ടപ്പെട്ട ആകൃതിയിലേക്ക് മാറ്റാനുള്ള എളുപ്പവും കൊണ്ട് ഈ നൂറ്റാണ്ടിന്റ ഉല്പന്നവുമായിമാറി.
ആധുനികതയുടെ പുറമ്പോക്കിൽ ഓച്ഛാനിച്ചു നിന്ന ഈ സർവനാശം നടുപ്പുരയിലേക്ക് കസേര വലിച്ചിട്ടിരുന്നത് വളരെപെട്ടന്നാണ് ജീവിതത്തിന്റെ ഏതു മേഖലയിലും ഓഴിച്ചുകൂട്ടാനാവാത്ത അത്ര ഉറപ്പോടെ.
സൗമ്യനായ ചിരപരിചിതനായ ഈ ശത്രുവിനെ മനുഷ്യൻ തിരിച്ചറിഞ്ഞുതുടങ്ങിയത് എപ്പോഴാണ്?. വീട്ടുമുറ്റത്തെ ജലാശയങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ അന്യരാജ്യങ്ങളിലേക്ക് വരെ ഒഴുകിയെത്തിയപ്പോൾ, തീറ്റത്തടിഞ്ഞ നീലത്തിമിംഗലത്തിന്റെ വയറ്റിൽ ക്യാരിബാഗുകൾ കണ്ടെത്തിയപ്പോൾ മണ്ണിലെ വേരോട്ടം തടഞ്ഞു വന്മരങ്ങളെ ഉണക്കിക്കളഞ്ഞപ്പോൾ. ഇങ്ങനെ പ്ലാസ്റ്റിക് എന്ന മനുഷ്യനിർമിത ഭീകരനെ ലോകം അടുത്തു കണ്ടു. ഓരോ ദിനവും കണക്കിന് ശീതളപാനീയങ്ങൾ വിറ്റഴിക്കപ്പെട്ടപ്പോൾ കുപ്പി മുഴുവൻ വലിച്ചെറിയപെട്ടു. ഉപയോഗിച്ച് വലിച്ചെറിയുന്ന കൊച്ചു കൊച്ചു ബോംബുകൾ.
നമ്മുടെ ശീലങ്ങൾ മാറ്റിയേതീരൂ :കിലോകണക്കിനുള്ള ലാപ്ടോപ്പും 200gm.ഉള്ള മൊബൈൽ ഫോണും ചുമക്കാൻ മടിയില്ലാത്ത നാം ഒരു ചെറിയ തുണിസഞ്ചിയെ കൂടെകൂട്ടാൻ മനസ്കാട്ടിയാൽ വിപ്ലവം തുടങ്ങുകയായി.
അടുക്കളവാതിൽക്കൽ എത്തുന്ന മീനിനായ് ഒരു അടുക്കളപാത്രം നീട്ടിയാൽ തുടക്കമായി വലിച്ചെറിയാതെ ശേഖരിച്ചു ഉല്പന്നനിർമ്മാണത്തിന് ഉപയോഗിച്ചാൽ ഒരു പരിധി വരെ വിജയമായി. 'പഴമയിലേക്ക് തിരിഞ്ഞു നടക്കുക അത്ര എളുപ്പമല്ല '.പക്ഷേ എനിക്ക് കിട്ടിയ എന്റെ ഭൂമിയെ അടുത്ത തലമുറക്ക് കൂടി ഉപയുക്തമാക്കണമെങ്കിൽ സ്വയം നിയന്ത്രിച്ചേ മതിയാവൂ.
അല്ലെങ്കിൽ "ഇനിവരുന്നൊരു തലമുറയ്ക്കു ഇവിടെ വാസം സാധ്യമോ "...........എന്ന് കരളുപൊട്ടി പാടേണ്ടിവരും. "ഇനിയുമരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി"എന്ന് ആശംസിക്കേണ്ടി വരും. അതിന് ഇടകൊടുക്കില്ല എന്ന പ്രതിജ്ഞയെടു ത്തു കൊണ്ട് നമ്മുക്ക് കൈകോർക്കാം.


നൈജിൻ എം ഷിജി
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കടുത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം