സെന്റ് തോമസ്സ് എച്ച്.എസ് പാലാ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിണാമ ശൃംഖലയിലെ അവസാന കണ്ണിയായി മനുഷ്യവർഗ്ഗം ഭൂമിയുടെ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. ഭൂമിയും അതിലെ ചരാചരങ്ങളും പ്രപഞ്ചവും ഉൾപ്പെടുന്ന പരിസ്ഥിതിയും ഓരോ ജീവവർഗ്ഗത്തിന്റെയും പരിസ്ഥിതിയും തമ്മിലുള്ള ഒരു ജൈവബന്ധം നിലനിർത്തുക എന്നതാണ് ഈ ഭൂമിയുടെയും അതിലെ നിവാസികളുടെയും നിലനിൽപ്പിന് കാരണഭൂതമായ വസ്തുത. അതിനെ ലംഘിക്കുന്ന എന്തും ഓരോ ജീവിയുടെയും നിലനിൽപ്പിനു തന്നെ ദോഷം വരുത്തുകയും പരിസ്ഥിതിപ്രശ്നം ആയി മാറുകയും ചെയ്യുന്നു. പരിസ്ഥിതിയും പരിത:സ്ഥിതിയും രണ്ടാണ്. പരിത:സ്ഥിതി ഓരോ വ്യക്തിയുടെയും ഓരോ ജീവവർഗ്ഗത്തിന്റെയും ചുറ്റുപാടുകളാണ്. ചുറ്റുപാടുകളും ജീവവർഗ്ഗവും ഒന്നുചേർന്ന് പരിസ്ഥിതിയെ സൃഷ്ടിക്കുന്നു. വ്യത്യസ്ത പരിത:സ്ഥിതികൾ ശരിയായ ക്രമത്തിലും ഘടനയിലും സംയോജിച്ച് പരിസ്ഥിതി സൃഷ്ടിച്ചിരിക്കുന്നു. അതിനാൽ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്ക്ക് ഒരു സംഘടിതശ്രമം ആവശ്യമാണ്. നമ്മുടെ പരിസ്ഥിതി പ്രശ്നമായി മാറുന്ന പ്രത്യക്ഷവും പരോക്ഷവുമായ ഘടകങ്ങൾ ഒട്ടനവധിയുണ്ട്. എങ്കിലും പ്രധാനമായും വനനശീകരണം, മലിനീകരണങ്ങൾ, ജനപ്പെരുപ്പം ,ടൂറിസം മേഖലയുടെ അതിപ്രസരം ,രാഷ്ട്രീയ-സാമ്പത്തിക- പരിസ്ഥിതി മാറ്റങ്ങൾ അമിതമായ മത്സരബുദ്ധി, സ്വാർത്ഥത, സങ്കുചിതമനോഭാവങ്ങൾ എന്നിങ്ങനെ നമുക്ക് വർഗീകരിക്കാം. ആവാസവ്യവസ്ഥയുടെ ആണിക്കല്ലുകളാണ് വൃക്ഷങ്ങൾ . ജീവജാലങ്ങളുടെ ശ്വസനേന്ദ്രിയങ്ങളുടെ സൂക്ഷിപ്പുകാരാണ് വൃക്ഷങ്ങൾ . മരങ്ങളെ അമരന്മാരാക്കുന്നത് ജീവജാലങ്ങളാണെങ്കിൽ മനുഷ്യരെ അമരന്മാരാക്കുന്നത് വൃക്ഷങ്ങളാണ്. സ്വാർത്ഥലാഭത്തിനായി മരങ്ങൾ മുറിക്കുമ്പോൾ നമ്മുടെതന്നെ ശവക്കുഴിയാണ് മാന്തുന്നത്. വൃക്ഷങ്ങളുടെ കടയ്ക്കൽ കോടാലി വയ്ക്കുമ്പോൾ മഴയില്ലായ്മ, മണ്ണൊലിപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. ഇത് നമ്മുടെ കൃഷിയേയും കുടിവെള്ളത്തെയും സാരമായി ബാധിക്കും . വരൾച്ചമൂലം കൃഷിനാശവും സംഭവിക്കും . അത് നമ്മെ പട്ടിണിയിലേക്ക് നയിക്കുന്നു . ഒരിക്കൽ പോയാൽ പിന്നീട് ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രകൃതിയുടെ വരദാനമാണ് ജലം . പ്രകൃതിയുടെ ഈ കാരുണ്യം വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. അതിനാൽ ജലം വളരെ കരുതലോടെ ഉപയോഗിക്കണം. ഓരോ തുള്ളിയും അമൂല്യമാണ്. "പലതുള്ളി പെരുവെള്ളം ." 44 നദികളും 30 അണക്കെട്ടുകളും മറ്റനേകം ജലസ്രോതസ്സുകളും സ്വന്തമായിട്ടുള്ള നാടാണ് കേരളം. വർഷകാലത്താൽ സമ്പന്നവുമായിരുന്നു കേരളം. നെൽപ്പാടങ്ങളും ചെരിഞ്ഞ ഭൂപ്രകൃതിയും കൈത്തോടുകളും അരുവികളും നിറഞ്ഞ പ്രകൃതിരമണീയമായ ദൈവത്തിന്റെ സ്വന്തം നാട് . എന്നാൽ മനുഷ്യന്റെ മനുഷ്യത്വരഹിതമായ, കരുണയില്ലാത്ത പ്രവൃത്തികൾ മൂലം കാലം തെറ്റി വരുന്ന മഴയും വരൾച്ചയും നമ്മുടെ നദികളെ വരണ്ടതാക്കി മാറ്റുന്നു. മഴപെയ്യുമ്പോൾ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ സാധിക്കാതെ കടലിലേക്ക് ഒഴുകുന്നു .തന്മൂലം പ്രളയം സംഭവിക്കുന്നു. നെൽപ്പാടങ്ങൾ നികത്താതിരുന്നെങ്കിൽ, കണ്ടൽകാടുകൾ നശിപ്പിക്കാതിരുന്നെങ്കിൽ, കായൽ കൈയേറി കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കാതിരുന്നെങ്കിൽ, മലകൾ തുരന്ന് പാറഖനനം ചെയ്യാതിരുന്നെങ്കിൽ, നമുക്ക് പ്രളയം ഒഴിവാക്കാമായിരുന്നു. കുടിവെള്ളത്തിനായി നെട്ടോട്ടമോടാതിരിക്കാമായിരുന്നു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |