ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി
ഇത് നാം പൊതുവെ വ്യക്തിഗതമായി കണക്കാക്കുന്ന ഒരു പ്രശ്നമാണ്. ആരോഗ്യം വ്യക്തിയുടെ പ്രശ്നം മാത്രമാണെന്നാണ് നമ്മുടെ ധാരണ. ഒരു വ്യക്തിയുടെ ശാരീരീരികവും മാനസികവും ആയ എല്ലാ പ്രവർത്തനങ്ങളുടെയും ക്ഷേമമാണ് ആരോഗ്യം. രോഗകാരണങ്ങൾ കണ്ടെത്തുകയാണല്ലോ അതിൽ നിന്നും രക്ഷപെടാനുള്ള മാർഗം. ശുചിത്വം തന്നെയാണ് പ്രധാനം. വീട് വൃത്തിയാക്കുന്നതിൽ മലയാളികൾ ശ്രദ്ധിക്കും. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ മതിലിനപ്പുറമായാൽ നാം സുരക്ഷിതരായി എന്ന് നമ്മൾ ചിന്തിക്കും. പക്ഷേ രോഗാണുക്കൾക്ക് മതിലുകൾ ബാധകമല്ല എന്ന് പോലും വിദ്യാഭ്യാസമുള്ള നമുക്ക് ചിന്തിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം ചിക്കൻ ഗുനിയയും ഡെങ്കിപ്പനിയും ആയിരുന്നു. ഈ വർഷം കൊറോണ എന്ന വൈറസ് പുതിയതായി രൂപം കൊണ്ടു. ഇത് ലോകം മുഴുവൻ വ്യാപിച്ചു. ജനങ്ങൾ മുഴുവൻ ആ ദുരിതത്തെ നേരിടുകയാണ്. അപ്പോഴാണ് നാം വ്യക്തിശുചിത്വത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങിയത്. ആരോഗ്യത്തിന് വേണ്ടത് ശുദ്ധ വായു , ശുദ്ധ ജലം, വ്യായാമം, വിശ്രമം, വിനോദം ഇവയാണ്. നമുക്കാവശ്യമായ ശുദ്ധ വായു, ശുദ്ധ ജലം എന്നിവ ഒരു വ്യക്തിക്ക് മാത്രമായി ഉണ്ടാക്കാൻ കഴിയില്ല. അതിനൊരു സമൂഹം കൂടി കൈ കോർക്കണം. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ രോഗം വരാതെ നാം നോക്കണം. പക്ഷേ അതിനൊന്നും വ്യക്തി മാത്രം ശ്രമിച്ചാൽ പോരാ. ആരോഗ്യം ഒരു സാമൂഹ്യ വിഷയമാണ്. വ്യായാമത്തിനു വേണ്ടി ഒരു വ്യക്തി തന്റെ വീട്ടിൽ തന്നെ ഒരുക്കുന്ന സൗകര്യങ്ങളേക്കാൾ എത്രയോ നല്ലതാണ് പൊതുവായ കളിസ്ഥലങ്ങളും വ്യായാമ കേന്ദ്രങ്ങളും. അത് എല്ലാവരും പ്രയോജനപ്പെടുത്തിയാൽ ശാരീരിക ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും നിലനിർത്താൻ സഹായിക്കും. നല്ല ഭക്ഷണം എന്നാൽ നാവിനു രുചികരവും ആകർഷകരവും ആയ ഭക്ഷണമാണെന്നാണ് എല്ലാവരും കരുതി ഇരിക്കുന്നത്. എന്നാൽ പാടത്തും പറമ്പിലും വിളഞ്ഞിരുന്ന പഴങ്ങളും പച്ചക്കറികളും നാം ഒഴിവാക്കുന്നു. അതിനു പകരം ഫാസ്റ്റ് ഫുഡിലേ നിറവും മണവും രുചിയും ആണ് നല്ലതെന്ന് കരുതുന്നു. അതിൽ ചേർക്കുന്ന രാസ വസ്തുക്കൾ പലതും നമ്മെ പല വിധ രോഗങ്ങൾക്ക് അടിമ ആക്കുന്നു. നമ്മുടെ ചുറ്റുവട്ടത്ത് ജൈവ വളമിട്ട് കൃഷി ചെയ്യുന്ന പച്ചക്കറി കളും ഭക്ഷ്യ വസ്തുക്കളും കഴിച്ചു ശീലമാക്കുക. മാറാ രോഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കി നല്ലൊരു നാളെക്കായി എല്ലാവർക്കും ശ്രമിക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |