ദൈവം

എന്റെ ആത്തിയെ എനിക്ക് വളരെ ഇഷ്ടമായിരുന്നു . കാരണം എനിക്ക് എന്നും അവർ പുതിയ പുതിയ കഥകൾ പറഞ്ഞുതരുമായിരുന്നു . അവർ എവിടെനിന്നാണ് ഈ കഥകൾ എല്ലാം പഠിച്ചതെന്ന് ഞാൻ ഒരുപാട് ചിന്തിക്കുമായിരുന്നു. ഒരിക്കൽ പറഞ്ഞ കഥ പിന്നെയും അവർ ആവർത്തിക്കില്ലായിരുന്നു .എന്നാലും ചില കഥകൾ പരസ്പരം ബന്ധങ്ങൾ പുലർത്തിയിരുന്നു . ഞൻ ആത്തിയെന്നു വിളിക്കുന്നത് അമ്മയുടെ മൂത്ത സഹോദരിയെയാണ് . അവർ വിവാഹിതയാണെങ്കിലും അവർക്കു മക്കൾ ഇല്ലായിരുന്നു .അതിനാൽ എന്നെ അവർ സ്വന്തം മകനെപോലെയാണ് വളർത്തിയത് . എന്റെ കുട്ടിക്കാലം ആത്തിയുടെ വീട്ടിൽ ആയിരുന്നു.ആത്തിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അമ്മ എന്നെ അവിടെ നിർത്തിയത് . അതിനാൽ തന്നെ ഞാൻ എന്റെ സഹോദരരിൽ നിന്ന് ഭാഗ്യമുള്ളവനായിരുന്നു .ഞങ്ങൾ മൂന്നു മക്കൾ ആണ് . അതിൽ ഇളയവനാണ് ഞാൻ .എനിക്കുമാത്രമേ ആത്തിയിൽ നിന്നും കഥകൾ കേൾക്കാൻ ഭാഗ്യമുണ്ടായിരുന്നുള്ളു . എന്നും ഞാൻ മാമന്റെ കയ്യിൽ പിടിച്ചാണ് സ്കൂളിൽ പോയിരുന്നത് .അവർ ഇരുവരും എന്നെ അതിരറ്റു സ്നേഹിച്ചിരുന്നു. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയർന്നിട്ടുണ്ടാവാം ."ഞാൻ എന്തിനാണ് എന്റെ ആത്തിയെക്കുറിച്ചും മാമനെക്കുറിച്ചും എന്റെ കുട്ടിക്കാലത്തെക്കുറിച്ചും പറയുന്നത് എന്ന് ." ഇന്ന് ഞാൻ എന്റെ കുട്ടിക്കാലത്തു ആത്തി പറഞ്ഞ ഒരു കഥ പറഞ്ഞുതരാൻ പോവുകയാണ്. എല്ലാരും കഥകേൾക്കാൻ തയ്യാറല്ലെ? എങ്കിൽ ഞാൻ പറയാം. . ." ഒരിടത്തു് ഒരു ഭക്തൻ ഉണ്ടായിരുന്നു . ഈ ഭക്തൻ അമിതവിശ്വാസിയും മണ്ടനും ആയിരുന്നു . ജനവാസമില്ലാത്ത ഒരു പ്രദേശത്താണ് അവൻ ജീവിച്ചിരുന്നത്. എന്തുകൊണ്ടാണ് അവൻ ജനവാസമില്ലാത്ത സ്തലത്തു ജീവിച്ചതെന്നു അറിയണ്ടേ ? അവൻ നരകത്തെ വളരെയധികം ഭയക്കുന്നവനാണ് . ജനങ്ങളുടെ കൂടെ ജീവിച്ചാൽ അറിയാതെ പോലും ഒരു പാപം ചെയ്യുമോ എന്ന് ഭയന്നിരുന്നു . അയാൾ സ്വർഗത്തിൽ പോകാൻ ആഗ്രഹിച്ചിരുന്നു. അയാളുടെ കുടുംബമെന്നാൽ അയാളുടെ ഭാര്യയും ഏക മകളുമായിരുന്നു. ഇയാളുടെ വീടിനുചുറ്റും മരങ്ങൾ നിറഞ്ഞ മനോഹരമായ സ്ഥലമായിരുന്നു. അവിടെ അതിമനോഹരമായ ഒരു പുഴയുണ്ടായിരുന്നു. ഇയാൾ എന്നും ആ പുഴയിൽ ആയിരുന്നു കുളിച്ചിരുന്നത്‌. വീടിനുപുറകിൽ ഒരു ചെറിയ പച്ചക്കറി തോട്ടം ഉണ്ടായിരുന്നു. അതാണ് വരുടെ ഭക്ഷണമാർഗം. അയാളവിടെ സന്തോഷത്തോടെ ജീവിച്ചുപോന്നു.അതിമനോഹരമായ പ്രഭാതങ്ങളും അസ്തമനങ്ങളും കഴിഞ്ഞുപോയി. ദിവസത്തിന്റെ മുക്കാൽ ഭാഗവും അയാൾ പ്രാർത്ഥനയിൽ മുഴുകിയിരുന്നു. അയാളുടെ വിശ്വാസം താൻ കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും ദൈവം നേരിട്ട് തരുന്നതാണ് എന്നായിരുന്നു. ഒരിക്കൽ ഒരു പുലർകാലം അയാൾ പുഴയിൽനിന്നു കുളികഴിഞ്ഞു വീടിന്റെ പടികൾ ചവിട്ടിയപ്പോൾ പിറകിൽനിന്നും ഒരു ശബ്‌ദം കേട്ടു. അയാൾ തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾ കാളവണ്ടിയിൽ വന്നിറങ്ങി ഭക്തന്റെ അടുത്തേക്ക് നടന്നു . "നമസ്കാരം, എന്റെ പേര് കുഞ്ഞുണ്ണി .എനിക്ക് മരത്തിന്റെ കച്ചവടമാണ് മരം തേടി ഇറങ്ങിയതാണ്. ഇവിടെ എത്തിയപ്പോൾ നല്ല മുറ്റമരങ്ങൾ കണ്ടു. നിങ്ങൾ അനുവദിച്ചാൽ ഞാൻ ഈ മരങ്ങൾ മുറിക്കാം.... ഞാൻ നല്ല വിലതരാം...." കുഞ്ഞുണ്ണി പറഞ്ഞു . കുറച്ചുസമയം ചിന്തിച്ചശേഷം ഭക്തൻ സമ്മതിച്ചു . മകൾ വളർന്നു വരുകയാണ് അവൾക്കുവേണ്ടി പണം സമ്പാദിക്കാൻ ദൈവം തന്ന വഴിയാണിത്. അയാൾ പണം കൈക്കലാക്കി. അഞ്ചു ദിവസത്തെ ഇടവേളകളിൽ കുഞ്ഞുണ്ണിവന്നു ഓരോ മരവും വെട്ടിയെടുത്തു .അവസാനത്തെ മരവും വെട്ടിയതിനു ശേഷം കുഞ്ഞുണ്ണിയെ കാണാതെയായി . ദിവസങ്ങൾ നീങ്ങി മരങ്ങൾ ഇല്ലാതെയായി തണൽ നഷ്ടമായി കാലവർഷം വന്നു മണ്ണെടുത്തു വേനൽ വറ്റിച്ചു. പുഴവറ്റിവരണ്ടു പച്ചക്കറിത്തോട്ടം ഉണങ്ങി നശിച്ചു .ഭക്തൻ പ്രാർത്ഥനയിൽ മുഴുകി "ദൈവമേ ഈ വരൾച്ച മാറ്റിതരണമേ ..." അങ്ങനെ ദിവസങ്ങൾ നീങ്ങി . ഭക്തനും കുടുംബവും കുടിവെള്ളം പോലും ലഭിക്കാതെ പിടഞ്ഞു പിടഞ്ഞു മരിച്ചു . മരണശേഷം ഭക്തൻ ദൈവസന്നിധിയിൽ എത്തി . ദൈവത്തെ കണ്ടയുടനെ ഭക്തൻ സങ്കടം ബോധിപ്പിച്ചു . "അല്ലയോ ...ദൈവമേ, ഞാൻ നിന്നെ ഒരുപാട് ആരാധിച്ചു . എന്നിട്ടും നീ എനിക്കും എന്റെ കുടുബത്തിനും ഇങ്ങനെ ഒരു മരണം നൽകി.." "ഭക്താ ... നീ ആരാധിച്ചതും പ്രാർത്ഥിച്ചതും നിനക്കുവേണ്ടിയാണ് ഞാൻ ഭൂമിയിൽ വേണ്ടതെല്ലാം സൃഷ്ടിച്ചിട്ടുണ്ട് . അത് നീ തിരിച്ചറിഞ്ഞില്ല ..." പിന്നീട് ദൈവം പറഞ്ഞു . "ഭക്താ ... നിന്റെ സ്ഥാനം ഇനിമുതൽ നരകത്തിലാണ് ". ഇതുകേട്ട ഭക്തൻ ഞെട്ടി. "എന്ത് ? ഞാൻ നരകത്തിലോ ?... ഞാൻ ഒരു പാപവും ചെയ്തിട്ടില്ല മദ്യപിച്ചിട്ടില്ല ,ചൂതുകളിച്ചിട്ടില്ല ,അന്യസ്ത്രീകളെ മോശമായരീതിയിൽ ഇതുവരെ ഞാൻ നോക്കിയിട്ടില്ല, നിന്നെ ആരാധിക്കുകമാത്രമേ ചെയ്തിട്ടുള്ളു ...." അപ്പോൾ ദൈവം പറഞ്ഞു "ഭക്താ ... നീ മദ്യപിച്ചിട്ടില്ല ...ചൂതുകളിച്ചിട്ടില്ല ..... നീ അന്യസ്ത്രീകളെ മോശമായി നോക്കിയിട്ടില്ല പക്ഷെ നീ ഒരുപാടുപേരെ കൊന്നിട്ടുണ്ട് . "എന്ത് ?" ഭക്തൻ ഒരു ഞെട്ടലോടെ ചോദിച്ചു . "അതെ , നീയാണ് നിന്റെ കുടുബത്തെ കൊന്നത്. " "ഞാനോ ? ഇല്ല .... ഇത് കള്ളമാണ് ..." "അതെ . നീ വെട്ടിമാറ്റിയ മരങ്ങൾ എല്ലാവർക്കും വേണ്ടി സൃഷ്ടിച്ചതാണ് . എല്ലാവർക്കും വായുവും വെള്ളവും തന്നത് അവയാണ് . അത് നീ വെട്ടിമാറ്റിയപ്പോൾ നിനക്കും നിന്റെ കുടുബത്തിനും വെള്ളം നഷ്ടമായി . ഒരുപാട് ജീവജാലങ്ങളുടെ ജീവിതമാണ് നീ വെട്ടിമാറ്റിയത്. നിന്റെ ആ പ്രവർത്തിയാണ് നിന്നെ നരകത്തിലേക്ക് അയക്കുന്നത് ." ഈ കഥയിൽനിന്നും നിനക്ക് എന്തു മനസിലായെന്ന് കഥയുടെ അവസാനത്തിൽ ആത്തി ചോദിച്ചു. അതെ ചോദ്യം തന്നെയാണ് ഞാൻ നിങ്ങളോടും ചോദിക്കുന്നത് .

മുഹമ്മദ് സിനാൻ എസ് എം
10 A ജി എച്ച് എസ് എസ് എം മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ