പരിസ്ഥിതി സംരക്ഷണം
നാം ജനിച്ചതും വളർന്നതുമെല്ലാം പ്രകൃതിയുടെ മടിത്തട്ടിലാണ്. വായുവും വെള്ളവും മണ്ണും വിണ്ണും പുഴയും കാടുമെല്ലാം ഉൾക്കൊള്ളുന്ന ഈ പ്രകൃതിയാണ് നമ്മുടെ പോറ്റമ്മ. ഈ പരിസ്ഥിതിയിലെ ഓരോ അണുവും അടുത്ത തലമുറയ്ക്ക് മലിനമാകാതെ കൈമാറേണ്ടത് നമ്മുടെ ബാധ്യതയാണ്. എന്നാൽ ഓരോ നിമിഷവും നമ്മുടെ പ്രകൃതി മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മൾ ഓരോരുത്തരും അറിഞ്ഞോ അറിയാതേയോ കൂട്ടുനിൽക്കുന്നുണ്ട്. ഒരു പ്ലാസ്റ്റിക് കവർ അലക്ഷ്യമായി വലിച്ചെറിയുമ്പോൾ ഒരു വയൽ നികത്തുമ്പോൾ അങ്ങനെ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പലതും പരിസ്ഥിതിയെ നോവിക്കുന്നുണ്ട്. അതുപോലെ ഭീമാകാരമായ മുറിവുകൾ പരിസ്ഥിതിക്കേൽപിക്കുന്ന ചിലരുമുണ്ട് നമുക്കിടയിൽ. വൻകിട കോർപ്പറേറ്റുകൾക്കും കമ്പനികൾക്കും പുറമെ നമ്മുടെ തന്നെ ഭരണകൂടങ്ങളുമാണ് ഇതിൽ മുന്നിൽ.
1972-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ കൗൺസിലാണ് പരിസ്ഥിതി ദിനാചരണം പ്രഖ്യാപിച്ചത്. കാലാവസ്ഥയിലുണ്ടാകുന്ന അപകടകരമായ മാറ്റം ഈ നൂറ്റാണ്ടിൻ്റെ ഏറ്റവും വലിയ വെല്ലുവിളിയായി ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടനയായ യുനൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം (യു.എൻ.ഇ.പി) ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നിരീക്ഷിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഈ സംഘടന ലക്ഷ്യം വെക്കുന്നത്.
ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കൽ -ഇലക്ട്രോണിക് ഉപകരണങ്ങളെയും ഉപകരണ ഭാഗങ്ങളെയും ചേർത്താണ് ഇ-മാലിന്യം അഥവാ ഇലക്ട്രോണിക് മാലിന്യം എന്നു പറയുന്നത്. ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കുമ്പോൾ അവ മണ്ണിൽ കിടന്ന് വെയിലും മഴയുമേറ്റ് അതിൽ നിന്ന് പുറന്തള്ളപ്പെടുന്ന വെളുത്തീയം, കാരീയം, രസം, കാഡ് മിയം തുടങ്ങിയ പദാർത്ഥങ്ങൾ മണ്ണിനെ വിഷമയമാക്കുന്നു. ഒരു ടെലിവിഷനിൽ നിന്ന് മണ്ണിലെത്തുന്നത് രണ്ട് കിലോഗ്രാം കാരീയമാണ്. കാരീയം അപകടകരമായ വിഷപദാർത്ഥമാണ്. ടെലിവിഷന് 10 വർഷവും കമ്പ്യൂട്ടറിന് ആറ് വർഷവുമാണ് ആയുസ്സ് . ഇവ കത്തിക്കുകയാണെങ്കിൽ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യ പുകയുടെ ആറു മടങ്ങ് അപകടകരമാണ്.
പ്ലാസ്റ്റിക്, വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന പുക, മനുഷ്യൻ വലിച്ചെറിയുന്ന മറ്റു മാലിന്യങ്ങൾ തുടങ്ങിയവ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. ഇന്നത്തെ ലോക് ഡൗൺ കാലഘട്ടത്തിൽ കോവിഡ് - 19 എന്ന മഹാമാരിയെ ഭയന്നാണെങ്കിലും ലോകം നിശ്ചലമായപ്പോൾ ഭൂമിയുടെ അന്തരീക്ഷത്തിൽ മലിനീകരണം വളരെയേറെ കുറഞ്ഞു. വായുവും ജലസ്രോതസ്സുകളും പുഴകളും എല്ലാം ഏറെ ശുദ്ധീകരിക്കപ്പെട്ടു. അതു വഴി നമുക്കുണ്ടാകുന്ന ചെറിയ അസുഖങ്ങൾ ഇപ്പോൾ അപ്രത്യക്ഷമായി വരുന്നു.പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവും മാനവരാശിയുടെ നന്മയ്ക്കും പുരോഗതിക്കും അത്യാവശ്യമാണ്.
ഹരിപ്രിയ വിജോഷ്
|
6 എ ജി എച്ച് എസ് എസ് ചാല കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|