സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/ പ്രകൃതി

17:55, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പ്രകൃതി നമ്മുടെ അമ്മയാണ്.ആദിമ മനുഷ്യർ പ്രകൃതിയുടെ സന്താനങ്ങളായിരുന്നു. അവർ പ്രകൃതിയിലാണ് ജനിച്ചതും വളർന്നതും,അവർക്ക് എല്ലാം പ്രകൃതിയാണ് കൊടുത്തത്. അന്നത്തെ മനുഷ്യർ പ്രകൃതിയെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. പ്രകൃതി എത്ര മനോഹരമായിരുന്നു.കളകള ഒഴുകുന്ന അരുവികൾ,കിളികളുടെ ഒച്ചകൾ കേൾക്കുവാൻ എന്തു രസമാണ്. അന്നത്തെ മനുഷ്യർ കായ്കനികളും പഴങ്ങളും മാംസവും കൊണ്ട് വിശപ്പ് അടക്കി.
ഇന്ന് പ്രകൃതിയെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ് നമ്മൾ. പ്രകൃതിയെ നമ്മുക്ക് വേണ്ടാതായി. എന്തെല്ലാം ക്രൂരതയാണ് നമ്മൾ പ്രകൃതിയോട് ചെയ്യുന്നത്?മണൽ വാരുന്നു,മരങ്ങൾ മുറിക്കുന്നു,വയൽ നികത്തുന്നു,മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കുന്നു,ഇങ്ങനെ ചെയ്യുമ്പോൾ ബാധിക്കുന്നത് നമ്മളെ തന്നെയാണ്. മരങ്ങൾ മുറിച്ചാൽ നമ്മുക്ക് തണൽ ലഭിക്കുകയില്ല .എന്നിട്ടും നല്ല പ്രകൃതിയെ നശിപ്പിക്കുന്നു. മനുഷ്യർ വയൽ നശിപ്പിച്ച് അവിടെ ഫാക്ടറികളും,കെട്ടിടങ്ങളും നിർമ്മിക്കുന്നു. പിന്നെ കുന്നിടിക്കുന്നു. കുന്നിടിക്കുമ്പോൾ അവിടെയുളള മരങ്ങൾ ഇല്ലാതാകുന്നു .പുഴകളിലെ മണൽ വാരുന്നു. പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിൻറെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷീണയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.
ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിൻറെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൻറെ വർദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് ഓരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടൺ കാർബൺ ഡയോക്സൈഡിൻറെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞുനിർത്തി അന്തരീക്ഷതാപം വർദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിനിടയാക്കുന്നു. ഇത് തീരദേശത്ത് താമസിക്കുന്നവർക്ക് അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. കൂടാതെ ആഗോളകാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങൾ സൃഷ്ടിയ്ക്കുന്നു.
ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോൽപ്പാദനത്തിന് സ്വീകരിച്ച ഊർജ്ജിത നവീന സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്.ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരൾച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.
വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിൽ വനപ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞ് വരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാൻ കഴിയൂ. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു. ദിനംപ്രതി 7500 ഏക്കറോളം കാട് നശിക്കപ്പെടുന്നതായി ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒട്ടേറെ ജീവജാലങ്ങൾക്ക് ഇതുമൂലം വംശനാശം സംഭവിക്കുന്നു. ഭൂമിയിൽ ലഭ്യമായ ജലത്തിൻറെ 97 ശതമാനവും ഉപ്പുവെള്ളമാണെന്നരിക്കെ കുടിവെള്ളത്തിൻറെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.
ഇന്ന് മനുഷ്യൻ തന്റെ ശത്രുപക്ഷത്ത് നിർത്താത്ത എത്ര ജീവികൾ ഉണ്ട് ലോകത്ത് ?
നിപ്പയുടെ പേരിൽ പരിസ്ഥിതിക്ക് ഏറ്റവും പ്രിയപ്പെട്ടവനായ വവ്വാലിനെയും നാം ശത്രുവായി പ്രഖ്യാപിച്ചു.എലി നമ്മുടെ ശത്രുവാണ്, പുലിയും നമ്മുടെ ശത്രുവാണ്. കുറെ എണ്ണത്തിനെ ഭക്ഷണത്തിനായി കൊന്നൊടുക്കും ബാക്കി ഉള്ളവരെ രോഗവാഹകർ എന്ന് പറഞ്ഞ് കൊല്ലും പിന്നെ കുറെ ജീവന് ഭീഷണി എന്നും കൃഷി നശിപ്പിക്കുമെന്നും പറഞ്ഞ് കൊല്ലും ആനയെയും പുലിയെയും വാനരനെയും അവന്റെ വാസസ്ഥലം കയ്യേറി ഓടിക്കും അവർ വെള്ളത്തിനോ ഭക്ഷണത്തിനോ വന്നാൽ അവൻ " ശല്യക്കാരൻ" ആയി.
സ്വന്തം വീടിന്റെ മുറ്റത്ത് ഇല വീണ് "വൃത്തികേടാ വാതിരിക്കാൻ " ചുറ്റുമുള്ള മരം മുഴുവൻ മുറിക്കും മറ്റുള്ളവ കാറ്റിൽ കടപുഴകി വീഴും എന്നു പറഞ്ഞ് മുറിക്കും-അയൽവാസിയുടെ മരകൊമ്പ് ഒരു തരിമ്പെങ്കിലും തന്റെ പറമ്പിലേക്ക് നീണ്ടാൽ പരാതി കൊടുത്ത് മുറിപ്പിക്കും. പിന്നെ ജൂൺ അഞ്ചിന് പരിസ്ഥിതി പ്രേമം പറഞ്ഞ് സർക്കാറിന്റെ കോടികൾ ചിലവഴിച്ച് ആലോഷമായി റോഡ് സൈഡിൽ മരത്തൈ വെക്കും. ജൂൺ മുതൽ സെപ്തബർ വരെ 4 മാസം അനുകൂല കാലാവസ്ഥയിയിൽ വളർന്ന തൈകളൊക്കൊ മഹാത്മാഗാഡിയുടെ പേരിൽ ഒക്ടോബർ 2 ന് സേവനവാര പേര് പറഞ്ഞ് മുറിച്ച് മാറ്റും !!!
പരിസ്ഥിതി ദിനം ആചരിക്കേണ്ടത് മനുഷ്യന് തന്റെ നിലനിൽപിന് സഹജീവികളും തന്റെ ചുറ്റുപാടുകളും എത്രത്തോളം അനിവാര്യമാണെന്ന ബോധത്തോടെ വേണം....... അതിനുമപ്പുറം പ്രകൃതിയുടെ നിലനിൽപിന് മനുഷ്യന്റ ആവിശ്യമില്ല പകരം മനുഷ്യന്റ നിലനിൽപ്പിന് പ്രക്യതി ഇതുപോലെയെങ്കിലും നിലനിൽക്കണമെന്ന തിരിച്ചറിവോടെ ആവണം!!! ഒരുപാട് ദുഃഖങ്ങളും ഭാരവും നമ്മുടെ ഭൂമി സഹിക്കുന്ന സമയമാണ്. സന്താനങ്ങളുടെ പെരുപ്പം കൊണ്ടും അവരുടെ ആർത്തികൊണ്ടുമെല്ലാം ഭൂമി കൂടുതൽ ദുഃഖിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ കാലം ഇനിയും ഏറെ നീണ്ടു പോകണമെന്ന് ആഗ്രഹിക്കാമെന്നേ ഉള്ളൂ. കൂടുതൽ കൂടുതൽ ധൂർത്തും കൂടുതൽ ആഡംബരവും അതിലേറെ അഹങ്കാരവും കൊണ്ട് ഭൂമിയെ മുറിവേൽപ്പിച്ച് തളർത്തരുതേ... പ്രാർത്ഥന ഒന്നേയുള്ളൂ- എളിയ രീതിയിൽ ജീവിക്കാൻ മനുഷ്യനെ പഠിപ്പിക്കണമേ,​ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല . പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണല്ലോ. യഥാർത്ഥത്തിൽ നമ്മുടെ പൂർവികന്മാർ കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ഇതിനു പരിഹാരം കണ്ടെത്താൻ കഴിയും. നമ്മുടെ പൂർവികർക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതംതന്നെ പ്രകൃതി സംരക്ഷണമായിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയിൽ നിന്നും വേണ്ടത് മാത്രം എടുക്കുക. പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിത വ്രതമായിരുന്നു. ഒരു ചെടി നമ്മൾ നട്ടുവളർത്തുമ്പോഴും അതിനെ ശുശ്രൂഷിക്കുമ്പോഴും നമുക്കു കിട്ടുന്ന ആനന്ദം അളവറ്റതാണ്. ആ സമയം പ്രകൃതിയോടു മുഴുവൻ നമുക്കൊരു ബന്ധം അനുഭവപ്പെടും. ആ ആനന്ദം ഒരിക്കൽ അനുഭവിച്ചവർ പിന്നീട് ഒരിക്കലു ഉപേക്ഷിക്കില്ല.

റോസ് മരിയ സിബി
8 ഡി സെൻറ് ആഗ്നസ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം