എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കോവിഡ്‌കാലത്തെ ചില വേറിട്ട ചിന്തകൾ
കോവിഡ്‌കാലത്തെ ചില വേറിട്ട ചിന്തകൾ
ലോകത്ത് മഹാമാരി വിതക്കുന്ന കോവിഡ് 19 വൈറസ് എവിടെയാണ് ഉത്ഭവിച്ചത്? എല്ലാവർക്കും അറിയുന്നത്പോലെ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ എന്ന സ്ഥലത്ത്. ലോകം മുഴുവനും അനുമാനിക്കുന്ന പോലെ 2019 നവംബർ അവസാനം രോഗവ്യാപനം തുടങ്ങി. ഡിസംബർ എട്ടാം തീയതിയാണ് ന്യുമോണിയ എന്ന് സംശയിക്കുന്ന ഒരു രോഗിയുടെ കാര്യം വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വുഹാനിൽ എങ്ങനെ ഇത് വന്നു. അവിടത്തെ വെറ്റ് മാർക്കറ്റ് വഴിയാണോ അതോ അമേരിക്ക ചൈനയിൽ കൊണ്ടിട്ടതാണോ എന്നത് കാലം തെളിയീക്കേണ്ടതാണ്. ചൈന ഈ കാര്യം മറച്ചുവച്ചു എന്നും അത്‌കൊണ്ടാണ് ലോകം മുഴുവൻ കോവിഡ് വ്യാപിച്ചത് എന്ന ആരോപണത്തിന് വളരെ വ്യാപകമായ പ്രചാരം വന്നിരിക്കുകയാണ്. 2019 ഡിസംബർ 31ന് ചൈന രോഗത്തിന്റെ കാര്യം വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെ ഔദ്യോഗികമായി അറിയിച്ചു എന്നത് ലോകത്തിനറിയാം. അതായത് 23 ദിവസത്തിനുള്ളിൽ. ജനുവരി 13 മുതൽ 21 വരെയുള്ള 8 ദിവസങ്ങൾക്കിടക്ക് US അടക്കം ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി 4 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജനുവരി 21ഓടെ സാമൂഹ്യ വ്യാപനം നടക്കുന്നതായി ചൈന അറിയിച്ചു. അപ്പോഴേക്കും വുഹാനിലെ 371 അടക്കം 11 നഗരങ്ങളായി ചൈനയിൽ 575 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് മനസ്സിലാക്കിത്തരുന്നത് സാമുഹ്യവ്യാപനത്തെ കുറിച്ച് പറയുന്നതിന് മുൻപ് തന്നെ ഈ വൈറസ് ചൈനയിലെ എല്ലാ ഭാഗത്തും വ്യപിച്ചിരുന്നു എന്നു തന്നെയാണ്. തായ്‌ലാൻഡ് ആണ് ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരും എന്ന് ഉറപ്പിച്ചത്. പതിനെട്ടു ദിവസങ്ങൾക്ക് ശേഷം, അതായത് ഫെബ്രുവരി രണ്ടിന്.ഇതേ സമയം ചൈനയിൽ രോഗം ബാധിച്ചവർ പതിനാറായിരത്തിൽ അധികമായി . നൂറിലധികം ചൈനക്കാർ മരിക്കുകയും ചെയ്തു. ഇനിയാണ് കണക്കിലെ കളികളും അതോടൊപ്പം ലോകത്തുള്ള മറ്റു രാജ്യങ്ങൾ ചൈനയിൽ ഭീകരാവസ്ഥ നടക്കുമ്പോൾ എന്ത് ചെയ്‌തു എന്നും മനസ്സിലാക്കേണ്ടത്.
. ചൈനയിൽ നൂറിലധികം ആൾക്കാർ മരിച്ചാൽ ഞങ്ങൾക്കെന്താണ് എന്നായിരുന്നു ബാക്കിയുള്ള ലോകത്തിന്റെ ധാരണ.എന്തായാലും ചൈനയുടെ മൂക്കിന് താഴെ ജീവിക്കുന്ന ഹോങ്കോങ്ങിലുള്ള ഞങ്ങൾക്കെല്ലാവർക്കും കാര്യങ്ങളെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ചൈന ഒഴിച്ച് ആർക്കെങ്കിലും ഇങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നെങ്കിൽ അത് ഹോങ്കോങ്ങിൽ ജീവിക്കുന്നവർക്കായിരിക്കും. ജനുവരി 22 ന് തന്നെ ഞങ്ങൾക്ക് ഓഫീസിൽ നിന്നും വ്യക്തമായ അറിയിപ്പ് കിട്ടി. വ്യക്തിഗത വൃത്തിയും, സാമൂഹ്യ അകലവും പാലിക്കുവാൻ നിർദ്ദേശവും കിട്ടി. എട്ടു മില്യൺ ജനങ്ങൾ തിങ്ങി പാർക്കുന്ന, ഏഷ്യയുടെ സാമ്പത്തിക തലസ്ഥാനം, തൊണ്ണൂറു ശതമാനം ആളുകളും പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കുന്ന ഹോങ്കോങ്ങിൽ ഒരു സാമൂഹ്യവ്യാപനം ഏതു നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കും എന്ന് സാമാന്യ യുക്തിയും ബുദ്ധിയും ഉള്ള ആർക്കും മനസ്സിലാക്കാം. ലോകത്തിൽ യാത്രികരുടെ ഏറ്റവും വലിയ പ്രവാഹമുണ്ടാകാറുള്ള ചൈനീസ് ന്യൂ ഇയർ നടക്കുന്ന സമയം. ഈ ദിവസങ്ങളിൽ ചൈനയിൽ നിന്നും ഇങ്ങോട്ടും ഇവിടുന്ന് അങ്ങോട്ടും ഉണ്ടാകുന്ന ഒഴുക്ക് നമുക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്. എന്നിട്ടും എന്ത് കൊണ്ട് ഹോംഗ്കോങ്ങിൽ സാമൂഹ്യവ്യാപനം ഉണ്ടായില്ല? ഇത് പോലെ തന്നെയാണ് സിംഗപ്പൂരിന്റെയും അവസ്ഥ. ചൈനയുമായി ഏറ്റവും അടുത്ത് ബന്ധമുള്ള സ്ഥലമാണ് സിംഗപ്പൂരും. ഹോങ്കോങ്, സിങ്കപ്പൂർ സർക്കാരുകൾ മുൻപ് സാർസ് വൈറസിനെയും അതിജീവിച്ചവരാണ്. അവർ വേണ്ടത് ഉടനെ ചെയ്തു ഹോങ്കോങ് എല്ലാ സ്കൂളുകൾക്കും യൂനിവേസഴ്സിറ്റികൾക്കും അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ വീട്ടിൽ നിന്നും ജോലി ചെയ്യുന്ന രീതിയിലേക്ക് മാറി. പ്രൈവറ്റ് കമ്പനികൾ ഇടവിട്ട രീതിയിൽ ജോലി ക്രമം ഉണ്ടാക്കി. ഇതിലും വളരെ പ്രധാനപ്പെട്ട കാര്യം ജനങ്ങൾ ബോധവമാരായിരുന്നു എന്നതാണ്. സ്വതവേ തന്നെ ചെറിയ ജലദോഷമോ തുമ്മലോ ഉള്ളപ്പോൾ മുഖാവരണം ധരിച്ചു മാത്രം പുറത്തിറങ്ങുന്ന ഒരു ജനവിഭാഗം ആണ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഉള്ളവർ. പ്രത്യകിച്ചും ഹോങ്കോങ്, സിങ്കപ്പൂർ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ. അപൂർവം യൂറോപ്യൻ ഗർവുകൾക്ക് ഒഴികെ അവിടെ ഇതൊരു ശീലമാണ്.ഇനി വ്യക്തഗത ശുചിത്വം. ഭൂരിപക്ഷം പേരും വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ മാസ്ക് ധരിക്കുന്നതോടൊപ്പം സാനിറ്റൈസറും കയ്യിൽ കരുതും. ഹോങ്കോങ്ങിൽ ആദ്യ കൊറോണ രോഗിയുണ്ടായത് ജനുവരി 22നും സാമൂഹ്യ വ്യാപന സാധ്യത ഉറപ്പിച്ചത് ഫെബ്രുവരി 2നും. മാർച്ച് രണ്ടാം തീയ്യതി വരെ ഒരുമാസം കൊണ്ടുണ്ടായ രോഗബാധിതരുടെ എണ്ണം 100 ആയിരുന്നു. ഇതേ സമയം സിംഗപ്പൂരിൽ 106 ഉം ആയിരുന്നു. ചൈനയിൽ അപ്പോഴേക്കും രോഗ ബാധിതരുടെ എണ്ണം 80000. ഇതിൽ നിന്നും ചൈനയിലെ ഗുരുതരാവസ്ഥ കാര്യങ്ങൾ നന്നായി മനസ്സിലാക്കി മുൻകരുതൽ എടുത്ത അയൽരാജ്യങ്ങളിൽ ഉണ്ടായില്ല എന്ന യാഥാർഥ്യം നമ്മുക്ക് മനസ്സിലാക്കാം. ഇത് സ്വാഭാവികമായി ഇവിടത്തെ ജനങ്ങളുടെ ഇടയിൽ ഒരു ലാഘവത്വം ഉണ്ടാക്കി. സർക്കാർ ഓഫീസുകളും പ്രൈവറ്റ് സ്ഥാപനങ്ങളും സാധാരണ നിലയിലേക്ക് നീങ്ങി, സ്കൂളുകൾ തുറക്കാനുള്ള ആലോചനവരെ എത്തി കാര്യങ്ങൾ. ചൈനയിൽ കൂടുതൽ രോഗ ലക്ഷണങ്ങൾ കാണുന്നില്ല. സൗത്ത് കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും കാര്യങ്ങൾ നിയന്ത്രണത്തിലാക്കി. ഇനി പ്രശ്നമൊന്നും ഇല്ല എന്ന ചിന്ത എല്ലാവരുടെ ഇടയിലും വന്നു. ഇപ്പോഴാകട്ടെ യൂറോപ്പിൽ നിന്നും തിരിച്ചുവന്നവർ വീണ്ടും ഈ ചെറുരാജ്യങ്ങളെ വീണ്ടും അപകടത്തിലേക്ക് നയിക്കുമോ എന്ന സംശയവും ഇല്ലാതില്ല. സർക്കാറുകൾ കൂടുതൽ പ്രതിരോധ നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്തായാലും ബാറുകൾ ഇതുവരെ അടച്ചിട്ടില്ല. നമ്മുടെ 144 പോലെയുള്ള പരിപാടികൾ ഉണ്ടെങ്കിലും. ആദ്യം അവരറിഞ്ഞിരുന്നില്ല, കൊറോണ യാത്ര പോയ സ്ഥലങ്ങളിൽ നിന്നും തിരിച്ചു വരാൻ തുടങ്ങിയിരിക്കുന്നു എന്ന യാഥാർഥ്യം. മാർച്ച് പകുതി മുതൽ അവസാനം വരെ ഏകദേശം അഞ്ഞൂറ് രോഗികൾ മിക്കവരും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും വന്നവരാണ്. ഹോങ്കോങ് ഉദാഹരണമായി പറഞ്ഞു എന്നെയുള്ളൂ. ബാക്കിയുള്ള രാജ്യങ്ങളിൽ ചൈനക്കാരല്ല ഇത് പകർത്തിയത്. ജനുവരി അവസാനം തന്നെ അമേരിക്കയിലേക്ക് ചൈനയിൽ നിന്നുള്ള എല്ലാ വിമാന യാത്രകളും നിർത്തിയിരുന്നു. പക്ഷെ മറ്റു വിമാനത്താവളങ്ങൾ വഴി അവിടെ എത്താം എന്ന കാര്യം ഓർക്കണം. ചൈനയിൽ നിന്ന് ചൈനക്കാർക്ക് സ്വാഭാവികമായ യാത്ര വിലക്കുണ്ടായിരുന്നു. അതെ സമയം ചൈനീസ് വംശജരായ വിദേശികൾക്കും മറ്റ് വിദേശികൾക്കും നിർബാധമായി അവരുടെ സ്വന്തം രാജ്യങ്ങളിൽ പോകുന്നതിൽ ഒരു വിലക്കും ഇല്ലായിരുന്നു. അത് അസാധ്യമായ കാര്യവും അല്ലായിരുന്നു. ഇവിടെയാണ് മറ്റ് രാജ്യങ്ങൾ എന്ത് മുൻകരുതൽ എടുത്തു എന്ന ചോദ്യം പ്രസക്തമാകുന്നത്. </essay
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |