ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/അക്ഷരവൃക്ഷം/ദൈവത്തിന്റെ മാലാഖമാർ
*ദൈവത്തിന്റെ മാലാഖമാർ*
കഥ - അർഷ. കെ, ( ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ) അനന്യക്ക് വീട്ടിലിരുന്ന് ബോറടിച്ചു. അമ്മ ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് പോയത് മിനിഞ്ഞാന്നാണ്. അച്ഛൻ വീട്ടിലുണ്ടെങ്കിലും എന്തൊക്കെയോ ഓൺലൈൻ ബിസിനസ് എന്നും പറഞ്ഞ് എപ്പോഴും ലാപ്ടോപിന് മുന്നിലാണ്. അവസാനം അവൾ മുത്തശ്ശൻ്റെ വീട്ടിൽ പോകാൻ വാശി പിടിച്ചു. നിവൃത്തിയില്ലാതെ രാജേഷ് അവളെ മുത്തശ്ശൻ്റെ വീട്ടിലെത്തിച്ചു. ഫെയ്സ് മാസ്ക് ധരിച്ചു കൊണ്ട് ബൈക്കിലായിരുന്നു യാത്ര. ദൂരെ നിന്ന് കണ്ടപ്പോഴേ രാഘവൻ മേനോൻ അവരെ തിരിച്ചറിഞ്ഞു. അദ്ദേഹം ചോദിച്ചു. "അല്ല ആരാപ്പത്, മാസ്കൊക്കെയിട്ട്?" അനുമോൾ ചിരിച്ചു. അവൾ ബൈക്കിൽ നിന്നിറങ്ങി മുത്തശ്ശനെ കെട്ടിപ്പിടിച്ചു. "പെട്ടെന്നെന്താ ഒരു വരവ്?" മുത്തശ്ശൻ ചോദിച്ചു. "അവൾക്ക് മുത്തശ്ശൻ്റെ അടുത്തേക്ക് വരണമെന്ന് ഒരേ വാശി. ശ്രീലേഖ കോവിഡ് രോഗികളെ പരിചരിച്ചു കൊണ്ട് ഹോസ്പിറ്റലിലാണ്. ഇവൾക്ക് കളിക്കാൻ കൂട്ടിനാരുമില്ല.ഞാനാണെങ്കിൽ ബിസിനസ് തിരക്കിലും. ഇവളുടെ ഇഷ്ടമല്ലേന്ന് കരുതി ഇങ്ങോട്ട് പുറപ്പെട്ടു". "അതേതായാലും നന്നായി.എനിക്കും ഒരു കൂട്ടായല്ലോ!" മുത്തശ്ശൻ അനുമോളുമൊത്ത് വീടിനകത്തേക്ക് നടന്നു. പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മെല്ലെ താഴ്ന്നു. എങ്ങും ഇരുട്ട് പരന്നു.കുശലാന്വേഷണങ്ങൾക്കും അത്താഴത്തിനും ശേഷം അവൾ ഉറങ്ങാൻ കിടന്നു. കൊച്ചു കൊച്ചു കഥകൾ പറഞ്ഞു തരുന്നതിനിടെ അവൾ മുത്തശ്ശനോട് ചോദിച്ചു. "അമ്മ ഇനി എപ്പോഴാ വരിക?"സങ്കടത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് മുത്തശ്ശൻ പറഞ്ഞു "അമ്മ ഉടനെ വരും,മോൾ വിഷമിക്കേണ്ട, വേഗം ഉറങ്ങിക്കോ, ഇവിടെ ഞങ്ങളൊക്കെയില്ലേ " അവളുടെ പുറം തലോടിക്കൊണ്ട് മുത്തശ്ശൻ പറഞ്ഞു. മുത്തശ്ശൻ്റെ ആശ്വാസവാക്കുകൾക്കൊന്നും അവളെ ഉറക്കാൻ കഴിഞ്ഞില്ല."അമ്മ മാലാഖയാണോ, മുത്തശ്ശാ? എത്ര പേരെയാ അമ്മ ചികിത്സിക്കുന്നത്?" അവൾ വീണ്ടും ചോദിച്ചു "അതേ മോളേ, നിൻ്റെ അമ്മയെപ്പോലുള്ള നഴ്സുമാരാണ് സ്വജീവൻ പണയപ്പെടുത്തി അനേകായിരങ്ങളെ മരണത്തിൽ നിന്ന് കരകയറ്റുന്നത്. അവരാണ് നമ്മുടെ നാടിൻ്റെ കരുത്ത്. അവർ വെറും മാലാഖമാരല്ല, ദൈവത്തിൻ്റെ മാലാഖമാർ..." ദിവസങ്ങൾ കടന്നു പോയി. മുത്തച്ഛന്റെ അടുക്കലായതു കൊണ്ട് അനുമോൾക്ക് കളിയും ചിരിയുമായി സമയം പോയതറിഞ്ഞില്ല. ഒരു ദിവസം പോസ്റ്റ്മാൻ ഒരു കത്തുമായി വന്നു. അച്ഛാ, ഫോണിൽ വിളിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞാൻ. അതുകൊണ്ടാണ് കത്തെഴുതാമെന്ന് കരുതിയത്. അനുമോൾ അച്ഛൻ്റെ വീട്ടിലാണെന്ന് രാജേഷേട്ടൻ പറഞ്ഞു. ഞാൻ ഒരു നേഴ്സ് ആയതുകൊണ്ട് തന്നെ എനിക്കും അതിൻ്റെ ഭാഗമാകേണ്ടി വന്നു.അനുമോളെ ഇതൊരിക്കലും അറിയിക്കരുത്. ആരും വിഷമിക്കുകയുമരുത്.ഞാൻ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും. എന്ന് സ്വന്തം ശ്രീലേഖ മരുമകളുടെ കത്ത് വായിച്ച് ഒരു നെടുവീർപ്പിട്ടു കൊണ്ട് രാഘവൻ മേനോൻ ചാരുകസേരയിൽ കിടന്നു. കൊച്ചുമോൾ ഇതൊന്നുമറിയാതെ അമ്മയേയും കാത്തിരുന്നു .അതിനിടെ ഒരു ദിവസം രാഘവൻ മേനോന് ഒരു ഫോൺ കോൾ വന്നു ." ഇത് നേഴ്സ് ശ്രീലേഖയുടെ അച്ഛൻ്റെ വീടല്ലേ " "അതേ എന്താ കാര്യം " " ശ്രീലേഖയെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചു " അപ്പോൾ രാഘവൻ മേനോനുണ്ടായ സന്തോഷത്തിന തിരുണ്ടായിരുന്നില്ല. " ഒരുപാട് നന്ദിയുണ്ട് നിങ്ങളോടും ദൈവത്തോടും ഇതിനായി പ്രയത്നിച്ച എല്ലാവരോടും " പെട്ടെന്ന് ഓടി വന്ന പേരക്കുട്ടിയെ വാരിയെടുത്ത് ഉമ്മ വെച്ച് സന്തോഷത്തോടെ അയാൾ പറഞ്ഞു. "നമ്മുടെ മാലാഖയെ ദൈവം നമുക്ക് തന്നെ തിരിച്ചു തന്നിരിക്കുന്നു "
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |