എസ്.സി.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധം കേരളീയർ ആയതിൽ നാം ഏറ്റവുമധികം അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ ആണ് ഇപ്പോൾ കടന്നുപോകുന്ന ഈ കൊറോണ കാലത്ത് നാം കാഴ്ചവയ്ക്കുന്നത്. ആരോഗ്യ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. 1980-കളിൽ തന്നെ ആരോഗ്യരംഗത്ത് ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ 'കേരള മോഡൽ' പിന്തുടർന്നിരുന്നു. ഇത് നമുക്ക് നേടാൻ സാധിച്ചത് 'രോഗ പ്രതിരോധ രംഗത്ത് ' നാം കൈവരിച്ച നേട്ടങ്ങൾ മൂലമാണ്. 'രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക' എന്നുള്ളതാണ് നമ്മുടെ ആപ്ത വാക്യം. അതിനായി നമ്മെ സഹായിക്കുന്നത് 'രോഗപ്രതിരോധശേഷി' ആണ്. പ്രതിരോധശേഷി കുറവുള്ളവർക്ക് അനേകം രോഗങ്ങൾ പിടിപെട്ട് മരണം വരെ സംഭവിക്കാവുന്നതാണ്. ആയതിനാൽ രോഗപ്രതിരോധത്തിന് മുഖ്യപങ്ക് നാം വഹിക്കേണ്ടതായിട്ടുണ്ട്. വൈറ്റമിൻസ്, മിനറൽസ്, പ്രോട്ടീൻസ് എന്നിവയുടെ കുറവും, ഫാസ്റ്റ് ഫുഡ് പോലെയുള്ള ഭക്ഷണപദാർത്ഥങ്ങളും ആണ് രോഗപ്രതിരോധശേഷി യിൽ കുറവുകൾ വരുത്തുന്നത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വേണ്ടി നമ്മെ സഹായിക്കുന്നത് മത്സ്യം, മാംസം, പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നിവയാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി കടകളിൽ പോയി മരുന്നുകൾ വാങ്ങിക്കേണ്ട ആവശ്യം നമുക്കില്ല, നമ്മുടെ വീട്ടുവളപ്പിൽ തന്നെ ലഭിക്കാവുന്ന ശുദ്ധമായ പച്ചക്കറികളും ഫലവർഗങ്ങളും മാത്രം മതി. രോഗങ്ങളെ തടഞ്ഞു നിർത്താൻ വേണ്ടി മാത്രമല്ല, നമ്മളിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ വേണ്ടിയും നമ്മുടെ ആരോഗ്യ പ്രവർത്തകർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഈ കൊറോണക്കാലത്തുതന്നെ നാം അത് കാണുന്നതാണ്. മറ്റു പല രാജ്യങ്ങളും ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളും 'കൊറോണ ' എന്ന മഹാമാരിക്ക് മുൻപിൽ തലകുനിക്കുമ്പോൾ 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചു കേരളം തലയുയർത്തി തന്നെ നിൽക്കുന്നു. ദൈവത്തിന്റെ സ്വന്തം മാലാഖമാരായി ഒട്ടനവധി ആളുകളെയും നമ്മുടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ യും നമുക്ക് കാണാൻ സാധിക്കുന്നു. രോഗം വന്നവരെ ചികിത്സിച്ചു ഭേദമാക്കുമ്പോൾ തന്നെ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാ നും നാം ശ്രമിക്കുന്നു, അതിന് നമുക്ക് ഫലം ലഭിക്കുകയും ചെയ്യുന്നു. ഇതേ പോലെ തന്നെ പല രോഗങ്ങളും നാം പ്രതിരോധമാർഗ്ഗത്തിൽ കൂടി തടഞ്ഞു നിർത്തിയിട്ടുണ്ട്. അതിന് രോഗപ്രതിരോധ കുത്തിവയ്പുകൾക്ക് പ്രധാന പങ്കുണ്ട്. മാരകമായ പല രോഗങ്ങളും പ്രതിരോധ കുത്തിവയ്പ്പുകളിൽ കൂടി നാം നിയന്ത്രണ വിധേയമായിട്ടുണ്ട്. മരണം വരെ സംഭവിക്കാവുന്ന രോഗങ്ങളാണ് ഇതിൽ പലതും. ഈ അടുത്ത സമയത്ത് 'പോളിയോ' എന്ന രോഗത്തെയും നാം പ്രതിരോധമരുന്ന് നൽകി ഭാരതത്തിൽ നിന്ന് നീക്കം ചെയ്തു. കൊച്ചു കുട്ടികൾ ഉൾപ്പെടെ പ്രായമായവരിൽ വരെ കണ്ടുവന്ന അംഗവൈകല്യത്തിന് ഈ രോഗം കാരണമായിരുന്നു. അതിനെ വേരോടെ പിഴുതെറിയാൻ നമുക്ക് സാധിച്ചു .'നിപ്പ' എന്ന വിനാശകരമായ രോഗത്തെ തടഞ്ഞു നിർത്തുവാനും നമുക്ക് സാധിച്ചു. നമുക്ക് ഭീഷണിയുയർത്തുന്ന വൈറസ് പരത്തുന്ന പല രോഗങ്ങൾക്കും മരുന്ന് കണ്ടുപിടിക്കാൻ സാധിക്കാത്തത് ഒരു പോരായ്മയായി കണക്കാക്കേണ്ട ആവശ്യം ഇല്ല, പകരം രോഗം വരുന്ന സാഹചര്യത്തെ നശിപ്പിച്ച് രോഗം പടരുന്നത് തടയാൻ നാം ശ്രമിക്കുന്നതിൽ അഭിമാനവും അതിലേറെ ദൈവത്തോടുള്ള കൃതജ്ഞതയും ആണ് വേണ്ടത്. ഇങ്ങനെ മനുഷ്യരാശിക്ക് വിനാശകരമായ പല രോഗങ്ങളെയും പ്രതിരോധമാർഗ്ഗങ്ങളിൽ കൂടി നാം നിയന്ത്രണ വിധേയം ആക്കുന്നു. ഏതു രോഗത്തെയും അല്ലെങ്കിൽ എത്ര വലിയ രോഗത്തെയും ചെറുത്തു തോൽപ്പിക്കാൻ നമുക്ക് സധൈര്യം നില്ക്കേണ്ടതായുണ്ട്. ആരോഗ്യമേഖല നമുക്ക് തരുന്ന നിർദ്ദേശങ്ങൾ നമ്മുടെ നാശത്തിനു വേണ്ടിയല്ല,മറിച്ച്, നമ്മുടെ ക്ഷേമത്തിനുവേണ്ടി ആണ് എന്ന് മനസ്സിലാക്കാൻ നാം ഓരോരുത്തർക്കും സാധിക്കണം. നിർദ്ദേശങ്ങൾ അനുസരിക്കുക എന്നുള്ളതാണ് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ പ്രതിരോധമാർഗ്ഗം. അങ്ങനെ നാം എല്ലാവരും ഒത്തൊരുമിച്ച് നിന്ന് പ്രവർത്തിച്ചാൽ പല രോഗങ്ങളെയും പടിക്ക് പുറത്തു നിർത്താൻ നമുക്ക് സാധിക്കും.
|