ആയിരമായിരം പൊൻമുത്തുചൂടിയ
കുഞ്ഞിക്കിരീടമാണെൻശരീരം,
ശോണിമചാലിച്ച
റംമ്പൂട്ടാൻ പോലൊരു തൂമവിതറുന്ന പവിഴഗോളം,
വരണ്ടുവരണ്ടു
വരഞ്ഞുവികസിച്ച
വിണ്ടുപോയ വിലാപമനസ്സ്,
മനമുരുകിയൊഴുകിയ തുള്ളികളെൻ
തീജ്വാലകൾക്കൊരാശ്വാസമായി,
ജീവനില്ലാത്തൊരു
ജീവിയായ് സൃഷ്ടിച്ച
ദൈവത്തോടൊന്നും
ഞാൻ കോപിച്ചില്ല,
ആഗ്രഹമെന്നും ഒരുപിടി സ്വപ്നമായ്
കണ്ണിമപോലെ ഞാൻ ഓർത്തെടുക്കും,
എത്രമോഹിച്ചുപോയെന്നതറിയാമോ
ഭൂലോകഭംഗികളാസ്വദിക്കാൻ?
ആകാശലോകത്തെ
വിസ്മയം കണ്ട
ഞാൻ അന്തംവിട്ടന്താളിച്ചങ്ങുനിന്നു,
നീലനിറമുള്ള
ജീവഗ്രഹത്തിൽ
ഞാൻ ജീവനായ്
നെട്ടോട്ടമോടിടുമ്പോൾ,
അർത്ഥവത്തുള്ളൊരു ജീവിതം വാഴുവാൻ ചില
മർത്ത്യമനസ്സുകൾ
സമ്മതിച്ചു,
എങ്കിലും ജീവനില്ലാത്ത പലവസ്തു
ചങ്ങാതിപോലങ്ങു
കൂട്ടുനിന്നു,
കുഞ്ഞൻശരീരമാണെങ്കിലുമൊത്തിരി
ആശകളാശിക്കാൻ
കഴിവതില്ലേ?
അന്യൻറെ ദുഖം
എനൻറെയും ദുഖമാണെന്നുനിനച്ചവരല്ലേ നിങ്ങൾ?
എന്തിനാണെന്നിലകലുന്നതെന്തിനാ
ണെന്തിനാണെന്തിനാണെന്തിനാണ്?