അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/അമ്മയെ മാനഭംഗപ്പെടുത്തരുത്

10:57, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയെ മാനഭംഗപ്പെടുത്തരുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയെ മാനഭംഗപ്പെടുത്തരുത്

പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖഭവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.

മനുഷ്യൻ സ്വീകരിച്ചുവരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിലായേക്കാം.

ഭൂമിയിലെ ചൂടിന്റെ വർദ്ധന കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ, ശുദ്ധജലക്ഷാമം, ജൈവവൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വർധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടൺ കാർബൺ ഡയോക്സൈഡ് 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്. ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഉഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞുനിർത്തി അന്തരീക്ഷ താപം വർദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്ര ജലവിതാനം ഉയരുന്നതിന് ഇടയാകുന്നു. ഇത് തീരദേശത്ത് താമസിക്കുന്നവർക്ക് അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. കൂടാതെ ആഗോള കാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു.

ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോൽപ്പാദനത്തിനു സ്വീകരിച്ച ഊർജിത നവീന സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നു. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സ്വാധീനിക്കുന്നുണ്ട്. വരൾച്ച, വനനശീകരണം, ആസൂത്രിതമല്ലാത്ത ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേയ്ക്കാണ് നമ്മെ നയിക്കുന്നത്.

വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. ഇന്ത്യയിൽ വന പ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞു വരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നത് വഴി മാത്രമേ ഈ ദുസ്ഥിതിയെ നമുക്ക് തടയാൻ കഴിയൂ. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് വലിച്ചെടുത്തു ഓക്സിജൻ പുറത്തു വിടുകയും താപനില നിയന്ത്രിക്കുകയും ചെയ്യുന്നു. വെള്ളത്തിന്റെയും വായുവിന്റെയും ലഭ്യത നിലനിർത്തുന്നതിനും വനങ്ങൾ സഹായിക്കുന്നു. ദിനംപ്രതി ഏഴായിരത്തി അഞ്ഞൂറോളം കാട് നശിക്കുന്നതായി ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒട്ടേറെ ജീവജാലങ്ങൾക്ക് ഇതുമൂലം വംശനാശം സംഭവിക്കുന്നു. ജല മലിനീകരണം മൂലം ശുദ്ധ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.

പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനും വനനശീകരണത്തിനും എതിരായി പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ഭൂമിയുടെ സന്താനങ്ങൾ ആയ നമ്മുടെ കടമയാണ്. 'ഒരേയൊരു ഭൂമി' എന്ന പുസ്തകത്തിലെ വാചകങ്ങൾ ഇവിടെ ശ്രദ്ധേയമാണ് : 'പൂർവികരിൽ നിന്ന് നമുക്ക് പൈതൃക സ്വത്തായി ലഭിച്ചതല്ല, ഭാവി തലമുറകളിൽ നിന്ന് കടം വാങ്ങിയതാണീ ഭൂമി'.