എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

09:45, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പരിസ്ഥിതി സംരക്ഷണം

ലോകത്തെ ഇന്ന് ഒരു വിഷപാമ്പ് വിഴുങ്ങിയിരിക്കുന്നു.ആ വിഷം മൂലം ലക്ഷക്കണക്കിന് ആളുകൾ ചത്തൊടുകുന്നു.ആ വിഷത്തിന്റെ തീവ്രതയിൽ ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്നു.ആ വിഷപാമ്പിന്റെ പേരാണ് കൊറോണ.കൊറോണ മൂലം ഇന്ന് ലോകനേതാക്കളെല്ലാം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു.അതുപോലെ നമ്മുടെ ഇന്ത്യാമഹാരാജ്യത്തു ലോക്ഡൗൺ സംഭവിച്ചിരിക്കുന്നു.ജനങ്ങൾ തങ്ങളുടെ വീടിന്റെ നാല് ചുമരിന് ഉള്ളിൽ കഴിയേണ്ടി വരുന്നു.ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള സുരക്ഷയ്ക്ക് ആയാണ് സർക്കാർ ചെയ്തിരിക്കുന്നത്.

പക്ഷേ ഈ ലോക്ക് ഡൗൺ മൂലം രക്ഷപ്പെട്ടിരിക്കുന്നത് നമ്മുടെ പ്രകൃതിയാണ്.ഒരു 25ദിനങ്ങൾ തിരികെ സഞ്ചരിച്ചു നോക്കൂ.അന്ന് എത്രയെത്ര പുഴകളും നദികളും ആണ് നമ്മൾ മലിനമാക്കിയിരുന്നത്. റോഡിലൂടെയുള്ള വാഹനങ്ങളുടെ വിഷപ്പുക ശ്വസിച്ച് പ്രകൃതി മാത്രമല്ല നമ്മൾ ജനങ്ങളും ശ്വാസംമുട്ടി ജീവിച്ചിരുന്ന ആ ദിനങ്ങൾ. എന്നാൽ ഇന്നത്തെ ഒരു പ്രഭാതം നമ്മൾ ഒന്ന് ആലോചിച്ചുനോക്കൂ.കിളികളുടെ സംഗീതവും പുഷ്പങ്ങളുടെ സൗരഭ്യവും നിറഞ്ഞുനിൽക്കുന്ന വാഹനങ്ങളുടെ ബഹളങ്ങൾ ഒന്നുമില്ലാത്ത ഒരു മനോഹരമായ പ്രഭാതം.

ഫാക്ടറികളിൽ നിന്നും വരുന്ന വിഷപ്പുക കാരണം പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന കാടുകൾപോലും അതിന്റെ ചൂടേറ്റ് വാടിത്തളർന്നു.ദിവസേന നമ്മൾ പുഴയിലേക്കും നദികളിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ അത് ആ പുഴയുടെ മാത്രമല്ല ആ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ജീവികളുടെയും ജീവൻ കവർന്നെടുക്കുന്നു.

ആ ദിനങ്ങൾ ഓർമ്മയില്ലേ?അന്ന് മനുഷ്യന്റെ അത്യാഗ്രഹത്തിന് ഇരയാകേണ്ടി വന്ന ആമസോൺ വനങ്ങൾ.കാട്ടുതീ കാരണം അവ വെന്തു വെണ്ണീറായി.അന്ന് ലോകത്തിലെ മുഴുവൻ താപനിലയും ഉയർന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായി.ജീവിതം ഈ ലോകത്തിൽ ഓരോ ദിവസം കൂടുംതോറും ദുഃസ്സഹമായി മാറി.

ഈ ലോക്ക് ഡൗൺ നമുക്ക് ഒരു അവസരം തന്നിരിക്കുകയാണ്.കുടുംബത്തിന്റെ കൂടെ കുറച്ച് സമയം ചിലവഴിക്കാൻ.ഈ സമയം നല്ല രീതിയിൽ വിനിയോഗിക്കാൻ നമുക്ക് ഒന്ന് ശ്രമിച്ചു കൂടെ.കുറച്ചുസമയം പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റിവയ്ക്കാം.വീട്ടുവളപ്പിലെ ചെടികളെ ശ്രദ്ധിക്കാം അവയെ സംരക്ഷിക്കാം.നമ്മുടെ തിരക്കേറിയ ജീവിതങ്ങൾക്ക് ഇടയിൽ ഒരിറ്റു വെള്ളം നൽകാൻ മറന്ന് പ്രകൃതിയുടെ തന്നെ ഭാഗങ്ങളായ ചെടികൾക്ക് കുറച്ച് വെള്ളം നൽകി നോക്കൂ.

രണ്ട് മാവിൻതൈകളോ പേര മരത്തിന്റെ തൈകളോ നട്ടുപിടിപ്പിക്കുക.ഈ കൊറോണ കാലത്ത് പുതിയ ചില കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കാം.വീട്ടിൽ കൃഷി തുടങ്ങാൻ ഈ സമയം വിനിയോഗിക്കാം. പക്ഷേ രാസവസ്തുക്കളുടെ ഉപയോഗം വേണ്ട.അവയുടെ ഉപയോഗം മൂലം മണ്ണിലുള്ള പല ജീവികളും ചത്തൊടുങ്ങുന്നു.മണ്ണിന്റെ പിഎച്ചിൽ മാറ്റം സംഭവിക്കുന്നു.അവ ഒരു പരിധി കഴിഞ്ഞാൽ ചെടികൾക്കും ഹാനികരം ആവുന്നു.

ഈ സമയത്ത് പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാൻ പഠിക്കാം.വീട്ടിൽ ഇരിക്കുന്ന സമയത്ത് തുണിസഞ്ചികൾ ഉണ്ടാക്കാൻ ശ്രമിക്കാം.നമ്മുടെ വീട്ടിൽ ആണെങ്കിൽ പോലും പൊതുസ്ഥലങ്ങളിൽ ചെയ്യുന്ന പോലെ പ്ലാസ്റ്റിക് വസ്തുക്കൾ പലരും വലിച്ചെറിയാറുണ്ട്.അത് നിർത്താൻ ശ്രമിക്കാം.പ്ലാസ്റ്റിക്കിന്റെ ഉള്ളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മണ്ണിന്റെ സ്വാഭാവിക ഗുണത്തെ നഷ്ടപ്പെടുത്തുന്നു.വീട്ടിൽ ഔഷധ കൃഷി ചെയ്യാൻ നോക്കുക.കൊറോണ കാലമായതിനാൽ ചെറിയ ചെറിയ രോഗങ്ങൾക്ക് ആശുപത്രികളിൽ പോകാൻ സാധിക്കില്ല.അപ്പോൾ നമ്മുടെ വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ കൊണ്ട് ചില പൊടിക്കൈകൾ ചെയ്തു ചുമ, ജലദോഷം, തൊണ്ടവേദന മുതലായ രോഗങ്ങൾക്ക് ശമനം കണ്ടെത്താൻ സാധിക്കും. വീടും പരിസരവും സദാ ശുചിയായി സൂക്ഷിക്കുക.

പ്രകൃതിയും മനുഷ്യനും ഒരേ നാണയത്തിൻറെ രണ്ടു വശങ്ങൾ ആണ്.നമ്മുടെ ഗാന്ധിജി പറഞ്ഞത് പോലെ മനുഷ്യന്റെ എല്ലാ ആവശ്യങ്ങൾക്കും ഉള്ള സാധനങ്ങൾ പ്രകൃതിയിൽ ഉണ്ട്.പക്ഷേ അവന്റെ അത്യാഗ്രഹത്തിനു വേണ്ടിയുള്ളത് പ്രകൃതിയിൽ ഇല്ല.സമയം അതിക്രമിച്ചിരിക്കുന്നു.ഈ കൊറോണ കാലം ജനങ്ങൾക്ക് ഒരു പാഠം ആയിരിക്കണം.പരിസ്ഥിതിയിൽ ഉണ്ടായ മാറ്റങ്ങൾക്ക് കാരണം നമ്മൾ ഓരോരുത്തരും ആണ്.ഈ കൊറോണ സമയത്ത് പരിസ്ഥിതിയെ സംരക്ഷിക്കുക.പരിസ്ഥിതി അതായത് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോ മനുഷ്യന്റെയും കർത്തവ്യമാണ്.

നന്ദന ടി ആർ
+2 ബയോസയൻസ് എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം