എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/സൈക്കിളിലേക്കു മടങ്ങുക

22:30, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൈക്കിളിലേക്കു മടങ്ങുക

ഉപന്യാസത്തിന്റെ ശീർഷകം അപ്രസക്തവും നിസ്സാരവുമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നാം. പുനരാലോചനയിൽ ഇത്ര പ്രാധാന്യമർഹിക്കുന്ന വിഷയം വേറെ ഇല്ലെന്നും കാണാം. ശാസ്ത്രത്തിന്റെ മുന്നേറ്റത്തിൽ സമയത്തെയും ദൂരത്തെയും മനുഷ്യൻ ജയിച്ചു കഴിഞ്ഞു മരണത്തെ ജയിക്കാനുള്ള മുന്നേറ്റമാണ് അവനിപ്പോൾ. സൈക്കിളിലേക്ക് മടങ്ങുക എന്ന തലക്കെട്ട് വിരുദ്ധമായ ആശയത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്നാണ് സംശയം. പുരോഗതിക്കെതിരായുള്ള ചിന്ത വായനക്കാരിൽ ഉണ്ടാക്കുന്നുണ്ടോ എന്നും സംശയമുദിക്കാം. ഇരുചക്ര വാഹനമാണ് സൈക്കിൾ. യന്ത്രത്തിന്റെ സഹായമില്ലാതെ മനുഷ്യാധ്വാനം കൊണ്ട് ഉപയോഗിക്കാവുന്ന വാഹനം.ഭൂമി മുഴുവൻ കറങ്ങിവരാൻ കുറച്ചു സമയം മാത്രം എടുക്കുന്ന 'സൂപ്പർസോണിക്' കാലഘട്ടത്തിൽ 'സൈക്കിൾ ആണ് ഈ നൂറ്റാണ്ടിലെ വാഹനം' എന്നു പറയുന്നത്, ഒന്നുകിൽ തലതിരിഞ്ഞ ആശയമാണ്. അല്ലെങ്കിൽ സൂക്ഷ്മമായ ചിന്ത അർഹിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ്, സൈക്കിളിലേക്കു മടങ്ങാൻ ചിലരെങ്കിലും നിർബന്ധിക്കുന്നത്. അടുത്ത കാലത്ത് കേരളത്തിലെ കൊല്ലം ജില്ലയിൽ, ജില്ലാ ആസ്ഥാനത്ത് ഒരു ആതുരാലയത്തിലെ ജീവനക്കാരെക്കുറിച്ച് വാർത്ത വന്നു. സൈക്കിളിൽ ആശുപത്രിയിൽ വരുകയും പോവുകയും ചെയ്യന്നവരായതുകൊണ്ടാണ് ബോക്സ് ന്യൂസ് വന്നത്. ഡോക്ടർ ഉൾപ്പടെ എല്ലാ ജീവനക്കാരും താമസസ്ഥലത്തുനിന്ന് ആശുപത്രിയിൽ വരുന്നതും തിരികെ പോകുന്നതും സൈക്കിളിലാണ്. കൗതുകവാർത്തയായിരുന്നില്ല, ചിത്രം സഹിതം വന്നതിനാൽ വാർത്ത ലീഡുതന്നെയായിരുന്നു. കേരളത്തിൽ താമസിയാതെ ഇവരുടെ പാത പിൻതുടരുന്നവർ അധികമാകുകതന്നെ ചെയ്യും. കേരളം അത്തരം അവസ്ഥാവിശേഷതിതിലേക്ക് വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷം രജിസ്റ്റർചെയ്ത വാഹനങ്ങൾ ദശലക്ഷത്തിനു മുകളിലാണ്. വാഹനങ്ങൾ ഇത്രയും പെരുകിയല്ലോ എന്നതല്ല പ്രധാന പ്രശ്നം. ഇത്രയും വാഹനങ്ങൾ ഓടാൻ തക്കവണ്ണം നമ്മുടെ റോഡുകൾ സുശക്തങ്ങളല്ല. വാഹനങ്ങൾ പെരുകുമ്പോൾ അത് വഹിക്കാനുള്ള പാതയും ആവശ്യമാണ്. റോഡുകൾ വീതികൂട്ടുന്നു. പാതയ്ക്കിരുവശവുമുള്ള കടകളും താമസസ്ഥലങ്ങളും റോഡാവുന്നു. അങ്ങനെ രാജ്യം മുഴുവൻ റോഡായി മാറുന്ന അവസ്ഥ ഭീകരമാണ്. മറ്റൊന്ന്, സ്വകാര്യവാഹനങ്ങൾ ലോകത്ത് ഓരോ വർഷവും 13 ശതമാനം വർധിക്കുന്നു. വാഹനങ്ങളോടുള്ള മനുഷ്യന്റെ മനോഭാവത്തിനു വന്ന മാറ്റവും വാഹനങ്ങൾ വർധിക്കുവാൻ കാരണമായി. ഇരുചക്രവാഹനക്കാരന്കാറിനോടാണ് കമ്പം. സാധാരണകാറുള്ളവന് ആഡംബരക്കാറുവേണമെന്നാണ് ആഗ്രഹം. ഈ മനോമാവം വൻകിട കമ്പനികളെ പ്രോഝാഹിപ്പിക്കുകയും പണം പ്രയോജനരഹിതമായി കുന്നുകൂടുകയും ചെയ്യും. മലയാളിക്ക് കാറ് അഭിമാന ചിഹ്നമാണ്. വിവാഹത്തിന് വധുവിനോടൊപ്പം കാറും ഒരു അന്തസ്സിന്റെ ചിഹ്നമായി മലയാളി നൽകുന്നു. മധ്യവർഗ മലയാളികളാണ് അഭിമാനചിഹ്നമായി കാറ് സ്വീകരിച്ചത്. രണ്ടുകാര്യത്തിൽ ഉപഭോധസംസ്കാര പ്രിയരായ മലയാളികൾ മുന്നിലാണ്. ഒന്ന് വീടുവയ്ക്കുന്നതിൽ മൂന്നു നിലകൾ ഒരു രൂപകൽപനയിൽ ചെയ്തെടുക്കുന്നതിൽ മഝരിക്കുകയാണ് മലയാളി. 'ഫാഷൻ' എന്ന മട്ടിൽ മലയാളി വരനു സമ്മാനിക്കുന്നു. 'പോരാ,' യെന്നു പറഞ്ഞ് താമസയോഗ്യമായ എത്ര ഭവനങ്ങളാണ് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ മലയാളി ഇടിച്ചു നിരത്തിയത്! കാറുകൾ വളരെ വേഗം കൈമാറ്റം ചെയ്യുന്ന രീതിയും ഉണ്ട്. പഴയ വാഹനങ്ങൾ വിൽക്കുന്നത് പ്രധാന കാർകമ്പനികൾ തന്നെയാണ്. വാഹനങ്ങൾ പെരുകുമ്പോൾ മലയാളി മരിക്കുകയാണ്. ഏറ്റവും വലിയ വിപത്ത് പരിസ്ഥിതി മലിനീകരണം തന്നെ. വാഹനങ്ങളിൽനിന്നു പുറത്തുവരുന്ന കാർബൺ മോണോക്സൈഡ് അടക്കമുള്ള വിഷവാതകങ്ങൾ അന്തരീക്ഷഘടനയ്ക്ക് മാറ്റം വരുത്തുന്നു. ദ്രവഇന്ധനത്തിന്റെ അളവ് നാൾക്കുനാൾ കുറയുകയാണ്. അൻപതുവർഷം കഴിയുമ്പോൾ എണ്ണക്കിണർ വറ്റിപ്പോകുമെന്നാണ് കണക്ക്. യാതൊരു മുൻവിധിയുമില്ലാതെ ഊറ്റിയെടുക്കുകയാണല്ലോ എണ്ണ. നമ്മുടെ രാജ്യത്ത് രണ്ടു സ്ഥാപനങ്ങളാണ് വർധിക്കുന്നത്; സ്വർണക്കടകളും പെട്രോൾ ബാങ്കുകളും. ഇതുകൊണ്ടാണ് സൈക്കിളിലേക്കു മടങ്ങുക എന്ന ശീർഷകത്തിന് പ്രാധാന്യം ഏറുന്നത്. യാതൊരു പാരിസ്ഥിതിക പ്രശ്നവും സൈക്കിളിന്റെ ഉപയോഗം കൊണ്ടുണ്ടാകുനാനില്ല. റോഡപകടങ്ങൾ വളരെ കുറയും. മരണസംഖ്യയും കുറയും. പത്തുപതിനഞ്ച് കിലോമീറ്റർ ചൂറ്റളവിലുള്ള കാര്യങ്ങൾ സൈക്കിളിൽ നടത്താൻ കഴിഞ്ഞാൽ, വാഹനങ്ങളുടെ ലഗാനില്ലാത്ത ഓട്ടം അവസാനിപ്പിക്കാം. സൈക്കിൾയാത്ര നല്ല വ്യായാമമാണ്. വ്യായാമമുറകൾ പ്രത്യേകിച്ചാവശ്യമില്ല. മനുഷ്യൻ പ്രകൃതിയുടെ ശത്രുവാകരുത്. അത് സ്വന്തം നിലനിൽപ്പിനെ ബാധിക്കും. ഇതു മനസ്സിലാക്കി യാത്ര സൈക്കിളിലേക്കു മാറ്റിയാൽ ഭൂമിയും അതിലുള്ള വസ്തുക്കളും നിലനിൽക്കും.

സോന
9F എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം