എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/മീനുവും കുഞ്ഞിക്കിളിയും
മീനുവും കുഞ്ഞിക്കിളിയും
ഒരു ഗ്രാമത്തിൽ ഒരു വീടുണ്ടായിരുന്നു. ആ വീട്ടിൽ ഒരു അമ്മയും മകളും താമസിച്ചിരുന്നു. മീനു എന്നായിരുന്നു മകളുടെ പേര്. വീടിന്റെ മുറ്റത്ത് മീനു ഉണ്ടാക്കിയ ഭംഗിയുളള പൂന്തോട്ടമുണ്ടായിരുന്നു. അതിൽ ധാരാളം ചെടികളും പൂക്കളും പൂവിലെ തേൻ കുടിക്കാൻ വണ്ടുകളും ചിത്രശലഭങ്ങളും ഉണ്ടായിരുന്നു. അതിമനോഹരമായ കാഴ്ചകളായിരുന്നു ആ വീട്ടുമുറ്റത്ത്. അങ്ങനെയിരിക്കെ ഒരു ദിവസം മീനു ഉറക്കമുണർന്നപ്പോൾ ഒരു കുഞ്ഞിക്കിളിയുടെ കരച്ചിൽ കേട്ടു. മീനു ശബ്ദം കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോൾ മരത്തിന്റെ കൊമ്പിൽ ഒരു കുഞ്ഞിക്കിളി. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൾ ഉടൻ തന്നെ വീട്ടിൽ ചെന്ന് ചെറുപഴങ്ങളുമായെത്തി കിളിക്കു കൊടുത്തു. അവർ കൂട്ടുകാരായി. ദിവസവും അവൾ കിളിക്ക് ആഹാരം കൊടുത്തു. പതിവുപോലെ ഒരു ദിവസം അവൾ ശേഖരിച്ച പഴങ്ങളുമായി മരത്തിനടുത്തെത്തിയപ്പോൾ ആ കാഴ്ച കണ്ട് ഞെട്ടി. "അമ്മേ", അവൾ ഉറക്കെ കരഞ്ഞു. അമ്മ ഓടിയെത്തി. അവൾ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. ആ മരത്തിലുണ്ടായിരുന്ന തന്റെ കുഞ്ഞിക്കിളിയെ കാണാനില്ല. "അതിനെ ആരു കൊണ്ടുപോയി", അവൾ ഏങ്ങിക്കരഞ്ഞു. ഒടുവിൽ അവളെ അമ്മ ആശ്വസിപ്പിച്ചു. "മോളെ, അതിനു പറക്കാറായി. അത് അതിന്റെ അമ്മക്കിളിയോടൊപ്പം പറന്നുപോയിക്കാണും". പക്ഷേ മീനുവിന് സങ്കടം സഹിക്കാനായില്ല. "എങ്കിലും എന്നോട് ഒരു വാക്കു പോലും പറയാതെ ഒരു യാത്ര പോലും പറയാതെ പോയല്ലോ. എങ്കിലും എവിടെയായാലും അതിനു കുഴപ്പമൊന്നുമില്ലാതെ സന്തോഷമായിട്ട് കഴിഞ്ഞാൽ മതി", എന്ന് അവൾ സ്വയം ആശ്വസിച്ചു. കിളി തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ അവിടേക്ക് തന്നെ അവൾ നോക്കിയിരുന്നു.
|