എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചീകരണം

09:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചീകരണം

കേരളം ഒരുദിവസം പുറന്തള്ളുന്നത് ഉദ്ദേശം 10000 ടൺ മാലിന്യം. ഏതെങ്കിലും രീതിയിൽ സംസ്കരിക്കപ്പടുന്നതു പരമാവധി 5000 ടൺ മാത്രം. ബാക്കി 5000 ടൺ മാലിന്യം കേരളത്തിലങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു. ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളിലേക്കുള്ള തീക്കൊള്ളികളാണു നാം കവറിൽ കെട്ടി ഇങ്ങനെ വലിച്ചെറിയുന്നത്. കേരളം നേരിടുന്ന ഏറ്റവും ഗുരുതരപ്രതിസന്ധി മാലിന്യമാണെന്നു മാറിവരുന്ന സർക്കാരുകൾ ഏറ്റുപറഞ്ഞിട്ടും മാലിന്യസംസ്കരണത്തിനു ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വികേന്ദ്രീകൃതമാലിന്യസംസ്കരണം ആശാവഹമാണെങ്കിലും ഇതിന്റെ പ്രായോഗികത ഇപ്പോഴും ചോദ്യചിഹ്നം.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിൻറെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻറെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

നഗരങ്ങളെല്ലാം മലിനീകരണത്തിൻറെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു.

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.

മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷീണയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിൻറെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിൻറെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൻറെ വർദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് ഓരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടൺ കാർബൺ ഡയോക്സൈഡിൻറെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.

ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിൻറെ പ്രവാഹത്തെ തടഞ്ഞുനിർത്തി അന്തരീക്ഷതാപം വർദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിനിടയാക്കുന്നു. ഇത് തീരദേശത്ത് താമസിക്കുന്നവർക്ക് അപകടകരമാണെന്ന് പ്രത്യേകം പറയണ്ടേതില്ല. കൂടാതെ ആഗോളകാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങൾ സൃഷ്ടിയ്ക്കുന്നു.

ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോൽപ്പാദനത്തിന് സ്വീകരിച്ച ഊർജ്ജിത നവീന സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരൾച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.

വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിൽ വനപ്രദേശത്തിൻറെ വിസ്തൃതി കുറഞ്ഞ് വരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാൻ കഴിയൂ. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

വെള്ളത്തിൻറെയും വായുവിൻറെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു. ദിനംപ്രതി 7500 ഏക്കറോളം കാട് നശിക്കപ്പെടുന്നതായി ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒട്ടേറെ ജീവജാലങ്ങൾക്ക് ഇതുമൂലം വംശനാശം സംഭവിക്കുന്നു. ഭൂമിയിൽ ലഭ്യമായ ജലത്തിൻറെ 97 ശതമാനവും ഉപ്പുവെള്ളമാണെന്നരിക്കെ കുടിവെള്ളത്തിൻറെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിൻറെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.

ജലമലിനീകരണം, ഖരമാലിന്യത്തിൻറെ നിർമ്മാർജ്ജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, പുഴമണ്ണ് ഖനനം, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വർണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു

മുഹമ്മദ് നദീം
8 F എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം