ശുചിത്വം
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തോടോപ്പം മനുഷ്യ മല-മൂത്ര വിസജ്യങ്ങളുടേയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹശുചിത്വം പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം, എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകെ തുകയാണ് ശുചിത്വം.
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ്. കൺതുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? വ്യക്തി ശുചത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും, പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത്. നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്തുവക്കിൽ ഇടുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് എറിയുന്ന, സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്. ഈ അവസ്ഥ തുടർന്നാൽ 'മാലിന്യമുക്ത കേരളം' എന്ന ബഹുമതിക്ക് നാം അർഹരാകുകയില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്ക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും, ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും, വൃത്തിഹീനമായ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്തു ചെയ്യും എന്ന് അറിയാതെ അധികൃതർ നട്ടംതിരിയുന്നു.മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു.കോടതി ഇടപെടുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു. ശുചിത്വം വേണം എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ശുചിത്വം ഇല്ലാതെ നാം ജീവിക്കുന്നു. വ്യക്തികൾ സ്വയം പാലിക്കേണ്ട അനേകം ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് കൊറോണ എന്ന പകർച്ചവ്യാധിയുടെ ഈ കാലം വ്യക്തി ശുചിത്വത്തിലും, സാമൂഹ്യ ശുചിത്വത്തിലും അവബോധം നേടി മികച്ച ശീലങ്ങൾ സയത്വമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുകയും അതിനുള്ള അവസരമൊരുക്കുകയും കൂടിയാണ് ചെയ്യുന്നത്. ശക്തമായ ശുചിത്വശീല പരിഷ്കാരങ്ങൾ ആണ് ആണ് ഇന്നത്തെ ആവശ്യം. ആരോഗ്യശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നമുക്ക് ഒഴിവാക്കാൻ തീർച്ചയായും കഴിയും.
|