ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ മുത്തശ്ശിക്കഥ

12:33, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ മുത്തശ്ശിക്കഥ

കൊറോണയെ പേടിച്ച് വീട്ടിൽ ഇരിക്കുമ്പോൾ മുത്തശ്ശി പറയുന്ന കഥകൾ കേൾക്കലാണ് എൻറെ ഹോബി. കൊറോണ എന്ന മഹാമാരിയെ പറ്റിയാണ് മുത്തശ്ശിയോട് എപ്പോഴും ഞാൻ പറഞ്ഞു തുടങ്ങാറ്. "എത്ര പേരാണ് മരിച്ചു വീഴുന്നത്. കൂടാതെ ഒറ്റപ്പെട്ടു കഴിയുകയും വേണ്ടേ? പണ്ട് ഇങ്ങനത്തെ രോഗങ്ങൾ ഉണ്ടായിരുന്നോ മുത്തശ്ശി?" . "പണ്ട് കാലത്തും ഇതുപോലെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നു മോനേ. നീ വസൂരിയെന്ന് കേട്ടിട്ടുണ്ടോ? വസൂരി വന്നാലും രോഗിയെ വീട്ടിൽ നിന്ന് മാറ്റി പാർപ്പിച്ചിരുന്നു. അതി ജീവിക്കുന്നവർ അപൂർവ്വമാണ്. എൻറെ അമ്മ പറഞ്ഞു കേട്ട ഒരു കഥ നിനക്ക് ഞാൻ പറഞ്ഞു തരാം. പണ്ട് ജന്മി-കുടിയാൻ സമ്പ്രദായം ആണെന്ന് നിനക്കറിയാമല്ലോ? കേശവൻ നമ്പൂതിരി നമ്മുടെ നാട്ടിലെ വലിയൊരു ജന്മിയായിരുന്നു. വലിയ ഇല്ലവും നോക്കെത്താദൂരത്തോളം പറമ്പും അയാൾക്കുണ്ട്. രണ്ടു മക്കളും ഭാര്യയും ആണ് വീട്ടിലുള്ളത്. എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ഉള്ള ജീവിതം. കേശവൻനമ്പൂതിരിക്ക് കുറേ കുടിയാന്മാർ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു ചാത്തൻ. തനിക്കും ഭാര്യക്കും കിട്ടുന്ന ചെറിയ കൂലി കൊണ്ട് വേണം മക്കളെയും അമ്മയെയും ഒക്കെ നോക്കാൻ.

അന്ന് ഒരു കർക്കിടകമാസത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ചാത്തൻ ജന്മിയെ കാണാൻ പോയി. എന്നിട്ട് ചോദിച്ചു. "തമ്പുരാനേ അടിയനു കുറച്ചു നെല്ലു തര്വോ?" "ഹും! കർക്കിടക മാസമാണ്, അരിക്കു പഞ്ഞമുണ്ടാകും എന്ന് അറിയില്ലേ? സൂക്ഷിച്ചുവെക്കാഞ്ഞിട്ട ല്ലേ? ഇവിടിപ്പോൾ നിനക്ക് തരാൻ ഒന്നൂല്യ". വിഷമത്തോടെ ചാത്തൻ തിരിച്ചുനടന്നു.

കുറച്ചു നാളുകൾക്കു ശേഷം നാട്ടിൽ പലയിടത്തും വസൂരി പടർന്നു പിടിക്കാൻ തുടങ്ങി. ജന്മിക്കും വസൂരി പിടിപെട്ടു. മക്കളും ഭാര്യയും ജന്മിയെ വസൂരി പ്പുരയിൽ ആക്കി. അവർക്കു അയാളെ ശുശ്രൂഷിക്കാൻ പേടിയായിരുന്നു. അങ്ങനെയിരിക്കെ ചാത്തൻ ഈ വിവരം അറിഞ്ഞു ഓടിയെത്തി. വസൂരിപ്പുരയിൽ പോയി ജന്മിയെ ശുശ്രൂഷിക്കാൻ തുടങ്ങി. ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും ജന്മിയുടെ ഇല്ലത്തു നിന്ന് വാങ്ങി കൊണ്ടുകൊടുത്തു.

വസൂരി പിടിപെട്ട് ഒറ്റപ്പെട്ടപ്പോൾ ജന്മി ആലോചിച്ചു. ആപത്ഘട്ടത്തിൽ താൻ സഹായിക്കാതിരുന്ന ചാത്തനാണ് തനിക്കിപ്പോൾ തണലായത്. ജന്മി, രോഗം ഭേദമായപ്പോൾ, ചാത്തനെ അരികിലേക്ക് വിളിച്ച് ധാരാളം പാരിതോഷികങ്ങൾ നൽകി.

ആ സമയത്ത് ജന്മിക്ക് ഒരു തിരിച്ചറിവുണ്ടായി. "ജാതിയും മതവുമല്ല മനുഷ്യനും മനുഷ്യത്വവുമാണ് വലുത്". തുടർന്ന് ജന്മി എല്ലാവരെയും സഹായിച്ചു തുടങ്ങി. "മുത്തശ്ശീ ... ചെറിയൊരു വൈറസ് അയാളെ വലിയൊരു പാഠം അല്ലേ പഠിപ്പിച്ചത്?" "അതെ മോനേ. ഈ കൊറോണയും നമ്മളെ എന്തെങ്കിലും മഹത്തായ പാഠം പഠിപ്പിക്കാതിരിക്കില്ല".





സ്വാതിരാജ് എച്ച്
VII F ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ